- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദൈവമുണ്ടെന്നതിന് ഹാര്‍വാര്‍ഡ് ഗവേഷകര്‍ തെളിവ് കണ്ടെത്തിയോ? പുറത്തുവന്നത് ദൈവത്തിന്റെ അസ്തിത്വത്തിന് തെളിവ് നല്‍കാന്‍ സാധിക്കുന്ന മാത്തമാറ്റിക്കല്‍ ഫോര്‍മുലയോ? ടൈംസ് ഓഫ് ഇന്ത്യ തൊട്ട് കേരളത്തിലെ മാധ്യമങ്ങള്‍വരെ ഏറ്റുപിടിച്ച വാര്‍ത്തയുടെ യാഥാര്‍ത്ഥ്യമെന്ത്?
ദൈവമുണ്ടെന്നതിന് ഹാര്‍വാര്‍ഡ് ഗവേഷകര്‍ തെളിവ് കണ്ടെത്തിയോ?
കഴിഞ്ഞ രണ്ടുദിവസമായി സോഷ്യല്‍ മീഡിയയില്‍ അടക്കം ഏറെ ചര്‍ച്ചയായ ഒരു വാര്‍ത്തയാണ്, ഹാര്‍വാര്‍ഡ് ഗവേഷകരുടെ പഠനത്തില്‍ ദൈവമുണ്ട് എന്നതിന് നിര്‍ണ്ണായകമായ ചില വിവരങ്ങള്‍ ലഭിച്ചുവെന്നത്. ടൈംസ് ഓഫ് ഇന്ത്യയും, ഹിന്ദുസ്ഥാന്‍ ടൈംസുമടക്കമുള്ള പ്രമുഖ മാധ്യമങ്ങളുടെ ചുവടുപിടിച്ച്, കേരളത്തിലെ ചില മാധ്യമങ്ങളും ഇക്കാര്യം വലിയ വാര്‍ത്തയായി കൊടുത്തിരുന്നു. ഇതേ തുടര്‍ന്ന് ദൈവമുണ്ടെന്ന് ഹാര്‍വാര്‍ഡ് സര്‍വകലാശാല തെളിയിച്ചു എന്ന് പറഞ്ഞത്, മതവാദികളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലൊക്കെ വലിയ പ്രചാരണവും നടന്നിരുന്നു.
'ദൈവമുണ്ടോ; ഹാര്‍വാര്‍ഡ് ഗവേഷകരുടെ പഠനത്തില്‍ നിര്‍ണ്ണായക കണ്ടെത്തല്‍' എന്ന തലക്കെട്ടിലാണ് വാര്‍ത്ത. അത് ഇങ്ങനെ തുടരുന്നു-''നിര്‍ണായകമായ ഒരു കണ്ടുപിടുത്തവുമായി രംഗത്തെത്തിയിരിക്കുകയാണ് ഹാര്‍വാര്‍ഡിലെ ഗവേഷകര്‍. ദൈവം ഉണ്ടോ ഇല്ലയോ എന്നതില്‍ നിര്‍ണായകമായ ഒരു കണ്ടുപിടുത്തമാണ് ഗവേഷകര്‍ നടത്തിയിരിക്കുന്നത്. ദൈവത്തിന്റെ അസ്തിത്വത്തിന് തെളിവ് നല്‍കാന്‍ സാധിക്കുന്ന മാത്തമാറ്റിക്കല്‍ ഫോര്‍മുല കണ്ടെത്തിയെന്ന് ഹാര്‍വാര്‍ഡിലെ ആസ്‌ട്രോഫിസിസ്റ്റ് ഡോ. വില്ലി സൂണ്‍ പറഞ്ഞു.
നൂതന ഗണിതശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ള ഈ സിദ്ധാന്തം, ശാസ്ത്രത്തിനും ആത്മീയതയ്ക്കും ഇടയിലുള്ള അതിരുകള്‍ മറികടക്കുന്നതും, ദൈവമുണ്ടോ എന്ന കാലങ്ങളായുള്ള ചോദ്യത്തിന് ഒരു പുതിയ കോണില്‍ ഉത്തരം നല്‍കുന്നതാണെന്നും ഗവേഷകര്‍ പറയുന്നു. പ്രപഞ്ചത്തിന്റെ രഹസ്യം ഗണിതശാസ്ത്രഘടനകള്‍ കൂടി അടിസ്ഥാനമാക്കിയുള്ളതാകാമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
ഫൈന്‍ ട്യൂണിങ്ങ് ആര്‍ഗ്യൂമെന്റ് അനുസരിച്ചുള്ളതാണ് പ്രശസ്ത ജ്യോതിശാസ്ത്രജ്ഞനും ബഹിരാകാശ എഞ്ചിനീയറുമായ ഡോ. വില്ലി സൂണിന്റെ സിദ്ധാന്തം. ദൈവത്തിന്റെ അസ്തിത്വം തെളിയിക്കുന്ന പ്രധാനഘടനം ഒരു ഗണിത സമവാക്യമായിരിക്കാമെന്നാണ് പഠനം നടത്തിയ ഗവേഷകര്‍ പറയുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് പോള്‍ ഡിറാക് എന്ന കേംബ്രിഡ്ജ് പ്രൊഫസറാണ് ഇത്തരമൊരു ചിന്തയ്ക്ക് തുടക്കമിട്ടത്. ഭൗതികശാസ്ത്രത്തിന്റെ അടിസ്ഥാന നിയമങ്ങളെ വെല്ലുവിളിക്കുന്നതായിരുന്നു പോള്‍ ഡിറാക്കിന്റെ വിപ്ലവകരമായ സമവാക്യം. അിശോേേമലൃ അസ്ഥിത്വങ്ങളെ കുറിച്ച് വരെ പ്രവചിക്കുന്നതായിരുന്നു ഡിറാക്കിന്റെ സിദ്ധാന്തം. ഇവ കൂടി അടിസ്ഥാനമാക്കിയുള്ളതായിരുന്നു നിലവിലെ പഠനം.
ചില ഗണിതശാസ്ത്ര ആശയങ്ങള്‍ തുടക്കത്തില്‍ യഥാര്‍ത്ഥ ലോകവുമായി ബന്ധമില്ലാത്തതായി തോന്നുമെങ്കിലും, ഇവയില്‍ ദൈവത്തിന്റെ സൃഷ്ടിയെ കുറിച്ചുള്ള ആഴത്തിലുള്ള രഹസ്യങ്ങള്‍ അടങ്ങിയിരിക്കാമെന്നാണ് ഡോ. സൂണ്‍ പറയുന്നത്. പുതിയ സിദ്ധാന്തത്തെ കുറിച്ചുള്ള കൂടുതല്‍ പഠനങ്ങള്‍ ശാസ്ത്രത്തിന്റെയും ആത്മീയതയുടെയും വിഭജനത്തെ കുറിച്ച് പുതിയ ഉള്‍ക്കാഴ്ചകള്‍ നല്‍കിയേക്കാമെന്നും അദ്ദേഹം പ്രതികരിച്ചു.''- ഇങ്ങനെയാണ് വാര്‍ത്ത അവസാനിക്കുന്നത്.
എന്താണ് യാഥാര്‍ത്ഥ്യം?
എന്നാല്‍ ഈ വാര്‍ത്ത വെറും പെരുപ്പിച്ച അതിശയോക്തിക്കഥ മാത്രമാണ് എന്നാണ്, വിവിധ ഫാക്റ്റ് ചെക്ക് ഗ്രൂപ്പുകളും, സ്വതന്ത്രചിന്തകരും ചൂണ്ടിക്കാട്ടുന്നത്. ഒന്നാമതായി ദൈവം ഉണ്ടൊ ഇല്ലയൊ എന്ന് കണ്ടെത്താനുള്ള യാതൊരു തരത്തിലുള്ള ഗവേഷണങ്ങളോ പരീക്ഷണങ്ങളോ ഹാര്‍വാര്‍ഡ് സര്‍വകലാശാല ഔദ്യേഗികമായി നടത്തുന്നില്ല. അതുകൊണ്ടുതന്നെ ഹാര്‍വാര്‍ഡിന്റെ ഗവേഷണം, കണ്ടെത്തല്‍ എന്ന ടൈറ്റില്‍ തന്നെ പ്രാഥമികമായി തെറ്റാണെന്ന്, ഹാവാര്‍ഡിലെ മൂന്‍ഗവേഷകന്‍ ഡോ തോമസ് മാത്യു ചുണ്ടിക്കാട്ടുന്നു. എന്നാല്‍ ഹാവാര്‍ഡിലെ ഗവേഷകര്‍ക്ക് എന്ത് അഭിപ്രായവും പറയാം. അത് അവരുടെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ.് ഈ വാര്‍ത്തയും അങ്ങനെയാണ്.
ഹാര്‍വാര്‍ഡിലെ ആസ്‌ട്രോഫിസിസ്റ്റ് ഡോ. വില്ലി സുണിനെ ക്വാട്ട് ചെയ്താണ് വാര്‍ത്ത പോകുന്നത്. പക്ഷേ ഒന്നാന്തരം ശാസ്ത്രവിരുദ്ധതക്ക് പേരുകേട്ടയാളാണ് ഇദ്ദേഹമെന്ന് ശാസ്ത്ര പ്രഭാഷകനും എഴുത്തുകാരനുമായ ഡോ വൈശാഖന്‍ തമ്പി ചൂണ്ടിക്കാട്ടുന്നു.-''ഹാര്‍വാര്‍ഡിന്റെ ഒരു ആസ്ട്രോഫിസിക്സ് പ്രോജക്റ്റില്‍ ബാഹ്യ ഫണ്ടിങ്ങില്‍ കുറേകാലം പാര്‍ട്ട്-ടൈം ആയി ജോലി ചെയ്തിരുന്ന ഒരു മലേഷ്യന്‍ ശാസ്ത്രജ്ഞനാണ് കക്ഷി. ആളുടെ പ്രശസ്തി പക്ഷേ ആസ്ട്രോഫിസിക്സിലല്ല, കാലാവസ്ഥാശാസ്ത്രത്തിലാണ്. കാലാവസ്ഥാമാറ്റവും ആഗോളതാപനവുമൊന്നും ഇല്ല എന്ന വാദം പ്രചരിപ്പിക്കുന്ന ഒന്നാന്തരം ശാസ്ത്രവിരുദ്ധനാണ് ടിയാന്‍. അതിന്റെ മറവില്‍ ആശാന്‍ ഫോസില്‍ ഇന്ധന കോര്‍പ്പറേറ്റുകളില്‍ നിന്നും 1.2 മില്യണ്‍ ഡോളര്‍ സ്വീകരിച്ച വാര്‍ത്തയും അന്വേഷിച്ചാല്‍ കിട്ടും. ''- വൈശാഖന്‍ തമ്പി തന്റെ ഫേസ്ബുക്ക്പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു.
928-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട, വര്‍ഷങ്ങളായി കോളജ് ഫിസിക്സ് ക്ലാസ്സില്‍ പഠിപ്പിക്കപ്പെടുന്ന തിയറിയാണ് ഇപ്പോള്‍ പുതിയ കണ്ടുപിടുത്തമായി വ്യാഖ്യാനിക്കപ്പെടുന്നത. ഡോ വൈശാഖന്‍ തമ്പി ചൂണ്ടിക്കാട്ടുന്നു-''പോള്‍ ഡൈറാക്കിന്റെ ആന്റി മാറ്റര്‍ ഇക്വേഷനില്‍ ആണ് വില്ലി സൂന്‍ എന്ന 'ഹാര്‍വാര്‍ഡ് ശാസ്ത്രജ്ഞന്‍' ദൈവത്തിനെ കണ്ടെത്തിയിരിക്കുന്നത്. ഏത്, 1928-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട, വര്‍ഷങ്ങളായി കോളജ് ഫിസിക്സ് ക്ലാസ്സില്‍ പഠിപ്പിക്കപ്പെടുന്ന ഇക്വേഷന്‍! ചുരുക്കിപ്പറഞ്ഞാല്‍, ഫൈന്‍ ട്യൂണിങ്ങ് ആര്‍ഗ്യൂമെന്റ് എന്ന പഴയ ആശയത്തിനപ്പുറം ഒന്നും തന്നെ വാര്‍ത്തയില്‍ ഇല്ല. അതിനിപ്പോ ആന്റി മാറ്റര്‍ ഇക്വേഷന്‍ ഒന്നും വേണ്ടാതാനും. ഫൈന്‍ ട്യൂങ്ങ് വാദക്കാര്‍ക്ക് ന്യൂട്ടന്‍സ് ലോയും പൈതഗോറസ് തിയറവും വരെ ദൈവത്തിനുള്ള തെളിവാണ്''.
ചുരുക്കിപ്പറഞ്ഞാല്‍ ലക്ഷണമൊത്ത ഒരു സ്യൂഡോ ന്യൂസ് ആണ് കേരളത്തിലും ആഘോഷിക്കപ്പെട്ടത്. ദൈവമുണ്ട് എന്നതിന് യാതൊരു തെളിവും ഇപ്പോഴും ശാസ്ത്രലോകത്തുനിന്ന് കിട്ടിയിട്ടില്ല. മറിച്ച് ചില ശാസ്ത്രസിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തില്‍ അതിലേക്ക് ദൈവത്തെ പ്ലേസ് ചെയ്യാനുള്ള, കാലകാലങ്ങളായി നടക്കുന്ന കപടവാദമാണ് ഇപ്പോഴും ഉണ്ടായത്. മാത്രമല്ല, ഒരു സയന്‍സ് പോര്‍ട്ടലും ഈ വാര്‍ത്ത കൊടുത്തിട്ടില്ല. അതില്‍നിന്നൊക്കെ ഇത് ലക്ഷണമൊത്ത ഒരു വ്യാജവാര്‍ത്തയാണെന്ന് വ്യക്തമാണ്.