തിരുവനന്തപുരം: പെരുമാതുറയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് രണ്ടുപേർ മരിച്ചു. പത്തോളം മത്സ്യത്തൊഴിലാളികളെ കാണാതായി. നാലുപേർ നീന്തി രക്ഷപ്പെട്ടു. വർക്കല സ്വദേശികളായ ഷാനവാസ്, നിസാം എന്നിവരാണ് മരിച്ചത്. വലിയ തിരകളെ തുടർന്ന് തീരത്തിന് സമീപത്ത് വച്ചാണ് വള്ളം മറിഞ്ഞത്.

ഉച്ചയ്ക്ക് ശേഷം അഞ്ചുതെങ്ങിൽ നിന്നും കടലിലേക്ക് പോയ ബോട്ടാണ് അപകടത്തിൽപ്പെട്ടത്. വലിയ തിരയിൽപ്പെട്ട് ബോട്ട് മറിയുകയായിരുന്നു. 24 പേർ ബോട്ടിലുണ്ടായിരുന്നതായാണ് റിപ്പോർട്ടുകൾ. അപകടത്തിൽപ്പെട്ട 4 പേർ നീന്തി കരയിലെത്തി. മറ്റു ചിലരെ ബോട്ടുകളിലെത്തി രക്ഷപ്പെടുത്തി. അതിൽ ഒരാളുടെ നില ഗുരുതരമാണ്. കരയിലെത്തിയ എല്ലാവരെയും പ്രാഥമിക ചികിത്സ നൽകിയ ശേഷം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

ഇതിൽ ഒരാളുടെ നില ഗുരതരമായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയേക്കും. അഞ്ചുതെങ്ങ് ഹാർബറിലുള്ള മത്സ്യത്തൊഴിലാളികൾ ബോട്ടുകളുമായി വള്ളം മറിഞ്ഞ ഭാഗത്തേക്ക് പോയി രക്ഷാപ്രവർത്തനം നടത്തി വരികയാണ്. കോസ്റ്റൽ പൊലീസും രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ട്.

സംസ്ഥാനത്തെ മധ്യ - തെക്കൻ ജില്ലകളിൽ അടുത്ത ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നാളെ നാല് ജില്ലകളിൽ അതിതീവ്രമഴയ്ക്കുള്ള സാധ്യത മുൻനിർത്തി റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് റെഡ് അലർട്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റു ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്.

ഉത്രാടനാളായ മറ്റന്നാൾ സംസ്ഥാനത്തെ എട്ട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. പാലക്കാട്, എറണാകുളം, ഇടുക്കി കോഴിക്കോട്, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്, തിരുവോണദിനത്തിൽ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ അതിതീവ്രമഴ പെയ്യാനുള്ള സാധ്യതയാണ് കാലാവസ്ഥാ നിരീക്ഷകേന്ദ്രവും ദുരന്തനിവാരണ അഥോറിറ്റിയും മുന്നിൽ കാണുന്നത്. ഈ സാഹചര്യത്തിൽ മലയോരമേഖലയിലടക്കം അതീവ ജാഗ്രത വേണമെന്ന് നിർദ്ദേശമുണ്ട്. കോമറിൻ തീരത്തെ ചക്രവാതച്ചുഴിയും പടിഞ്ഞാറൻ കാറ്റുമാണ് സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാവാൻ കാരണം.