- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
പെൻഷൻ പ്രായം ഉയർത്തുന്നതിനെ എതിർക്കുന്ന മുഖ്യമന്ത്രി; ഇരുചെവിയറിയാതെ കാര്യം സാധിക്കാൻ കേരള വനം വികസന കോർപ്പറേഷനിലെ അസാധാരണ നടപടികൾ; പി എസ് സി റാങ്ക് ലിസ്റ്റ് നോക്കുകുത്തിയാകുമോ?

കൊല്ലം: പൊതുമേഖലാ സ്ഥാപനമായ കേരള വനം വികസന കോർപ്പറേഷനിൽ (കെ.എഫ്.ഡി.സി.) പെൻഷൻ പ്രായം ഉയർത്താൻ നീക്കം വിവാദത്തിൽ. പി എസ് സി റാങ്ക് ലിസ്റ്റ് അട്ടിമറിക്കാനാണ് നീക്കം. ബോർഡുകളിലെയും കോർപ്പറേഷനുകളിലെയും 'അസിസ്റ്റന്റ് ' തസ്തികയിൽ പി.എസ്.സി. റാങ്ക് പട്ടിക നിലവിൽ വന്നത് ഈ അടുത്ത കാലത്താണ്. ഇതിന് പിന്നാലെയാണ് പെൻഷൻ പ്രായം 58-ൽനിന്ന് അറുപതായി ഉയർത്താൻ ശ്രമം നടത്തുന്നത്. ഇതോടെ നിരവധി പേർക്ക് ജോലി സാധ്യത അടയും.
സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്താൻ നീക്കം നടന്നിരുന്നു. എന്നാൽ യുവാക്കളുടെ ജോലി പ്രശ്‌നം പരിഗണിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ അതിന് അനുകൂല നിലപാട് എടുത്തില്ല. അത് വേണ്ടെന്ന് വച്ചു. ഇതിനിടെയാണ് ചില പൊതു മേഖലാ സ്ഥാപനങ്ങൾ പെൻഷൻ പ്രായം ഉയർത്താൻ ശ്രമിക്കുന്നത്. ഇതിന് പിന്നിൽ അഴിമതി ആരോപണം പോലും പലയിടത്തും ഉയർന്നിരുന്നു. ഇതിനിടെയാണ് കേരള വനം വികസന കോർപ്പറേഷനിൽ സമാന നീക്കം.
ഡയറക്ടർ ബോർഡിൽ എതിർപ്പുണ്ടായതിനെ തുടർന്ന് തൊഴിലാളി യൂണിയനുകളുടെ യോഗം വിളിച്ച് പെൻഷൻ പ്രായം ഉയർത്തുന്നതിന് അനുകൂലമായ തീരുമാനമെടുപ്പിക്കാനാണ് ശ്രമം. ഒരു പതിറ്റാണ്ടിലേറെ കോർപ്പറേഷനിൽ സിഐ.ടി.യു. യൂണിയൻ നേതാവായിരുന്ന തൃശ്ശൂർ ഡിവിഷണൽ മാനേജർ ടി.കെ.രാധാകൃഷ്ണന്റെ രേഖാമൂലമുള്ള അഭ്യർത്ഥന മാനിച്ച് അസാധാരണ നടപടികളാണ് കെ.എഫ്.ഡി.സി.യിൽ നടക്കുന്നത്.
പെൻഷൻ പ്രായം ഉയർത്തണമെന്നു കാട്ടി ടി.കെ.രാധാകൃഷ്ണൻ നൽകിയ നിവേദനം ഡയറക്ടർ ബോർഡ് യോഗത്തിന്റെ അജൻഡയിൽ ഉൾപ്പെടുത്തി. ബോർഡിലെ സിപിഎം.പ്രതിനിധി, ഇത്തരം ആലോചനതന്നെ സർക്കാർ നിലപാടിനെതിരാണെന്നു പറഞ്ഞ് ശക്തമായി എതിർത്തു. സിപിഐ. പ്രതിനിധി ഗോപിനാഥും വിയോജിച്ചു. ഒടുവിൽ തൊട്ടടുത്ത ഡയറക്ടർ ബോർഡ് യോഗത്തിൽ ടി.കെ.രാധാകൃഷ്ണനെ കേൾക്കാൻ തീരുമാനിച്ചു. ടി.കെ.രാധാകൃഷ്ണൻതന്നെ ബോർഡിനു മുന്നിലെത്തി പെൻഷൻ പ്രായം ഉയർത്തണമെന്ന് ആവശ്യപ്പെട്ടു.
ഈ യോഗത്തിലും ബോർഡ് അംഗങ്ങളിൽനിന്ന് എതിർപ്പുണ്ടായി. ഇതേത്തുടർന്നാണ് തൊഴിലാളി യൂണിയൻ പ്രതിനിധികളുടെ യോഗം വിളിച്ചിരിക്കുന്നത്. 24-ന് രാവിലെ 11-ന് കോട്ടയത്തെ ഹെഡ് ഓഫീസിൽ നടക്കുന്ന യോഗത്തിൽ ചെയർപേഴ്സൺ ലതികാ സുഭാഷും മാനേജിങ് ഡയറക്ടർ ജോർജി പി.മാത്തച്ചനും തൊഴിലാളി യൂണിയൻ നേതാക്കളുമായി ചർച്ച നടത്തും.
പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം ഉയർത്തില്ലെന്ന് 2022 നവംബറിൽ മന്ത്രിസഭയെടുത്ത തീരുമാനം ഇപ്പോഴും നിലവിലുണ്ട്. പെൻഷൻ പ്രായം ഉയർത്തുന്നത് ഉദ്യോഗാർഥികൾക്ക് വലിയ തിരിച്ചടിയാണ്. ഇതെല്ലാം വലിയ പ്രതിഷേധമായി മാറാൻ സാധ്യതയുണ്ട്.


