- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റെയിൽവെ സ്റ്റേഷനിൽ സംസാരിച്ചുകൊണ്ട് നിൽക്കുന്ന രണ്ട് ടിടിഇമാരിൽ ഒരാൾ പൊടുന്നനേ ഷോക്കടിച്ച് പാളത്തിലേക്ക് വീണ് മരിക്കുന്നു! ഷോക്കേറ്റത് 25 കെവി ലൈനിൽ നിന്ന്; കറന്റ് വന്നത് ഇയർ ഫോണിൽ നെറ്റ് ആക്ടിവേറ്റ് ആയതിനാലെന്നും പ്രചാരണം; സോഷ്യൽ മീഡിയയിൽ ഭീതി ഉയർത്തുന്ന വീഡിയോയുടെ യാഥാർഥ്യമെന്ത്?
കോഴിക്കോട്: കഴിഞ്ഞ ഒരാഴ്ചയായി സോഷ്യൽ മീഡിയയിൽ വലിയ ഭീതി ഉയർത്തിയ ഒരു വീഡിയോയാണ് റെയിൽവേ സ്റ്റേഷനിൽ സംസാരിച്ചുകൊണ്ടിരിക്കുന്ന ഒരാൾ, ഷോക്കടിച്ച് മരിച്ച് വീഴുന്നത്. മൊബൈൽ ഇയർഫോണിൽ നെറ്റ് ആക്റ്റീവ് ആയതിനാൽ, ട്രെയിനിന്റെ ഹൈടെൻഷൻ ലൈനിൽ നിന്ന് കറന്റ് അടിച്ചാണ് ഇയാൾ മരിച്ചത് എന്നാണ് പ്രചാരണം. അതിനാൽ റെയിൽവേ സ്റ്റേഷനുകളിലും മറ്റും ഇയർഫോൺ ഉപയോഗിക്കരുത് എന്നും നെറ്റ് ആക്റ്റീവ് ചെയ്യരുത് എന്നും വാട്സാപ്പിൽ പ്രചാരണം നടക്കുന്നുണ്ട്.
എന്നാൽ ഇത് ശുദ്ധ അസംബന്ധമാണെന്ന് ശാസ്ത്രപ്രചാരകർ പറയുന്നു. ഒന്നാമത് തീർത്തും സുരക്ഷിതമാണ് ഇയർ ഫോണുകളും ഇൻർനെറ്റും. അതിലുടെ വൈദ്യുതി കടന്നുവരില്ല. രണ്ടാമത് ഈ വീഡിയോയിൽ പറഞ്ഞിരിക്കുന്ന ആൾ മരിച്ചിട്ടുമില്ല. പക്ഷേ അയാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പക്ഷേ കറന്റ് വന്നത് ഇയർഫോണിലൂടെയല്ല, മറിച്ച് കാക്ക കൊത്തിയിട്ട ഒരു വയറിലൂടെയാണ്. ഗൊരഖ്പൂർ റെയിൽവേ സ്റ്റേഷനിലാണ് ഈ സംഭവം നടന്നത്. 25 കെ വി ലൈനിലേക്ക് കാക്ക കൊത്തിയിട്ട ഒരു വയറിലൂടെയാണ്, ഷോക്കടിച്ചത്. ആ വീഡിയോ സൂം ചെയ്ത് സൂക്ഷിച്ച് നോക്കിയാൽ നൂലുപോലെ വയർ കാണുവുന്നതാണ്.
ശാസ്ത്രപ്രചാരകനും പ്രഭാഷകനുമായ ശാസ്ത്രലോകം ബൈജുരാജ് ഇതിന്റെ രഹസ്യം അനാവരണം ചെയ്ത് വീഡിയോ ചെയ്തിട്ടുണ്ട്. ബൈജുരാജ് ഇങ്ങനെ പറയുന്നു. 'ഇത് വൈറലായ ഒരു വീഡിയോ ആണ്. ധാരാളം ആളുകൾ ഇത് അയച്ചുതന്നുകൊണ്ടേയിരിക്കുന്നു. എന്താണ് യാഥാർഥ്യം. എന്തുകൊണ്ടാണ് ഇതുപോലുള്ള വീഡിയോകൾ വിശ്വസിച്ച് ആളുകൾ ഫോർവേഡ് ചെയ്യുന്നത് എന്ന് മനസ്സിലാവുന്നില്ല. കാരണം ജസ്റ്റ് നമ്മൾ ഒന്ന് ആലോചിച്ച് നോക്കിയാൽ ഇത് മനസ്സിലാവും. ഇന്ത്യൻ റെയിൽവേയിൽ എത്രമാത്രം ആളുകളാണ് യാത്ര ചെയ്യുന്നത്. മിക്ക ആളുകളുടെ കൈയിലും മൊബൈൽ ഫോണും വയർലസ് ഹെഡ്സെറ്റുകളുമുണ്ടാവം. അതിൽ മിക്കവാറും സമയങ്ങളിലും നെറ്റ് ആക്റ്റീവുമായിരിക്കും. എന്നിട്ടും അവർക്ക് ഒന്നും ഇതുപോലെ കന്ററ് ഏൽക്കാത്തത്. അതും മാത്രം നാം ആലോചചിച്ചാൽ മതി.
ഇവിടെ ഒന്ന് സൂക്ഷിച്ച് നോക്കിയാൽ മുകളിൽനിന്ന് ഇദ്ദേഹത്തിന്റെ ശരീരത്തിലേക്ക് ഒരു നൂല് പോയിരിക്കുന്നത് കാണാം. ഒരുപക്ഷേ ഇത് നനഞ്ഞ നൂലായിരിക്കാം. അല്ലെങ്കിൽ എന്തെങ്കിലും മെറ്റലിന്റെ നൂൽ ആയിരിക്കാം. ( ഇത് ഒരു വയറാണ്)ഈ നൂലിൽകൂടിയാണ് ഇദ്ദേഹത്തിന്റെ ശരീരത്തിലേക്ക് വൈദ്യുതി എത്തിയത്. ഈ മുകളിലുള്ള ലൈൻ 25,000 വാട്സ് വോൾട്ടേജ് ആയതുകാരണമാണ് ഇതുപോലെ സ്പാർക്കും തീയുമെല്ലാം ഉണ്ടാകുന്നത്. അപ്പോൾ ഇവിടെ വില്ലൻ ഇയർ ഫോണോ ഹെഡ്ഫോണോ ഒന്നുമല്ല. പകരം, ഈ നൂലാണ്.
ഇതിനെക്കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ ആണ് മനസ്സിലായത് ഇത് ഡിംസബർ ഏഴാം തീയതി, പശ്ചിമ ബംഗാളിലെ ഗൊരഖ്പൂർ റെയിൽവേ സ്റ്റേഷനിൽ ഉച്ച കഴിഞ്ഞ നടന്ന സംഭവമാണ്. രണ്ട് ടിടിഇമാർ സംസാരിച്ചുകൊണ്ടിരിക്കയായിരുന്നു. അതിൽ ഒരാൾക്കാണ് ഷോക്കേൽക്കുന്നത്. നമ്മൾ ഈ വീഡിയോയിൽ കണ്ട വയർ സാധാരണ വീടുകൾക്കൊക്കെ പ്ലാസ്റ്റിക്ക് കോട്ടിങ്ങിന് ഉപയോഗിക്കുന്ന വയർ ആണ്. അതുപോലെത്തെ ഒരു വയർ ആണ് കാക്ക കൊത്തി ഈ ലൈൻ കമ്പിയിൽ ഇടുന്നത്. ഇതിൽ 25 കെ വി ലൈൻ ആയതിനാലാണ് പ്ലാസ്റ്റിക്ക് കോട്ടിങ്ങ് ഉണ്ടായിട്ടു അദ്ദേഹത്തിന് ഷോക്കേറ്റത്. ഇതാണ് ചില വാട്സാപ്പ് മാമന്മാർ ഇയർ ഫോണിലൂടെ കറന്റ് അടുപ്പു എന്നാക്കിയത്. പക്ഷേ പരിക്കേറ്റയാൾ സാരമായ പൊള്ളൽ ഏറ്റിട്ടുണ്ടെങ്കിലു അപകട നില തരണം ചെയ്തിട്ടുണ്ട്. ''- ഇങ്ങനെയാണ് ബൈജുരാജ് സംഭവം വിശദീകരിക്കുന്നത്.
വീഡിയോ സൂം ചെത്ത് നോക്കിയാൽ നൂലുപോലെ വയർ കാണാവുന്നതാണ്. പക്ഷേ അപ്പോഴേക്കും ഇയർഫോണിനെയും നെറ്റിനെയും പ്രതിയാക്കി പ്രചാരണം കൊഴുക്കുകയാണ്. ഇനി 5 ജി വന്നാൽ ഇതിലേറെ പ്രശ്നമാണെന്നും പ്രചാരണം ഉണ്ട്. പക്ഷേ 5 ജിക്കും വൈദ്യുതിയുമായി യാതൊരു ബന്ധവുമില്ലെന്നും, തീർത്തും സുരക്ഷിതമാണെന്നുമാണ് യാഥാർഥ്യം
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ