തിരുവനന്തപുരം: സോളാറിലെ കത്തു തിരുത്തിയത് ആര്? ദല്ലാൾ നന്ദകുമാറിന് പിന്നാലെ വെളിപ്പെടുത്തലുമായി അഡ്വ ഫെനി ബാലകൃഷ്ണനും. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരേ ഗുഢാലോചന നടന്നുവെന്ന് പരാതിക്കാരിയുടെ അഭിഭാഷകൻ ആയിരുന്ന ഫെനി ബാലകൃഷ്ണൻ ആരോപിച്ചു. പരാതിക്കാരി നൽകിയത് കത്തല്ല കോടതിൽ നൽകാനുള്ള 21 പേജുള്ള പരാതിയുടെ ഡ്രാഫ്റ്റ് ആയിരുന്നുവെന്നും ഗണേശ് കുമാർ എംഎ‍ൽഎയുടെ നിർദ്ദേശപ്രകാരം അദ്ദേഹത്തിന്റെ പി.എ. പ്രദീപിന്റേയും ശരണ്യ മനോജിന്റെയും ഇടപെടലിൽ കത്ത് നാല് പേജായി ചുരുങ്ങിയെന്നും ഫെനി മാധ്യമങ്ങളോട് പറഞ്ഞു.

21 പേജുള്ള കത്ത് പത്തനംതിട്ട ജയിലിൽ നിന്ന് എടുത്തോണ്ട് വെളിയിൽ വന്നപ്പോൾ, പരാതിക്കാരിയുടെ നിർദ്ദേശപ്രകാരം ഡ്രാഫ്റ്റ് ഗണേശ് കുമാറിന്റെ പി.എ. ആയ പ്രദീപിനെ ഏൽപ്പിച്ചു. അയാളുടെ കാറിൽ തന്നെ ബാലകൃഷ്ണപിള്ളയുടെ ഓഫീസിൽ പോയി. മൂന്ന് മണിക്കൂറിന് ശേഷം എല്ലാം ഏർപ്പാടാക്കിയിട്ടുണ്ടെന്ന് പറഞ്ഞ് എന്നെ പറഞ്ഞുവിട്ടു. പരാതിക്കാരി ജയിലിൽ നിന്ന് ഇറങ്ങിയ ശേഷം ആറ് മാസത്തോളം ശരണ്യ മനോജിന്റെ വീട്ടിലായിരുന്നു താമസം. കത്തിൽ രണ്ടാം പേജിൽ ഗണേശ് കുമാർ പരാതിക്കാരിയെ പീഡിപ്പിച്ചു എന്ന് ഉണ്ടായിരുന്നു. അത് ഒഴിവാക്കിപ്പിച്ചുവെന്നും ഫെനി ആരോപിച്ചു.

ഗണേശ് കുമാറിന് മന്ത്രിയാകണം എന്നായിരുന്നു ആഗ്രഹം. ഇത് പരാജയപ്പെട്ടപ്പോഴാണ് ഞങ്ങളോട് പത്ര സമ്മേളനം വിളിക്കാൻ പറഞ്ഞത്. ശരണ്യ മനോജ് കത്ത് എഴുതി കൈയിൽ കൊണ്ടുവന്ന് തന്നു. കത്തിൽ ഉമ്മൻ ചാണ്ടിക്കെതിരേയും ജോസ് കെ മാണിക്കെതിരേയും ലൈംഗികാരോപണം ഉണ്ടായിരുന്നു. ഇത് ശരിയല്ലാല്ലോ എന്ന് പറഞ്ഞപ്പോൾ, 'ഗണേശ് കുമാറിന്റെ നിർദ്ദേശ പ്രകാരമാണ്. അദ്ദേഹത്തിന് മന്ത്രിയാകാൻ പറ്റിയില്ല. മുഖ്യനെ താഴെയിറക്കണം' എന്നായിരുന്നു ശരണ്യ മനോജ് പറഞ്ഞത്. ആദ്യം ഉണ്ടായിരുന്ന ഡ്രാഫ്റ്റിനൊപ്പം ശരണ്യ മനോജ് തന്ന പേരുകളും ചേർത്ത് പത്ര സമ്മേളനം നടത്താൻ പറഞ്ഞു. തുടർന്ന് പരാതിക്കാരി തന്നെ കൈപ്പടയിൽ എഴുതുകയായിരുന്നു- ഫെനി പറഞ്ഞു.

ദല്ലാൾ നന്ദകുമാറിനെ കൊണ്ടുവന്നത് ഗണേശ് കുമാറിന്റെ നിർദ്ദേശപ്രകാരം ശരണ്യ മനോജിന്റെ ഇടപെടലിൽ ആണ്. എല്ലാം ശരണ്യാ മനോജിന് അറിയാം. ഇതിന്റെ മുഖ്യ സൂത്രധാരൻ ശരണ്യമനോജും ഗണേശ് കുമാറിന്റെ പി.എ. ആയിരുന്ന പ്രദീപും ആണ്. എല്ലാം ഗണേശ് കുമാറിന്റെ നിർദ്ദേശപ്രകാരമായിരുന്നു- ഫെനി ബാലകൃഷ്ണൻ ആരോപിച്ചു.

സോളാർ കേസിലെ അതിജീവിത കത്ത് എഴുതിയിട്ടില്ലെന്നും പരാതിയുടെ ഡ്രാഫ്റ്റാണ് അവർ നൽകിയതെന്നും അഡ്വ. ഫെനി ബാലകൃഷ്ണൻ പറയുന്നു. ഗണേശ് കുമാറിന്റെ നിർദ്ദേശ പ്രകാരം ശരണ്യ മനോജാണ് ഉമ്മൻ ചാണ്ടിയുടെയും ജോസ് കെ. മാണിയുടെയും പേരെഴുതി ചേർത്ത കത്തെഴുതിയതെന്നും ഫെനി ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പരാതിക്കാരി പത്തനംതിട്ട ജയിലിൽ നിന്നും കോടതിയിൽ നൽകാൻ ഏൽപ്പിച്ചത് ഒരു ഡ്രാഫ്റ്റാണ്. ആ ഡ്രാഫ്റ്റ് ശരണ്യ മനോജ്, ബാലകൃഷ്ണ പിള്ളയുടെ വീട്ടിലേക്ക് കൊണ്ടുപോയി.

പരാതിക്കാരി  ജയിലിൽ നിന്നും ഇറങ്ങിയതിന് ശേഷം രണ്ടുദിവസം തന്റെ വീട്ടിൽ താമസിച്ചു. ബാക്കി ആറുമാസം ഗണേശ് കുമാറിന്റെ നിർദ്ദേശമനുസരിച്ച് ശരണ്യ മനോജിന്റെ വീട്ടിലാണ് താമസിച്ചിരുന്നതെന്നും ഫെനി പറഞ്ഞു. ഗണേശ് കുമാറിന് മന്ത്രിയാകാൻ വേണ്ടിയുള്ള പരിശ്രമങ്ങളാണ് അവിടെ നടന്നത്. എന്നാൽ അത് പരാജയപ്പെട്ടന്ന് അറിഞ്ഞതോടെ ശരണ്യ മനോജും ഗണേശിന്റെ പിഎ പ്രദീപും തന്നെ സമീപിച്ചു. കൊട്ടാരക്കരയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ ശരണ്യ മനോജ് ഒരു കവറിൽ കത്ത് എഴുതി തന്നെ ഏൽപിച്ചു. കത്ത് വായിച്ചുനോക്കിയപ്പോൾ ഉമ്മൻ ചാണ്ടിസാറിനെക്കുറിച്ചുള്ള ലൈംഗിക ആരോപണമുണ്ടായിരുന്നു. ഒപ്പം ജോസ് കെ.മാണിയുടെ പേരുമുണ്ടായിരുന്നു.

ഉമ്മൻ ചാണ്ടിയുടെയും ജോസ് കെ. മാണിയുടെയും പേര് ഇവർ എഴുതിചേർത്തതാണെന്നും ഫെനി പറഞ്ഞു. ഇതൊരു മോശം പരിപാടിയല്ലേ എന്നു ചോദിച്ചപ്പോൾ ഗണേശ് കുമാറിന്റെ നിർദ്ദേശ പ്രകാരം തന്ന കത്താണെന്നും സാറിന് മന്ത്രിയാകാൻ സാധിച്ചില്ല അതുകൊണ്ട് എങ്ങനെയെങ്കിലും ഉമ്മൻ ചാണ്ടിയെ താഴെ ഇറക്കാനാണിതെന്നും പറഞ്ഞു. ഈ കത്ത് എന്താണ് ചെയ്യേണ്ടെതെന്ന് ചോദിച്ചപ്പോൾ കത്ത് സരിതയുടെ വീട്ടിൽ കൊണ്ടുചെന്ന് അവരുടെ കൈപടയിൽ തന്നെ കത്ത് എഴുതിക്കുക എന്നതായിരുന്നു. പിന്നീട് ആ കത്ത് ഡ്രാഫ്റ്റ് ചെയ്ത് പത്രസമ്മേളനം നടത്താനാണ് ശരണ്യ മനോജ് നൽകിയ നിർദ്ദേശം. സോളാർ കേസിന്റെ പ്രധാന സൂത്രധാരന്മാർ ഗണേശ് കുമാറിന്റെ നിർദ്ദേശപ്രകാരം എല്ലാം ചെയ്ത ഗണേശിന്റെ പിഎ പ്രദീപ് കുമാറും ശരണ്യ മനോജ തന്നെയാണ്.

ലൈംഗിക ആരോപണത്തെ ചൂഷണം ചെയ്യുകയായിരുന്നു രാഷ്ട്രീയപാർട്ടികളെല്ലാവരും. ലൈംഗികആരോപണം കൊണ്ട് ഒരു സർക്കാരിനെ താഴെ ഇറക്കുകയും മറ്റൊരു സർക്കാരിനെ അധികാരത്തിലേറ്റുകയും ചെയ്യാനുള്ള ശ്രമമാണ് നടന്നത്. ഇ.പി.ജയരാജൻ പരാതിക്കാരിയെ കാണുകയും പല കാര്യങ്ങൾ ആവശ്യപ്പെടുകയും ചെയ്തു എന്ന് പരാതിക്കാരി തന്നെ പറഞ്ഞിട്ടുണ്ടെന്നും ഫെനി പറഞ്ഞു. സജി ചെറിയാനും ഇതേ ആവശ്യം ഉന്നയിച്ച് തന്റെ വീട്ടിലെത്തിയെന്നും അതിജീവിത പറഞ്ഞതായി അദ്ദേഹം വ്യക്തമാക്കി. കുറച്ചുപേരുടെ പേര് ഒഴിവാക്കണമെന്നും മറ്റുചിലരുടെ കൂട്ടിചേർക്കണമെന്ന് ആവശ്യപ്പെട്ടും വെള്ളാപള്ളി നടേശനും എത്തിയിരുന്നുവെന്നും എന്നാൽ താൻ അതിന് തയ്യാറാകാതെ ഇരുന്നതിനാൽ അദ്ദേഹം തന്നെ പത്രസമ്മേളനം നടത്തി ഫെനി പറഞ്ഞു എന്ന രീതിയിൽ മാറ്റി.

സിഡി ഉൾപ്പെടെ പല തെളിവുകളും തന്റെ കൈയിലുണ്ടെന്നും ആ തെളിവ് ലഭിക്കാൻ പലരും സമീപ്പിച്ചിരുന്നെന്നും ഫെനി ബാലകൃഷ്ണൻ പറഞ്ഞു. എനിക്ക് ഗണേശ് കുമാർ പബ്ലിക് പ്രോസിക്യൂട്ടർ സ്ഥാനം വരെ വാഗ്ദാനം ചെയ്തിരുന്നു. പരാതിക്കാരിക്ക് വേണ്ടി വക്കീൽ ഫീസ് തന്നിരുന്നത് ഗണേശിന്റെ പിഎയാണെന്നും ഫെനി ബാലകൃഷ്ണൻ കൂട്ടിച്ചേർത്തു