- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇക്കുറി പൂക്കളം തീർക്കുന്നത് സ്വന്തം നാട്ടിലെ പൂക്കൾ കൊണ്ടാകാം! പുളിന്താനത്തെ ചെണ്ടുമല്ലി വസന്തം പുഷ്പ്പകൃഷിയിൽ കേരളത്തിൽ പുതു സാധ്യതകളും നൽകുന്നു; വർണ്ണവന്തം ആവോളം കണ്ടാസ്വദിക്കാൻ നാടിന്റെ നാനാഭാഗത്തു നിന്നും സന്ദർശക പ്രവാഹം; സന്തോഷച്ചിരിയിൽ വനിതാ വേദിയിലെ വീട്ടമ്മമാരും
കോതമംഗലം: താലൂക്കിലെ പുളിന്താനത്ത് ചെണ്ടുമല്ലി വസന്തം. ഇവിടെ വിസ്തൃതമായ പ്രദേശത്ത് 2500-ലധികം ചെടികളാണ് പൂവിട്ട് നിൽക്കുന്നത്. വർണ്ണവന്തം ആവോളം കണ്ടാസ്വദിക്കാൻ നാടിന്റെ നാനാഭാഗത്തുനിന്നും ഇവിടേയ്ക്ക് സന്ദർശകരും എത്തുന്നുണ്ട്. പുളിന്താനം കൈരളി വായനശാലയിലെ വനിതവേദി പ്രവർത്തകരാണ് കാടുമൂടിക്കിടന്ന പ്രദേശം ചെണ്ടുമല്ലിപ്പാടമായി രൂപപ്പെടുത്തിയിട്ടുള്ളത്. നട്ടുനനച്ച്, പരിപാലിച്ച ചെടികൾ പൂവിട്ടതിൽ പറഞ്ഞറിയക്കാനാവാത്ത സന്തോഷത്തിലാണ് വീട്ടമ്മമാർ.
മണ്ണുത്തിയിൽ നിന്നും വാങ്ങിയ തൈകളാണ് ഇപ്പോൾ പൂവിട്ട് നിൽക്കുന്നത്. മുന്തിയ ഇനത്തിൽപ്പെട്ട ചെടികൾ ആയതിനാൽ പൂക്കൾക്ക് കൂടുതൽ വലിപ്പവും ഭംഗിയുമുണ്ടെന്നാണ് ചൂണ്ടികാണിപ്പെടുന്നത്. നിലവിൽ പോത്താനിക്കാട് കൃഷിഭവനിൽ നിന്നും സഹായങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും ലഭിക്കുന്നുണ്ടെന്നും ആവശ്യമായ സഹായ -സഹകരണങ്ങൾ ലഭിച്ചാൽ വരും വർഷങ്ങളിലും ചെണ്ടുമല്ലി കൃഷിയുമായി മുന്നോട്ടുപോകുമെന്നും വനിതവേദി ഭാരവാഹികളായ സൂസൺ ജോൺ, ജിജി അനീഷ് ,ഡെയ്സി ജെയിംസ് എന്നിവർ പറഞ്ഞു.
ആവശ്യമുള്ള പച്ചക്കറികൾ സ്വയം ഉൽപ്പാദിപ്പിക്കുക എന്ന ലക്ഷ്യം വിജയകരമായി പൂർത്തിയാക്കിയ അനുഭവ സമ്പത്തുമായിട്ടാണ് ഇവർ ചെണ്ടുമല്ലി കൃഷിയലേയ്ക്ക് തിരിഞ്ഞത്. തൈകൾ നടീൽ ഉൾപ്പെടെ എല്ലാ ജോലികളും സ്വന്തം നിലയിലാണ് വനിതാവേദി പ്രവർത്തകർ നിർവഹിച്ചത്.2500 കിലോയ്ക്കടുത്ത് പൂക്കൾ വിൽപ്പന നടത്താനാകുമെന്നാണ് വായനശാല പ്രവർത്തകരുടെ പ്രതീക്ഷ
ഓണത്തിന് പൂക്കൾ വിരിഞ്ഞത് വിപണന സാധ്യതയും വർദ്ധിപ്പിച്ചിട്ടുണ്ടെന്നും ഒരു ചെടിയിൽ നിന്നും ഏകദേശം ഒരുകിലോ പൂ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വായനശാല പ്രസിഡന്റ് പോൾ സി ജേക്കബ് വ്യക്തമാക്കി. പൂന്തോട്ടത്തിലെ വിളവെടുപ്പ് ഉദ്ഘാടനം തിങ്കാഴ്ച്ച രാവിലെ 10 ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് വർഗീസ് നിർവഹിക്കും.താലൂക്ക് ലൈബ്രറി കൗൺസിൽ ഭാരവാഹികൾ പങ്കെടുക്കും.
മറുനാടന് മലയാളി ലേഖകന്.