- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പട്ടികയുടെ രണ്ട് പേജ് മേശപ്പുറത്ത് വച്ച് ഫോട്ടോ എടുത്തു; പേരുകൾ വായിച്ചെടുക്കാം; മൂന്നാം പേജിൽ എപിസിസിഎഫിന്റെ ഒപ്പും; 'മേൽപറഞ്ഞ പട്ടിക അതേപടി അംഗീകരിച്ച് ഉത്തരവാകണം' എന്ന ശുപാർശയും കാണാം; വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റപ്പട്ടിക സർക്കാർ തീരുമാനമാകും മുൻപേ ചോർന്നു; അട്ടിമറിയെന്ന് സംശയം
കോഴിക്കോട്: വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റപ്പട്ടിക സർക്കാർ തീരുമാനമാകും മുൻപേ ചോർന്നത് വിവാദത്തിൽ. അഴിമതിക്കു വേണ്ടിയാണ് ഇത് നടത്തിയതെന്നാണ് സംശയം 17 അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർമാരുടെ സ്ഥലംമാറ്റപ്പട്ടിക അഡീഷനൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ തയാറാക്കി, വനം അഡിഷനൽ ചീഫ് സെക്രട്ടറിക്ക് അയച്ചിരുന്നു. ഇതാണ് ചോർന്നത്. സംഭവത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന സംശയത്തെത്തുടർന്ന് വനം മന്ത്രിയുടെ ഓഫിസ് അന്വേഷണത്തിന് നിർദ്ദേശം നൽകി.
പട്ടികയുമായി മുന്നോട്ടു പോകാനാവില്ലെന്നും തുടർനടപടികൾ ഉടൻ തീരുമാനിക്കുമെന്നും മന്ത്രി എ.കെ.ശശീന്ദ്രൻ വ്യക്തമാക്കി. നടപടിക്രമങ്ങളുടെ ഗുരുതരമായ ലംഘനം നടന്നതായാണ് വിലയിരുത്തൽ. സ്ഥലംമാറ്റം സംബന്ധിച്ച് മന്ത്രിയുടെ ഓഫിസിൽ പ്രാഥമിക ചർച്ചകൾ നടന്നു. അഡീഷനൽ ചീഫ് സെക്രട്ടറിയുടെ അഭിപ്രായം ആരാഞ്ഞ ശേഷം അന്തിമ ഉത്തരവ് ഇറക്കാൻ നിർദ്ദേശിച്ചു. ഇതിനായി തയാറാക്കിയ പട്ടികയുടെ രണ്ടു പേജാണ് ചോർന്ന് ഡിഎഫ്ഒമാരുടെ വാട്സാപ്പിൽ ലഭിച്ചത്. ഇത് ഗുരുതര ചട്ടലംഘനമാണ്.
വാട്സാപ്പിൽ എത്തിയതോടെ ഇക്കാര്യം മന്ത്രിയുടെ ഓഫീസിന്റെ ശ്രദ്ധയിൽ പെട്ടു. സ്ഥലംമാറ്റപ്പട്ടിക പാടേ അട്ടിമറിക്കാൻ ഉദ്ദേശിച്ചാണ് ചോർത്തൽ എന്നാണ് വിലയിരുത്തൽ. സ്ഥലംമാറ്റം നേടിയെടുക്കാൻ ചില ഡിഎഫ്ഒമാർ ശ്രമിച്ചിരുന്നു. വൻതോതിൽ പിരിവും ഇതിന്റെ പേരിൽ നടന്നതായി ആരോപണമുണ്ട്. തിരുവനന്തപുരത്ത് ചില സംഘങ്ങളും സജീവം. രാഷ്ട്രീയ പിന്തുണയോടെയാണ് ഇതെല്ലാം നടക്കുന്നത്. അന്യായമായി ചിലർ പട്ടികയിൽ ഇടംപിടിച്ചു. ഇങ്ങനെ ഇടം കിട്ടിയവർക്ക് 'പണി' കൊടുക്കാൻ കരുതിക്കൂട്ടി പട്ടിക ചോർത്തിയതാവാം എന്ന നിഗമനത്തിലാണ് ഉന്നതർ.
പട്ടികയുടെ രണ്ട് പേജ് മേശപ്പുറത്ത് വച്ച് ഫോട്ടോ എടുത്തതാണ് പുറത്തുവന്നത്. പേരുകൾ വായിച്ചെടുക്കാം. മൂന്നാം പേജിൽ എപിസിസിഎഫിന്റെ ഒപ്പും ഉണ്ട്. 'മേൽപറഞ്ഞ പട്ടിക അതേപടി അംഗീകരിച്ച് ഉത്തരവാകണം' എന്ന ശുപാർശയും എഴുതിയിരിക്കുന്നു. എപിസിസിഎഫിന്റെ ഓഫിസിൽ നിന്നു തന്നെയാകാം പട്ടിക ചോർന്നത് എന്ന നിഗമനത്തിലാണ് അന്വേഷണം. വകുപ്പിന്റെ ചരിത്രത്തിൽ ആദ്യമായാണ് സർക്കാർ തീരുമാനം ആകും മുൻപ് പട്ടിക പുറത്തു വരുന്നത്. ഇതാണ് വനം വകുപ്പിനെ ഞെട്ടിക്കുന്നത്.
ഏതായാലും ഈ പട്ടിക അതേ പടി അംഗീകരിക്കാതിരിക്കാനുള്ള ഗൂഢാലോചനയായി ഭരണകക്ഷി സംഘടനാ നേതാക്കൾ വിലയിരുത്തുന്നുണ്ട്. ഇതിന് പിന്നിൽ ചില ശക്തികളുണ്ടെന്നും പറയുന്നു. അതു കൊണ്ട് തന്നെ പട്ടികയിലെ രാഷ്ട്രീയ സ്വാധീനമുള്ളവർക്ക് അവർ ആഗ്രഹിക്കുന്നിടത്ത് മാറ്റം കിട്ടാൻ സാധ്യത ഏറെയാണ്.
മറുനാടന് മലയാളി ബ്യൂറോ