- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കോൺഗ്രസ് അനുഭാവിയായ അദ്ധ്യാപകനോട് പകപോക്കാൻ ഇടത് സംഘടനകൾ കെട്ടിച്ചമച്ചത് വ്യാജ പോക്സോ കേസ്; വിദ്യാർത്ഥിനികളെ കൊണ്ട് കള്ളമൊഴി നൽകി ജയിലിൽ അടച്ചത് 30 ദിവസം; ഒടുവിൽ നിരപരാധിയെന്ന് കണ്ട് വെറുതേ വിട്ടു കോടതി; കോടതി വരാന്തയിൽ കാൽതൊട്ട് മാപ്പ് പറഞ്ഞ് പരാതിക്കാരി

കണ്ണൂർ: രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ വ്യാജ പോക്‌സോ കേസുകൾ കെട്ടിച്ചമയ്ക്കുന്നത് വ്യാപകമായി നടക്കുന്ന കാലമാണിന്ന്. രാഷ്ട്രീയ അതിപ്രസരമുള്ള കേരളത്തിൽ പലതവണ ഇത്തരം സംഭവങ്ങൾ നടന്നിട്ടുണ്ട്. പലപ്പോഴും കേസും വാർത്തയുമെല്ലാമായി വലിയ വാർത്താ പ്രാധാന്യം ലഭിക്കുന്ന സംഭവങ്ങൾ പിന്നീട് കോടതിയിൽ തെളിവില്ലെന്ന് കണ്ട് വെറുതേ വിടുന്നതാണ് പതിവ്. ഇത് വലിയ വാർത്ത അല്ലാതാകുന്ന സാഹചര്യമാണ് ഉണ്ടാകുന്നതും. എന്നാൽ, പോക്‌സോ കേസിൽ കുടുങ്ങി അഴിക്കുള്ളിൽ കഴിയേണ്ടി വരുന്നവർ അനുഭവിക്കുന്ന കണ്ണീരിന് മാത്രം ഒന്നും പകരമാകുന്നുമില്ല. ഇത്തരത്തിൽ രാഷ്ട്രീയ എതിരാളികൾ കെണിയൊരുക്കി അഴിക്കുള്ളിലാക്കിയ അദ്ധ്യാപകൻ നിരപരാധിയെന്ന് കണ്ട് കോടതി വെറുതെ വിട്ടു. അപ്പോഴും രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ കെണിയൊരുക്കിയവർ യഥേഷ്ടം വിഹരിക്കുകയും ചെയ്യുന്നു.
വ്യാജ പോക്‌സോ കേസിൽ വർഷങ്ങളോളം വേട്ടയാടപ്പെട്ടത് ഹസ്സൻ മാസ്റ്റർ എന്ന അദ്ധ്യാപകനാണ്. കോൺഗ്രസ് അനുഭാവിയാണ് എന്ന കാരണം കൊണ്ടാണ് ഇദ്ദേഹത്തിന് മേൽ വ്യാജ കേസ് കെട്ടിച്ചമച്ചത്. അതിന് ഒത്താശ ചെയ്തത് ഇടതു അനുകൂല സംഘടനയും എസ്.എഫ്.ഐയുമായിരുന്നു. 33 വർഷത്തോളം അദ്ധ്യാപകന പരിചയമുള്ള അദ്ധ്യാപകനെ ആസൂത്രികമായി കുടുക്കുകയായിരുന്നു. ഹസൻ മാഷിനെ കുടുക്കിയ കഥ ഇപ്പോൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. മാധ്യമം ദിനപത്രം ഹസ്സൻ മാസ്റ്ററിന്റെ അനുഭവത്തെ കുറിച്ചു വിശദമായി വാർത്ത നൽകിയിട്ടുണ്ട്.
'എന്നെ മാനസികമായി തകർത്ത്, കള്ളക്കേസിൽ കുടുക്കി 30 നാൾ ജയിലിലടച്ച് ഇവർ എന്താണ് നേടിയത് 33 വർഷത്തിലേറെ തലമുറകളെ പഠിപ്പിച്ച അദ്ധ്യാപകനാണ് ഞാൻ. ആരെയും ഇതുവരെ ഉപദ്രവിച്ചിട്ടില്ല. എന്നെ ഉപദ്രവിച്ച ആരോടും പ്രതികാരം ചെയ്യാനുമില്ല. എല്ലാം ഞാൻ ദൈവത്തിന്റെ കോടതിയിൽ സമർപ്പിക്കുന്നു. ദൈവമാണ് വലിയവൻ. ഉപ്പുതിന്നവനെ അവൻ വെള്ളംകുടിപ്പിക്കും. ഇതിനുപിന്നിൽ പ്രവൃത്തിച്ചവർക്ക് പ്രകൃതി തന്നെ ഏറ്റവും കടുത്ത ശിക്ഷ നൽകും' -വ്യാജ പോക്‌സോ കേസിൽ വർഷങ്ങളോളം വേട്ടയാടപ്പെട്ട അദ്ധ്യാപകൻ പറയുന്നത് ഇങ്ങനെയാണ്.
നാലു വിദ്യാർത്ഥിനികളെ പീഡിപ്പിച്ചെന്ന കേസിലാണ് ഇരിട്ടിയിലെ ഒരു സ്‌കൂളിലെ അദ്ധ്യാപകനായ എ.കെ. ഹസ്സൻ മാസ്റ്ററെ കോടതി കഴിഞ്ഞദിവസം വെറുതെവിട്ടത്. കോൺഗ്രസ് അനുകൂല അദ്ധ്യാപക സംഘടനയായ കെ.പി.എസ്.ടി.എയുടെ സംസ്ഥാന നിർവാഹസമിതി അംഗമായിരുന്ന തന്നോടുള്ള രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ ഇടത് അനുകൂല സംഘടനയും എസ്.എഫ്.ഐയും ചേർന്ന് കെട്ടിച്ചമച്ചതാണ് ഇതെന്ന് ഹസ്സൻ മാസ്റ്റർ പറയുന്നു.
ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്നും പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ട് എസ്.എഫ്.ഐയും മഹിളാ അസോസിയേഷനും സ്‌കൂളിന് മുന്നിൽ ഉപരോധ സമരം വരെ നടത്തിയിരുന്നു. ഒടുവിൽ അഞ്ചു മാസം സസ്‌പെൻഷനും വീട്ടിനടുത്തുള്ള സ്‌കൂളിൽനിന്ന് വിദൂര സ്ഥലത്തേക്കുള്ള സ്ഥലംമാറ്റവും നൽകിയാണ് വിദ്യാഭ്യാസ വകുപ്പ് ശിക്ഷിച്ചത്. 30 ദിവസം കണ്ണൂർ സ്‌പെഷൽ സബ് ജയിലിലിൽ തടവിലും കഴിഞ്ഞു. താൻനിരപരാധിയാണെന്ന് സഹതടവുകാർക്ക് ബോധ്യമായതോടെ വളരെ മാന്യമായാണ് അവർ പെരുമാറിയതെന്നും അദ്ദേഹം പറഞ്ഞു.
സാമൂഹികമായി ഒറ്റപ്പെട്ട നാളുകളിൽ ഭാര്യയും മക്കളും കുടുംബം മുഴുവനും അകമഴിഞ്ഞ പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു. ഭാര്യാസഹോദരനാണ് കേസ് നടത്തിപ്പിനുള്ള ചുക്കാൻ പിടിച്ചത്. ഇപ്പോൾ നിരപരാധിത്തം തെളിയുമ്പോൾ ആരോടും പകയില്ല അദ്ദേഹത്തിന്. മട്ടന്നൂർ അതിവേഗ പോക്‌സോ കോടതിയിലായിരുന്നു കേസിന്റെ വിചാരണ. സ്‌പെഷൽ ജഡ്ജ് അനീറ്റ ജോസഫാണ് കുറ്റക്കാരനല്ലെന്ന് കണ്ട് ഹസ്സൻ മാസ്റ്ററെ വെറുതെ വിട്ടത്.
വിചാരണ ദിവസം വൈകാരിക രംഗങ്ങൾക്ക് കോടതിമുറ്റം സാക്ഷിയായി. പരാതിക്കാരിയായ ഒരു വിദ്യാർത്ഥിനി ഇദ്ദേഹത്തിന്റെ കാൽതൊട്ട് മാപ്പുചോദിക്കുകയും തങ്ങൾ കരുവാക്കപ്പെടുകയായിരുന്നുവെന്ന് തുറന്നു സമ്മതിക്കുകയും ചെയ്യുകയായിരുന്നു. കുട്ടിയുടെ പിതാവും മാപ്പപേക്ഷിച്ചു. ഇതുകണ്ടുനിന്ന ഹസ്സൻ വിതുമ്പിക്കരഞ്ഞാണ് പ്രതികരിച്ചത്. 'പരാതി പറഞ്ഞ കുട്ടികളോട് തനിക്ക് വിരോധമില്ല. അവർ നിരപരാധികളാണെന്ന് ബോധ്യമുണ്ട്. രാഷ്ട്രീയ നേതൃത്വം അവരെ കരുവാക്കുകയായിരുന്നു. കുട്ടികൾ നൽകിയെന്ന് പറയപ്പെടുന്ന മൊഴിപോലുമായിരുന്നില്ല പൊലീസ് എഫ്.ഐ.ആറിൽ എഴുതിപ്പിടിപ്പിച്ചത്' -ഹസ്സൻ പറഞ്ഞു.
'കോവിഡ് കാലത്ത് സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള തീരുമാനത്തെ വിമർശിച്ചതുമുതലാണ് തന്നോടുള്ള എതിർപ്പ് ഇവർ രൂക്ഷമായി പ്രകടിപ്പിച്ച് തുടങ്ങിയത്. കോവിഡ് കാലത്ത് ഞങ്ങൾ സാമ്പത്തികമായി സഹായിച്ചവർ പോലും സോഷ്യൽ മീഡിയയിൽ എനിക്കെതിരെ വിദ്വേഷകമന്റുകൾ എഴുതിവിട്ടു. അടുത്ത മേയിൽ സർവിസിൽനിന്ന് വിരമിക്കുന്ന തന്റെ സൽപേര് കളങ്കപ്പെടുത്താനും രാഷ്ട്രീയ ഭാവി തകർക്കാനുമാണ് ഈ കേസ് കെട്ടിച്ചമച്ചത്' -ഹസ്സൻ പറഞ്ഞു.
കുട്ടികളുടെയും സമൂഹത്തിന്റെയും നന്മയ്ക്ക് വേണ്ടി നിർമ്മിച്ച പോക്‌സോ നിയമം ദുരുപയോഗം ചെയ്യുന്നത് വ്യാപകമാണെന്നും അതിന് തടയിടണമെന്നും ഹസ്സൻ ആവശ്യപ്പെട്ടു. അടുത്തിടെ കടമ്പൂർ സ്‌കൂളിലും സമാനമായ വേട്ടയാടലിന് ഇരയായ അദ്ധ്യാപകനെ കോടതി വെറുതെ വിട്ടിരുന്നു. അതേസമയം രാഷ്ട്രീയ പ്രേരിതമായി അദ്ധ്യാപകനെ ഇല്ലായ്മ ചെയ്യാൻവേണ്ടിയാണ് വ്യാജ പോക്സോ കേസ് കെട്ടിച്ചമച്ചതെന്ന് കെ.പി.എസ്.ടി.എ കുറ്റപ്പെടുത്തി. കേസിൽ അദ്ധ്യാപകനെ കോടതി വെറുതെ വിട്ടതോടെ രാഷ്ട്രീയ ലക്ഷ്യമാണ് ഇതിന് പിന്നിലെന്ന് തെളിഞ്ഞു. 22 വർഷത്തോളമായി പാല ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ അദ്ധ്യാപകനായി പ്രവർത്തിച്ചിരുന്ന ഹസ്സന്മാസ്റ്ററെ രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യുന്നതിന്റെ ഭാഗമായി ഇടത് അനുകൂല സംഘടന നടത്തിയ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായിരുന്നു കേസ്.
നീതി പീഠത്തിനു മുന്നിൽ സത്യം തെളിയുകയും അദ്ദേഹത്തെ പൂർണമായും കുറ്റവിമുക്തനാക്കുകയുമാണ് ചെയ്തത്. ഇതിനിടയിൽ അദ്ദേഹത്തിന് ഉണ്ടായ മാനസികവും ശാരീരികവുമായ പീഡനങ്ങളും ജോലിയിൽനിന്ന് ഉൾപ്പെടെ മാറ്റിനിർത്തപ്പെട്ടതുമായ അനുഭവങ്ങളും ഒക്കെ മനുഷ്യമനസാക്ഷിക്കു മുന്നിൽ ചോദ്യചിഹ്നമായി നിലനിൽക്കുന്നു. ഒടുവിൽ നീതിപീഠം അദ്ദേഹത്തെ വെറുതെ വിടുമ്പോഴും അദ്ദേഹത്തിന്റെ വ്യക്തിപരമായ ജീവിതത്തിൽ ഉണ്ടായ മാനനഷ്ടവും സമൂഹത്തിൽ ഉണ്ടായ തെറ്റായ ചിത്രീകരണവും ഈ വിധിയിലൂടെ മാറ്റാനാവില്ല. ഇത്തരത്തിൽ രാഷ്ട്രീയ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഗൂഢ സംഘങ്ങളെ പൊതുസമൂഹം തിരിച്ചറിയണമെന്നും ഒറ്റപ്പെടുത്തണമെന്നും കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ഇരിട്ടി ഉപജില്ല ആവശ്യപ്പെട്ടു.


