- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫിറോസ് കുന്നുംപറമ്പിലിനെ മത്സരിപ്പിച്ചത് തെറ്റെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഇ പി രാജീവ്; മറുപടിയായി സംഘിയെന്ന് വിളിച്ച് അധിക്ഷേപം; 'കാലം കാത്തു വെച്ച നിധിയായ ഇക്ക തൽകാലം ഇക്കാടെ പണി നോക്കെന്ന് ' തിരിച്ചടിച്ച് രാജീവും; ഫിറോസ് വീണ്ടും വിവാദത്തിൽ
കോഴിക്കോട്: കേരളത്തിന്റെ 'ആസ്ഥാന നന്മ മരമെന്നാണ്' ചാരിറ്റി പ്രവർത്തകൻ ഫിറോസ് കുന്നുംപറമ്പിൽ അറിയപ്പെടുന്നത്. ഓരോ ചാരിറ്റി പ്രവർത്തനത്തിനായി ഫിറോസ് ഇടുന്ന ഫേസ്ബുക്ക് ലൈവുകളിലൂടെ ലക്ഷക്കണക്കിന് രൂപയാണ് പിരിഞ്ഞ് കിട്ടാറുള്ളത്. അതേസമയം, ഫിറോസ് ഇത് ഒരു ബിസിനസ് ആക്കിയിരിക്കയാണെന്നും, വൻ തോതിലുള്ള തട്ടിപ്പും വെട്ടിപ്പും ഇത്തരം ചാരിറ്റി പ്രവർത്തനങ്ങളുടെ പേരിൽ ഉണ്ടാവാറുണ്ടെന്നും നേരത്തെ തന്നെ വിമർശനം ഉയർന്നതാണ്. എന്നിട്ടും കഴിഞ്ഞ നിയസഭാ തെരഞ്ഞെടുപ്പിൽ, തവനൂരിൽ മൂൻ മന്ത്രി കെ ടി ജലീലിനെതിരെ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ചത് ഫിറോസ് ആയിരുന്നു. പഴയ ഭൂരിപക്ഷം ഉണ്ടായില്ലെങ്കിലും, ജലീൽ തന്നെയാണ് ജയിച്ചത്.
പക്ഷേ ഫിറോസിന്റെ സ്ഥാനാർത്ഥിത്വം കോൺഗ്രസിലും യുഡിഎഫിലും അക്കാലത്തുതന്നെ വിവാദം ആയിരുന്നു. ഫിറോസ് കോൺഗ്രസുകാരൻ അല്ലെന്നുപോലും വിമർശനം ഉയർന്നു. ജലീൽ നടത്തിയ സ്വജനപക്ഷപാതിത്വത്തിന്റെ അടക്കം വിവാദങ്ങൾ ഫിറോസിനുനേരെ വന്ന ആരോപണങ്ങൾക്കിടയിൽ മുങ്ങിപ്പോയതായി കോൺഗ്രസിൽ വിമർശനം വന്നിരുന്നു. എന്നാൽ മുസ്ലിംലീഗ് ഒറ്റക്കെട്ടായി, ഫിറോസിന് പിന്നിൽ ഉറച്ചു നിൽക്കയായിരുന്നു.
വിമർശിക്കുന്നവന് സംഘിപ്പട്ടം
എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട്, വർഷം രണ്ട് കഴിയുമ്പോഴും ഫിറോസിന്റെ സ്ഥാനാർത്ഥിത്വം വിമർശന വിധേയമാവുകയാണ്്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഇ പി രാജീവാണ് ഈ വിഷയം വീണ്ടും ഉന്നയിച്ചിരിക്കുന്നത്. യൂത്ത് കോൺഗ്രസിന്റെ ജില്ലാ സമ്മേളനത്തിൽ തവന്നൂരിലെ സ്ഥാനാർത്ഥി നിർണ്ണയം പാളിയെന്ന് രാജീവ് തുറന്നടിച്ചിരുന്നു. പക്ഷേ ഇത് വാർത്തയായതോടെ അതിരൂക്ഷമായാണ് ഫിറോസ് പ്രതികരിച്ചത്. ഇ പി രാജീവിനെ സംഘിയെന്ന് വിളിച്ച് ആക്ഷേപിച്ചുകൊണ്ട് ഫിറോസ് കുന്നുംപറമ്പിൽ രംഗത്ത് വന്നിരുന്നു. ഇതിനെതിരെ കോൺഗ്രസിൽ നിന്നും യൂത്ത് കോൺഗ്രസിൽ നിന്നും ഫിറോസ് കുന്നുംപറമ്പിൽ രംഗത്തുവന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു.
ഇപ്പോൾ തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് ഇ പി രാജീവ് ഫിറോസിനെതിരെ കടുത്ത വിമർശനമാണ് ഉയർത്തുന്നത്. ഇ പി രാജീവിന്റെ ഫേസ്്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്:
'കഴിഞ്ഞ ദിവസങ്ങളിലായി സമൂഹ മാധ്യമങ്ങളിൽ ഫിറോസ് കുന്നുംപറമ്പിലും അദ്ദേഹത്തിന്റെ ചില വെട്ടുകിളികളും എനിക്കെതിരേ എന്തൊക്കെയോ പറഞ്ഞതായി അറിയാൻ കഴിഞ്ഞു.സംഘടനാപരമായ തിരക്കുകളും താനൂരിൽ ഉണ്ടായ അപകടവും എല്ലാം കാരണം എനിക്ക് ആ വിഷയത്തിലെ എന്റെ അഭിപ്രായം പറയാൻ സാധിക്കാതെ വന്നു.
ഞാൻ സംസ്ഥാന ജനറൽ സെക്രട്ടറി ആയുള്ള യൂത്ത് കോൺഗ്രസിന്റെ ജില്ലാ സമ്മേളനത്തിൽ എനിക്ക് ശരി എന്നു തോന്നിയ ഒരു അഭിപ്രായം പറഞ്ഞതിന്റെ മേൽ ആണ് തവനൂരിലെ യു ഡി എഫ് സ്ഥാനാർത്ഥി ആയിരുന്ന ഫിറോസ് എനിക്ക് സംഘിപ്പട്ടം ചാർത്തി തന്നത്. കൃത്യമായ രാഷ്ട്രീയ നിലപാട് ഇല്ലാത്ത ഒരാളോട് എനിക്ക് എന്റെ കോൺഗ്രസ് പാരമ്പര്യം പറഞ്ഞ് മനസ്സിലാക്കി കൊടുക്കേണ്ട ബാധ്യത എനിക്കില്ല. ഞാൻ ഈ പാർട്ടിയോടുള്ള കടമ തിരഞ്ഞെടുപ്പിൽ നിരവേറ്റിയിട്ടുണ്ട്. ഫിറോസിന് പകരം എന്റെ പാർട്ടി ആരെ നിയോഗിച്ചാലും ഞാൻ എന്റെ ജോലി ചെയ്യും.ആരുടെയും പണം വാങ്ങി പൊതുപ്രവർത്തനം നടത്തുന്ന ആളല്ല ഞാൻ. സ്വന്തമായി അധ്വാനിച്ച് ഉണ്ടാക്കുന്ന പണം കൊണ്ടാണ് ഞാൻ പൊതുപ്രവർത്തനം നടത്തുന്നത്.ആരുടെയും പണം വാങ്ങാത്തതുകൊണ്ട് എനിക്ക് ഒരു രാഷ്ട്രീയ അബദ്ധത്തെ ചിലരെ പോലെ ന്യായീകരിക്കാൻ സൗകര്യമില്ല.സമൂഹ മാധ്യമങ്ങളിലെ എന്റെ സുഹൃത്തുക്കളോട് ഞാൻ മുൻപും പറഞ്ഞിട്ടുണ്ട്.എന്റെ പിതാവ് എനിക്ക് രാജീവ് എന്ന് പേരിട്ടത് തന്നെ കോൺഗ്രസിനോടും രാജീവ് ഗാന്ധിയോടുമുള്ള ഇഷ്ടം കൊണ്ടാണ്.അതുകൊണ്ട് തന്നെ ഞാൻ ജനിച്ച മുതൽക്കേ കോൺഗ്രസ് ആണ്.മരണം വരെയും അങ്ങനെ ആയിരിക്കും.കാലം കാത്തു വെച്ച നിധിയായ ഇക്ക തൽകാലം ഇക്കാടെ പണി നോക്ക്. കൂടെ നിന്നവർക്ക് നന്ദി''- ഇങ്ങനെയാണ് രാജീവ് പോസ്റ്റ് അവസാനിപ്പിക്കുന്നത്. ഈ പോസ്റ്റിന്റെ ചുവടുപിടിച്ച് ഫിറോസിന്റെ ആരാധകരും യൂത്ത് കോൺഗ്രസ് പ്രവർത്തകരും സോഷ്യൽ മീഡിയയിൽ കൊമ്പ് കോർക്കയാണ്.
ഇതോടെ ഒരു ഇടവേളക്കുശേഷം ഫിറോസ് കുന്നുംപറമ്പിൽ വീണ്ടും വിവാദങ്ങളിൽ നിറയുകയാണ്.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ