- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചാനലിൽ കത്തി നിന്ന സോണി എം ഭട്ടതിരിപ്പാട് എവിടേക്കാണ് പോയത്? രാഹുൽ എന്ന മൂന്നാംക്ലാസുകാരനെ കാണാതായിട്ട് 19 വർഷം; മക്കൾക്ക് ഭക്ഷണം വാങ്ങാൻ താഴത്തങ്ങാടിയിൽ നിന്ന് പോയ ദമ്പതികളെ കാണാതായിട്ട് അഞ്ചുവർഷം; ജസ്നയുടെ തിരോധാനം ഒറ്റപ്പെട്ടതല്ല; ഇവരൊക്കെ എങ്ങോട്ടാണ് പോവുന്നത്?
കോഴിക്കോട്: നാലുവർഷം മുമ്പ് കാഞ്ഞിരപ്പള്ളിക്കടുത്ത് മുക്കൂട്ടുതറയിൽ നിന്ന് കാണാതായ ജെസ്ന എന്ന പെൺകുട്ടിയുടെ തിരോധാനക്കേസ് സിബിഐ താൽകാലികമായി അവസാനിപ്പിച്ചതിന്റെ വാർത്തകൾ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കയാണ്. ജെസ്നക്ക് എന്തു സംഭവിച്ചെന്ന് കണ്ടെത്താനായില്ലെന്നും കൂടുതൽ തെളിവുകൾ ലഭിക്കുമ്പോൾ തുടരന്വേഷണം ആകാമെന്നും തിരുവനന്തപുരം സിബിഐ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ജെസ്ന ജീവിച്ചിരിപ്പുണ്ടെന്ന് ക്രൈംബ്രാഞ്ച് ആവർത്തിക്കുമ്പോഴും ഇതിനു തെളിവ് അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ലഭിച്ചില്ല. ജെസ്ന ബസ് കയറി എന്ന് പറയപ്പെടുന്ന സ്റ്റോപ്പിനടുത്തുള്ള കടയിലെ സി.സി ടി.വി ദൃശ്യങ്ങൾ മാത്രമാണ് ലോക്കൽ പൊലീസിൽ നിന്ന് ലഭിച്ചത്. ജെസ്നയെ കാണാതായെന്ന പരാതി ലഭിച്ച്, 48 മണിക്കൂറിനുള്ളിൽ കാര്യമായ അന്വേഷണം ഉണ്ടാകാത്തത് തിരിച്ചടിയായെന്നും റിപ്പോർട്ടിലുണ്ട്.
ജെസ്ന കേസിനെ അപൂർവവും ഒറ്റപ്പെട്ടതുമെന്നാണ് കേരളീയ മാധ്യമങ്ങളും പൊലീസും വിലയിരുത്തുന്നത്. എന്നാൽ സമാനമായ മൂന്ന് കേസുകളിലെങ്കിലും ഇതുപോലെ തുമ്പും വാലും കിട്ടിയിട്ടില്ല. അതിൽ ഒന്ന് ഒരു പ്രമുഖ മാധ്യമ പ്രവർത്തകന്റെത് തന്നെയാണ്. എന്നിട്ടും ആ കാണാതാവലിന് കാര്യമായ മാധ്യമ ശ്രദ്ധ കിട്ടിയിട്ടില്ല.
സോണി എം ഭട്ടതിരിപ്പാട് എവിടെ?
ചാനലുകളിൽ കത്തിനിൽക്കുന്ന ഒരു അവതാരകനെ ഒരു സുപ്രഭാതത്തിൽ കാണാതായാൽ എന്തുസംഭവിക്കും. അതാണ് ഇന്ത്യാവിഷന്റെ ഡെപ്യൂട്ടി ന്യൂസ് എഡിറ്റർ ആയിരുന്ന സോണി എം ഭട്ടതിരിപ്പാടിന് സംഭവിച്ചത്. 2008 ഡിസംബറിൽ ഗോവൻ ചലച്ചിത്രമേള റിപ്പോർട്ടുചെയ്തു മടങ്ങിയ ഇദ്ദേഹം, അപ്രത്യക്ഷനായി. ട്രെയിനിലുള്ള മടക്കയാത്രക്കിടയിൽ കാസർഗോഡിനും നീലേശ്വരത്തിനുമിടയ്ക്ക് വച്ചാണ് ഭാര്യാപിതാവു മൊന്നിച്ചു യാത്ര ചെയ്തിരുന്ന സോണിയെ കാണാതാകുന്നത്. 16 വർഷമായിട്ടും യാതൊരു വിവരവുമല്ല.
സോണി എം.ഭട്ടതിരിപ്പാടിന്റെ ഭാര്യയും ആയുർവേദ ഡോക്ടറുമായ ജി.കെ.സീമ പറയുന്നത് ഇങ്ങനെ: 2008 ഡിസംബർ 18 ന് ഉച്ചയ്ക്ക് ഒന്നരയ്ക്കുള്ള ഗരീബ്രഥ് എക്സ്പ്രസിലാണ് സോണി ഗോവയിലേക്ക് വണ്ടി കയറിയത്. എറണാകുളത്തെ വീട്ടിൽ നിന്നും സീമ തന്നെയാണ് സോണിയെ കാറിൽ നോർത്ത് റെയിൽവേ സ്റ്റേഷനിൽ എത്തിച്ചത്. അന്ന് ഇന്ത്യാവിഷനിൽ ഡെപ്യൂട്ടി ന്യൂസ് എഡിറ്ററായി ജോലി ചെയ്ത സോണി ഗോവയിലെത്തി ആദ്യ രണ്ട് ദിവസം ചലച്ചിത്രമേളയെ കുറിച്ചുള്ള സ്റ്റോറികൾ ചെയ്തിരുന്നു. ഇതിനിടയിൽ സീമയെയും വിളിക്കുമായിരുന്നു. എന്നാൽ പെട്ടന്ന് അത് നിലയ്ക്കുകയും ചെയ്തു.
ടിവിയിൽ വാർത്തയും വീട്ടിലേക്ക് ഫോണും വരാതായതോടെ സീമ സോണിയുടെ ഫോണിലേക്ക് വിളിച്ചപ്പോൾ അതും നിശ്ചലമായിരുന്നു. എന്നാൽ തുടർന്ന് നടത്തിയ അന്വേഷണത്തിൽ സോണി മംഗലാപുരം ഫാദർ മുള്ളേസ് ആശുപത്രിയിൽ ചികിത്സയിലാണെന്ന് വിവരം ലഭിച്ചു. അടുത്തദിവസം തന്നെ നാട്ടിൽ തിരിച്ചെത്തുമെന്നും മക്കളെ കാണണമെന്നും സോണി പറഞ്ഞിരുന്നതായി സീമ പറയുന്നു. എന്നാൽ മംഗലാപുരത്ത് നിന്നും സോണി എങ്ങോട്ടാണ് പോയതെന്ന് ആർക്കും അറിയില്ല. ഇടയ്ക്ക് വീട്ടിൽ പറയാതെ ആഴ്ചകളോളം മാറിനിൽക്കുന്ന ശീലം സോണിക്കുണ്ടായിരുന്നു. അതുകൊണ്ട് കൂടുതൽ അന്വേഷണത്തിന് തയ്യാറായതുമില്ല. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും സോണി തിരിച്ചെത്താത്തതിനാൽ അന്നത്തെ ഡി.ജി.പി.ജേക്കബ് പുന്നൂസിന് പരാതി നൽകി. തുടർന്ന് ഗോവ പൊലീസിലും പരാതി നൽകി.
എന്നാൽ പൊലീസിന്റെ അന്വേഷണത്തിൽ സോണിയെ കുറിച്ച് യാതൊരു തുമ്പും കണ്ടെത്താൻ കഴിഞ്ഞില്ല. ക്രൈംബ്രാഞ്ച് സംഘവും അന്വേഷണം നടത്തിയിരുന്നു. ആത്മീയ കാര്യങ്ങളിൽ കൂടുതൽ താത്പര്യം കാണിക്കുന്ന സോണി മംഗലാപുരത്ത് നിന്നും മൂകാംബികയിലേക്കോ കുടജാദ്രിയിലേക്കോ പോയി കാണുമെന്ന നിഗമനത്തിൽ പൊലീസ് അന്വേഷണം നടത്തിയിരുന്നു. പക്ഷേ ഫലമുണ്ടായില്ല. തന്റെ അപ്പുവേട്ടൻ ഇന്നല്ലെങ്കിൽ നാളെ, തന്നെയും മക്കളെയും കാണാനെത്തുമെന്ന് തന്നെയാണ് ഡോ. ജി.കെ.സീമ ഇപ്പോഴും വിശ്വസിക്കുന്നത്. പക്ഷേ ഇതിലും ഫലപ്രദമായ അന്വേഷണം നടക്കുന്നില്ല. ഒരു മാധ്യമ പ്രവർത്തകനെ കാണാതായത് മാധ്യമങ്ങൾ പോലും മറന്ന മട്ടാണ്.
കളിച്ചുകൊണ്ടിരുന്ന രാഹുൽ
നിന്ന നിൽപ്പിൽ ഒരു കുട്ടിയെ കാണാതായിട്ട് ഇത് 19 വർഷമായി. 2005 മെയ് 18നാണ് ആലപ്പുഴ ആശ്രമം വാർഡിൽ രാഹുൽ നിവാസിൽ രാജു മിനി ദമ്പതികളുടെ മകനായ രാഹുൽ എന്ന മൂന്നാം ക്ലാസ്സുകാരനെ ദുരൂഹ സാഹചര്യത്തിൽ കാണാതാകുന്നത്. വീടിനു സമീപത്ത പറമ്പിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്നു കുട്ടി. ആലപ്പുഴ പൊലീസും ക്രൈം ഡിറ്റാച്ച്മെന്റ് സംഘവും അന്വേഷണം നടത്തിയിട്ടും പുരോഗതിയുണ്ടായില്ല. മുത്തച്ഛൻ ശിവരാമപണിക്കരുടെ പരാതിയെ തുടർന്ന് 2009 ലാണ് എറണാകുളം സി.ജെ.എം കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.
കൂടെ കളിച്ചുകൊണ്ടിരുന്ന അയൽവാസിയായ ഒരു കുട്ടി രാഹുലിനെ ഒരാൾ കൂട്ടിക്കൊണ്ടുപോവുന്നത് കണ്ടു എന്ന് മൊഴി നൽകിയിരുന്നുവെങ്കിലും പിന്നീട് മൊഴി മാറ്റി. കേസിൽ സംശയിക്കപ്പെട്ട രാഹുലിന്റെ അയൽവാസി റോജോയെ നാർക്കോ അനാലിസിസിന് വിധേയനാക്കിയിരുന്നു. 25 സാക്ഷികളിൽ നിന്ന് മൊഴിയെടുത്തു. രാഹുലിനെക്കുറിച്ചുള്ള വിവരം നൽകുന്നവർക്ക് സിബിഐ ഒരു ലക്ഷം രൂപ ഇനാമും പ്രഖ്യാപിച്ചിരുന്നു. പക്ഷേ ഫലം ഉണ്ടായില്ല. തെളിവില്ലെന്നു പറഞ്ഞ് സിബിഐ. കേസ് അടച്ചുപൂട്ടി.
രാഹുൽ ജീവിച്ചിരിപ്പുണ്ടോ ഉണ്ടെങ്കിൽ എവിടെ ആ ചിന്ത വലിയ വേദനയാണ്. ഈയിടെയും കുട്ടിയുടെ പഴയ ചിത്രം വെച്ച് വീട്ടുകാർ രേഖാ ചിത്രം വരച്ചിരുന്നു. എത്രയോ പേർക്കാണ് രാഹുലിന്റെ മിസ്സിങ്ങിൽ പങ്കുണ്ടെന്ന് പറഞ്ഞ് പൊലീസിൽ നിന്ന് മാരകമായി മർദനം ഏറ്റത്. പക്ഷേ കുട്ടി എവിടെ എന്നത് ഇന്നും ദുരൂഹം. പക്ഷേ അമ്മയും മിനിയും, അച്ഛൻ രാജുവും ഇപ്പോഴും പ്രതീക്ഷയോടെ മകനെ കാത്തിരിക്കയാണ്.
ഹാഷിം-ഹബീബ ദമ്പതികൾ
അതുപോലെ നിന്ന നിൽപ്പിൽ കണാതായവർ ആണ് കോട്ടയം ദമ്പതികളും. കോട്ടയം താഴത്തങ്ങാടിയിൽനിന്ന് ഒരു ഹർത്താൽ ദിവസം 2017 ഏപ്രിൽ ആറിന് രാത്രി കുട്ടികൾക്കു ഭക്ഷണം വാങ്ങാൻ, രജിസ്ട്രേഷൻ നമ്പർ കിട്ടാത്ത പുത്തൻ കാറിൽ പുറത്തേക്കുപോയ ദമ്പതിമാരായ ഹാഷിം (42), ഭാര്യ ഹബീബ (37) എന്നിവരെ പിന്നീട് ആരും കണ്ടിട്ടില്ല. മൊബൈൽ, എടിഎം ഒന്നുമെടുത്തിരുന്നില്ല. കോട്ടയത്തുനിന്ന് പുറത്തേക്ക് പോയിട്ടില്ലെന്ന് പൊലീസ് ഉറപ്പുപറയുന്ന രണ്ടുപേർ, ഒപ്പം ഒരു കാറും. എവിടെ മറഞ്ഞു. ആർക്കും ഇന്നും അറിയില്ല. കുറെ അഭ്യൂഹങ്ങൾ അല്ലാതെ.
കടുത്ത വിശ്വാസികളായിരുന്ന ഇരുവർക്കുമായി അജ്മീർ ദർഗയിലടക്കം പൊലീസ് അന്വേഷണം നടത്തിയിരുന്നു. ആദ്യം കോട്ടയം വെസ്റ്റ് പൊലീസാണ് കേസ് അന്വേഷിച്ചത്. തുടർന്ന് ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈംബ്രാഞ്ച് കോട്ടയം മുതൽ കുമരകം വരെയുള്ള പ്രദേശത്തെ കുളങ്ങളും ജലാശയങ്ങളും കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്. എന്നിട്ടും സൂചനകളൊന്നും ലഭിച്ചില്ല. സിസിടിവി കാമറകളിലൊന്നും കാർ പതിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ കാർ ഇല്ലിക്കലിൽ നിന്ന് തിരുവാതുക്കൽ വഴി പാറേച്ചാലെത്താനുള്ള സാദ്ധ്യതയാണ് ക്രൈംബ്രാഞ്ച് കണക്ക് കൂട്ടിയത്.
പാറേച്ചാലിലൂടെ മറിയപ്പള്ളിയിൽ എത്താം. ഈ വഴിയിൽ സി.സി.ടി.വി കാമറകൾ കുറവാണ്. പാറമടക്കുളത്തിൽ കാറുമായി വീണുകാണുമെന്നായിരുന്നു പൊലീസിന്റെ ആദ്യ നിഗമനം. വർഷങ്ങൾക്കു മുൻപ് കാണാതായ ചങ്ങനാശേരി മതുമൂല മഹാദേവന്റെ മൃതദേഹാവശിഷ്ടം മറിയപ്പള്ളിയിലെ ഈ പാറമടക്കുളത്തിലാണ് കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ പാറമടക്കുളത്തിൽ തെരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. കുറേക്കാലം തമിഴ്നാട് കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയെങ്കിലും ഫലം ഉണ്ടായില്ല.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ