- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചിക്കനോ പൊറോട്ടയോ ഫ്രൈഡ് റൈസോ അതോ വെൽക്കം ഡ്രിങ്ക്സോ വില്ലൻ? മലപ്പുറം മാറാഞ്ചേരിയിലെ വിവാഹ വീട്ടിൽ നൂറിലധികം പേർക്ക് ഭക്ഷ്യവിഷബാധയേറ്റതിൽ അന്വേഷണം; സുഖമില്ലാതായത് വരന്റെ വീട്ടിൽ വിരുന്നിന് പോയവർക്ക്
മലപ്പുറം: മാറാഞ്ചേരിയിലെ വിവാഹ വീട്ടിൽ നിന്നും വരന്റെ വീടായ കാലടിയിലേക്കു വിവാഹ സൽക്കാരത്തിനുപോയി ഭക്ഷണം കഴിച്ച് നൂറിലധികംപേർക്ക് ഭക്ഷ്യവിഷബാധയേറ്റതു വെള്ളത്തിൽനിന്നാണെന്ന് പ്രാഥമിക നിഗമനം. വെള്ളത്തിന് പുറമെ ചിക്കന്റേയും, ഫ്രൈഡ്‌റൈസിന്റെയും പൊറോട്ടയുടേയും സാമ്പിൾ വിശദമായി പരിശോധിക്കുന്നുണ്ട്. വെൽക്കം ഡ്രിങ്സായി നൽകിയ വെള്ളത്തിൽ നിന്നാണു ഭക്ഷ്യവിഷബാധയെന്ന കരുതപ്പെടുന്നതെന്നും മുഴുവൻ പരിശോധനാ റിപ്പോർട്ടും പുറത്തുവന്നാലെ ഔദ്യോഗികമായി പറയാൻ സാധിക്കൂവെന്നും ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.
കാലടി പ്രാഥമികാരോഗ്യകേന്ദ്രത്തിന് കീഴിലാണു ഭക്ഷണ പദാർഥങ്ങളുടെ സാമ്പിൾ എടുത്തു പരിശോധന നടത്തുന്നത്. മാറഞ്ചേരിയിലെ പെൺവീട്ടിൽ നിന്നും കാലടിയിലെ വരന്റെ വീട്ടിലേക്കുപോയ 27പേർ നിലവിൽ മാറാഞ്ചേരി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ചികിത്സയിലുണ്ടെന്നു ഡോ. അരുൺ പറഞ്ഞു. ഇവർക്കു പുറമെ കാലടിയിലെ വരന്റെ വീട്ടിൽ നിന്നും കഴിച്ച 30ഓളംപേർ കാലടിയിലും ചികിത്സയിലുണ്ട്. ഈ കഴിഞ്ഞ ബുധനാഴ്ചയാണ് മാറേഞ്ചേരി സ്വദേശിനിയുടെ വിവാഹം നടന്നത്.
കാലടിയിലെ വരന്റെ വീട്ടിൽ പോയി ഭക്ഷണം കഴിച്ചു തിരിച്ചെത്തിയവർക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. ഭക്ഷണം കഴിച്ച് തിരിച്ചെത്തിയ ബുധനാഴ്ച തന്നെ ചിലർ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ചികിത്സ തേടിയിരുന്നു. തുടർന്ന്, ഇന്നലെയും ഇന്നുമായാണ് കൂടുതൽ പേർക്ക് പനി, ചർദ്ദി, വയറിളക്കം എന്നിവയുമായി മാറഞ്ചേരിയിലെയും പരിസരപ്രദേശത്തെയും വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർക്കാണു ഭക്ഷ്യവിഷബാധ ഉണ്ടായിരിക്കുന്നത്. ഇതിൽ ഏറ്റവും കൂടുതൽ കുട്ടികളാണെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.
ആരുടെയും നില ഗുരുതരമല്ല. ബുധനാഴ്ച നടന്ന വിവാഹ സൽക്കാരത്തിലാണ് ഇത്രയും കൂടുതൽ പേർക്ക് ഭക്ഷ്യവിഷബാധ ഉണ്ടായതെന്ന് മാറാഞ്ചേരി വാർഡ് അംഗം പറഞ്ഞു. സംഭവത്തിൽ ആരോഗ്യകുപ്പിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നിലവിൽ ഭക്ഷ്യവിഷബാധ ഉണ്ടായ എല്ലാവരും വിവിധ ആശുപത്രികളിൽ പ്രാഥമിക ചികിത്സ തേടി നിരീക്ഷണത്തിൽ തുടരുകയാണ്. അതേസമയം, മാറഞ്ചേരി കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ ഡോക്ടർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും നേതൃത്വത്തിൽ എല്ലാവർക്കും നല്ല ചികിത്സ തന്നെ നൽകിയിട്ടുണ്ടെന്നും വാർഡ് അംഗം പറഞ്ഞു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്