മലപ്പുറം: കേരളത്തിൽ ആദ്യമായി ഒരു ക്ഷേത്രത്തിന് കീഴിൽ പാവപ്പെട്ട വൃക്ക രോഗികൾക്ക് സൗജന്യ ഡയാലിസിസ് കേന്ദ്രം യാഥാർഥ്യമായി. കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിന് കീഴിൽ ആരംഭിക്കുന്ന സൗജന്യ ഡയാലിസിസ് സെന്റർ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. കാടാമ്പുഴ ദേവസ്വം വർഷങ്ങളായി തുടരുന്ന കാരുണ്യപ്രവർത്തനങ്ങളുടെ ഭാഗമാണ് പുതിയ ഡയാലിസിസ് കേന്ദ്രവും ആശുപത്രിയും.

1988 മുതൽ പ്രവർത്തിക്കുന്ന ധർമാശുപത്രിയുടെ തുടർച്ചയായാണ് നിർധനരായ വൃക്കരോഗബാധിതർക്ക് പ്രയോജനപ്പെടുന്ന സൗജന്യചികിത്സാകേന്ദ്രം ആരംഭിച്ചത്. ഭാവിയിൽ നെഫ്രോളജി വിഭാഗത്തിന് പ്രാധാന്യം നൽകുന്ന ആശുപത്രിയും ഗവേഷണകേന്ദ്രവുമായി കേന്ദ്രത്തെ മാറ്റിയെടുക്കുകയാണ് ലക്ഷ്യം.

വൃക്കയുടെ രൂപത്തിൽ പണിത 10,000 ചതുരശ്രയടിയിലുള്ള കെട്ടിടത്തിലാണ് കേന്ദ്രം പ്രവർത്തിക്കുന്നത്. 25 ഡയാലിസ് യന്ത്രങ്ങൾ ഇവിടെയുണ്ടാവും. 10 എണ്ണം പ്രവർത്തന സജ്ജമാണ്. 15 എണ്ണം കൂടെ ഉടൻ സ്ഥാപിക്കും. പത്ത് കോടി രൂപയാണ് ആദ്യഘട്ടത്തിൽ ചെലവായത്. കഴിഞ്ഞ തൃക്കാർത്തിക ദിവസം ആയിരുന്നു ദേവസ്വത്തിന്റെ കീഴിൽ സൗജന്യ ഡയാലിസിസ് കേന്ദ്രം ആരംഭിക്കാനുള്ള പ്രഖ്യാപനം നടത്തിയത്.

മാനവ സേവ മാധവ സേവ എന്ന സന്ദേശം ഉറക്കെ പ്രഖ്യാപിക്കുക ആണ് ഇതിലൂടെ കാടാമ്പുഴ ദേവസ്വവും മലബാർ ദേവസ്വം ബോർഡും.
അതേ സമയം സത്യസായി ഓർഫനേജ് ട്രസ്റ്റ് കേരളാ സൗജന്യമായി ഇവിടെ ഒരു ഡയാലിസിസ് ടെക്നീഷ്യനെ നൽകിയിട്ടുണ്ട്.
ഇയാൾക്കുള്ള വേതനം ട്രസ്റ്റായിരിക്കും നൽകുക. നിലവിൽ ഡയലാലിസ് സെന്ററിൽ മൂന്നു സ്റ്റാഫ് നഴ്സ്, രണ്ട് ഡയാലിസിസ് ടെക്നീഷ്യൻസ്, മൂന്ന് ക്ലിനിങ് സ്റ്റാഫ് എന്നിവനെയാണ് ജീവനക്കാരായി നിയമിച്ചിട്ടുള്ളത്. 10 യന്ത്രങ്ങൾ പൂർണമായും പ്രവർത്തിപ്പിക്കേണ്ടതിനാൽ തന്നെ കൂടൂതൽ സ്റ്റാഫിനെ ഉടൻ നിയമിക്കും.

അടുത്ത ഘട്ടമായി ഈ കേന്ദ്രത്തെ വൃക്കമാറ്റിവെയ്ക്കൽ സൗകര്യങ്ങളോടെയുള്ള ഒരു സ്പെഷ്യാലിറ്റി നെഫ്രോളജി ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ ആക്കി വികസിപ്പിക്കുന്നതും ദേവസ്വത്തിന്റെ ആലോചനയിലുണ്ട്. നിലവിൽ പരിമിത സൗകര്യങ്ങളോടെ പ്രവർത്തിക്കുന്ന ഡിസ്പെൻസറി കൂടുതൽ ചികിത്സ സംവിധാനങ്ങളോട് കൂടിയ ആശുപത്രി ആയി വികസിപ്പിക്കും. ഒരു ദേവസ്വത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തുതന്നെ ആദ്യമായാണ് സൗജന്യ ഡയാലിസിസ് സെന്റർ സ്ഥാപിക്കുന്നത്.

കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിന്റെ കീഴിൽ തുടക്കം കുറിച്ച ഡയാലിസിസ് സെന്റർ നാടിന് ഗുണം ചെയ്യുമെന്ന് കേന്ദ്രം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സാമൂഹിക പ്രതിബദ്ധതയുള്ളവർക്കാണ് ഇത്തരം കാര്യങ്ങൾ ചെയ്യാൻ കഴിയുക. കാടാമ്പുഴ ക്ഷേത്രത്തിന്റെ പ്രവർത്തനം അഭിനന്ദനാർഹമാണ്. അവയവമാറ്റം അടക്കമുള്ള ചികിത്സക്ക് ഇന്നത്തെ കാലത്ത് വലിയ ചെലവ് വരുന്നുണ്ട്. ഈ സാഹചര്യത്തിൽ കോഴിക്കോട് അവയവ മാറ്റത്തിനുള്ള സ്ഥാപനം തുടങ്ങാൻ സർക്കാർ തീരുമാനിച്ചു. അതിന്റെ പ്രാരംഭ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ദേശീയ തലത്തിൽ ശ്രദ്ധിക്കുന്ന രീതിയിലാവും സ്ഥാപനത്തിന്റെ പ്രവർത്തനം. എല്ലാ അവയവമാറ്റത്തിനും ഇവിടെ സൗകര്യമുണ്ടാവും. ദേശീയ തലത്തിൽ പ്രശസ്തി നേടിയവർ പ്രവർത്തനത്തിന് മേൽനോട്ടം വഹിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങിൽ കായികമന്ത്രി വി അബ്ദുറഹ്‌മാൻ അധ്യക്ഷനായി. പ്രൊഫ. കെ.കെ ആബിദ് ഹുസൈൻ തങ്ങൾ എംഎ‍ൽഎ മുഖ്യാതിഥിയായി. ഡയാലിസിസ് കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച മുൻ എക്സിക്യൂട്ടീവ് ഓഫീസറും മലബാർ ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമ്മീഷണറുമായ എ.എസ് അജയകുമാറിനെ മുഖ്യമന്ത്രി ഉപഹാരം നൽകി ആദരിച്ചു. കാടാമ്പുഴ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ ടി. ബിനേഷ്‌കുമാർ പദ്ധതി വിശദീകരിച്ചു. മിലിന ജല ശുദ്ധീകരണ പ്ലാന്റ് ഉദ്ഘാടനം മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ മുരളി നിർവഹിച്ചു. മലബാർ ദേവസ്വം ബോർഡ് കമ്മിഷണർ പി. നന്ദകുമാർ, മാറാക്കര പഞ്ചായത്ത് പ്രസിഡന്റ് സജിത നന്നേങ്ങാടൻ, ഡോ. പീയൂസ് നമ്പൂതിരിപ്പാട് , കാടാമ്പുഴ ദേവസ്വം മാനേജർ എൻ വി മുരളീധരൻ എന്നിവർ സംസാരിച്ചു.