കോഴിക്കോട്: സോഷ്യൽ മീഡിയയിൽ വൈറലായ രണ്ട് വീഡിയോകളാണ് പറക്കുന്ന കുട്ടിയും, പറക്കുന്ന പനയും. ഒന്ന് ഹിന്ദു ദൈവത്തിന്റെ കരുത്തായി വിലയിരുത്തപ്പെടുമ്പോൾ, മറ്റേത് അള്ളാഹുവിന്റെ മഹത്വം എന്ന ക്യാപ്ഷനോടെയാണ് പ്രചരിക്കുന്നത്.

തമിഴ്‌നാട്ടിലെ കോയമ്പത്തൂർ സ്വദേശിയായ വിഘ്നേഷ്, അഗാധമായ യോഗാഭ്യാസത്താൽ വളരെ ഉയരത്തിൽ പറന്ന് സുരക്ഷിതമായി നിലത്തിറങ്ങി എന്നാണ് വീഡിയോയുടെ ക്യാപ്ഷൻ. രാമേശ്വരം കടന്ന് സമുദ്രത്തിന് മുകളിലൂടെ ശ്രീലങ്കയിലെത്തിയ ഹനുമാന്റെ പ്രവർത്തനത്തിൽ നിന്ന് കുട്ടിക്കാലം മുതൽ തന്നെ പ്രചോദനം ഉൾക്കൊണ്ടിരുന്നുവെന്ന് അദ്ദേഹം പറഞ്ഞുവെന്നും ഇതോടൊപ്പം എഴുതുന്നവരുണ്ട്. പക്ഷേ ഈ രണ്ട് വീഡിയോകളുടെയും യാഥാർഥ്യം പുറത്തുകൊണ്ട് വന്നിരിക്കയാണ്, ശാസ്ത്രപ്രചാരകൻ ശാസ്ത്രലോകം ബൈജുരാജ്.
.
മാജിക്കല്ല, വീഡിയോ എഡിറ്റിങ്ങ്

ശാസ്ത്രലോകം ബൈജുരാജ് തന്റെ പുതിയ വീഡിയോവിൽ ഇങ്ങനെ പറയുന്നു. -'കോയമ്പത്തൂരിൽ ഒരു മജീഷ്യൻ 160 അടി ഉയരത്തിൽ വായുവിലൂടെ പറക്കുന്നു. ഇതുകൂടാതെ ഗൾഫ് രാജ്യത്ത് വായുവിലൂടെ പറക്കുന്ന ഈന്തപ്പനയുടെ വീഡിയോയും വൈറലാവുകയാണ്.

ഇത് രണ്ടും മാജിക്കല്ല പൂർണ്ണമായും വീഡിയോ എഡിറ്റിങ്ങാണ്. യഥാർത്ഥത്തിൽ, ക്രെയിനിൽ നിന്നുള്ള കയർ ഉപയോഗിച്ച് ഹുക്ക് വഴി മജീഷ്യനെ പൊക്കുകയാണ്. ഈ വീഡിയോയിൽ ബാക്ക് ഗ്രൗണ്ടിലായി ഒരു ഷോപ്പിങ്ങ് മാൾ കാണാം. ഈ ഷോപ്പിങ്ങ് മാളിന്റെ പണി കഴിഞ്ഞപ്പോൾ ഭാരം കൂടിയ സാധനങ്ങൾ എടുത്തുമാറ്റുന്നതിനോ മറ്റോ വന്ന ടെലിസ്‌ക്കോപ്പിക്ക് ക്രെയിൻ ഉപയോഗിച്ചായിരിക്കാം മജീഷ്യൻ വായുവിൽ പറക്കുന്നത് ചിത്രീകരിച്ചത്. ഇത് പല ആംഗിളിൽ ഷൂട്ട് ചെയ്തശേഷം വീഡിയോ എഡിറ്റ് ചെയ്യുമ്പോൾ കയറുകൾ മായ്ച്ച് കളയുകയാണ് ചെയ്്തത്. ഇതുപോലെയാണ് നമ്മുടെ സിനിമകളിൽ എല്ലാം ഷൂട്ടിങ്ങ് രംഗങ്ങൾ ചിത്രീകരിക്കുന്നത്. ആളുകൾ ഇടികൊണ്ടതിനുശേഷം പറന്നുപോകുന്നതെല്ലാം ചിത്രീകരിക്കുന്നത് ഇതുപോലെയാണ്.

ഈ വീഡിയോയിൽ ചില ആളുകൾ ചിരിച്ചുകൊണ്ട് വാ പൊത്തുന്നത് കാണാം. ഇതും കള്ളം കാണിക്കുന്നതിന്റെ ലക്ഷണമാണ്. അത്ഭുതംകൊണ്ട് വാ പൊത്തുകയാണെങ്കിൽ കണ്ണുകൾ വിടർന്നിരിക്കും. ഇവിടെ, ഇവർ ചിരിച്ചുകൊണ്ട് വാ പൊത്തുമ്പോൾ കണ്ണ് അടയുന്നു. അതിന്റെ അർത്ഥം ഇവർ അത്ഭുതം കാണിക്കുന്നതായി അഭിനയിക്കുന്നു എന്നതാണ്.

വായുവിലൂടെ പറക്കുന്ന ഈന്തപ്പനയുടെ കാര്യവും അതുതന്നെയാണ്. ടെലസ്‌കോപ്പിക്ക് ക്രെയിൻ ഉപയോഗിച്ചുള്ള വീഡിയോ ആണ് ഇതും. പനയും, തെങ്ങും അടക്കമുള്ള വലിയ മരങ്ങൾ എടുത്തുമാറ്റാനും, അത് വണ്ടിയിലേക്ക് വെക്കാനും ഇതുപോലുള്ള വലിയ ടെലസ്‌കോപ്പിക്ക് ക്രെയിനുകൾ ഉപയോഗിക്കാറുണ്ട്. വലിയ ട്രക്കുകൾക്ക് അവിടെ എത്താൻ പറ്റാത്തതിനാലാണ് ഇതുപോലുള്ള ക്രെയിനുകൾ ഉപയോഗിക്കുന്നത്. വീഡിയോയിൽ ടെലസ്‌ക്കോപ്പിക്ക് ക്രെയിനിൽനിന്നുള്ള കയർ കാണുന്നില്ല. തെളിഞ്ഞ ആകാശം ആയതുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്. ''- ബൈജുരാജ് വിശദീകരിക്കുന്നു.