- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബെനഡിക്ട് പതിനാറാമന്റെ ആരോഗ്യനില അതീവ ഗുരുതരം; 95 കാരനായ മുൻ മാർപാപ്പ വൈദ്യസംഘത്തിന്റെ പരിചരണത്തിൽ; പ്രത്യേകം പ്രാർത്ഥിക്കണമെന്ന് ഫ്രാൻസിസ് മാർപ്പാപ്പ; മുൻഗാമിയുടെ ആരോഗ്യനിലയെ കുറിച്ച് അറിയിച്ചത് വിശ്വാസികളെ അഭിസംബോധന ചെയ്യവേ
വത്തിക്കാൻ: ആരോഗ്യനില മോശമായതിനെ തുടർന്ന് ആഗോള കത്തോലിക്കാസഭയുടെ മുൻ തലവൻ പോപ്പ് എമിരറ്റ്‌സ് ബനഡിക്ട് പതിനാറാമൻ ഗുരുതരാവസ്ഥയിൽ. ബുധനാഴ്ച വിശ്വാസികളെ അഭിസംബോധന ചെയ്യവേ ഫ്രാൻസിസ് മാർപ്പാപ്പയാണ് 95-കാരനായ തന്റെ മുൻഗാമിയുടെ ആരോഗ്യനിലയെ കുറിച്ച് അറിയിച്ചത്. ഒൻപതുവർഷം മുൻപാണ് ബനഡിക്ട് പതിനാറാമൻ സ്ഥാനം ഒഴിഞ്ഞത്. പോപ്പ് എമിരറ്റ്‌സ് ബനഡിക്ട് പതിനാറാമനു വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമെന്നും ഫ്രാൻസിസ് മാർപ്പാപ്പ അഭ്യർത്ഥിച്ചു.
പ്രായാധിക്യംമൂലം, കഴിഞ്ഞ കുറച്ചു മണിക്കൂറുകളായി അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായി തുടരുകയാണെന്ന് വത്തിക്കാൻ വക്താവും സ്ഥിരീകരിച്ചു. ഡോക്ടർമാരുടെ സംഘം അദ്ദേഹത്തെ നിരീക്ഷിക്കുന്നുണ്ട്. ബുധനാഴ്ച വിശ്വാസികളെ അഭിസംബോധന ചെയ്തതിന് പിന്നാലെ ഫ്രാൻസിസ് മാർപ്പാപ്പ, ബനഡിക്ട് പതിനാറാമനെ സന്ദർശിക്കുകയും ചെയ്തിരുന്നു.
95 കാരനായ ബെനഡിക്ട് പതിനാറാമൻ ഇപ്പോൾ വൈദ്യസംഘത്തിന്റെ പ്രത്യേക ചികിത്സയിലാണ്. ബെനഡിക്ട് പതിനാറാമനായി എല്ലാവരും പ്രാർത്ഥിക്കണമെന്ന് പോപ് ഫ്രാൻസീസ് ആവശ്യപ്പെട്ടു.
പ്രായാധിക്യം ചൂണ്ടിക്കാണിച്ച് 2013-ലാണ് ബനഡിക്ട് പതിനാറാമൻ, മാർപ്പാപ്പ സ്ഥാനം ഒഴിഞ്ഞത്. കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ കഴിഞ്ഞ അറുനൂറു കൊല്ലത്തിനിടെ സ്ഥാനം രാജിവെക്കുന്ന ആദ്യ മാർപ്പാപ്പയായിരുന്നു ഇദ്ദേഹം. ഇതിന് മുൻപ് ഇത്തരമൊരു സ്ഥാനമൊഴിയൽ നടത്തിയത് 1415-ൽ ഗ്രിഗറി പന്ത്രണ്ടാമൻ ആയിരുന്നു.
വത്തിക്കാനിലെ പോൾ ആറാമൻ ഹാളിൽവെച്ച് നടന്ന തന്റെ പതിവനുസരിച്ചുള്ള പൊതു അഭിസംബോധനക്കിടയിലാണ് ഫ്രാൻസിസ് പാപ്പ, ബെനഡിക്ട് പതിനാറാമൻ പാപ്പയ്ക്കു വേണ്ടി പ്രാർത്ഥിക്കണമെന്ന് അറിയിച്ചത്.
''നിശബ്ദമായി സഭയെ നിലനിർത്തിക്കൊണ്ട് പോകുന്ന ബെനഡിക്ട് പാപ്പയ്ക്കു വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുവാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. അദ്ദേഹത്തെ ഓർക്കുക അദ്ദേഹം വളരെ രോഗബാധിതനാണ് അദ്ദേഹത്തെ ആശ്വസിപ്പിക്കുവാനും അവസാനം വരെ സഭയോടുള്ള സ്‌നേഹത്തിന്റെ സാക്ഷ്യത്തിൽ അദ്ദേഹത്തെ നിലനിർത്തുവാനും കർത്താവിനോട് അപേക്ഷിക്കുക''- ഫ്രാൻസിസ് പാപ്പ അഭ്യർത്ഥിച്ചു. മുൻപാപ്പയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള കൂടുതൽ കാര്യങ്ങളൊന്നും വിശദമാക്കിയില്ല.
വത്തിക്കാനിലെ മാറ്റർ ഏക്‌ളേസിയ ആശ്രമത്തിലാണ് ബെനഡിക്ട് പാപ്പ കഴിയുന്നത്. മുൻ പാപ്പ എന്ന നിലയിൽ ബെനഡിക്ട് പതിനാറാമൻ തിരുസഭയ്ക്കും, ദൈവശാസ്ത്ര രംഗത്തിനും നൽകിയ സംഭാവനകളെ ഡിസംബർ 1-ന് വത്തിക്കാനിൽവെച്ച് നടന്ന റാറ്റ്‌സിംഗർ പ്രൈസ് അവാർഡ് ദാന ചടങ്ങിൽവെച്ച് ഫ്രാൻസിസ് പാപ്പ പ്രശംസിച്ചിരുന്നു.
സാർവ്വത്രിക സഭക്ക് വേണ്ടിയുള്ള പ്രാർത്ഥനയിൽ അദ്ദേഹത്തിന്റെ ആത്മീയ സാന്നിധ്യവും, അകമ്പടിയും നമ്മൾ അനുഭവിക്കുന്നുണ്ടെന്നും അദ്ദേഹത്തിന്റെ ദൈവശാസ്ത്ര പ്രവർത്തനപരമായ സംഭാവനകളും, ചിന്തകളും ഫലപ്രദമാകുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിൽ പ്രധാനപ്പെട്ടതാണെന്നും പാപ്പ അന്ന് പറഞ്ഞിരുന്നു.
തന്റെ വിശ്രമ ജീവിതം പ്രാർത്ഥനയിലും, ധ്യാനത്തിലും ചിലവഴിച്ചു വരികയായിരുന്ന ബെനഡിക്ട് പതിനാറാമന്റെ ആരോഗ്യം സമീപ വർഷങ്ങളിലായി ക്ഷയിച്ചു വരികയാണ്. ബെനഡിക്ട് പതിനാറാമൻ പാപ്പയുടെ നിലവിലെ ആരോഗ്യത്തെ സംബന്ധിച്ച വത്തിക്കാന്റെ ഔദ്യോഗിക അറിയിപ്പൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. സമീപകാലത്ത് പുറത്തുവന്ന ചില ഫോട്ടോകളിൽ നിന്നും ബെനഡിക്ട് പതിനാറാമൻ ഏറെ ക്ഷീണിതനായാണ് കാണപ്പെടുന്നത്.
ന്യൂസ് ഡെസ്ക്