കൊച്ചി: തിയേറ്ററുടമകളുടെ സംഘടനയായ ഫിയോക്കിനുള്ളിൽ പിളർപ്പിന് സാധ്യത. കലാപക്കൊടി ഉയർത്തിയതിനൊപ്പം ഒരുവിഭാഗം പുതിയ കൂട്ടായ്മയ്ക്കുള്ള ആലോചനയിലുമാണ്. നിർമ്മാതാക്കളുമായുള്ള തർക്കത്തെത്തുടർന്ന് പുതിയ മലയാളം സിനിമകൾ റിലീസ് ചെയ്യേണ്ടെന്ന തീരുമാനത്തിനെതിരെയാണ് പുതിയ നീക്കം. ദിലീപ് നായകനായ 'തങ്കമണി' മാർച്ച് ഏഴിന് റിലീസ് നിശ്ചയിച്ചിരിക്കുകയാണ്. നാദിർഷാ സംവിധാനം ചെയ്ത 'വൺസ് അപോൺ എ ടൈം ഇൻ കൊച്ചി' 23 -ന് റിലീസ് ചെയ്യേണ്ടതായിരുന്നു. സമരത്തെത്തുടർന്ന് മാർച്ച് ഒന്നിലേക്ക് റിലീസ് മാറ്റി. ഈ സാഹചര്യത്തിലാണ് പിളർപ്പിന് വഴിയൊരുങ്ങുന്നത്.

ഇഷ്ടമുള്ള പ്രൊജക്ഷൻ സംവിധാനം ഏർപ്പെടുത്താൻ അനുവദിക്കുക, ഒ.ടി.ടി. പ്ലാറ്റ്ഫോമുകൾക്ക് 42 ദിവസത്തിനുശേഷം മാത്രം സിനിമ നൽകുക തുടങ്ങിയ ആവശ്യങ്ങൾ നിർമ്മാതാക്കൾക്ക് മുമ്പാകെ ഉയർത്തിയാണ് ഫിയോക് 23 മുതൽ മലയാളം സിനിമകളുടെ റിലീസ് നിർത്തിയത്. എന്നാൽ, ഇത് പ്രസിഡന്റ് കെ. വിജയകുമാറിന്റെ ഏകപക്ഷീയ തീരുമാനമാണന്നാരോപിച്ചാണ് ഒരു വിഭാഗം രംഗത്തുവന്നിട്ടുള്ളത്. തങ്കമണിയെ തടയുകയാണ് തിയേറ്റർ സമരത്തിന്റെ ലക്ഷ്യമെന്ന വിലയിരുത്തലും സജീവമാണ്.

നിർമ്മാതാക്കൾ കൂടിയായ നടൻ ദിലീപും ആന്റണി പെരുമ്പാവൂരുമാണ് യഥാക്രമം ഫിയോക്കിന്റെ ചെയർമാനും വൈസ് ചെയർമാനും. ഫിയോക്ക് ഉണ്ടാക്കിയതും ഈ രണ്ടു പേർ ചേർന്നാണ്. പിന്നീട് ഇവർ നേതൃത്വവുമായി നിസഹകരണത്തിലായി. അ്‌പ്പോഴും സാങ്കേതികമായി ചെയർമാനും വൈസ് ചെയർമാനുമായി തുടർന്നു. നിലവിൽ അഞ്ചൽ വിജയകുമാറാണ് സംഘടനയെ നയിക്കുന്നത്. ഈ സാഹചര്യത്തിലാണ് പ്രസിഡന്റിനോട് എതിർപ്പുള്ളവർ ദിലീപിനൊപ്പം ചേർന്ന് പുതിയ സംഘടനയ്ക്കുള്ള ആലോചന തുടങ്ങിയത്.

മുമ്പ് ലിബർട്ടി ബഷീറിന്റെ നേതൃത്വത്തിലുള്ള കേരള ഫിലിം എക്‌സിബിറ്റേഴ്സ് ഫെഡറേഷനായിരുന്നു തിയേറ്ററുടമകളുടെ പ്രബല സംഘടന. ബഷീറിനോടുള്ള എതിർപ്പിൽ ഒരുവിഭാഗം പിളർന്നുമാറിയുണ്ടായതാണ് ഫിയോക്. ഇതിന് നേതൃത്വം നൽകിയത് ദിലീപും ആന്റണിയുമായിരുന്നു. ദിലീപ് ചിത്രമായ തങ്കമണിയെ ബാധിക്കാനാണ് ഫിയോക്കിന്റെ സമര പ്രഖ്യാപനമെന്നാണ് വിലയിരുത്തലും. അതുകൊണ്ടാണ് ബദലിന് ശ്രമം.

സംഘടനയ്ക്കുള്ളിൽ പ്രസിഡന്റിന്റെ ഏകാധിപത്യത്തിനെതിരേ എതിർപ്പുണ്ടായിട്ടുണ്ടെന്ന് ഒരു മുതിർന്ന ഭാരവാഹി വെളിപ്പെടുത്തി. തർക്കങ്ങളെല്ലാം ഈയാഴ്ചയ്ക്കുള്ളിൽ പരിഹരിക്കുമെന്നും പിളർപ്പിന് സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു. അപ്പോഴും അതിവേഗം സമരം തീർന്നില്ലെങ്കിൽ പിളർപ്പ് അനിവാര്യതയാകുമെന്നാണ് സൂചന. പ്രൊഡ്യൂസേഴ്സ് അസോസിയേഷനൊപ്പമാണ് സിനിമയ്ക്കുള്ളിലെ സംഘടനകൾ. താര സംഘടനയായ അമ്മയും ഫിയോക്കിന് എതിരാണ്. ഫെഫ്കയിലേയും അമ്മയിലേയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലേയും നിരവധി പേർക്ക് തിയേറ്ററുകളുണ്ട്. ഇതിനൊപ്പം മൾട്ടി പ്ലക്സുകളുടെ പിന്തുണയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനുണ്ട്.

അഞ്ചൽ വിജയകുമാറാണ് ഫിയോക്കിന്റെ നിലവിലെ നേതാവ്. ഈ സംഘടനയ്ക്ക് പിന്നിൽ പ്രവർത്തിച്ചത് നടൻ ദിലീപും മോഹൻലാലിന്റെ വിശ്വസ്തനായ ആന്റണി പെരുമ്പാവൂരുമാണ്. പിന്നീട് ഇവർ സംഘടനയിൽ നിന്നും പിന്മാറി. രണ്ടു പേർക്കും തിയേറ്ററുകൾ ഇപ്പോഴുമുണ്ട്. അതുകൊണ്ട് തന്നെ ഫിയോക്കിന്റെ സമര പ്രഖ്യാപനത്തെ ദിലീപും ആന്റണി പെരുമ്പാവൂരും ചേർന്ന് അട്ടിമറിക്കുമോ എന്നാണ് ഏവരും ഉറ്റു നോക്കുന്നത്. ഫെഫ്കയും ഈ നീക്കത്തിൽ സഹകരിച്ചേക്കും. അടുത്ത ആഴ്ചയും പുതിയ ചിത്രങ്ങൾ റിലീസ് ചെയ്താൽ അത് മറ്റൊരു സിനിമാ സംഘടനയുടെ ഉദയത്തിന് വഴിവയ്ക്കും.

ഈ വിഷയത്തിൽ ദിലീപും ആന്റണി പെരുമ്പാവൂരും നിർണ്ണായക നീക്കങ്ങൾ നടത്തുന്നുവെന്നാണ് സൂചന. ലിബർട്ടി ബഷീറിന്റെ നേതൃത്വത്തിലുണ്ടായിരുന്ന തിയേറ്ററുടമകളുടെ ഫെഡറേഷന്റെ നിരന്തര സമര പ്രഖ്യാപനത്തെ പൊളിക്കാനായിരുന്നു വർഷങ്ങൾക്ക് ദിലീപ് ഫിയോക്കുണ്ടാക്കിയത്. എന്നാൽ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട പ്രതിസന്ധികൾ കാരണം ദിലീപ് പതിയെ പിന്നോട്ട് പോയപ്പോൾ സംഘടന അഞ്ചൽ വിജയകുമാറിന്റെ കൈയിലായി. പുതിയ സംഘടനയിലൂടെ വീണ്ടും തിയേറ്ററുകളിൽ പിടിമുറുക്കാനുള്ള ഇടപടെൽ വീണ്ടും നടന്മാരും സാങ്കേതിക വിദഗ്ധരും നിർമ്മതാക്കളും ചേർന്ന് നടത്തുമെന്നാണ് സൂചന.