ന്യൂഡൽഹി: വിവിധ ആവശ്യങ്ങളുന്നയിച്ച് കർഷകസംഘടനകൾ സംയുക്തമായി നടത്തുന്ന 'ഡൽഹി ചലോ' മാർച്ചിൽ അണിചേർന്ന് കൂടുതൽ കർഷകർ. എന്നാൽ കർഷകരെ ഡൽഹിയിലേക്ക് കടക്കാൻ വിടില്ലെന്ന വാശിയിൽ കേന്ദ്രസർക്കാറും. ഇതോടെ സംസ്ഥാന അതിർത്തികൾ രാജ്യാന്തര അതിർത്തികൾക്ക് സമാനമായി മാറുന്ന അവസ്ഥയാണ് എന്നും. പഞ്ചാബിലെയും ഹരിയാനയിലെയും വിവിധ കേന്ദ്രങ്ങളിൽ നിന്ന് കർഷകർ സമരമുഖത്തേക്ക് അണിചേരുകയാണ്.

പഞ്ചാബ്-ഹരിയാന അതിർത്തിയായ ശംഭുവിൽ ഇന്നും സംഘർഷാവസ്ഥ തുടരുന്നു. രാവിലെ കർഷകർക്ക് നേരെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. എന്നാൽ, പിന്മാറില്ലെന്ന് ഉറപ്പിച്ചിരിക്കയാണ് കർഷകർ. അവർ സമരമുഖത്തേക്ക് കൂടുതലായി എത്തുകയാണ്. അതേസമയം, കർഷകരുമായി വീണ്ടും ചർച്ചക്ക് തയാറാണെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ഇനിയും ചർച്ച നടത്താൻ തയാറാണെന്ന് കേന്ദ്ര കാർഷിക സഹമന്ത്രി അർജുൻ മുണ്ട പറഞ്ഞു. ചർച്ചക്കുള്ള സാഹചര്യമൊരുക്കണമെന്ന് കർഷകരോട് ആവശ്യപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച കർഷക സംഘടനകളുമായി കേന്ദ്ര സർക്കാർ നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ ചൊവ്വാഴ്ച കർഷകർ ഡൽഹി ലക്ഷ്യമിട്ട് മാർച്ച് തുടങ്ങിയത്.

സമരം ചെയ്യുന്ന കർഷകർക്ക് നേരെ ഡ്രോൺ ഉപയോഗിച്ച് കണ്ണീർവാതകം പ്രയോഗിച്ചതിൽ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെ, ഡ്രോൺ ഉപയോഗിക്കരുതെന്ന് ആവശ്യപ്പെട്ട് പഞ്ചാബ് സർക്കാർ. ഇന്നലെ പഞ്ചാബ്-ഹരിയാന അതിർത്തിയായ ശംഭുവിലാണ് പൊലീസ് ഡ്രോൺ ഉപയോഗിച്ച് സമരക്കാരെ നേരിട്ടത്. തങ്ങളുടെ അധികാര പരിധിയിൽ ഡ്രോൺ ഉപയോഗിക്കരുതെന്ന് കാണിച്ച് പഞ്ചാബിലെ പട്യാല ഡെപ്യൂട്ടി കമീഷണർ ഷൗക്കത്ത് അഹമ്മദ് ഹരിയാനയിലെ അംബാല ഡെപ്യൂട്ടി കമീഷണർക്ക് കത്ത് നൽകി.

അതേസമയം, കർഷക സമരത്തെ നേരിടാൻ കടുത്ത മാർഗങ്ങൾ സ്വീകരിക്കുകയാണ് ഹരിയാന പൊലീസ്. അതിർത്തി മേഖല പൂർണമായും ബാരിക്കേഡുകൾ വെച്ച് അടച്ചുകഴിഞ്ഞു. ഇന്നലെ ഏതാനും ബാരിക്കേഡുകൾ കർഷകർ ട്രാക്ടർ ഉപയോഗിച്ച് കെട്ടിവലിച്ച് നീക്കിയിരുന്നു. ഇതിന് പിന്നാലെ ഇന്നലെ രാത്രിയോടെ ബാരിക്കേഡുകൾ കോൺക്രീറ്റ് ചെയ്ത് റോഡിൽ ഉറപ്പിച്ചു. ബാരിക്കേഡികളിൽ മുള്ളുവേലിയും റോഡിൽ ഇരുമ്പാണികളും സ്ഥാപിച്ചിട്ടുണ്ട്. കർഷകരുടെ ഡൽഹി ലക്ഷ്യമിട്ടുള്ള യാത്ര ഏതുവിധേനയും തടയുകയാണ് ലക്ഷ്യം.

ഹരിയാനയിൽ ഏഴ് ജില്ലകളിൽ 15 വരെ മൊബൈൽ ഇന്റർനെറ്റും ബൾക്ക് എസ്.എം.എസുകളും നിരോധിച്ചു. അംബാല, കുരുക്ഷേത്ര, കൈതൽ, ജിൻഡ്, ഹിസാർ, ഫതേഹാബാദ്, സിർസ ജില്ലകളിലാണ് നിരോധനം.