- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രോസ്റ്റഡ് ചിക്കൻ കഴിച്ച 50 ഓളം പേർക്ക് ഭക്ഷ്യവിഷബാധയുണ്ടായിട്ടും ഹോട്ടലിനെ സംരക്ഷിക്കുന്ന പഞ്ചായത്തും, ആരോഗ്യവകുപ്പും പൊലീസും; വെള്ളത്തിന്റെയും ടൊമാറ്റോ സോസിന്റേയും സാമ്പിൾ എടുത്ത് പരിശോധന അട്ടിമറിച്ചു; മലപ്പുറത്ത് നീതി തേടി ഇരകൾ കോടതിയിലേക്ക്
മലപ്പുറം: റെസ്റ്റോറന്റിൽ നിന്നും ബ്രോസ്റ്റഡ് ചിക്കൻ കഴിച്ച 50 ഓളം പേർക്ക് ഭക്ഷ്യവിഷബാധ. കുട്ടികളടക്കമുള്ളവർ ഗുരുതര ആരോഗ്യപ്രശ്നങ്ങളോടെ ആശുപത്രിയിലായിട്ടും ഹോട്ടലിനെതിരെ നടപടിയില്ല. രാഷ്ട്രീയ സ്വാധീനത്തിൽ എല്ലാംഅട്ടിമറിച്ചു. നീതി തേടി ഇരകൾ കോടതിയെ സമീപിക്കുകയാണ്.
കഴിഞ്ഞ ഏപ്രിൽ 23നു രാത്രി 12ഓടെ മലപ്പുറം തിരൂരങ്ങാടി എ.ആർ. നഗർ പഞ്ചായത്തിലെ ഇരുമ്പുചോലയിൽ പ്രവർത്തിക്കുന്ന ഹബ് ടൗൺ എന്ന റസ്റ്റോറന്റിൽ നിന്നും ഭക്ഷണം കഴിച്ചവർക്കാണു ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടായത്. ഭക്ഷണം കഴിച്ച ഉടനെയും പിറ്റേന്നു പുലർച്ചെയുമാണ് ഛർദിയും വയറിളക്കവും മറ്റു ലക്ഷണങ്ങളാലും അമ്പതോളം പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചത്.
പ്രാഥമികാരോഗ്യകേന്ദ്രത്തിലെത്തിയവരുടെ അവസ്ഥ ഗുരുതരമാണെന്നു പറഞ്ഞ് തിരൂരങ്ങാടി താലൂക്കാശുപത്രിയിലേക്കും തുടർന്ന് ചില കുട്ടികളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി. പരിശോധനയിൽ ഭക്ഷ്യവിഷബാധയാണെന്ന് തെളിഞ്ഞതായി ഇരകൾ പറയുന്നു. എന്നാൽ ഈ ഹോട്ടലിനെ സംരക്ഷിക്കുന്ന നിലപാടാണു എ.ആർ. നഗർ പഞ്ചായത്തും, പൊലീസും എടുക്കുന്നതെന്നും പഞ്ചായത്ത് പ്രസിഡന്റിനെ സഹോദരന് പങ്കുള്ള ഹോട്ടലാണിതെന്നും പരാതിക്കാർ ആരോപിക്കുന്നു. ഇതിനാൽ കേസ് അട്ടിമറിക്കാനാണ് ശ്രമമെന്നും ഇവർ പറഞ്ഞു.
ഈ സ്ഥാപനത്തിന് ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ഭക്ഷ്യവസ്തുക്കൾ ഉണ്ടാക്കി വിൽപന നടത്താൻ ലൈസൻസില്ലെന്നും ഇവർ ആരോപിച്ചു. കേസ് അട്ടിമറിക്കുന്നതിന്റെ ഭാഗമായി ഭക്ഷ്യവിഷബാധ ഏറ്റ ബ്രോസ്റ്റ്സ് ചിക്കൻ പരിശോധിക്കുന്നതിനു പകരം വെള്ളത്തിന്റേയും ടൊമാറ്റോ സോസിന്റേയും സാമ്പിൾ എടുത്താണു പരിശോധന നടത്തിയതെന്നും ഇതിനെതിരെ നിയമപരമായി പോരാടുമെന്നും എൻ.പി. മൻസൂർ, ഉള്ളടാൻ ഷാഷി, പുതുക്കുടി സൈതു, കാവുങ്ങൾ ഷമീൽ, പാലമടത്തിൽ കോഴിശ്ശേരി മുനീർ, പാലമടത്തിൽ കോഴിശ്ശേരി അബ്ദുള്ള എന്നിവർ പറഞ്ഞു.
ഭക്ഷ്യവിഷബാധയേറ്റവിരിൽ പലരും ഏഴൂദിവസവും അതിൽ കൂടുതൽ ദിവസങ്ങളും ആശുപത്രിയിൽ ചികിത്സക്കുവേണ്ടി അഡ്‌മിറ്റാവുകയും ചെയ്തിരുന്നു. സംഭവത്തെ തുടർന്ന് മേൽപറഞ്ഞ ഹോട്ടലിനെതിരെ പൊലീസിലും ഭക്ഷ്യസുരക്ഷാ ഓഫീസിലും ഇരകൾ പരാതി നൽകിയിരുന്നു. ഇതിനെ തുടർന്നു ഏപ്രീൽ 25നു ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ ഹോട്ടൽ അടപ്പിച്ചിരുന്നു. എന്നാൽ പിറ്റേദിവസം ഹോട്ടൽ ക്ലീനിങ് നടത്തി തെളിവുകൾ നശിപ്പിച്ചു. ഇതോടെ നാട്ടുകാർ ഇടപെട്ടതിന് ശേഷം വീണ്ടും ഹോട്ടൽ അടച്ചു.
പിഴ അടപ്പിച്ച് വീണ്ടും ഹോട്ടൽ തുറന്നു പ്രവർത്തിക്കാനുള്ള നീക്കം വീണ്ടും നടക്കുന്നുണ്ട്. ഈ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചതിനാൽ ഭക്ഷ്യവിഷബാധ ഏറ്റിട്ടും തങ്ങളുടെ പരാതിയിൽ മേലധികാരിൽ നടപടിയെടുത്തില്ലെന്നാണു ഇരകൾ ആരോപിക്കുന്നത്. ഇതിനാൽ നിയമപരമായി പരപ്പനങ്ങാടി മജിസ്ട്രേറ്റ് കോടതി മുഖേനയും, മലപ്പുറത്തെ ഉപഭോക്തൃ കോടതി മുഖേനയും നിയമപരമായി പേരാടുമെന്നും ഭക്ഷ്യവിഷബാധ ഏറ്റ വിവിധ കുടുംബങ്ങളെ പ്രതിനിധീകരിച്ച് എൻ.പി. മൻസൂർ, ഉള്ളടാൻ ഷാഷി, പുതുക്കുടി സൈതു, കാവുങ്ങൾ ഷമീൽ, പാലമടത്തിൽ കോഴിശ്ശേരി മുനീർ, പാലമടത്തിൽ കോഴിശ്ശേരി അബ്ദുള്ള എന്നിവർ പറഞ്ഞു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്