മലപ്പുറം: കേരളാംകുണ്ട് വെള്ളച്ചാട്ടം കാണാനെത്തിയ നീന്തലറിയാത്ത വിജീഷ് വെള്ളത്തിൽ മുങ്ങി ആഴമുള്ള ഭാഗത്തേക്ക് ഒഴുക്കിൽപ്പെട്ടു താഴ്‌ച്ചയിലേക്കുപോയി. കണ്ടുനിന്നവരെല്ലാം പകച്ചുനിന്നപ്പോൾ ഫസലുദ്ദീന്റെ സമയോചിത ഇടപെടലിലും മനോധൈര്യത്തിലും തിരിച്ചുകിട്ടിയത് സ്വന്തം ജീവൻ. തമിഴ്‌നാട് സ്വദേശിയായ വിജേഷാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.

കരുവാരക്കുണ്ട് കൽക്കുണ്ട് കേരളാംകുണ്ട് ടൂറിസ്റ്റ് കേന്ദ്രത്തിലെ വെള്ളച്ചാട്ടം സന്ദർശിക്കാൻ വന്നതായിരുന്നു തമിഴ്‌നാട്ടിലെ അഞ്ചംഗസംഘം . ഇവരിൽ വിജേഷിന് നീന്തൽ വശമില്ലായിരുന്നു. നാലുപേരും വെള്ളത്തിൽ ഇറങ്ങി. കൂടെ വിജേഷും. ആഴമില്ലാത്ത കേരളാംകുണ്ടിലെ വെള്ളം ഒഴുകി വീഴുന്ന താഴ്ഭാഗത്തേക്കാണ് ഇവരിറങ്ങിയത്. പിന്നീട് തെന്നിതെന്നി കൂടുതൽ ആഴമുള്ള ഭാഗത്തേക്ക് പോയതോടെ വിജേഷ് വെള്ളത്തിൽ മുങ്ങി. കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കളും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് ഒരുവിധം വലിച്ച് കരയ്ക്കടുപ്പിച്ചെങ്കിലും ക്ഷീണിതനായ വിജേഷിനെ കുത്തനെയുള്ള പാറക്കെട്ടുകളുടെ മുകളിലേക്ക് എത്തിക്കാനായില്ല.

ഈ സമയം കേരളാംകുണ്ട് വെള്ളചാട്ടം സന്ദർശിക്കാനായി എത്തിച്ചേർന്ന ദാറുന്നജാത്ത് ഹയർസെക്കൻഡറി സ്‌കൂളിലെ എൻ .എസ് . എസ് വൊളന്റിയേഴ്സും അദ്ധ്യാപകരും നിലവിളി ശബ്ദം കേട്ട് ഇങ്ങോട്ടേക്കെത്തി. തുടർന്നാണ് നജാത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ ബസ് ജീവനക്കാരൻ കൂടിയായ ഫസലുദ്ദീൻ താൻ ശ്രമിക്കാമെന്ന് പറഞ്ഞ് സുരക്ഷയ്ക്കായി സ്ഥാപിച്ചിട്ടുള്ള വലിയ കയറിലൂടെ ഫസലുദ്ദീൻ തൂങ്ങിയിറങ്ങിയത്. ശേഷം ക്ഷീണിതനായ വിജേഷിനെ സ്വന്തം ചുമലിൽ കെട്ടി മുറുക്കി. പിന്നീട് പാറക്കെട്ടുകളിലൂടെ കയർ പിടിച്ച് മുകളിലേക്ക് കയറി. തുടർന്ന് വിജേഷിന് സുരക്ഷാ ഉദ്യോഗസ്ഥർ ചേർന്ന് പ്രഥമ ശുശ്രൂഷ നൽകി. ശേഷം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഫസലുദ്ദീന്റെ സന്ദർഭോചിതമായ ഇടപെടലിലും മനോധൈര്യത്തിലും കൂടെയുള്ളവരും നാട്ടുകാരും അഭിനന്ദിച്ചു. കിണർ കുഴിച്ചാണ് കയറിൽ തൂങ്ങി കയറാനുള്ള പരിശീലനം ലഭിച്ചതെന്ന് ഫസലുദീൻ പറഞ്ഞു. ഫസലുദ്ദീന്റെ വീട്ടിലെ കിണർ സ്വന്തമായി കുഴിച്ചതാണെന്നും കയറിൽ ആടിയാടിയാണ് മുകളിലേക്ക് കയറുന്നതെന്നും ഫസലുദീൻ പറഞ്ഞു. എന്നാൽ ഇത്തരം ചെങ്കുത്തായ പാറകളിലൂടെ കയറിൽ പിടിച്ച് കയറുന്നത് ആദ്യമായിട്ടാണ്. ഒരാൾ ജീവനുവേണ്ടി പിടയുന്നത് കണ്ടപ്പോൾ മറ്റൊന്നും ആലോചിച്ചില്ലെന്നും കൂടെയുള്ളവരിൽ വിശ്വാസമർപ്പിച്ച് മനോധൈര്യത്താൽ ചെയ്യുകയായിരുന്നെന്നും ഫസലുദ്ദീൻ കൂട്ടിച്ചേർത്തു. തമിഴ്‌നാട് സ്വദേശിയുടെ ജീവൻ രക്ഷിക്കാനായതിൽ നാട്ടുകാരും സെക്യൂരിറ്റി ജീവനക്കാരും സന്തോഷത്തിലാണ്. കഴിഞ്ഞ വർഷം പൊന്നാനി സ്വദേശിയായ യുവാവ് കേരളാംകുണ്ട് വെള്ളച്ചാട്ടത്തിൽ വീണ് മരണപ്പെട്ടിരുന്നു. വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കാളികാവ് പുറ്റമണ്ണയിലെ പുളിക്കൽ ചേക്കുവിന്റെയും ആയിഷയുടെയും മകനാണ് ഫസലുദീൻ .