- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കടപ്പുറത്ത് വീണ മൊട്ടുസൂചി പോലും നിമിഷങ്ങൾക്കുള്ളിൽ കണ്ടെത്തുന്ന മൊസാദ്; രാജ്യത്തേക്ക് ഒരു ഈച്ചക്ക് പോലും കടക്കാൻ കഴിയാത്ത മിസൈൽ പ്രതിരോധം; എവിടെയും ബയോമെട്രിക്ക് സെക്യൂരിറ്റിയും ക്യാമറയും; എന്നിട്ടും കൃഷി പഠിക്കാൻ പോയി മുങ്ങിയ ബിജുവിനെ കണ്ടെത്താൻ ഇസ്രയേലിന് കഴിയാത്തത് എന്തുകൊണ്ട്?
ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വലിയ സുരക്ഷാ സംവിധാനം ഉള്ള രാജ്യം ഏതാണ് എന്ന് ചോദിച്ചാൽ ഉത്തരം ഇസ്രയേൽ എന്നായിരുക്കും. കടപ്പുറത്ത് വീണ മൊട്ടുസൂചിപോലും തിരഞ്ഞ് കണ്ടെത്താൻ കഴിയുന്ന ചാരസംഘടനയാണ് അവരുടെ മൊസാദ്്. അതുപോലെ രാജ്യത്തേക്ക് ഒരു ഈച്ചക്ക് പോലും കടക്കാൻ കഴിയാത്ത മിസൈൽ പ്രതിരോധമാണ് ഈ യഹൂദ രാജ്യത്തിന്റെത്. എവിടെയും ബയോമെട്രിക്ക് സെക്യൂരിറ്റിയും ക്യാമറയും സിസിടിവിയും ഉണ്ട്. ഹമാസും ഹൂതി വിമതരും വിടുന്ന മിസൈലുകളിൽ ഒന്നുപോലും രാജ്യത്ത് വീഴാതെ ഡിഫൻസ് ഷീൽഡ് നിർവീര്യമാക്കുകയാണ്. 99 ശതമാനമാണ് ഈ വിഷയത്തിലുള്ള കൃത്യത.
മാത്രമല്ല ലോകം എമ്പാടും ഉപഗ്രഹ നിയന്ത്രിത ചാരശൃംഖലയാണ് മൊസാദിന് ഉള്ളത്. ഇസ്രയേലിനും യഹൂദന്മാർക്കുമെതിരെ കുറ്റകൃത്യങ്ങൾ ചെയ്തവരെ കണ്ടെത്തി കാലപുരിക്ക് അയച്ച ചരിത്രമാണ് അവരുടേത്. 67ലെ സിക്സ് ഡേ വാറിൽ കൃത്യമായ ഇന്റലിജൻസ് നൽകി അറബ് സഖ്യസേനയെ മുട്ടുകുത്തിച്ചത് തൊട്ട്, മ്യൂണിച്ച് കൂട്ടക്കൊലത്ത് പ്രതികാരം വരെ മൊസാദിന്റെ ഓപ്പറേഷനുകൾ അനവധിയാണ്. ലോകത്തിന്റെ ഏത് കോണിൽ പോയി ഒളിച്ചാലും തങ്ങൾക്കിട്ട് പണിയുന്നവനെ തേടിപ്പിടിച്ച് മൊസാദിന്റെ വിഷ സൂചിയോ, വെടിയുണ്ടയോ, വിഷവാതകമോ തേടിയെത്തും. പൂവിറക്കുന്ന ലാഘവത്തോടെയാണത്രേ മൊസാദ് ആളുകളെ കൊന്ന് തള്ളുക.
1960ൽ ഇസ്രയേലിൽ നിന്ന് കാണാതായ എട്ടു വയസ്സുകാരൻ 'യോസേൽ' എന്ന കുട്ടിയെ കണ്ടെത്താനായി രഹസ്യാന്വേഷണ സംഘടനയായ 'മൊസാദ്' ലോകമെങ്ങും നടത്തിയ വേട്ട അദ്ഭുതത്തോടെയാണ് പിൽക്കാലത്ത് ലോകം കേട്ടറിഞ്ഞത്. കാണാതായ ഒരു സാധാരണക്കാരൻ കുട്ടിക്കു വേണ്ടി അത്തരമൊരു അന്വേഷണം ലോകചരിത്രത്തിൽ തന്നെ മറ്റൊരു രാജ്യവും നടത്തിയിട്ടുണ്ടാകില്ല. 'ഓപറേഷൻ ടൈഗർ കബ്' എന്ന പേരിൽ അന്നത്തെ മൊസാദ് മേധാവി ഐസർ ഹാരൽ തന്നെ മേൽ നോട്ടം വഹിച്ച ആ തിരച്ചിൽ രണ്ടു വർഷത്തോളം നീണ്ടു നിന്നു.
ലോകത്തിലെ ഏറ്റവും വലിയ സേർച്ചിങ്ങ് ഫോഴ്സ് എന്നാണ് മൊസാദ് അറിയപ്പെടുന്നത്. നമ്മുടെ കാർഗിലിൽ പാക്കിസ്ഥാന്റെ നുഴഞ്ഞുകയറ്റം പോലും ആദ്യം കണ്ടെത്തി ഇന്ത്യയെ അറിയച്ചത് ഇസ്രയേൽ ആണ്. ആ രാജ്യം നൽകിയ റഡാറും, നൈറ്റ് വിഷൻ ക്യാമറയുമാണ് ഇന്ത്യൻ സൈന്യത്തിന് ഇത്രയും കരുത്ത് നൽകുന്നത്.
ഇത്രയും സൈനിക ശക്തിയും ആയുധശക്തിയും ചാരക്കണ്ണുകളും എല്ലാം ഉണ്ടായിട്ടും, എന്തുകൊണ്ടാണ് നമ്മുടെ കൃഷി പഠിക്കാൻ പോയി മുങ്ങിയ ബിജുവിനെ കണ്ടെത്താൻ ഇസ്രയേിലിന് കഴിയാത്തത് എന്നാണ് ചോദ്യം ഉയരുന്നത്. നേരത്തെ തീർത്ഥാടത്തിന് പോയ മറ്റ് ആറുപേരും ഇതുപോലെ മുങ്ങിയെന്ന് പരാതി ഉയർന്നിട്ടുണ്ട്.
കൂലിപ്പണിക്കും ഞെട്ടിക്കുന്ന ശമ്പളം
സ്വന്തം പാസ്പോർട്ട് അടക്കമുള്ള രേഖകളുമായിട്ടാണ് കണ്ണൂർ സ്വദേശി ബിജു കുര്യനെ കാണാതായത്. എങ്ങോട്ടായിരിക്കും ബിജു പോയത് എന്ന അഭ്യൂഹം ഇപ്പോഴും തുടരുകയാണ്. ഒന്നാമത് മെയ് വരെ തങ്ങാനുള്ള വിസയുള്ളതുകൊണ്ട് ബിജു ഇപ്പോഴും ഒരു അനധികൃത താമസക്കാരൻ അല്ല. ഒരു സ്പോൺസർ അവിടെ ഉണ്ടെങ്കിൽ ബിജു ചെയ്യുന്നത് നിയമവിരുദ്ധം ആവില്ല. ഒരു മാസം അയാൾക്ക് അവിടെ താമസിക്കാം.
ബിജുവിനെ സംബന്ധിച്ച് ഇപ്പോൾ ഉയർന്നുവരുന്ന സംശയം അയാൾ വളരെ ആസൂത്രിതമായാണ് മുങ്ങിയത് എന്നാണ്. കാരണം അയാൾക്ക് ഇസ്രയേലിൽ സുഹൃത്തുക്കൾ ഉണ്ടെന്ന് വാർത്തകൾ പുറത്തുവന്നിട്ടുണ്ട്. ഇവരുടെ കൂടെ അയാൾക്ക് താമസിക്കാൻ കഴിയും. സുരക്ഷാകാരണങ്ങളാൽ കുടിയേറ്റം തീരെ പ്രോൽസാഹിപ്പിക്കുന്ന രാജ്യമല്ല ഇസ്രയേൽ. പക്ഷേ ആ രാജ്യത്ത് അഭയം ആവശ്യപ്പെടുകയും, നാട്ടിൽ പോയാൽ മരണം ഉറപ്പാണെന്ന് ബോധ്യപ്പെടുന്ന ഏതാനും പേർക്ക് അവർ അഭയം കൊടുക്കാറുണ്ട്.
ഇതിനെല്ലാം ഉപരിയായി ഒരു സ്പോൺസർ ഉണ്ടെങ്കിൽ, ഒരു വർഷത്തേക്ക് നോൺ റെസിഡൻഷ്യൽ വിസ താൽക്കാലികമായി ഇസ്രയേൽ കൊടുക്കുന്നുണ്ട് എന്നതാണ്. അതിനും നിരവധി കടമ്പകൾ ഉണ്ട്. എല്ലാ പരിശോധനയും നടത്തി കുഴപ്പക്കാർ അല്ലാത്തവർക്കാണ് ഇതുകൊടുക്കുക. സുഹൃത്തുക്കൾ വഴി ഈ റൂട്ടിൽ അരക്കൈ നോക്കാനായിരിക്കും ബിജുവിന്റെ നീക്കം എന്നാണ് സംശയിക്കപ്പെടുന്നത്. ടൈംസ് ഓഫ് ഇന്ത്യയെപ്പോലുള്ള മാധ്യമങ്ങൾ ഈ സാധ്യതയാണ് ഉയർത്തുന്നത്. അതല്ലെങ്കിൽ ഇസ്രയേൽ ഇടത്താവളമാക്കി മറ്റേതെങ്കിലും യൂറോപ്യൻ രാജ്യത്തേക്ക് കുടിയേറാനായിരിക്കും ബിജുവിന്റെ നീക്കം.
നിലവിൽ വൈറ്റ് കോളർ അല്ലാത്ത ജോലികൾക്ക് ഇസ്രയേലിൽ വൻ ഡിമാന്റ് ആണ്. പാർട്ട് ടൈം ജോലിക്കുപോലും പ്രതിദിനം മൂവായിരം രൂപയോളം ലഭിക്കും. അങ്ങനെ നിരവധി ഇന്ത്യൻ വിദ്യാർത്ഥികൾ ഇവിടെ ജോലി ചെയ്യുന്നുണ്ട്. ഫുൾഡേ ജോലിക്ക് 8000 ഇന്ത്യൻ രൂപക്ക് സമാനമായ തുകയാണ് ലഭിക്കുന്നത്. സ്വീപ്പർ, സ്കാവഞ്ചർ, ഷോപ്പ് കീപ്പർ, ഹൗഡ് മേഡ് തുടങ്ങിയ ജോലികൾക്കൊക്കെ ഇതുപോലെ കനത്ത ശമ്പളമാണ്. പക്ഷേ എല്ലാം യന്ത്രവത്കൃതമായതുകൊണ്ട് ജോലിചെയ്യുന്നവർക്കും ഇത് വളരെ സുഖമാണ്. ഇതാണ് ഇസ്രയേലിലേക്ക് കുടിയേറാൻ ഇന്ത്യാക്കാരെ അടക്കം പ്രേരിപ്പിക്കുന്നത്.
ഇസ്രയേൽ അറിഞ്ഞുകൊണ്ടുള്ള കളിയോ?
ആകെ വെറും 90ലക്ഷം ജനസംഖ്യയുള്ള ഇസ്രയേലിൽ ഇത്തരം ജോലികൾക്ക് ആളുകളെ ആവശ്യമുണ്ട്്. അതുകൊണ്ടുതന്നെ ജീവൻ പണയം വെച്ച് തങ്ങളുടെ രാജ്യത്ത് എത്തുന്ന ഇത്തരക്കാരോട് ഒരു സോഫ്റ്റ് കോർണർ ഇസ്രയേൽ വെച്ചു പുലർത്തുന്നുണ്ട്. മാത്രമല്ല ഇസ്രയേലിലേക്ക് വിസ കിട്ടണമെങ്കിൽ നിങ്ങളുടെ അപ്പൂപ്പന്റെ ജാതകംവരെ അവർ കണ്ടുപിടിച്ചിരിക്കും. ആ രാജ്യത്തിന് യാതൊരു ഭീഷണിയും ഇല്ലാത്തവർക്കേ അങ്ങോട്ട് കയറാൻ കഴിയൂ. പിന്നെ അതിൽ ഒരാൾ മുങ്ങിയാലും അത് ആഭ്യന്തര സുരക്ഷക്ക് ഭീഷണിയാവില്ലെന്ന് അവർക്ക് നന്നായി അറിയാം.
നിലവിൽ ഇന്ത്യ ഇസ്രയേലിന്റെ സൗഹൃദ രാഷ്ട്രമാണ്. അതുകൊണ്ട് തന്നെ ഒരു ചാരൻ ഉള്ളിൽ പ്രവേശിച്ചതുപോയുള്ള നടപടികൾ ആ രാജ്യത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാവില്ല. പക്ഷേ ബിജു കുടുങ്ങാൻ പോവുന്നത് ഇയാളുടെ വിസ റദ്ദ് ചെയ്ത്, നടപടി എടുക്കണം എന്ന് രാജ്യം ഇസ്രയേലിനോട് അഭ്യർത്ഥിച്ചപ്പോൾ ആണ്. അങ്ങനെയാണെങ്കിൽ ബിജുവിനെ പിടികൂടി നാട്ടിലേക്ക് അയക്കുകയാണ് ഇസ്രയേൽ ചെയ്യുക.
നിലവിൽ വിസാ കാലാവധി ഒരു മാസം കൂടി ഉണ്ടെന്നിരിക്കേ, അയാൾക്ക് അവിടെ സ്പോൺസർ ഉണ്ടെന്ന് ഇരിക്കേ, ബിജു ഇസ്രയേലിന്റെ കണ്ണിൽ കുറ്റം ചെയ്തിട്ടില്ല. നേരത്തെ തായ്വാനിൽ നിന്നുള്ള ഒരു കലാകാരന്മാരുടെ സംഘത്തിലെ രണ്ടുപേർ സമാനമായ രീതിയിൽ മുങ്ങിയിരുന്നു. ഇവരെ കണ്ടെത്തി നാട്ടിലേക്ക് കയറ്റിവിടുകയാണ് ഇസ്രയേൽ ചെയ്തത്. രാജ്യമെങ്ങും ക്യാമറക്കണ്ണുകളും ചാരക്കണ്ണുകളും ഉള്ള ഇസ്രയേലിന് നിഷ്പ്രയാസം ഇവരെ കണ്ടെത്താനും കഴിഞ്ഞു. സമാനമായ അവസ്ഥയാണ് ബിജുവിനും വരിക എന്നാണ് വിലയിരുത്തൽ.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ