- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കർഷകർ ഡൽഹിയിൽ എത്താതിരിക്കാൻ ഡൽഹി അതിർത്തികളിൽ കോൺക്രീറ്റ് സ്ലാബും മുള്ളുവേലികളും സ്ഥാപിച്ച് പൊലീസ്; ബാരിക്കേഡുകൾ ഭേദിച്ച് കർഷകർ ഡൽഹിയിലേക്ക് കടക്കാൻ ശ്രമം; ഹരിയാണ അതിർത്തിയിൽ കണ്ണീർവാതക പ്രയോഗം; സംഘർഷാവസ്ഥ
ന്യൂഡൽഹി: ഇരുനൂറിലേറെ കർഷക സംഘടനകളുടെ ആഭിമുഖ്യത്തിൽ നടത്തുന്ന 'ഡൽഹി ചലോ' കർഷക മാർച്ച് പുരോഗമിക്കുന്നു. കർഷകർ ഡൽഹിയിൽ എത്താതിരിക്കാൻ വേണ്ടി കേന്ദ്രസർക്കാർ വലിയ ശ്രമം നടത്തുമ്പോഴാണ് കർഷകർ മാർച്ചുമായി മുന്നോട്ടു പോകുന്നത്. അതിർത്തികളെല്ലാം പൊലീസ് അടച്ചെങ്കിലും ബാരിക്കേഡുകൾ ഭേദിച്ചാണ് കർഷകർ ഡൽഹിയിലേക്ക് നീങ്ങുന്നത്.
ഹരിയാണ അതിർത്തിയായ ശംഭുവിൽ പൊലീസ് കർഷകർക്കുനേരെ കണ്ണീർവാതക ഷെല്ലുകൾ പ്രയോഗിച്ചു. കർഷകർ ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ചതോടെയാണ് പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചത്. നേരത്തേ ഇവിടെ നിന്ന് കർഷകരെ അറസ്റ്റ് ചെയ്യുകയും വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
പഞ്ചാബ്-ഹരിയാന അതിർത്തിയായ ശംഭുവിലാണ് മാർച്ചിന് നേരെ പൊലീസ് കണ്ണീർവാതരം പ്രയോഗിച്ചു. കർഷകരെ അറസ്റ്റ് ചെയ്ത് നീക്കാനാണ് ശ്രമം. വൻതോതിൽ പൊലീസിനെയാണ് ഇവിടെ വിന്യസിച്ചിട്ടുള്ളത്. കർഷകരുടെ ട്രാക്ടറുകളും ട്രക്കുകളും മറ്റ് വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു. വലിയ തോതിലുള്ള കണ്ണീർവാതക പ്രയോഗമാണ് നടന്നത്. ഡ്രോൺ ഉപയോഗിച്ച് മുകളിൽ നിന്ന് കർഷകരുടെ ഇടയിലേക്ക് കണ്ണീർ വാതക ഷെൽ പ്രയോഗിച്ചു. നിരവധി കർഷകരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം, കൂടുതൽ കർഷകർ സ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
ഇന്ന് രാവിലെയാണ് കർഷകർ 'ഡൽഹി ചലോ' മാർച്ചിന് തുടക്കം കുറിച്ചത്. കർഷക സംഘടനകളുമായി കേന്ദ്ര സർക്കാർ ഇന്നലെ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് പഞ്ചാബിലെ ഫത്തേഗഡിൽ നിന്ന് രാവിലെ 10ന് സമരം തുടങ്ങിയത്. എല്ലാ ഉൽപന്നങ്ങൾക്കും താങ്ങുവില നിശ്ചയിക്കുന്ന നിയമം നടപ്പിലാക്കുക, 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമം പുനരാവിഷ്‌കരിക്കുക, കർഷകർക്കും കർഷകത്തൊഴിലാളികൾക്കും പെൻഷൻ ഉറപ്പാക്കുക, സ്വതന്ത്ര വ്യാപാര കരാർ റദ്ദാക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ചാണ് കർഷക സമരം.
കടുത്ത നടപടികളാണ് ഡൽഹി, ഹരിയാന പൊലീസ് കർഷകറാലിയെ നേരിടാൻ കൈക്കൊള്ളുന്നത്. ഡൽഹിയിലേക്ക് ട്രാക്ടറുകളുടെ പ്രവേശനം നിരോധിച്ചു. തോക്കുകൾ, സ്‌ഫോടക വസ്തുക്കൾ, ചുടുകട്ടകൾ, കല്ലുകൾ, പെട്രോൾ, സോഡാ കുപ്പി എന്നിവയും കൈയിൽ കരുതാൻ പാടില്ല. ഡൽഹിയുടെ അതിർത്തി പ്രദേശങ്ങളായ തിക്രു, സിംഘു, ഗസ്സിപൂർ, ബദർപൂർ എന്നിവിടങ്ങളിൽ വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. യാത്ര തടയാൻ ഡൽഹി അതിർത്തികളിൽ കോൺക്രീറ്റ് സ്ലാബും മുള്ളുവേലികളും പൊലീസ് സ്ഥാപിച്ചിരിക്കുകയാണ്.
#WATCH | Police use tear gas drones at the Haryana-Punjab Shambhu border to disperse protesting farmers. pic.twitter.com/LcyGpDuFbv
- ANI (@ANI) February 13, 2024
ഹരിയാന സർക്കാർ സംസ്ഥാനത്തെ ഏഴു ജില്ലകളിലെ ഇന്റർനെറ്റ് നിരോധിച്ചിട്ടുണ്ട്. മെസേജുകൾ അയക്കുന്നതിനും നിയന്ത്രണമുണ്ട്. സംസ്ഥാനത്ത് ഇന്ധന വിൽപനക്ക് നിയന്ത്രണം ഏർപ്പെടുത്തി. കർഷകർക്ക് പരമാവധി 10 ലിറ്റർ മാത്രം ഇന്ധനം വിറ്റാൽ മതിയെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.
മറുനാടന് ഡെസ്ക്