കോഴിക്കോട്: അതിസങ്കീർണ്ണമായ ശസ്ത്രക്രിയയാണ് പൊതുവെ എല്ലാ അവയവമാറ്റ ശസ്ത്രക്രിയകളും. പ്രത്യേക വൈദഗ്ധ്യമുള്ള ഡോക്ടർമാർ മണിക്കൂറുകൾ എടുത്ത് ചെയ്യുന്ന ഒരു സങ്കീർണ്ണ ശസ്ത്രക്രിയ. മസ്തിഷ്‌ക്കമരണം സംഭവിച്ച ഒരു ദാതാവിൽനിന്ന് അവയവം സുരക്ഷിതമായ എടുക്കൽ തന്നെ സങ്കീർണ്ണമായ ഒരു പ്രക്രിയയാണ്. എന്നാൽ ഇലന്തൂർ നരബലിക്കേസിന്റെ വാർത്തകൾ നോക്കുമ്പോൾ, ആർക്കും ആരെയും പിടിച്ച് അടിച്ചുകൊന്ന് കരളും, വൃക്കയും, ഹൃദയവുമൊക്കെ ആശുപത്രിയിൽ കൊടുത്താൽ പണം കിട്ടുമെന്ന ധാരണയാണ് വരുന്നത്. കുഴിച്ചെടുത്ത മൃതദേഹങ്ങളിൽ വൃക്കയും കരളും ഇല്ലാതായതോടെ, അവയവ മാഫിയയെക്കുറിച്ചുള്ള വലിയ കഥകൾ ആണ് മാധ്യമങ്ങൾ അടിച്ചുവിട്ടത്. ഇലന്തുർ ഇരട്ട നരബലിക്കേസിൽ മുഖ്യ പ്രതി ഷാഫിയും, അവയവ മാഫിയയും തമ്മിലുള്ള ബന്ധം, പ്രമുഖ മാധ്യമങ്ങളിൽ തലക്കെട്ടായി.

എന്നാൽ മാധ്യമങ്ങൾക്ക് അടിസ്ഥാന ശാസ്ത്രബോധം ഇല്ലാത്തതിന്റെ പ്രശ്നമാണ് ഇതെന്ന് ചൂണ്ടിക്കാട്ടി, ശാസ്ത്ര പ്രചാരകരും സ്വതന്ത്രചിന്തകരും രംഗത്ത് എത്തിയിട്ടുണ്ട്. ആരെയെങ്കിലും എവിടെയെങ്കിലും വച്ച് കൊന്നശേഷം വൃക്കയും കരളും വെട്ടിയെടുത്ത് പാക്കറ്റിൽ ആക്കി ആശുപത്രിയിൽ കൊണ്ടു കൊടുത്താൽ അവർ കാശ് തരും എന്ന ധാരണയിൽനിന്ന് എന്നാണ് നമ്മുടെ മാധ്യമങ്ങൾ മാറുക എന്നാണ് ചോദ്യം.

അവയവങ്ങൾ വെട്ടി എടുക്കാനാവില്ല

ഒരു ശസ്ത്രക്രിയാ വിദഗ്ധൻ മണിക്കൂറുകൾ എടുത്തുകൊണ്ട് അതി സുക്ഷ്മായി ഡിസ്‌ക്റ്റ് ചെയ്ത് എടുക്കുന്നതും, (ഇന്ന് ഈ ഓപ്പറേഷനും യന്ത്ര സഹായമുണ്ട്) ഒരാൾ ഒരു കോടലലികൊണ്ടോ, മഴുകൊണ്ടോ ശരീരം വെട്ടിപ്പൊളിച്ച് അവയവങ്ങൾ പുറത്തെടുക്കുന്നതും തമ്മിൽ അജഗജാന്തര വ്യത്യാസം ഉണ്ട്. മഴുവും കോടാലിയുമൊക്കെ ഉപയോഗിച്ച് വെട്ടിയെടുക്കുന്ന അവയവങ്ങൾ സത്യത്തിൽ ഉപയോഗ ശൂന്യമാണ്. കാരണം, അവയവത്തിന്റെ ഒരു ഭാഗവും, കണക്റ്റിങ്ങ് നേർവുകളും, പലപ്പോഴും നഷ്ടപ്പെട്ടിട്ടുണ്ടാവും. ഇത് കിട്ടിയിട്ട് യാതൊരു പ്രയോജനവുമില്ല. മറ്റൊന്ന് സ്റ്റെറിലൈസേഷൻ ആണ്. ഓപ്പറേഷൻ തീയേറ്ററിൽ അങ്ങേയറ്റം ശുചിയായി ചെയ്യേണ്ട ഒരു കാര്യമാണിത്. അല്ലാതെ വെട്ടിയെടുത്ത് ഫ്രിഡ്ജിൽ സൂക്ഷിച്ചാലൊന്നും അവയവം നിലനിൽക്കില്ല. അവയവം എടുത്തിട്ട് കാര്യമില്ല, നിശ്ചിത മണിക്കൂറിനുള്ളിൽ അത് എത്തിക്കണം. അപ്പോഴേക്കും അവിടെ സ്വീകർത്താവിനെ സജ്ജനാക്കിയിരിക്കണം. അല്ലാതെ വെട്ടിയെടുത്ത അവയവങ്ങൾ ഒരു ഐസ് കൂടിൽ ഇട്ട് കൊണ്ടുകൊടുത്താൽ, കാശു തരുന്ന അവയവ മാഫിയ ഒന്നും ലോകത്ത് എവിടെയുമില്ല. പക്ഷേ ഇതൊന്നും മനസ്സിലാക്കാതെ ഷാഫിക്ക് അവയവക്കച്ചവടക്കാരുമായി ബന്ധം എന്നൊക്കെ തള്ളിമറക്കയാണ് കേരളത്തിലെ മാധ്യമങ്ങൾ ചെയ്യുന്നത്.

സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റ് ജിതേഷ് കെ ടി ഇങ്ങനെ എഴുതുന്നു

'മെയിൻ സ്വിച്ചിൽ നിന്ന് വരുന്ന വയറെടുത്ത് 230 വോൾട്ട് കറന്റ് നേരിട്ട് തലയിലോട്ട് കുത്തി കൊടുക്കുന്നതാണ് മനോരോഗ ആശുപത്രികളിലെ ഷോക്ക് ചികിത്സ എന്ന് വിശ്വസിക്കുന്ന കുറെ ആളുകളുണ്ട് ഇപ്പോഴും. അതുപോലൊന്നാണ്, ആരെയെങ്കിലും എവിടെയെങ്കിലും വച്ച് കൊന്നശേഷം വൃക്കയും കരളും വെട്ടിയെടുത്ത് പാക്കറ്റിൽ ആക്കി ആശുപത്രിയിൽ കൊണ്ടു കൊടുത്താൽ അവർ കാശ് തരും എന്നത്.

ചിക്കനും ബീഫും വാങ്ങിക്കാൻ ചെന്നാൽ ആളുകൾ അതിന്റെ കരൾ ഭാഗം ചോദിച്ചു വാങ്ങിക്കും. അതാണ് ഏറ്റവും സ്വാദിഷ്ടം. മനുഷ്യമാംസം തിന്നാൻ ആഗ്രഹമുള്ളവർക്ക് പാകം ചെയ്യാനും സൂക്ഷിക്കാനും തിന്നാനും എളുപ്പം fleshy ആയ കരളും കിഡ്നിയും തലച്ചോറും ഒക്കെയല്ലേ? മോർച്ചറിയിൽ വർക്ക് ചെയ്ത, ഇത്രയും ആസൂത്രിതമായി ബുദ്ധിപരമായി കുറ്റകൃത്യങ്ങൾ ചെയ്യുന്ന ഷാഫി, കാടുപിടിച്ചു കിടക്കുന്ന ഒരു വീട്ടിനുള്ളിലെ, കണ്ടാൽ ഓക്കാനവും അറപ്പും തോന്നുന്ന ഒരു മുറിയിൽ വച്ച് വാക്കത്തി കൊണ്ട് കരളും കിഡ്നിയും വെട്ടിയെടുത്ത് അത് വിൽക്കാൻ ശ്രമിക്കുമോ എന്ന സാമാന്യ യുക്തി പോലും ആരും നോക്കാതെയാണ് ഈ വാർത്ത പ്രാധാന്യം കൊടുത്ത് ചർച്ച ചെയ്യുന്നത്. അപസർപ്പകഥകൾക്ക് മസാലക്കൂട്ട് ചേർക്കുമ്പോൾ നരബലിയേക്കാൾ വലിയ അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കപ്പെടുന്നു.!''- ഇങ്ങനെയാണ് ജിതേഷ് പോസ്ററ് അവസാനിപ്പിക്കുന്നത്.

ജനകീയ ആരോഗ്യ പ്രവർത്തകനും, സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റുമായ ഡോ മനോജ് വെള്ളനാട് മാധ്യമ പ്രവർത്തകരെ പരിഹസിച്ച് ഇട്ട കുറിപ്പ് ഇങ്ങനെയാണ്. ''

1. ബാൾ പിൻ ഹാമ്മർ - 1 (തലയ്ക്കടിച്ചു കൊല്ലാൻ)
2. 14-ന്റെ സ്പാന്നർ - 1 (കിഡ്നി ഊരാൻ)
3. 23-ന്റെ സ്പാന്നർ - 1 (ലിവർ, ഹാർട്ട് എന്നിവ ഊരാൻ)
4. മൂർച്ചയുള്ളൊരു കത്തി. (ആവശ്യമില്ലാത്ത കുടലും തലച്ചോറുമൊക്കെ മുറിച്ച് മാറ്റാൻ)

ഇത്രയുമാണ് കേരളത്തിലെ ഒരു ശരാശരി മാധ്യമ പ്രവർത്തകന്റെ അറിവിൽ അവയവം മാറ്റി വയ്ക്കാൻ വേണ്ട അവശ്യ സാധനങ്ങൾ.'- ഈ രീതിയിൽ മാധ്യമങ്ങളുടെ വിവരക്കേടിനെ ട്രോളിക്കൊണ്ടുള്ള നിരവധി പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്.

അവയവമാഫിയ ഇല്ലെന്ന് പൊലീസ്

കേരളത്തെ ഞെട്ടിച്ച ഇലന്തൂർ ഇരട്ട നരബലിക്ക് പിന്നിൽ അവയവ മാഫിയയെന്ന പ്രചരണം ഒടുവിൽ പൊലീസും തള്ളി.' സാമാന്യബുദ്ധിയിൽ ചിന്തിച്ചാൽ അത് നടക്കില്ല. വൃത്തിഹീനമായ സാഹചര്യത്തിൽ അവയവം മാറ്റം സാധ്യമല്ല. മുഖ്യപ്രതി കൂട്ടുപ്രതികളെ ഇക്കാര്യം ധരിപ്പിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കും'- സിറ്റി പൊലീസ് കമ്മിഷണർ സി എച്ച് നാഗരാജു പറഞ്ഞു. ഇരട്ട കൊലപാതകത്തിൽ ആണ് ഇപ്പോഴത്തെ അന്വേഷണം. കൂടുതൽ ഇരകൾ ഉണ്ടോ എന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. പ്രതികൾക്കെതിരെ ശാസ്ത്രീയ തെളിവുകൾ നിർണായകമാകുമെന്നും അദ്ദേഹം പറഞ്ഞു.

ഇലന്തൂർ ഇരട്ട കൊലപാതകത്തിന് മുമ്പ്,മറ്റൊരു കൊലപാതകം കൂടി മുൻപ് നടത്തിയിട്ടുണ്ടെന്ന് ഷാഫി പറഞ്ഞതായി ഇതിനിടെ കേസിലെ പ്രതി ലൈല പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. ഒരു വർഷം മുമ്പ് ഇലന്തൂരിലെ വീട്ടിൽ വച്ചാണ് പറഞ്ഞത്. എറണാകുളത്താണ് കൊലപാതകം നടത്തിയതെന്ന് ഷാഫി പറഞ്ഞത്. കൊലപാതകം നടത്തിയശേഷം മനുഷ്യമാസം വിൽപന നടത്തിയതായി ഷാഫി പറഞ്ഞു. നരബലിയെപ്പറ്റി ആലോചിക്കുന്ന ഘട്ടത്തിലായിരുന്നു ഷാഫി ഇക്കാര്യം പറഞ്ഞത്. ഇലന്തൂരിലെ വീടിന്റെ തിണ്ണയിലിരുന്ന് സംസാരിക്കുമ്പോഴാണ് ഷാഫി ഇക്കാര്യം പറഞ്ഞത്. എന്നാൽ ലൈലയേയും ഭഗവത് സിംഗിനേയും വിശ്വസിപ്പിക്കാൻ താൻ പറഞ്ഞ കള്ളമാണിതെന്ന് ഷാഫി പൊലീസിനോട് പറഞ്ഞിട്ടുണ്ട്. ഈ സാഹചര്യങ്ങൾ എല്ലാം പരിശോധിക്കുമ്പോൾ, നരബലിക്കൊലയിലെ അവയവമാഫിയ എന്നത് വെറും കെട്ടുകഥയാണെന്ന് വ്യക്തമാവുകയാണ്.