സന്നിധാനം: കഴിഞ്ഞ രണ്ടുദിവസമായി വാട്സാപ്പ് ഗ്രൂപ്പുകളിൽ വ്യാപകമായി പ്രചരിച്ച ഒന്നാണ് ശബരിമലയിൽ സ്ത്രീ പ്രവേശനം വീണ്ടും നടന്നുവെന്ന് കാണിക്കുന്ന ഒരു വീഡിയോ. ഇരുമുടിക്കെട്ടേന്തിയ രണ്ടു യുവതികൾ, നൂറുകണക്കിന് ആളുകൾ വരിനിൽക്കവേ പതിനെട്ടാംപടിക്ക് കയറി സന്നിധാനത്ത നിൽക്കുന്നതിന്റെ ഒരു വീഡിയോയാണ് വാട്സാപ്പ് ഗ്രൂപ്പകളിൽ പ്രചരിച്ചത്. സന്നിധാനത്തുനിന്ന് യുവതികൾ സെൽഫി എടുക്കുന്നതും വീഡിയോയിൽ ഉണ്ടായിരുന്നു. ഇത് വലിയ പരിഭ്രാന്തിയാണ് വിശ്വാസികൾക്ക് ഇടയിൽ ഉണ്ടാക്കിയത്. ശബരിമലയിൽ വീണ്ടും സ്ത്രീ പ്രവേശനം നടന്നോ എന്നാണ് ഇതോടെ ചോദ്യങ്ങൾ ഉയർന്നത്.

എന്നാൽ ഇത് വ്യാജ വീഡിയോയാണെന്നാണ്, കേരളാ പൊലീസ് പറയുന്നത്. ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചെന്ന വ്യാജ പ്രചരണത്തിനെതിരെ പൊലീസ് കേസെടുത്തകാര്യം, കേരള പൊലീസ് ഫേസ്‌ബുക്കിലൂടെ വ്യക്തമാക്കുന്നുണ്ട്. കൃത്യമായി എഡിറ്റ് ചെയ്ത വീഡിയോ ആണ് ഇതെന്നാണ് പൊലീസ് നിഗമനം. ഇൻസ്റ്റഗ്രാം വഴി വ്യാജ പ്രചാരണത്തിൽ പത്തനംതിട്ട സൈബർ പൊലീസാണ് കേസ് എടുത്തത്. അക്കൗണ്ട് ഉടമയെ കണ്ടെത്താൻ ശ്രമം ഊർജ്ജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

ഇത്തരം വ്യാജ പ്രചരണങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഫേസ്‌ബുക്ക് പേജിലൂടെ വ്യക്തമാക്കി. എഫ് ഐ ആർ നമ്പർ 2/2024 ആണെന്ന വിവരവും കേരള പൊലീസ് ഫേസ്‌ബുക്ക് പേജിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ഇത്തരം വ്യാജ പ്രചരണം നടത്തുന്നവരെ കണ്ടെത്താനായി സമൂഹമാധ്യമങ്ങളിൽ 24 മണിക്കൂറും കർശന നിരീക്ഷണമുണ്ടായിരിക്കുമെന്ന മുന്നറിയിപ്പും കേരള പൊലീസ് നൽകിയിട്ടുണ്ട്.

അതേസമയം ശബരിമലിയിൽ ഇപ്പോൾ സ്ത്രീകൾ പ്രവേശിച്ചുവോ എന്ന് അറിയാൻ കനത്ത സുരക്ഷ തന്നെ ഒരിക്കയിട്ടുണ്ട്. ക്യാമറകൾ വഴിയും നിരീക്ഷണമുണ്ട്. ഇത്രയും വലിയ ക്യൂവിലൂടെ മുഖം മറച്ച് ഒരാൾക്കും കടന്നുപോവാൻ കഴിയില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. 2018ൽ ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള കോടതി വിധിയെത്തുടർന്ന് വലിയ പ്രക്ഷോഭത്തിനാണ് കേരളം സാക്ഷ്യംവഹിച്ചത്. തുടർന്ന്‌ ബിന്ദു അമ്മിണി, കനകദുർഗ എന്നീ രണ്ട് യുവതികൾ ശബരിമലയിൽ പ്രവേശിച്ചതും വാൻ വിവാദമായി. അതിനുശേഷം ശബരിമലയിൽ സ്ത്രീ പ്രവേശനം ഉണ്ടായിട്ടില്ല. അതിനിടെയാണ് ഈ വീഡിയോ പ്രചരിച്ചത്.