തിരുവനന്തപുരം: മാതൃഭൂമി ചാനലിലെ അകമ്പുറം പരിപാടിയിലൂടെ ശ്രീകല വെള്ളം കുടിപ്പിച്ച ഡോക്ടർ ജേക്കബ് വടക്കഞ്ചേരി ഒരു ഭൂലോക തട്ടിപ്പുകാരൻ ആണോ? അതോ മരുന്നു മാഫിയക്കെതിരെ നിരന്തരം പോരാടുന്ന വടക്കാഞ്ചേരിയുടെ മേൽ സ്ഥാപിത താല്പര്യക്കാർ നടത്തുന്ന കടന്നു കയറ്റമാണോ ഈ ദിവസങ്ങളിൽ കണ്ടത്? 

ഏറെ ചർച്ച ചെയ്യേണ്ട ഒരു വിഷയമാണിത്. ഒരു പക്ഷേ സത്യം രണ്ടിനും ഇടയിലാണെന്നു വരാം. വടക്കാഞ്ചേരിയെ എതിർക്കുന്നവർ ഉന്നയിക്കുന്ന ആരോപണങ്ങളും, അനുകൂലിക്കുന്നവർ ഉയർത്തുന്ന വാദങ്ങളിലും ഒറ്റക്കേൾവിയിൽ സത്യത്തിന്റെ ഗന്ധം ഉള്ളവയാണ്.

വടക്കഞ്ചേരിയുടെ നേരിലേയ്ക്ക് കടക്കും മുമ്പ് ആരാണ് ഈ വടക്കഞ്ചേരി എന്നൊരു അന്വേഷണമാണ് മറുനാടൻ ആദ്യം നടത്തുന്നത്. മൂന്ന് പതിറ്റാണ്ട് മുമ്പ് വൈപ്പിനിൽ സ്വാശ്രയ ഗ്രാമം എന്ന സങ്കല്പവുമായി പൊതുപ്രവർത്തകന രംഗത്തിറങ്ങിയ വടക്കാഞ്ചേരി ആരെല്ലാം പറഞ്ഞാലും അനേകം പേരുടെ ആരാധനാപാത്രമാണ്. വ്യത്യസ്തമായ ജീവിത ശൈലി ഇഷ്ടപ്പെടുന്നവരുടെയും, പ്രകൃതിജന്യമായ ജീവതരീതി  ജീവിതത്തിന്റെ അവസാന ലക്ഷ്യമായി കാണുന്നവരെയും. എന്നാൽ അശാസ്ത്രീയമായ വാക്സിൻ വിരുദ്ധ പ്രചാരണവും ജനക്കൂട്ടത്തിന്റെ കൈയടി കിട്ടാനുള്ള അടിസ്ഥാനമില്ലാത്ത തത്വങ്ങളും ശാസ്ത്രീയതയുടെ പേരിൽ വാദിക്കുന്നവരുടെ ശത്രുവാക്കി മാറ്റുന്നു വടക്കാഞ്ചേരിയെ. ഒപ്പം പേരിനൊപ്പം ഡോക്ടർ ചേർത്തത് പുലിവാലാവുകയാണ്.

മലപ്പുറത്തെ ഡിഫ്തീരിയ മരണം ഏറ്റവും കൂടുതൽ വേട്ടായാടുന്നത് ജേക്കബ് വടക്കഞ്ചേരിയെ ആണ്. ഈ വിവാദത്തിന്റെ പശ്ചാത്തലത്തിൽ ആരാണ് ഈ ജേക്കബ് വടക്കാഞ്ചേരി എന്നു ആദ്യം പരിശോധിക്കാം.

തുടക്കം ഗാന്ധിസത്തിൽ, താരമാക്കിയത് മദ്യവിരുദ്ധ സമരങ്ങൾ

ഗാന്ധിയൻ ആദർശവുമായാണ് ജേക്കബ് വടക്കാഞ്ചേരി പൊതു സമൂഹത്തിൽ സജീവമായത്. തൊണ്ണൂറുകളുടെ തുടക്കത്തിൽ ക്യാമ്പസുകളിൽ ചലനമുണ്ടാക്കാനായ പൊതു പ്രവർത്തകൻ. ക്യാമ്പസുകളിലെല്ലാം വടക്കാഞ്ചേരിയുടെ ശിഷ്യന്മാർ സൃഷ്ടിക്കപ്പെട്ടു. തീർത്തും ഗാന്ധിസത്തിൽ അടിസ്ഥാനമാക്കി തന്നെയായിരുന്നു പ്രവർത്തനം. മദ്യവിരുദ്ധതയുമായി ജേക്കബ് വടക്കഞ്ചേരി സ്ത്രീ മനസ്സുകളിലും ഇടം നേടി.

കൊച്ചിയിൽ മദ്യവിരുദ്ധ സമരമാണ് ഇതിൽ ഏറ്റവും ശ്രദ്ധേയം. ചുലുമായി സ്ത്രീകളെ അണിനിരത്തി ഷാപ്പ് പൂട്ടിച്ചായിരുന്ന ആ സമരം ചരിത്രത്തിലേക്ക് നടന്നു കയറിയത്. കെ കരുണാകരനെന്ന സൂപ്പർ മുഖ്യമന്ത്രിക്ക് പോലും ജേക്കബ് വടക്കാഞ്ചേരി പ്രതിബന്ധമായി. കരുണാകരന്റെ വിശ്വസ്തനായ എറണാകുളം കളക്ടറുടെ വീട്ടിലേക്ക് പലതവണ മദ്യവിരുദ്ധ പ്രക്ഷോഭത്തിന്റെ ഭാഗമായി മാർച്ചുകൾ നടന്നു. ഇതോടെ മാറ്റം ആഗ്രഹിക്കുന്ന പുതു തലമുറയുടെ ആരാധ്യനായി അദ്ദേഹം മാറി. യുവാക്കൾ വലിയ തോതിൽ ആകർഷിക്കപ്പെട്ടു. ഭരണകൂടത്തെ ഭയക്കാതെ ഗാന്ധിസത്തിലൂന്ന സമരങ്ങളെ മാദ്ധ്യമങ്ങൾ ഏറ്റുപിടിച്ചു.

പക്ഷേ ഈ യാത്രയ്ക്കിടയിൽ ആഗോളവൽകരണ സ്വാധീനത്താൽ കാമ്പസുകളുടെ മുഖം മാറി. ഇതോടെ കാമ്പസുകളിലെത്തുന്നവരെല്ലാം തങ്ങളുടെ ഭാവിയെ കുറിച്ച് ചിന്തിക്കുന്നവരായി. രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ സ്വാധീനവും കുട്ടികളെ വടക്കനെപോലുള്ള പരിഷ്‌കർത്താക്കളിൽ നിന്ന് അകറ്റി. ഇതോടെ പുതിയ മേച്ചിൽപറമ്പുകൾ തേടിയുള്ള യാത്രയായി. കച്ചവട താൽപ്പര്യമില്ലാതെ നാടിന്റെ നന്മയ്ക്ക് വേണ്ടി പോരാട്ടം തുടരാൻ പുതിയ മാർഗ്ഗമായി പ്രകൃതി ജീവനത്തെ മാറോട് അണച്ചു. ആരോഗ്യസംരക്ഷണത്തിന് പുതുമാർഗ്ഗങ്ങളുപദേശിക്കുന്ന റസ്റ്റോറന്റുകളെത്തി. ഇതോടെ പ്രമുഖ പ്രകൃതിചികിത്സകനും നാച്വർ ലൈഫ് ഇന്റർനാഷണൽ സ്ഥാപകനുമായി ഡോ. ജേക്കബ് വടക്കഞ്ചേരി മാറി.

നമ്മൾ കഴികുന്ന ആഹാരത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവും ഭൂമിശാസ്ത്രപരവുമായ മാനങ്ങൾ തിരിച്ചറിയേണ്ടത് ആരോഗ്യകരമായ ജീവിതത്തിന് അനിവാര്യമാണെന്ന് ഡോ. ജേക്കബ് വടക്കഞ്ചേരി പ്രസംഗങ്ങളിൽ നിറഞ്ഞു. അതില്ലാതെ വരുമ്പോഴാണ് സാമ്പത്തിക ശക്തികളുടെ രാഷ്ട്രീയ സാമ്പത്തിക താൽപര്യങ്ങളുടെ ഇരകളായി മനുഷ്യർ മാറുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. എന്നാൽ ഗാന്ധിയനിൽ നിന്ന് പ്രകൃതി ചികിൽസകനിലേക്കുള്ള മാറ്റത്തിനിടയിൽ ആരുടെയൊക്കെയോ കച്ചവട താൽപ്പര്യത്തിന്റെ ഇരയായി ജേക്കബ് വടക്കഞ്ചേരിയും മാറിയെന്നാണ് ആക്ഷേപം.

ഫാസ്റ്റ് ഫുഡ് സംസ്‌കാരത്തിനെതിരെ തുടങ്ങി പ്രകൃതി ചികിൽസകനായി

1980ൽ ഗാന്ധിയൻ ആയും മദ്യവിരുദ്ധപ്രവർത്തകൻ ആയും പൊതുരംഗത്തേക്കിറങ്ങിയ വടക്കഞ്ചേരിയുടെ വളർച്ച പിന്നീട് വ്യത്യസ്ത മേഖലകളിലൂടെ മുന്നേറി. ഗാന്ധിയൻ എന്ന വിശേഷണത്തിൽ നിന്നും 'ഡോക്ടർ' എന്നും പ്രകൃതിജീവകൻ എന്നും സാമൂഹ്യപ്രവർത്തകൻ എന്നും ഒക്കെയുള്ള വിശേഷണത്തിലേക്ക് ജേക്കബ് വടക്കഞ്ചേരിയും വളർന്നു. ഇതോടൊപ്പം വിവാദങ്ങളുമെത്തി. ഓയിൽ വിഭവങ്ങൾ, പാചകരീതി എന്നിവയിലൊക്കെ അശാസ്ത്രീയത കണ്ടെത്തി പ്രചാരണവും ക്ലാസുകളും ആരംഭിച്ചായിരുന്നു ഗാന്ധിസത്തിൽ നിന്നും പ്രകൃത ിജീവനത്തിലേക്കുള്ള യാത്ര. ഫാസ്റ്റ് ഫുഡ് സംസ്‌കാരത്തെ ചെറുക്കാനുള്ള ആഹ്വാനമായിരുന്നു അത്.

1998ൽ വടക്കഞ്ചേരി 'നേച്ചർ ലൈഫ് ഇന്റർനാഷണൽ' എന്ന എൻ ജി ഒ ആരംഭിച്ചു. പിന്നീട് യോഗ ഗുരു രാംദേവിന്റെ വഴിയിലൂടെയാണ് ഈ എൻ ജി ഒ സഞ്ചരിച്ചത്. ഇപ്പോൾ ഏഴ് പ്രകൃതിചികിത്സാ ആശുപത്രികളും നാല് ശാഖകളുള്ള അരുവി പ്രകൃതി ഭോജന റെസ്റ്റോറന്റുകളും മുപ്പത് പ്രകൃതിജന്യ ഉത്പന്നങ്ങളും നിരവധി പ്രസിദ്ധീകരണങ്ങളും ഹോളിഡേ ടൂറുകളും ഒക്കെയുള്ള ഒരു വ്യാപാരസ്ഥാപനം ആണ് 'നേച്ചർ ലൈഫ് ഇന്റർനാഷണൽ'. ഫാസ്റ്റ് ഫുഡ് കുത്തകൾക്കെതിരെ നിരന്തര നിലപാടുകളുമായി ഇദ്ദേഹത്തിന്റെ പ്രസ്ഥാനം വളർന്നു. ഇതിനിടെ ചില സാമ്പത്തിക താൽപ്പര്യങ്ങൾ വടക്കഞ്ചേരിക്കുമുണ്ടായെന്നാണ് ആക്ഷേപം. പേരിനൊപ്പമുള്ള ഡോക്ടർ പദവി അതിന് തെളിവുമായി.

വൈപ്പിൻ ദ്വീപിലെ കുട്ടിക്കാലമാണ് തന്നെ പൊതുപ്രവർത്തകനാക്കിയതെന്ന് വടക്കഞ്ചേരി തന്നെ വിശദീകരിക്കുന്നു. വൈപ്പിനെ കുട്ടിക്കാലമാണ് തന്നെ മദ്യവിരുദ്ധ പ്രവർത്തകനാക്കിയതെന്ന് വടക്കഞ്ചേരി പറയുന്നു. ഗാന്ധിയൻ തത്ത്വചിന്ത ആഗ്രഹത്താൽ ഒരു കമ്മ്യൂണിറ്റി ലെവൽ പ്രസ്ഥാനം ആരംഭിച്ചു. അങ്ങനെയാണ് തുടക്കം. മദ്യവിരുദ്ധ സമരനായകനായിരുന്ന ഇദ്ദേഹം ഗാന്ധി പീസ് ഫൗണ്ടേഷൻ, കൊച്ചി ജോയിന്റ് സെക്രട്ടറിയുമായി. ഇതിനിടെയിൽ മേധാ പട്കർ അടക്കമുള്ള പരിസ്ഥിതി വാദികളുമായി അടുത്തു. ഇതിനിടെയാണ് പ്രകൃതി ചികിൽസയിലൂടെ രോഗശാന്തിയെന്ന ആശയവുമായെത്തുന്നത്. ഇതിനായി ഡോക്ടർ പദവി സ്വയം സ്വീകരിച്ചുവെന്നാണ് ആക്ഷേപം.

2012 ജൂലൈയിൽ ദൂരദർശൻ സംപ്രേഷണം ചെയ്തു വരുന്ന തത്സമയ ഫോൺഇൻ പരിപാടിയായ 'വീട്ടുവിശേഷ'ത്തിൽ ജേക്കബ് വടക്കഞ്ചേരി പങ്കെടുത്തിരുന്നു. ശാസ്ത്രചിന്തയും ജനോപകാരപ്രദമായ പരിപാടികളും സംപ്രേഷണം ചെയ്യുന്ന പരിപാടികളിലൂടെ വടക്കഞ്ചേരി തന്റെ ആശയങ്ങൾ പ്രചരിപ്പിച്ചു. മരുന്നിനെതിരായ വാക്കുളായിരുന്നി അവ.

കുട്ടികളെ കൊല്ലുന്നതാണ് നല്ലതെന്ന പരാമർശം വിവാദമായി

2002ൽ ഏഷ്യാനെറ്റിലെ സംശയനിവാരണ പരിപാടിയിൽ കെടി ജയകൃഷ്ണൻ കൊല്ലപ്പെടതുമായി ബന്ധപ്പെട്ട ചോദ്യത്തിന് നൽകിയ മറുപടി അതിവിചിത്രമാണെന്ന് പലരും വിമർശനവുമായെത്തി.

യുവമോർച്ചാ നേതാവ് കെ ടി ജയകൃഷ്ണൻ കൊല്ലപ്പെടുമ്പോൾ ആ ക്ലാസിലിരുന്ന കുട്ടികളെ കൗൺസിലിങ് കൊണ്ടോ ചികിത്സകൊണ്ടോ മാറ്റിയെടുക്കാൻ കഴിയില്ലെന്നും അവരെ വെടിവച്ചുകൊല്ലുന്നതാണ് നല്ലത് എന്നും വടക്കഞ്ചേരി അഭിപ്രായപ്പെടുന്നു. ഇത് ഏറെ ചർച്ചകൾക്ക് വഴി വച്ചു. ആ ക്ലാസിൽ പഠിച്ച കുട്ടികൾക്ക് ഒന്നും സംഭവിച്ചില്ല. ആധുനിക വൈദ്യശാത്രത്തെ അന്ധമായി എതിർക്കുന്നത് ആപത്താണ്. ഇതാണ് വടക്കഞ്ചേരിയെ വിവാദ പുരുഷനാക്കുന്നത്. ഡീഫ്ത്തീരിയയിലെ പ്രതിരോധക്കുത്തിവയ്‌പ്പിലും ഇത് തന്നെയാണ് സംഭവിച്ചതെന്നാണ് ആരോപണം.

വടക്കഞ്ചേരിയുടെ ചികിത്സാലയങ്ങളുടെ പ്രവർത്തനം ധ്യാനകേന്ദ്രങ്ങൾക്കു സമാനമാണെന്ന ആക്ഷേപവും ശക്തമാണ്. പലപ്പോഴും മോഡേൺ മെഡിസിൻ ഉപയോഗിച്ചിട്ട് രോഗശാന്തി ഉണ്ടാകാത്തവരാണ് പ്രകൃതി ചികിത്സക്കെത്തുന്നത്. രോഗശാന്തി ഉണ്ടായില്ലെങ്കിൽ അതിനു കാരണം പണ്ട് കഴിച്ചിട്ടുള്ള മോഡേൺ മരുന്നുകൾ ആണെന്നും ഇനി അഥവാ ഫലമില്ലെങ്കിൽ തിരിച്ചു പഴയ ചികിത്സാരീതിയിലേക്ക് പോകാം എന്നുമൊക്കെയുള്ള കൗൺസിലിങ് ആണ് രോഗിക്കും ബന്ധുക്കൾക്കും ആദ്യം ലഭിക്കുന്നതെന്ന് പറയുന്നു. അതുകൊണ്ടു തന്നെ ചികിത്സാ പിഴവുകളുടെയോ അതുമൂലം രോഗിക്ക് സംഭവിക്കുന്ന അപകടങ്ങളുടെയോ ഉത്തരവാദിത്വം വടക്കഞ്ചേരിയിൽ ആരോപിക്കപ്പെടുന്നില്ലെന്നാണ് ആക്ഷേപം.

മരുന്നില്ലാതെ കൊളസ്ട്രോളിനെ ചികിൽസിക്കാം!

കൊളസ്ട്രോൾ എന്നത് ഇല്ലാത്ത രോഗമാണെന്ന് വടക്കഞ്ചേരി പറഞ്ഞു. നൂറ്റാണ്ടുകളായി കേരളീയരുടെ ആരോഗ്യത്തെ സംരക്ഷിച്ചുപോന്ന ആയുർവേദ ഡോക്ടർമാരാരെങ്കിലും തേങ്ങ കുഴപ്പക്കാരനാണെന്നു പറഞ്ഞോ? ഹോമിയോപ്പതിക്കാരും യുനാനിക്കാരും സിദ്ധവൈദ്യന്മാരും തേങ്ങയ്ക്ക് അയിത്തം കല്പിച്ചിട്ടേയില്ല. ഭക്ഷണം കൊണ്ട് സകലരോഗങ്ങളെയും മാറ്റുന്ന പ്രകൃതിചികിത്സക്കാരാണെങ്കിൽ രണ്ടും മൂന്നും കരിക്കും നാലുമുറി തേങ്ങയും ദിവസേന തിന്നിട്ടും ഒരറ്റാക്കും വരാതെ മറ്റു ചികിത്സകരെ 'അറ്റാക്ക്' ചെയ്തു നടക്കുകയാൺ പിന്നെ ആരാണ് തേങ്ങയന്തകരായി വാളെടുത്തു തുള്ളുന്നത്? അതിക്രമിച്ചു കയറിയിട്ട് നൂറ്റാണ്ടുപോലുമാകാത്ത അലോപ്പതി ഡോക്ടർമാരോ? അല്പം മദ്യം ആവാമെന്നു പറയുന്ന ഡോക്ടർമാർ! പുകവലി നിർത്തണമെന്നു കർശനമായി പറയാത്ത ഡോക്ടർമാർ!-എന്നൊക്കെയായിരുന്നു വാദങ്ങൾ.

സമ്പന്ന വ്യവസായികളുടെ ഏജന്റുമാരായി എന്നും ജനങ്ങളെ വഴിതെറ്റിച്ചിട്ടുള്ള അലോപ്പതി ഡോക്ടർമാർ മരുന്നു കമ്പനികളുടെയും പാമോയിൽ കമ്പനികളുടെയും ചതിക്കെണിയിലേക്ക് സമൂഹത്തെ ആകമാനം തള്ളിയിടുകയാണെന്നതിനു നിഷേധിക്കാനാവാത്ത തെളിവുകൾ വൈദ്യശാനസ്ര്ത ഗ്രന്ഥങ്ങളിൽനിന്നും വർത്തമാന സംഭവങ്ങളിൽനിന്നും നിരത്താനാകുമെന്നും പറഞ്ഞു. വെളിച്ചെണ്ണ പാചകത്തിനുപയോഗിക്കാതെ പാമോയിലും സൺഫ്ലവറെണ്ണയുമുപയോഗിക്കുന്ന രാജ്യങ്ങളിൽ കൊളസ്ട്രോൾ കൂടുന്നില്ല എന്നാണോ? പാമോയിലിന്റെ മലേഷ്യയിൽ കൊളസ്ട്രോൾ മരുന്നുകൾ വില്ക്കപ്പെടുന്നേയില്ലെന്നാണോ? തേങ്ങ തിന്നാത്ത, വെളിച്ചെണ്ണ കഴിക്കാത്ത അമേരിക്കക്കാരെ കൊളസ്ട്രോൾ മരുന്നുകമ്പനികൾ വെറുതെ വിട്ടിരിക്കുകയാണോ? ഡോക്ടർമാരെ ചോദ്യം ചെയ്യാൻ ഭയക്കുന്ന ജനങ്ങളുടെ വിചാരം കൊളസ്ട്രോൾ എന്നത് അത്യന്തം അപകടകാരിയായ ഒന്നാണെന്നാണ്. കൊളസ്ട്രോൾ കൂടിക്കണ്ടാലുടനെ മരണമടുത്തു എന്ന പേടിയാണ് പലർക്കും. ധമനികളിൽ അടിഞ്ഞുകൂടി രക്തപ്രവാഹത്തെ തടഞ്ഞ് ഹാർട്ട് അറ്റാക്കുണ്ടാക്കി കൊലപ്പെടുത്തുന്ന ഭീകര കൊളസ്ട്രോളിനെ ഭയക്കാതെ പിന്നെന്തുചെയ്യണം?

ആരോഗ്യവും ചികിത്സയും ഡോക്ടർമാർക്ക് വിട്ടുകൊടുത്ത് ആരോഗ്യ അടിമകളാകുന്നതിന്റെ ഗതികേടാണിത്. ഗാന്ധിജി ലക്ഷ്യമിട്ട സ്വരാജിൽനിന്ന് അകന്നതിന്റെ ദുരന്തം കൂടിയാണിത്. ഓരോരുത്തനും അവനവനെ ഭരിക്കുന്ന സ്വരാജ്. രാഷ്ട്രീയ തലത്തിൽ മാത്രമല്ല സാമ്പത്തിക തലത്തിലും ആരോഗ്യ തലത്തിലും സ്വരാജ് നേടാതെ ഒരുവ്യക്തിക്കും സ്വാതന്ത്ര്യം ആസ്വദിക്കാനാവില്ല. വെള്ളത്തിൽ അലിഞ്ഞുപോകാതെ ശരീരത്തെ രക്ഷിച്ചു നിലനിർത്തുന്ന പ്രധാന ഘടകം കൊളസ്ട്രോളാണെന്നു പറഞ്ഞാൽ അലോപ്പതി ഡോക്ടർമാരിൽ നിന്നു കൊളസ്ട്രോൾ കുറയ്ക്കാനുള്ള 'സ്റ്റാറ്റിൻ' മരുന്നുകൾ കിട്ടിയിട്ടുള്ള ആരെങ്കിലും വിശ്വസിക്കുമോ എന്നും ചോദ്യമുയർത്തി. ശാസ്ത്രത്തെ തള്ളിപ്പറയുന്ന ഈ നിലപാടുകളാണ് വടക്കാഞ്ചേരിയെ വിവാദ പുരുഷനാക്കിയത്.

രാസപദാർഥങ്ങളും വെള്ളത്തിലലിഞ്ഞു ചേർന്നിട്ടുള്ള ജൈവ മാലിന്യങ്ങളും തൊലിയിലൂടെ അകത്തേക്ക് കടക്കാതെ, പ്രാണരക്ഷയുടെ സംരക്ഷണ കവചമൊരുക്കിയിട്ടുള്ളതുകൊളസ്ട്രോൾ ലിപിഡുകളാണെന്നും പറഞ്ഞുവച്ചു. ശരീരത്തിലെ കോശങ്ങളുടെ നിർമ്മിതിയിൽ സുപ്രധാന പങ്കാണ് കൊളസ്ട്രോളിനുള്ളത്. ഇൻസുലിന്റെയും തൈറോയ്ഡ് ഹോർമോണിന്റെയും കുറവിനെ കൊളസ്ട്രോൾ കൂട്ടിക്കൊണ്ട് ശരീരം നേരിടാറുണ്ട്. തൈറോയ്ഡ് ഹോർമോണിന്റെ അളവ് കൂട്ടിക്കൊണ്ട്, കൂടിനില്ക്കുന്ന കൊളസ്ട്രോളിനെ കുറയ്ക്കാനും ശരീരത്തിനു സംവിധാനമുണ്ട്. കൊളസ്ട്രോൾ മരുന്നു വില്ക്കുന്നതിന്റെയും തൈറോയ്ഡ് മുറിച്ചുമാറ്റുന്നതിന്റെയും ലാഭക്കണക്കു കയറിയ ഡോക്ടർമാരുടെ മനസ്സുകളിൽ ശാസ്ത്രവിചാരം മരിച്ചു പോയിരിക്കുന്നുവെന്നാണ് വടക്കഞ്ചേരി പ്രേരിപ്പിച്ചത്.

കൊളസ്ട്രോൾ ഒരു രോഗമല്ല. രോഗ ലക്ഷണവുമല്ല. കൂടിനില്ക്കുകയാണെങ്കിൽത്തന്നെ യാതൊരുവിധ രോഗലക്ഷണങ്ങളും അതുണ്ടാക്കുന്നുമില്ല. കൂടിനില്ക്കുന്ന കൊളസ്ട്രോളിനെയും ഒരു രോഗമെന്ന് വിളിക്കാൻ ഒരിക്കലും സാധിക്കില്ലെന്ന വാദമാണ് സജീവമാക്കിയത്. വയറിളക്കിയിട്ടുമാത്രം രോഗിയെ തൊട്ടിരുന്ന പഴയആയുർവേദ വൈദ്യനേയും 'അഹിംസാത്മക എനിമയെടുപ്പിക്കുന്ന' പ്രകൃതി ചികിത്സകനെയും മനസ്സിലാക്കാൻ കഴിഞ്ഞാൽ കൊളസ്ട്രോൾ ദുരന്തത്തിൽ നിന്നുമാത്രല്ല ഒട്ടനവധി രോഗങ്ങളിൽ നിന്നും രക്ഷപ്പെടാനാകും. കൊലചെയ്യപ്പെട്ടതും മുളകരച്ച് വട്ടുപിടിപ്പിക്കപ്പെട്ടതുമായ ആഹാരസാധനങ്ങളും മരുന്നുകളുമൊക്കെ നിർത്തി പഴങ്ങളും പച്ചക്കറികളും തേങ്ങയും കരിക്കും പച്ചവെള്ളവും മാത്രം മൂന്നുമാസം കഴിച്ചുനോക്കൂ. കൊളസ്ട്രോൾ മാത്രമല്ല പ്രഷറും പ്രമേഹവും ഹൃദ്രോഗവുമെല്ലാം മാറി ശുദ്ധീകരിക്കപ്പെട്ട ശരീരവും നവീകരിക്കപ്പെട്ട ആരോഗ്യവും ഉണ്ടാകും. കാലങ്ങളായി മരുന്നുകഴിച്ചു കൊണ്ടിരിക്കുന്ന മാരകരോഗികൾ അനുഭവസമ്പന്നരായവരുടെ ഉപദേശമില്ലാതെ ചെയ്യരുതെന്നു മാത്രമേയുള്ളൂ.

രോഗിയായി വന്ന് ഡോക്റായി മടങ്ങാം

ധുനിക ശാസ്ത്രത്തെ തള്ളിപ്പറഞ്ഞ് ആധുനിക വൈദ്യശാസ്ത്രത്തെ എതിർത്തപ്പോഴും വടക്കാഞ്ചേരിക്ക് ആരാധകർ ഏറെയുണ്ടായി. തീരാ അസുഖങ്ങളിൽ പെട്ടുഴലുന്ന പലരും ഓടിയെത്തി. പ്രകൃതി ചികിൽസയുടെ സാന്ത്വനത്തിലൂടെ അവരെ പരിചരിച്ചു. ഇതിലെല്ലാം തട്ടിപ്പുകൾ കാണുന്നവർ ഏറെയാണ്. മലപ്പുറത്ത് ഡിഫ്ത്തീരിയ വിവാദം ഉണ്ടാതോടെ ഈ രീതികളും ചോദ്യം ചെയ്യപ്പെട്ടു. സമൂഹത്തെ അജ്ഞരാക്കാനാണ് ശ്രമമെന്ന വാദമുമെത്തി. എന്നാൽ രോഗിയായി വന്ന് ഡോക്ടറായി മടങ്ങാമെന്ന പരസ്യവാചകത്തിൽ ആകൃഷ്ടരായി വടക്കഞ്ചേരിയുടെ പ്രകൃതി ചികിൽസയ്ക്ക് എത്തുന്നവർ ഇന്നും ഏറെയുണ്ട്.

ഡയറ്റ് തെറാപ്പിയും യോഗ ചികിൽസയും ശമനചികിൽസയും ജലചികിൽസയും ചെളി ചികിൽസയും അവതരിപ്പിച്ചു. പ്രകൃതിചികിത്സ നിങ്ങൾ ദീർഘകാല പ്രതിരോധ ഘട്ടങ്ങൾ സഹിതം പ്രത്യേക ആരോഗ്യ പ്രശ്നങ്ങൾ അഭിസംബോധന ചെയ്യും. ശരിയായ ഭക്ഷണക്രമം ചാർട്ട് പരിചയപ്പെടുത്തി രോഗാശാന്തി സാധ്യമാക്കാമെന്നും പറഞ്ഞു. സൂര്യ ചികിൽസയും സാധ്യതയാക്കി. അങ്ങനെ പ്രകൃതിയുടെ സാധ്യത ഉപയോഗിച്ചുള്ള ചികിൽസാരീതികൾ ചർച്ചയാക്കി. ഇവയെ ഒന്നും ആരും ചോദ്യം ചെയ്തതുമില്ല. എന്നാൽ പ്രതിരോധ വാക്സിനുകളേയും മറ്റും ചോ്യം ചെയ്തത് ഈ വേറിട്ട വഴിക്ക് പോലും പ്രതിസന്ധിയാകുന്ന സാഹചര്യം ഒരുക്കുന്നുവെന്നതാണ് യാഥാർത്ഥ്യം.

പ്രമേഹം, ആസ്ത്മ, സന്ധിവാതം, അലർജികൾ, രക്തസമ്മർദ്ദം, വേദന, കൊളസ്ട്രോൾ, പൊണ്ണത്തടി, വിവരങ്ങള്ക്കായി കാത്തിരിക്കുന്നു ഇത്തരം ക്യാൻസർ, ഹൃദയാഘാതം എന്നിവയ്ക്കെല്ലാം പ്രകൃതി ചികിൽസയിലൂടെ രോഗശാന്തി വിവരിച്ചായിരുന്നു വടക്കാഞ്ചേരിയുടെ യാത്ര.

ഡിഫ്ത്തീരിയയും വാക്സിനും വില്ലനാക്കി

ഡോക്ടറെന്ന് സ്വയം അവകാശപ്പെട്ട് ചാനൽ ചർച്ചയ്ക്കെത്തിയ ജേക്കബ് വടക്കഞ്ചേരിക്ക് വിവാദപുരുഷനായി. മാതൃഭൂമി ചാനലിലെ അകംപുറം പരിപാടിയിലാണ് ജേക്കബ് വടക്കഞ്ചേരിയെ അവതാരക ശ്രീകലയും ആരോഗ്യമന്ത്രി കെ കെ ശൈലജയും ശിശുരോഗ വിദഗ്ധൻ ഡോ: പി.എൻ.പിഷാരടിയും വടക്കഞ്ചേരിയുടെ ശാസ്ത്രീയതയില്ലാത്ത വാദങ്ങളെ പൊളിച്ചടുക്കിയത്. ജേക്കബ് വടക്കഞ്ചേരി മുന്നോട്ട് വെയ്ക്കുന്ന വാക്സിൻ വിരുദ്ധത ചൂണ്ടിക്കാണിക്കുക, ഡിഫ്ത്തീരിയ പടർന്ന് പിടിക്കുന്ന പശ്ചാത്തലത്തിൽ ജനങ്ങളുടെ ആശങ്ക അകറ്റുക. ഇവയായിരുന്നു അകംപുറം പരിപാടിയിൽ അവതാരക ലക്ഷ്യമിട്ട രണ്ട് കാര്യങ്ങൾ.

ഈ ചർച്ചയിൽ ജേക്കബ് വടക്കഞ്ചേരി പൂർണ്ണമായും ഒറ്റപ്പെട്ടു. തനിക്ക് ഡോക്ടർ ബിരുദം ഇല്ലെന്നും ജേക്കബ് വടക്കുംചേരി സമ്മതിക്കുന്നുണ്ട്. രോഗികളെ ചികിത്സിക്കുന്നതുകൊണ്ടാണ് താൻ ഡോക്ടർ എന്നറിയപ്പെടുന്നതെന്നാണ് ജേക്കബ് വടക്കഞ്ചേരി വാദിച്ചത്. പിഎച്ച്ഡി പോലുമില്ലെന്നും വാദങ്ങൾക്കിടയിൽ ജേക്കബ് വടക്കഞ്ചേരി വെളിപ്പെടുത്തി. തനിക്ക് ഡോക്ടർ ബിരുദം ഇല്ലെന്ന് പറഞ്ഞു. ഡോക്ടർ ബിരുദം ഇല്ലെങ്കിൽ അങ്ങനെ ഉപയോഗിക്കാൻ നിയമപരമായി അനുവാദമില്ലെന്ന് മന്ത്രിയും ചർച്ചയിൽ പറഞ്ഞു.

വാക്സിനെ കണ്ണടച്ച് എതിർത്തതല്ലാതെ വൻകിട മരുന്ന് മാഫിയകളെക്കുറിച്ചോ എല്ലാത്തിനും വാക്സിൻ രീതിയെയും ചോദ്യം ചെയ്യാതെ വാക്സിനേ ശരിയല്ലെന്ന നിലപാട് വ്യക്തമാക്കിയതോടെയാണ് പരിപാടിയിൽ വില്ലൻ പരിവേഷം വടക്കഞ്ചേരിക്ക് കിട്ടിയത്.

കേരളത്തിൽ മാത്രം 'ഡോക്ടർ'

ധുനിക മെഡിസിനോടും അവരുമായി ബന്ധപ്പെട്ട എന്തിനോടും വെറുപ്പും അവജ്ഞയും പ്രകടിപ്പിക്കുന്ന ജേക്കബ് വടക്കഞ്ചേരിയുടെ നാച്വർ ലൈഫ് ഇന്റർനാഷനലിന്റെ വെബ്സൈറ്റും പ്രവർത്തനങ്ങളും മാർക്കറ്റ് ചെയ്യുകയും പ്രമോട്ട് ചെയ്യുകയും ചെയ്യുന്നത് 'അൻവിത ടൂർടുഹെൽത് പ്രൈവറ്റ് ലിമിറ്റഡ്' എന്ന സ്ഥാപനമാണ്. തൃശൂർ ഇൻഫോപാർക്കിൽ ഓഫീസുള്ള തെന്നിന്ത്യയിലെ പ്രമുഖ ഹോസ്പിറ്റൽ മാർക്കറ്റിങ് സ്ഥാപനമാണ് അൻവിത ടൂർടുഹെൽത്.

ദക്ഷിണേന്ത്യയിലെ പ്രമുഖ കൃത്രിമ ബീജധാരണ ആശുപത്രികൾ മുതൽ വടക്കഞ്ചേരി ആശയപരമായി എതിർക്കുന്ന മോഡേൺ മെഡിക്കൽ ആശുപത്രികൾ, ഡോക്ടർമാർ തുടങ്ങിയവർ വരെ ബ്രാൻഡ് ബിൽഡിങ്ങിനായി സമീപിക്കുന്ന അതേ വെബ് മാർക്കറ്റിങ് ഏജൻസിക്കു തന്റെ സ്ഥാപനത്തിന്റെ പ്രമോഷൻ ജോലികൾ നൽകിയ വടക്കഞ്ചേരിയുടെ വാക്കും പ്രവർത്തിയും വിലയിരുത്തപ്പെടേണ്ടതാണ്. 'വിർച്വൽ ഡോക്ടർ' തുടങ്ങിയ നവീന ചികിത്സാ മാർഗങ്ങൾ ഉന്നം വെക്കുന്ന 'മെഡിഗുരു' പോലുള്ള സംരംഭങ്ങളുടെ ഓൺലൈൻ ടൂളുകളും ആധുനിക ചികിത്സാ വിരോധിയായ വടക്കഞ്ചേരി ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് പറയുന്നു.

ചാരിറ്റിയുടെ വഴിയിൽ ബിസിനസ് സാമ്രാജ്യം കെട്ടിപ്പെടുത്തുവെന്നാണ് ആരോപണം. സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി ഇദ്ദേഹത്തിന്റെ ബ്രാൻഡ് അംബാഡിഡർമാരിൽ പ്രമുഖനാണ്. ബേബി പങ്കെടുക്കുന്ന പരിപാടികളുടെ ചിത്രങ്ങളും അദ്ദേഹത്തിന്റെ വാക്കുകളുമൊക്കെ ഉപയോഗപ്പെടുത്തിയാണ് ഇയാളുടെ മാർക്കറ്റിങ്.നേച്ചർ ലൈഫ് ഇന്റർനാഷനലിന്റെ വെബ്സൈറ്റിലൂടെ ഓൺലൈൻ ആയും അല്ലാതെയും തവിട് മുതൽ സൗന്ദര്യവർധകവസ്തുക്കൾ വരെയുള്ള മുപ്പത് വ്യത്യസ്ത ഉൽപ്പന്നങ്ങളാണ് വടക്കഞ്ചേരി വിറ്റഴിക്കുന്നത്. ഒരു നിശബ്ദ 'മണിചെയിൻ' മോഡൽ ആണെന്നും പറയുന്നു.

ജീവിത ശൈലീരോഗങ്ങൾ കൊണ്ട് പൊറുതിമുട്ടുന്ന കേരളീയരെ ഭീതിയുടെയും അരക്ഷിതാവസ്ഥയുടെയും ആശയങ്ങൾ പ്രചരിപ്പിച്ച് ലാഭം ഉണ്ടാക്കുന്ന ബിസിനസ് സംരംഭകൻ മാത്രമാണ് വടക്കഞ്ചേരി എന്നാണ് ആരോപണങ്ങൾ. ജേക്കബ് വടക്കഞ്ചേരി പേരിനു മുന്നിൽ തിരുകുന്ന 'ഡോക്ടർ' വിശേഷണത്തെക്കുറിച്ച് ചർച്ചകളുയർന്നിട്ടുണ്ട്. വടക്കഞ്ചേരി കേരളത്തിൽ മാത്രമാണ് 'ഡോക്ടർ' എന്ന വിശേഷണം ഉപയോഗിക്കുന്നതെന്നാണ് വിമർശനം. വിദേശത്ത് ക്ലാസ്സുകളും സെമിനാറുകളും കൈകാര്യം ചെയ്യുമ്പോൾ 'ഡോക്ടർടീച്ചർ' എന്ന വിചിത്രമായ വാക്കാണ് പേരിനു മുന്നിൽ ഉപയോഗിക്കുന്നത്. ഡോക്ചർ എന്ന മിശ്രവാക്കും ഇദ്ദേഹം ഇടയ്ക്കുപയോഗിക്കുന്നു. അതിന്റെ ചുരുക്കപ്പേരാണ് ഡോ എന്നുപറഞ്ഞു പലപ്പോഴും തടിതപ്പുകയും ചെയ്യുന്നുവെന്ന് വിമർശകർ പറയുന്നു.