- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
സർക്കാറിന്റെ ചതിയിൽ കുരുങ്ങി കർഷകർ; സൗജന്യ വൈദ്യുതി പദ്ധതിയിൽ കൃഷിവകുപ്പു നൽകേണ്ട 186.53 കോടി രൂപ കുടിശികയാക്കി; വൈദ്യുതി വിച്ഛേദിക്കാൻ കെ.എസ്.ഇ.ബിയും; കർഷകർക്കും നോട്ടീസ് അയച്ചു തുടങ്ങിയ വൈദ്യുതി ബോർഡ് പെൻഷൻ ബാധ്യതയുടെ പേരിൽ നിരക്ക് കൂട്ടാനും ഒരുങ്ങുന്നു

പാലക്കാട്: സംസ്ഥാന സർക്കാർ കർഷകരെ ചതിക്കുന്നത് ഇതാദ്യമായല്ല. നെല്ലുസംഭരണത്തിന്റെ കുടിശ്ശികയുടെ പേരിൽ കർഷകരെ വെട്ടിലാക്കിയ സർക്കാർ ഇപ്പോൾ വീണ്ടും കർഷകരെ ഷോക്കടിപ്പിക്കുകയാണ്. കൃഷി വകുപ്പിനൊപ്പം വൈദ്യുതി വകുപ്പു കൂടി ചേർന്നാണ് ഇക്കുറി കർഷകരെ കഷ്ടത്തിലാക്കുന്നത്. കർഷകർക്കു വൈദ്യുതി സൗജന്യം എന്ന വാഗ്ദാനത്തിൽ നിന്നുമാണ് സർക്കാർ പിന്നോട്ടു പോകുന്നത്. വൈദ്യുതി സൗജന്യമായി നൽകിയതിനു കൃഷിവകുപ്പു നൽകേണ്ട 186.53 കോടി രൂപ കുടിശികയായതോടെയാണു കെഎസ്ഇബി കർഷകർക്കു നേരിട്ടു നോട്ടിസ് അയച്ചു തുടങ്ങിയത്. തുക അടച്ചില്ലെങ്കിൽ വൈദ്യുതി വിഛേദിക്കുമെന്നാണ് ഭീഷണി. ഈ ഭീഷണിയിൽ കുരുങ്ങിയിരിക്കയാണ് കർഷകർ.
കെഎസ്ഇബിയുടെ കണക്കനുസരിച്ചു സംസ്ഥാനത്ത് 2,58,796 കർഷകർക്കു സൗജന്യമായി വൈദ്യുതി നൽകുന്നുണ്ട്. ഇതിന്റെ പണം കൃഷിവകുപ്പു ബോർഡിനു നൽകണം. അതാണു വലിയ കുടിശികയായത്. കൂടുതൽ ഉപയോക്താക്കളുള്ള പാലക്കാട് ജില്ലയിൽ 50 കോടി രൂപയാണു കുടിശിക. വരൾച്ച ഏറ്റവും കൂടുതൽ വരൾച്ച ഉണ്ടാകുന്ന ജില്ലയാണ് പാലക്കാട്. ഇവിടുത്തെ കർഷകരെയാണ് സർക്കാർ ഏറ്റവും വഞ്ചിച്ചിരിക്കുന്നത്. ഇവിടെ കൃഷി മുന്നോട്ടു പോകണമെങ്കിൽ പമ്പുസെറ്റുകളുടെ ഉപയോഗം പതിവാണ്. ഇപ്പോഴത്തെ നിലയിൽ കണക്ഷൻ വിച്ഛേദിച്ചാൽ അത് വലിയ പ്രഹരമാണ് കർഷകർക്ക് ഉണ്ടാക്കുക.
പദ്ധതിയിൽ ആദ്യമായാണു കർഷകർക്കു നോട്ടിസ് ലഭിക്കുന്നത്. കർഷകർ കൃഷിഭവനുകളെ സമീപിക്കുന്നുണ്ടെങ്കിലും പ്രശ്‌നം മേലുദ്യോഗസ്ഥരെ അറിയിക്കുകയല്ലാതെ കൃഷി ഉദ്യോഗസ്ഥർക്കും ഒന്നും ചെയ്യാനില്ല. കുടിശിക തീർപ്പാക്കാൻ കെഎസ്ഇബി ഒറ്റത്തവണ തീർപ്പാക്കൽ പ്രഖ്യാപിച്ചതിനാൽ വൈദ്യുതി സൗജന്യമല്ലാത്ത സ്ഥിതിയായി. 25,000 രൂപ വരെയാണു പലരുടെയും കുടിശിക. നടപടി ഭയന്നു പണമടച്ച കർഷകരുമുണ്ട്.
വൈദ്യുതിയുടെ തുക കൃഷിവകുപ്പു കർഷകന്റെ അക്കൗണ്ടിലേക്കു നൽകുകയും അവിടെനിന്ന് ഓട്ടോ ഡെബിറ്റ് സംവിധാനത്തിലൂടെ കെഎസ്ഇബിയുടെ അക്കൗണ്ടിലേക്കു പോവുകയും ചെയ്യുന്ന സംവിധാനമാണു നിലവിലുള്ളത്. വൈദ്യുതിയുടെ പണമടയ്ക്കുന്നതിന് കർഷക ഗ്രൂപ്പുകൾ രൂപീകരിക്കാൻ 2 വർഷം മുൻപ് കൃഷിവകുപ്പു ശ്രമിച്ചെങ്കിലും കർഷകരും ഉദ്യോഗസ്ഥരും എതിർത്തു. ഗ്രൂപ്പുകളുടെ രൂപീകരണം കൂടുതൽ പ്രശ്‌നങ്ങളുണ്ടാക്കുമെന്നു ചൂണ്ടിക്കാട്ടി പാലക്കാട്ടെ ഒരു വിഭാഗം കർഷകർ ഹൈക്കോടതിയെ സമീപിച്ചതിനെത്തുടർന്നു തീരുമാനം ഉപേക്ഷിക്കുകയും നിലവിലെ സംവിധാനം നടപ്പാക്കുകയും ചെയ്തു.
ഗ്രൂപ്പ് രൂപീകരണം സംബന്ധിച്ചു തർക്കം നടന്ന ഒന്നര വർഷത്തോളം വൈദ്യുതി നിരക്ക് അടച്ചില്ല. അതാണ് ഇപ്പോഴും കുടിശികയായി തുടരുന്നത്. ഇപ്പോൾ ഗഡുക്കളായി ചെറിയ തുകകൾ അനുവദിക്കുന്നുണ്ടെങ്കിലും അതു കുടിശികയുടെ പലിശയ്ക്കു മാത്രമേ തികയുന്നുള്ളൂ. 2022 നവംബറിൽ കുടിശിക വർധിച്ചപ്പോൾ കെഎസ്ഇബി കൃഷിവകുപ്പിനു നോട്ടിസ് നൽകിയിരുന്നു. തുടക്കത്തിൽ നെൽക്കർഷകർക്കു മാത്രമായിരുന്ന ആനുകൂല്യം പിന്നീടാണു വ്യാപിപ്പിച്ചത്. അഞ്ചേക്കറിൽ താഴെ കൃഷി ചെയ്യുന്നവർക്കാണു സൗജന്യമായി വൈദ്യുതി നൽകുന്നത്.
അതേസമയം കർഷകരുടെ പ്രശ്‌നം പരിഹരിക്കുമെന്നാണ് കർഷകർ പറയുന്നത്. വൈദ്യുതി വകുപ്പുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്. അടുത്ത ദിവസം ധനവകുപ്പുമായും ചർച്ച ചെയ്യും. കർഷകരുടെ പ്രശ്‌നം പൂർണമായി പരിഹരിക്കും. അവർക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന നടപടിയുണ്ടാകില്ലെന്നും പി പ്രസാദ് പറയുന്നു.
പെൻഷൻ ബാധ്യതയുടെ പേരിലും ജനങ്ങൾക്ക് ഇരുട്ടടി
അതേസമയം പുതുവർഷത്തിൽ വൈദ്യുതി വകുപ്പ് പൊതുജനങ്ങൾക്ക് ഇരുട്ടടി നൽകാനുള്ള വഴി അണിയറയിൽ ഒരുങ്ങുന്നുണ്ട്. പുതുവർഷത്തിൽ സർചാർജ് തുടരുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. അധിക ബാധ്യതയെന്ന് പറഞ്ഞ് 19 പൈസ സർചാർജ് ഏർപ്പെടുത്തിയാണ് ജനങ്ങൾക്ക് കെ.എസ്.ഇ.ബി ഇരുട്ടടി നൽകുന്നത്. നേരിട്ട് 10 പൈസ ചുമത്തിയും പുതുതായുള്ള 9 പൈസയും ചേർത്താണ് ഈ സർചാർജ് ഈടാക്കുന്നത്.
നവംബറിൽ അധികമായി വൈദ്യുതി വാങ്ങാൻ ചെലവിട്ട പണമാണ് സർചാർജ് ആയി ഈടാക്കുന്നതെന്ന് പറയുമ്പോഴും കെ.എസ്.ഇ.ബിയുടെ ശമ്പളച്ചെലവും പെൻഷൻ ബാധ്യതയും പെരുകുന്നത് ജനങ്ങളുടെ തലയിൽ കെട്ടി വയ്ക്കുന്നതായി ആക്ഷേപമുയരുന്നുണ്ട്. 2022-23 സാമ്പത്തിക വർഷത്തിൽ മാത്രം 2,524.10 കോടി രൂപയാണ് കെ.എസ്.ഇ.ബിയുടെ പെൻഷൻ ബാധ്യത. 2021-22 വർഷത്തിലെ ബാധ്യത 2,376.69 കോടി രൂപയായിരുന്നു. ജനങ്ങളിൽ നിന്ന് ഇതുമായി ബന്ധപ്പെട്ടുള്ള തെളിവെടുപ്പ് നടത്താനിരിക്കുകയാണ് വൈദ്യുതി റഗുലേറ്ററി കമ്മീഷൻ. ജനുവരി നാലിനാണ് ഇത് നടത്തുക. ഏപ്രിലിൽ ഈ ബാധ്യത കൂടി ചേർത്താകും നിരക്ക് വർധനയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
പെൻഷൻ ബാധ്യത മാത്രമല്ല, അടുത്ത വർഷത്തെ ശമ്പള വർധന കൂടി കണക്കിലെടുക്കുമ്പോൾ 480 കോടി രൂപ അധിക ബാധ്യത ആകും. ഇത് കൂടി കണക്കിലെടുത്ത് താരിഫ് ഉയർത്താനാണ് കെ.എസ്.ഇ.ബി കമ്മീഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്.


