കോഴഞ്ചേരി: ഓർത്തഡോക്സ് സഭ നിലയ്ക്കൽ ഭദ്രാസനത്തിൽ സമീപ കാലത്തുണ്ടായ വിവാദ വിഷയങ്ങൾ പരാമർശിച്ച് വിവാദ നായകനായ ഫാ. മാത്യൂസ് വാഴക്കുന്നത്തിന്റെ പ്രസംഗം. പത്തനംതിട്ട ജില്ലാ കഥകളി ക്ലബ് സംഘടിപ്പിക്കുന്ന കഥകളി മേളയിൽ സ്‌കൂൾ വിദ്യാർത്ഥികൾക്കുള്ള ആസ്വാദന കളരിയിൽ പ്രസംഗിക്കുമ്പോഴാണ് ഫാ. വാഴക്കുന്നം തന്റെ അനുഭവം പരാമർശ വിധേയമാക്കിയത്.

മോശം വാക്കുകളിലൂടെ പ്രതികരിക്കേണ്ടി വരുന്നത് അതിന് ഇടമുണ്ടാക്കുന്നവരോട് പ്രതിഷേധിക്കേണ്ടി വരുമ്പോഴാണെന്ന് ഫാ. മാത്യൂസ്
വാഴക്കുന്നം പറഞ്ഞു. പ്രശസ്തനായ എൻ.എൻ.കക്കാട് അദ്ദേഹത്തിന്റെ പാതാളത്തിന്റെ മുഴക്കം എന്ന കവിതയിൽ ആടടാ ചെറ്റേ എന്ന് എഴുതിയപ്പോൾ ഇത് മോശമല്ലേ എന്ന് ഇഷ്ടക്കാർ ചോദിച്ചിരുന്നു. കവിതയിൽ ഇത്തരം പ്രയോഗങ്ങൾ പാടുണ്ടോ എന്നും. അതിന് കക്കാട് നൽകിയ മറുപടി എന്റെ രോഷം പ്രകടിപ്പിക്കാൻ എനിക്ക് വേറെ വാക്കുകളില്ല, എന്നായിരുന്നു.

ഇതിലും മോശമായ തെറി ഉണ്ടായിരുന്നെങ്കിൽ ഞാൻ അത് പറയുമായിരുന്നു. തെറി തെറിച്ചു പോകുന്നതാണ്. ദേഷ്യം പ്രകടമാക്കാനുള്ളതുമാണ്. ദേഷ്യം വരുമ്പോഴും പ്രതിഷേധിക്കുമ്പോഴും വരുന്ന വാക്കുകളാണിത്. ഭാഷയിൽ തന്നെ ഉള്ളതുമാണ്. എന്നാൽ അത് പ്രയോഗിക്കാൻ ഇടയാക്കുന്നത് അതിന് ഇടമുണ്ടാക്കുന്നവരോട് പ്രതികരിക്കേണ്ടി വരുമ്പോഴാണ്, അങ്ങനെ ഉള്ള രീതികൾ ഉണ്ടാകുമ്പോഴാണ് എന്നും ഫാ.മാത്യൂസ് വാഴക്കുന്നം പറയുന്നു.

ഓരോരുത്തരെയും വളർത്തുന്നവർ വഴിയാണ് സ്നേഹം വരുന്നത്. എവിടെയെങ്കിലും എപ്പോഴെങ്കിലും മോശം വാക്കുകൾ വരുന്നുണ്ടെങ്കിൽ അതും ഇതിലൂടെ ഉണ്ടാകുന്നതാണ് എന്നും അദ്ദേഹം പറഞ്ഞു. നിലക്കൽ ഭദ്രാസന മെത്രാപ്പൊലീത്തക്ക് എതിരെ സമൂഹ മാധ്യമങ്ങളിൽ പ്രതികരിച്ചതിന് സഭാ തല അന്വേഷണം നേരിടുകയാണ് ഫാ. വാഴക്കുന്നം. നിലയ്ക്കൽ ഭദ്രാസന സെക്രട്ടറി ഫാ. ഷൈജു കുര്യൻ ബിജെപിയിൽ ചേരുകയും കേന്ദ്ര മന്ത്രി വി.മുരളീധരനിൽ നിന്നും അംഗത്വം സ്വീകരിക്കുകയും ചെയ്തതോടെയാണ് ഭദ്രാസനത്തിൽ വിശ്വാസികൾ പരസ്പരം പോരടിച്ചു തുടങ്ങിയത്.

ഇതിനിടയിൽ ആയിരുന്നു മെത്രാപ്പൊലീത്തക്കെതിരെ വ്യക്തിപരമായ പരാമർശങ്ങൾ നടത്തി ഫാ. വാഴക്കുന്നം ശബ്ദരേഖ ഇറക്കിയത്.ഇത് വൈറലായതോടെയാണ് സഭാ നേതൃത്വവും ബാവയും ഇടപെട്ടത്. നിലവിൽ വാഴക്കുന്നത്തെ എല്ലാ ചുമതലകളിൽ നിന്നും പരി. കാതോലിക്ക ബാവ മാറ്റി നിർത്തിയിരിക്കുകയാണ്. നിലയ്ക്കൽ ഭദ്രാസനാധിപനെ നിക്കോദിമോസേ ഡാഷ് മോനേ എന്ന് വിളിച്ചതോടെയാണ് വാഴക്കുന്നം വെട്ടിലായത്. അതു വരെ പിന്തുണച്ചിരുന്ന സിപിഎം നേതാക്കൾ വരെ അച്ചനോട് അകന്നു. അച്ചനൊപ്പമുണ്ടായിരുന്ന വിശ്വാസികളും പിന്മാറി.