- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേശാഭിമാനി വാർത്ത കള്ളം! കെ എസ് യു നേതാവ് അൻസിൽ ജലീലിന് എതിരായ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ആരോപണം തള്ളി പൊലീസിന്റെ റിപ്പോർട്ട് കോടതിയിൽ; പരാതി വ്യാജമെന്നും കേസ് അവസാനിപ്പിക്കുന്നുവെന്നും പൊലീസ്
ആലപ്പുഴ: കെ.എസ്.യു. നേതാവ് അൻസിൽ ജലീലിന് എതിരായ വ്യാജ സർട്ടിഫിക്കറ്റ് ആരോപണം തള്ളി പൊലീസ് റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. സംസ്ഥാന കൺവീനർ അൻസിൽ ജലീൽ വ്യാജ സർട്ടിഫിക്കറ്റ് തയ്യാറാക്കിയതായി സിപിഎം. മുഖപത്രമായ ദേശാഭിമാനിയാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ, ഈ വാർത്തയിൽ കഴമ്പില്ലെന്ന് കാണിച്ച് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. ദേശാഭിമാനി വാർത്തയുടെ അടിസ്ഥാനത്തിൽ കേരള യൂണിവേഴ്സിറ്റിക്ക് ലഭിച്ച പരാതിയിലായിരുന്നു അന്വേഷണം. തിരുവനന്തപുരം ജെഎഫ്‌സിഎം കോടതിയിലാണ് റിപ്പോർട്ട് നൽകിയത്.
പരാതിയുമായി ബന്ധപ്പെട്ട് അൻസിൽ ജലീലിനെ നിരവധി തവണ പൊലീസ് ചോദ്യം ചെയ്തിരുന്നു. എസ്എസ്എൽസി, പ്ലസ് ടു സർട്ടിഫിക്കറ്റുകൾ ഹാജരാക്കാനും ആവശ്യപ്പെട്ടിരുന്നു. പ്രചരിക്കുന്ന ബിരുദ സർട്ടിഫിക്കറ്റ് താൻ നിർമ്മിച്ചതല്ലെന്നാണ് അൻസിൽ ജലീൽ നൽകിയ മൊഴി. തിരുവനന്തപുരം കന്റോൺമെന്റ് എസിപിയുടെ നേതൃത്വത്തിൽ നടത്തിയ ചോദ്യം ചെയ്യലിലാണ് അൻസിലിന്റെ ഇക്കാര്യം പറഞ്ഞത്.
ദേശാഭിമാനി വാർത്തയോടെ എസ്എഫ്‌ഐ വിവാദം ശക്തമായി ഉന്നയിക്കുകയായിരുന്നു. തുടർന്ന് സെനറ്റ് അംഗം അജിന്ത് സർവ്വകലാശാലക്ക് പരാതി നൽകുകയായിരുന്നു. അൻസിലിന്റെ പേരിലുള്ള സർട്ടിഫിക്കറ്റിൽ സർവകലാശാലയുടെ സീലും എംബ്ലവും വിസിയുടെ ഒപ്പും വ്യാജമെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരുന്നു.
ആലപ്പുഴ എസ്ഡി കോളേജിൽ 2014-17 കാലത്ത് താൻ ബിഎക്കാണ് പഠിച്ചതെന്നാണ് അൻസിൽ ജലീലിന്റെ വാദം. ദേശാഭിമാനി വാർത്ത വന്നതിന് പിന്നാലെ ഇതേക്കുറിച്ച് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് പൊലീസിൽ പരാതിയും ദേശാഭിമാനിക്കെതിരെ വക്കീൽ നോട്ടീസും അയച്ചിരുന്നു. അൻസിലിന്റെ സർട്ടിഫിക്കറ്റ് വിവാദത്തിൽ കെഎസ്‌യുവിലെ ഗ്രൂപ്പ് പോരാണെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.
മുൻ എസ്‌ഐഫ്.ഐ. നേതാവ് കെ. വിദ്യ ഗസ്റ്റ് അദ്ധ്യാപക നിയമനത്തിന് വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ചുവെന്ന വിവാദമുണ്ടായ കാലത്തായിരുന്നു അൻസിൽ ജലീലിനെതിരെ ആരോപണവുമായി പാർട്ടി മുഖപത്രം രംഗത്തെത്തിയത്. പി.ജി. പ്രവേശനത്തിന് വ്യാജബിരുദ സർട്ടിഫിക്കറ്റ് നിർമ്മിച്ചതിൽ മുൻ എസ്.എഫ്.ഐ. ഏരിയാ സെക്രട്ടറി നിഖിൽ തോമസിനെതിരേയും ആരോപണം ഉയർന്നത് ഇക്കാലത്തായിരുന്നു.
പാർട്ടി മുഖപത്രത്തിന്റെ വാർത്തയുടെ അടിസ്ഥാനത്തിൽ കേരള സർവകലാശാലയ്ക്ക് നൽകിയ പരാതി ഡി.ജി.പിക്ക് നൽകുകയും അത് അന്വേഷണത്തിനായി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർക്ക് കൈമാറുകയുമായിരുന്നു. കന്റോൺമെന്റ് പൊലീസായിരുന്നു കേസിൽ അന്വേഷണം നടത്തിയത്. ഈ അന്വേഷണത്തിലാണ് വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടെന്ന് കണ്ടെത്താൻ സാധിച്ചില്ലെന്ന റിപ്പോർട്ട് നൽകിയത്. പരാതി വ്യാജമെന്നും കേസ് അവസാനിപ്പിക്കുന്നുവെന്നും പൊലീസ് കോടതിയെ അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ