- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൈതോലപ്പായയിൽ രണ്ടര കോടിയുടെ കടത്ത്; ജി. ശക്തിധരൻ മൊഴി നൽകാൻ ഹാജരായി; ഒന്നും പ്രതികരിക്കാനില്ലെന്ന് ശക്തിധരന്റെ പ്രതികരണം; മൊഴി രേഖപ്പെടുത്തുന്നത് കന്റോൺമെന്റ് എ.സി.പിയുടെ നേതൃത്വത്തിൽ; എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുക പ്രാഥമിക അന്വേഷണത്തിന് ശേഷം
തിരുവനന്തപുരം: കൈതോലപ്പായയിൽ സിപിഎം ഉന്നത നേതാവ് പണം കടത്തിയെന്ന ആരോപണത്തിൽ ദേശാഭിമാനി മുൻ അസോസിയറ്റ് എഡിറ്റർ ജി. ശക്തിധരൻ മൊഴി നൽകാൻ ഹാജരായി. കന്റോൺമെന്റ് എ.സി.പിയുടെ നേതൃത്വത്തിലാണ് മൊഴി രേഖപ്പെടുത്തുന്നത്. പ്രാഥമിക അന്വേഷണത്തിന് ശേഷമാകും പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കുക.
മാധ്യമങ്ങളോട് പ്രതികരിക്കാതെയാണ് ജി ശക്തിധരൻ മൊഴി നൽകാൻ ഹാജരായത്. ഉന്നത നേതാവ് കൈതോലപ്പായയിൽ പൊതിഞ്ഞ് രണ്ടരക്കോടി കടത്തിയെന്നും പ്രമുഖ ഹോട്ടലിൽ നിന്ന് 20 ലക്ഷം വാങ്ങിയെന്നുമായിരുന്നു ശക്തിധരന്റെ വെളിപ്പെടുത്തൽ. പണം കടത്തിയതിന് സാക്ഷിയാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ശക്തിധരന്റെ ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ബെന്നി ബെഹനാൻ എംപിയാണ് പൊലീസ് മേധാവിക്ക് പരാതി നൽകിയത്.
അതേസമയം, പൊലീസ് തന്റെ ഫോൺ നിരീക്ഷിക്കുന്നതായി ശക്തിധരൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇന്നലെ ആരോപിച്ചിരുന്നു. ഒരാഴ്ചയായി ഗൂഢസംഘം തന്റെ ഫോണിൽ ഏത് അസമയത്തും കടന്നുകയറി അസഭ്യവർഷം ചൊരിയുകയാണ്. സൈബർ ആക്രമണത്തിന് പിന്നിൽ പാർട്ടിയിൽ അമിതാധികാര കേന്ദ്രമായി വാഴുന്ന ക്ഷുദ്രജീവികളാണ്. വിദേശത്തു നിന്നുള്ള ഇന്റർനെറ്റ് കോളുകളാണ് ഏറെയും. ഇതിനെക്കാൾ ഭേദം കൊല്ലുകയാണെന്നും കുറിപ്പിൽ പറയുന്നു.
കൈതോലപ്പായ വിവാദത്തിൽ പൊലിസ് അന്വേഷണം മെല്ലോപകുന്നുവെന്ന ആരോപണങ്ങൾക്കിടെയാണ് ഇന്നലെ പൊലിസ് നടപടികൾ ഊർജ്ജിതമാക്കിയത്. ശക്തിധരന്റ ആരോപണം മുൻനിർത്തി കോൺഗ്രസ് നേതാവ് ബെന്നി ബെഹ്നാൻ നൽകിയ പരാതിയിലാണ് കൈതോലപ്പായ ആരോപണത്തിലെ പ്രാഥമിക അന്വേഷണം പൊലീസ് നടത്തുന്നത്. ഇതിന് പുറമെ കോൺഗ്രസ് നേതാക്കൾ നൽകിയ മറ്റ് രണ്ട് പരാതികളിലും പൊലീസ് പ്രാഥമിക അന്വേഷണം നടത്തുന്നുണ്ട്.
സമൂഹമാധ്യമങ്ങൾ വഴി അപമാനിക്കുന്നുവെന്ന കെ സുധാകരന്റെ പരാതിയിലും സുധാകരനെതിരായ പോക്സോ ആരോപണത്തിൽ ടി യു രാധാകൃഷ്ണൻ നൽകിയ പരാതിയിലുമാണ് പൊലീസ് പ്രാഥമിക അന്വേഷണം തുടങ്ങിയിട്ടുള്ളത്. പ്രതിപക്ഷ പരാതികളിൽ പൊലീസിന് മെല്ലപ്പോക്കാണെന്ന ആക്ഷേപം തള്ളിക്കളഞ്ഞ് പൊലീസ് മേധാവി രംഗത്തെത്തുകയും ചെയ്തിരുന്നു.
മറുനാടന് മലയാളി ബ്യൂറോ