കോഴിക്കോട്: എന്തുസംഭവം ഉണ്ടായാലും അതിൽ ജാതിയും മതവും രാഷ്ട്രീയവും കലർത്തി എതിരാളികളുടെ പരിഹസിക്കുക എന്നത് ഇപ്പോൾ, കേരളത്തിൽ പതിവായ കാര്യമാണ്. തിരുവനന്തപുരം പാറശ്ശാലയിൽ കാമുകന് കഷായത്തിൽ കീടനാശിനി കലക്കിക്കൊടുത്തുകൊന്ന ഗ്രീഷ്മയുടെ കാര്യത്തിലും ഇതിൽ നിന്ന് യാതൊരു മാറ്റവുമില്ല. ഗ്രീഷ്മ സംഘപരിവാർ അനുഭാവിയാണെന്ന വ്യാജ വാർത്ത കൊടുത്ത് ഡൂൾ ന്യൂസ് എന്ന പോർട്ടൽ നടത്തിയ പ്രചരണം, ഇസ്ലാമോ്-മാർക്സിസ്റ്റ് സൈബർ സംഘം കൊഴുപ്പിക്കയായിരുന്നു. എന്നാൽ ഗ്രീഷ്മ ആർ നായർ എന്ന യുവതിയുടെ പോസ്റ്റാണ് ഇവർ പ്രചരിപ്പിച്ചത്. താൻ കൊലപാതകിയല്ലെന്നും ഷാരോൺ കേസിലെ ഗ്രീഷ്മ താനല്ലെന്നും പറഞ്ഞ് അവർ പോസ്റ്റ് ഇട്ടതോടെയാണ് കുപ്രചാരണത്തിന് ഒരു പരിധിവരെ തടയായത്. പക്ഷേ ഇപ്പോഴും ഗ്രീഷ്മ സംഘിയാണെന്ന് പറഞ്ഞ് പല വാട്സാപ്പ് ഗ്രൂപ്പുകളിലും പ്രചാരണം കൊഴുക്കുകയാണ്.

കൊലപാതകി ഗ്രീഷ്മ, കാവി ഭാരതമെന്നും, ജയ് മോദിജിയെന്നും പോസ്റ്റിട്ടുവെന്ന് പറഞ്ഞ് ഡൂൾ ന്യൂസ് കൊടുത്ത വ്യാജ വാർത്തയുടെ ചുവടുപിടച്ചാണ് ഗ്രീഷ്മയെ ബിജെപിക്കാരിയാക്കി പ്രചാരണം നടന്നത്. എന്നാൽ അബദ്ധം മനസ്സിലായതതോടെ അവർ വാർത്ത ഡിലീറ്റ് ചെയ്തിട്ടുണ്ട്. പക്ഷേ ഈ സ്‌ക്രീൻ ഷോട്ടുകൾ വെച്ച് കുപ്രചാരണം ഇപ്പോഴും നടക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഗ്രീഷ്മ ആർ നായരുടെ പോസ്റ്റ് ഇങ്ങനെയാണ്. ''ഷാരോൺ കൊലപാതകവുമായി ബന്ധപ്പെട്ട്, യാതൊരു ബന്ധവുമില്ലാത്ത എന്റെ ഈ ഫേസ്‌ബുക്ക് അക്കൗണ്ടാണ് ഷെയർ ചെയ്യുന്നത്. സത്യാവസ്ഥ മനസ്സിലാക്കി മാത്രം സോഷ്യൽ മീഡിയിൽ പോസ്റ്റുകൾ ഷെയർ ചെയ്യുക.''

അതുപോലെ തന്നെ ആദ്യ ഭർത്താവ് മരിക്കുമെന്ന് ജ്യോതിഷ വിശ്വാസം ഉള്ളതിനാലാണ് ഗ്രീഷ്മ, ഷാരോണിനെ കൊന്നത് എന്ന് പ്രചാരണം വന്നിരുന്നു. അതും ചേർത്ത് സംഘപരിവാറിന്റെ അക്കൗണ്ടിലിട്ടാണ് പ്രചാരണം കൊഴുക്കുന്നത്. നേരത്തെ ഇലന്തൂർ ഇരട്ട നരബലി നടത്തി കേരളത്തെ ഞെട്ടിച്ച കേസിലെ പ്രതി ഭഗവൽസിങ്് സിപിഎംകാരനും മുൻ പാർട്ടി മെമ്പറുമാണെന്ന് വാർത്തകൾ വന്നിരുന്നു. ഇതിന് സിപിഎമ്മിന് കിട്ടിയ ട്രോളിന് പ്രതികാരമെന്നപോലെയാണ് ഇപ്പോൾ വ്യാജ വാർത്ത പ്രചരിപ്പിക്കുന്നത്. ഗ്രീഷ്മ നായർ സമുദായത്തിൽ പെട്ടയാളും, ഷാരോൺ നാടാർ യുവാവും ആയതിനാൽ ഇതിനെ ജാതിക്കൊലയാക്കിയും പ്രചാരണം കൊഴുക്കയാണ്.

തനിക്ക് വേറെ വിവാഹം നിശ്ചയിച്ചപ്പോൾ, കാമുകനായ ഷാരോണിനെ ഒഴിവാക്കാനാണ് ഗ്രീഷ്മ കൊല നടത്തിയത് എന്നാണ് പൊലീസ് നിഗമനം. പഠിക്കാൻ മിടുക്കിയും മാതാപിതാക്കളുടെ ഏക മകളുമായ ഗ്രീഷ്മ തമിഴ്‌നാട്ടിലെ എംഎസ് സർവകലാശാലയിൽനിന്നു ബിഎ ഇംഗ്ലിഷ് സാഹിത്യത്തിൽ 4ാം റാങ്ക് നേടിയ കുട്ടിയാണ്. ഇപ്പോൾ എം എക്ക് പഠിക്കുന്നു.

ഗ്രീഷ്മ നൽകിയ കഷായവും ജൂസും കുടിച്ച് അവശനായ പാറശാല മുര്യങ്കര സ്വദേശി ഷാരോൺ രാജ് മരിച്ച സംഭവത്തിൽ വഴിത്തിരിവായത് പെൺകുട്ടിയുടെ സ്വഭാവത്തിൽ ഷാരോൺ രാജിന്റെ കുടുംബത്തിനു തോന്നിയ സംശയവും ശാസ്ത്രീയ തെളിവുകളുമാണ്. മറ്റൊരാളുമായി വിവാഹം നിശ്ചയിച്ചതിനു ശേഷമാണ് ഗ്രീഷ്മയുടെ സ്വഭാവത്തിൽ മാറ്റം വന്നത്. തന്റെ ആദ്യ ഭർത്താവ് മരിക്കുമെന്ന് ജാതകത്തിലുള്ളതായി കാമുകനായ ഷാരോണിനോട് ഗ്രീഷ്മ പറഞ്ഞിരുന്നു. അതിൽ വിശ്വാസമില്ലെന്നു പറഞ്ഞ ഷാരോൺ ബന്ധത്തിൽനിന്നു പിന്മാറാൻ തയാറായില്ല.

14ന് വീട്ടിലെത്തിയ ഷാരോണിനു കഷായം നൽകിയതായി ഗ്രീഷ്മ ഷാരോണിന്റെ വീട്ടുകാരോടു സമ്മതിച്ചു. താൻ കഷായം കയ്‌പ്പാണെന്നു പറയുമ്പോൾ ഷാരോൺ കളിയാക്കിയിരുന്നതായും കയ്‌പ്പ് മനസിലാക്കിക്കൊടുക്കാനാണ് കഷായം കൊടുത്തതെന്നുമാണ് ഗ്രീഷ്മ പറഞ്ഞിരുന്നത്. കഷായത്തിന്റെ പേര് ഓർമയില്ലെന്ന് പറഞ്ഞത് സംശയം വർധിപ്പിച്ചു. കുപ്പിയുടെ ലേബൽ ഇളക്കി കളഞ്ഞെന്നും കുപ്പി ആക്രിക്കാരനു കൊടുത്തെന്നും ഗ്രീഷ്മ ആദ്യഘട്ടത്തിൽ പറഞ്ഞത് കേസിൽ വഴിത്തിരിവായി. ജൂസിൽ ഷാരോണിന്റെ വീട്ടുകാർക്ക് സംശയമുണ്ടായതോടെ ഗ്രീഷ്മ കൂടുതൽ വിശദീകരണവുമായി രംഗത്തെത്തി. ഇതിനിടെ ജ്യൂസ് ചലഞ്ചിന്റെ ദൃശ്യങ്ങൾ പുറത്തു വന്നു. അതിസമർത്ഥമായി ചെയ്തതായിരുന്നു ഈ കൊല.

കുടിച്ച കഷായത്തിന്റെ പേര് മരിക്കുന്നതിനു മുൻപ് പലതവണ ഷാരോൺ ചോദിച്ചെങ്കിലും പറയാൻ ഗ്രീഷ്മ തയാറായില്ല. അമ്മയോട് ചേദിച്ചിട്ടു പറയാമെന്നു പറഞ്ഞ് ഒഴിഞ്ഞുമാറി. ഗ്രീഷ്മയോടുള്ള വിശ്വാസം കാരണം കഷായം കുടിച്ച കാര്യം ഷാരോൺ വീട്ടിൽ പറഞ്ഞില്ല. കാലാവധി കഴിഞ്ഞ ജൂസ് കുടിച്ചതാണ് ഛർദിലിനു കാരണമെന്നാണ് ഷാരോൺ പറഞ്ഞത്. മരണമൊഴി രേഖപ്പെടുത്തുന്ന സമയത്തും കഷായം കുടിച്ച കാര്യം ഷാരോൺ വെളിപ്പെടുത്തിയില്ല. ആരെയും സംശയമില്ലെന്നായിരുന്നു മജിസ്‌ട്രേറ്റിനോട് പറഞ്ഞത്.

താൻ സ്‌നേഹിക്കുന്ന പെൺകുട്ടി വിഷം നൽകുമെന്ന് ഷാരോൺ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് കുടുംബം പറയുന്നു. അവൾ അങ്ങനെ ചെയ്യില്ലെന്നാണ് മരണക്കിടക്കയിലും ഷാരോൺ പറഞ്ഞത്. വീട്ടിലെത്തിയ ഓട്ടോ ഡ്രൈവർക്കും ജൂസ് നൽകിയതായും കുടിച്ചശേഷം ഡ്രൈവർക്കും ഛർദിലുണ്ടായതായും ഗ്രീഷ്മ ഷാരോണിനോടും കുടുംബത്തിനോടും പറഞ്ഞിരുന്നു. കാരണക്കോണം സ്വദേശിയായ ഡ്രൈവറെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ ഇതെല്ലാം കളവാണെന്നു ബോധ്യമായി. അങ്ങനെയാണ് ഗ്രീഷ്മക്ക് പിടിവീണത്.