തിരുവനന്തപുരം: മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം. ഇതോടെ കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ബി.എ പരീക്ഷ പാസാവാത്ത എസ്.എഫ്.ഐ നേതാവ് പി.എം.ആര്‍ഷോക്ക് എം.എ ക്ലാസ്സില്‍ പ്രവേശനം നല്‍കിയ മഹാരാജാസ് കോളജിന് 2020 വരെ മാത്രമേ ഓട്ടോണമസ് പദവി യു.ജി.സി നല്‍കിയിട്ടുള്ളൂ. കോളജ് 2021 വര്‍ഷം മുതല്‍ പ്രവര്‍ത്തിക്കുന്നത് യു.ജി.സി യുടെ അംഗീകാരമില്ലാതെയാണ്. ഇത് പരിശോധിക്കാതെ പ്രിന്‍സിപ്പലിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ എം.ജി യൂണിവേഴ്‌സിറ്റി ബിരുദങ്ങള്‍ നല്‍കുന്നത് അസാധുവാകുമെന്നും സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി അറിയിച്ചു.

അഫീലിയേഷന്‍ നല്‍കിയിട്ടുള്ള എം.ജി സര്‍വകലാശാലയും, മഹാരാജാസ് കോളജ് അധികൃതരും അംഗീകാരം നഷ്ടപെട്ട കാര്യങ്ങള്‍ മറച്ചുവച്ചത് പരീക്ഷ നടത്തിപ്പില്‍ വ്യാപകമായ കൃത്രിമത്തിന് സഹായകമായതായി ആരോപണമുണ്ട്. 2014 ല്‍ യൂ.ഡി.എഫ് സര്‍ക്കാരാണ് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിനും, എറണാകുളം മഹാരാജാസ് കോളജിനും ഓട്ടോണമസ് പദവി നല്‍കാന്‍ തീരുമാനിച്ചത്.

എന്നാല്‍, യൂണിവേഴ്‌സിറ്റി കോളേജില്‍ പരിശോധനക്ക് എത്തിയ യു.ജി.സി സംഘത്തെ എസ്.എഫ്.ഐ വിദ്യാര്‍ഥികളും ഒരു വിഭാഗം അധ്യാപകരും തടഞ്ഞതിനെ തുടര്‍ന്ന് പരിശോധന നടത്താതെ അവര്‍ മടങ്ങുകയായിരുന്നു. എന്നാല്‍ മഹാരാജാസ് കോളജില്‍ പരിശോധന നടത്തി കോളജിന് 2020 വരെ ഓട്ടോണമസ് പദവി നല്‍കി. ആദ്യം എസ്.എഫ്.ഐ യും ഒരു വിഭാഗം അധ്യാപകരും എതിര്‍ത്തുവെങ്കിലും എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ അവര്‍ നിലപാട് മാറ്റി. അതോടെ കോളജ് ഭരണത്തിലും പരീക്ഷ നടത്തിപ്പിലും, മൂല്യ നിര്‍ണയത്തിലും വിദ്യാര്‍ഥികളുടെ ഇടപെടല്‍ ശക്തമായി.

കോളജ് പ്രവേശനത്തിലും, പരീക്ഷ നടത്തിപ്പിലും ഫല പ്രഖ്യാപനത്തിലും വ്യാപകമായ കൃത്രിമം നടന്നതായി നേരത്തെ ആക്ഷേപമുണ്ട്. കോളജിന്റെ അംഗീകാരം പുതുക്കുന്നതിനുള്ള നടപടികളോ യു.ജി.സി യുടെ കോളജ്തല പരിശോധനയോ കൈകൊണ്ടിട്ടില്ല. കോളജ് പ്രിന്‍സിപ്പല്‍ എം.ജി. സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗമായിരുന്നിട്ടും യൂണിവേഴ്‌സിറ്റി ഇക്കാര്യങ്ങളില്‍ ശ്രദ്ധവെക്കാനും തയാറായില്ല.

എം.ജി യൂണിവേഴ്‌സിറ്റിയില്‍ അഫീലിയേറ്റ് ചെയ്തിട്ടുള്ള ചില സ്വകാര്യ ഓട്ടോണമസ് കോളജുകള്‍ക്ക് യു.ജി.സി യുടെ തുടര്‍ അംഗീകാരം ലഭിച്ചിട്ടുണ്ടെങ്കിലും എം.ജി യൂണിവേഴ്‌സിറ്റി നിശ്ചയിച്ച ഭീമമായ വാര്‍ഷിക ഫീ അടക്കാന്‍ കോളജ് അധികൃതര്‍ വിസമ്മതിച്ചതിന്റെ പേരില്‍ തുടര്‍ അംഗീകാര ഉത്തരവ് എം.ജി യൂണിവേഴ്‌സിറ്റി തടഞ്ഞുവച്ചിരിക്കുകയാണ്. എന്നാല്‍ മഹാരാജാസിന് യു.ജി.സിയുടെ തുടര്‍ അംഗീകാരം തന്നെ ഇല്ലെന്നത് മറച്ചുവച്ചാണ് യൂണിവേഴ്‌സിറ്റി, ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത്.

സിലബസ് അംഗീകരിക്കുന്നതും, ചോദ്യ കടലാസ് തയാറാക്കുന്നതും, പരീക്ഷ നടത്തിപ്പും, മൂല്യനിര്‍ണയവും, ഫല പ്രഖ്യാപനവും കോളജില്‍ തന്നെ നടത്തുന്നതുകൊണ്ട് ഈ അവസരം ഒരു വിഭാഗം അധ്യാപകരും വിദ്യാര്‍ഥികളും ദുരുപയോഗം ചെയ്യുന്നതായ ആക്ഷേപം വ്യാപകമാണ്. കോളജിന്റെ ഓട്ടോണമസ് പദവി നഷ്ടപെട്ട സാഹചര്യത്തില്‍ കോളജിനെ എംജി യൂണിവേഴ്‌സിറ്റിയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ മാറ്റണമെന്നും, 2021 ന് ശേഷമുള്ള വിദ്യാര്‍ഥി പ്രവേശനം, ക്ലാസ്സ് കയറ്റം, പരീക്ഷ നടത്തിപ്പ് എന്നിവ പുന പരിശോധിക്കണമെന്നും, കോളജ് പ്രിന്‍സിപ്പല്‍ ശുപാര്‍ശ ചെയ്യുന്നവര്‍ക്ക് ബിരുദങ്ങള്‍ നല്‍കുന്നത് യൂണിവേഴ്‌സിറ്റി തടയണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി മുഖ്യമന്ത്രിക്കും, വിദ്യാഭ്യാസ മന്ത്രിക്കും, എം.ജി വി.സി ക്കും നിവേദനം നല്‍കിയെന്ന് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.