- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കെ എസ് ടി എ വേദിയിൽ മുതിർന്ന സഖാവ് നടത്തിയത് രൂക്ഷ വിമർശനം
ആലപ്പുഴ: സർക്കാർ സംവിധാനങ്ങളെ രൂക്ഷമായി വിമർശിച്ച് സിപിഎം നേതാവ് ജി സുധാകരൻ. കൈമടക്ക് കൊടുത്തില്ലെങ്കിൽ സംസ്ഥാനത്ത് ഒന്നും നടക്കില്ലെന്ന് സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി സുധാകരൻ. 'ഞാൻ തമ്പുരാൻ ബാക്കിയുള്ളവർ മലയപുലയർ' എന്നാണ് പലരുടേയും ചിന്തയെന്നും അദ്ദേഹം ആലപ്പുഴയിൽ പറഞ്ഞു.നമ്മൾ നമ്മളെത്തന്നെ അങ്ങ് പുകഴ്ത്തിക്കൊണ്ടിരിക്കുകയാണ്. അതു പഴയ തമ്പുരാക്കന്മാരുടെ മനോഭാവമാണ്. ഞങ്ങള് തമ്പുരാക്കന്മാരാണ്. മറ്റുള്ളവർ മോശം. ഇടതുപക്ഷ പഞ്ചായത്ത് പ്രസിഡന്റുമാരിൽ ചിലർക്ക് സൂക്കേട് കൂടുതലാണെന്നും സുധാകരൻ പറഞ്ഞു. കേരളം സുതാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറയുമ്പോഴാണ് മുതിർന്ന നേതാവിന്റെ വിമർശനം.
പെൻഷന് അപേക്ഷിച്ചാലും പാസാക്കില്ല. അപേക്ഷ അവിടെക്കിടക്കും. അവർ ഒന്നും കൊടുക്കില്ല. ഓണക്കാലത്ത് അവരുടെ വീടിന് മുമ്പിൽ പോയി നാണം കെടുത്തി. നോട്ടീസ് ഒട്ടിച്ചപ്പോഴാണ് കൊടുത്തത്. ജി സുധാകരൻ വിമർശിച്ചു. അടുത്തിടെയായി ഇടതു സർക്കാരിനെതിരെ ഒളിഞ്ഞും തെളിഞ്ഞും രൂക്ഷ വിമർശനമാണ് ജി സുധാകരൻ നടത്തുന്നത്. മാർക്സിസ്റ്റുകാർ മാത്രം വോട്ട് ചെയ്താൽ ജയിക്കാനാകില്ലെന്നും അത് കണ്ണൂരിൽ മാത്രം അപൂർവ്വം ചില മണ്ഡലങ്ങളിൽ നടക്കും ആലപ്പുഴയിൽ നടക്കില്ലെന്നും അടുത്തിടെ സുധാകരൻ പറഞ്ഞിരുന്നു. കെ എസ ്ടി എയുടെ ചടങ്ങിലായിരുന്നു വിമർശനം.
മറ്റുള്ളവർക്ക് കൂടി സ്വീകാര്യനാകണമെന്നും അഞ്ചാറ് പേർ കെട്ടിപ്പിടിച്ചിരുന്നാൽ പാർട്ടിയാകുമോയെന്നുമായിരുന്നു സുധാകരന്റെ വാക്കുകൾ. മറ്റുള്ളവരെ തല്ലിയിട്ട് അത് വിപ്ലവമാണെന്ന് പറഞ്ഞാൽ മനസിലാക്കാൻ പറ്റില്ലെന്നും സുധാകരൻ തുറന്നടിച്ചിരുന്നു. ഒരു ചാനൽ അഭിമുഖത്തിൽ പാർട്ടിയിലെ വ്യക്തിപൂജയ്ക്കും കണ്ണൂർ ലോബിക്കുമെതിരെ സുധാകരന്റെ തുറന്നുപറച്ചിലും രാഷ്ട്രീയ ചർച്ചയ്ക്ക് വഴിയൊരുക്കിയിരുന്നു. ഇതിന് പിന്നാലെയാണ് തദ്ദേശ സ്ഥാപനങ്ങളിലടക്കം നടക്കുന്ന കെടുകാര്യസ്ഥതയെ സുധാകരൻ വിമർശിച്ചത്. ഭരണമികവിന്റെ പേരിൽ കഴിഞ്ഞ ദിവസവും മുഖ്യമന്ത്രി പ്രതികരണം നടത്തിയിരുന്നു. ഇതിനുള്ള വിമർശനം കൂടിയായി സുധാകരന്റെ അഭിപ്രായം വിലയിരുത്തപ്പെടും.
മുൻ ആരോഗ്യമന്ത്രി കെകെ ശൈലജയ്ക്കെതിരെയും പരോക്ഷ വിമർശനം നടത്തിയിരുന്നു. 'ആരാണ് ഈ ടീച്ചറമ്മ, അങ്ങനെ ഒരു അമ്മയെ ഞാൻ കേട്ടിട്ടില്ല, ഒരമ്മയ്ക്കും ആരും അങ്ങനെ പേരിട്ടിട്ടില്ല. അവരവരുടെ പേര് പറഞ്ഞാ മതി. ഒരു പ്രത്യേക ആള് മന്ത്രിയായില്ലെന്നു കരുതി വേദനിക്കേണ്ട കാര്യമില്ല'- എന്നിങ്ങനെയായിരുന്നു സുധാകരൻ പറഞ്ഞത്. ഇതുകൂടാതെ, 2001ൽ കായംകുളം സീറ്റിൽ താൻ തോറ്റത് ചിലർ കാലുവാരിയതുകൊണ്ടാണെന്നും ജി സുധാകരൻ തുറന്നടിച്ചിരുന്നു. നവകേരള സദസ്സിനിടെയുണ്ടായ അക്രമങ്ങൾക്കെതിരെയും ജി സുധാകരൻ പരോക്ഷ വിമർശനം നടത്തിയിരുന്നു. എംടിയുടെ വിമർശനത്തേയും സുധാകരൻ ചോദ്യം ചെയ്തിരുന്നു.
സുധാകരൻ വീണ്ടും പൊതു വേദികളിൽ സജീവമാകുന്നത് തലവേദനയെന്ന തിരിച്ചറിവിൽ സിപിഎമ്മിലെ ഒരു വിഭാഗം എത്തിയിരുന്നു. പാർട്ടിയെ പ്രതിസന്ധിയിലാക്കും വിധം സുധാകരൻ നടത്തുന്ന വിമർശനങ്ങളാണ് ഇതിന് കാരണം. സിപിഎം നേതൃത്വത്തിന് കൊള്ളുന്ന തരത്തിലാണ് പല ഇടപെടലുകളും. എംടി വാസുദേവൻ നായരെ വിമർശിക്കരുതെന്ന് സിപിഎം നിലപാടിനെ പോലും സുധാകരൻ മുഖവിലയ്ക്കെടുത്തില്ല. എംടിയെ പൊതുവേദിയിൽ വിമർശിച്ചു. ഇത്തരം ഇടപെടലുകളെ സംശയത്തോടെയാണ് സിപിഎമ്മിലെ ഒരു വിഭാഗം കാണുന്നത്.
രാഷ്ട്രീയത്തിലുള്ളവർക്കും അധികാരസ്ഥാനങ്ങളിൽ ഇരിക്കുന്നവർക്കും വേണ്ടത് സ്വഭാവശുദ്ധിയാണെന്ന് മുൻ മന്ത്രി ജി. സുധാകരൻ പറഞ്ഞതും പാർട്ടിക്കുള്ള വിമർശനമാണ്. ചെങ്ങന്നൂർ സർഗവേദി, മുൻ എംഎൽഎ. കെ.കെ. രാമചന്ദ്രൻ നായരെ അനുസ്മരിക്കാൻ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെങ്ങന്നൂരിലെ സിപിഎം പ്രമുഖനായ രാമചന്ദ്രൻ നായരുടെ അനുസ്മരണത്തിൽ സുധാകരൻ എങ്ങനെ എത്തിയെന്നതും പരിശോധിക്കും. ഏതായാലും സുധാകരന് വേദികൾ അനുവദിക്കുന്നതിൽ പലവട്ടം ആലോചിക്കണമെന്ന് അടുപ്പക്കാർക്ക് സിപിഎമ്മിലെ ഒരുവിഭാഗം നിർദ്ദേശം നൽകിയിരുന്നു. എന്നിട്ടും ആലപ്പുഴയിലെ കെ എസ് ടി എ ചടങ്ങിൽ സുധാകരൻ എത്തി.
ആലപ്പുഴയിൽ മന്ത്രി സജി ചെറിയാൻ പിടിമുറുക്കിയതോടെ ജി സുധാകരന് പ്രസക്തി കുറഞ്ഞു. സിപിഎം സംസ്ഥാന സമിതിയിൽ നിന്നും ഒഴിവാക്കപ്പെട്ടതോടെ സുധാകരൻ കുറച്ചു കാലം പൊതു പരിപാടികളിൽ അത്ര സജീവവുമായിരുന്നില്ല. എന്നാൽ ഈയിടെയായി പല പരിപാടികൾക്കും എത്തുന്നു. സജി ചെറിയാന്റെ തട്ടകമാണ് ചെങ്ങന്നുൂർ അവിടേയും സുധാകരൻ എത്തി. എംടിയുടെ വിഷയത്തിലും സുധാകരനെതിരെ രംഗത്തു വ്ന്നത് സജി ചെറിയാനാണ്. അതുകൊണ്ട് തന്നെ സുധാകരന്റെ ഇടപെടലുകൾ സജി ചെറിയൻ അനുകൂലികൾ ഗൗരവത്തോടെ കാണുന്നു. പ്രസവ ശസ്ത്ര ക്രിയയ്ക്കിടെ ഫാർമസിസ്റ്റ് മരിച്ചിരുന്നു. ഇത് വിവാദമായി. ഈ വീട്ടിലും സുധാകരൻ എത്തി.
സജീവ രാഷ്ട്രീയത്തിൽ താനുണ്ടാകുമെന്ന സൂചനയാണ് സുധാകരൻ നൽകുന്നത്. ചെങ്ങന്നൂരിലെ രാമചന്ദ്രൻ നായരുടെ അനുസ്മരണ ചടങ്ങിലും ഒളിയമ്പാണ് സുധാകരൻ ഉയർത്തിയത്. ഒരു സംസ്കാരികസ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് അതിനെക്കുറിച്ച് ഒന്നുമറിയാത്ത നേതാക്കൾക്കാണ് പരിഗണന. സ്ഥാപനം പടുത്തുയർത്താൻ കഷ്ടപ്പെട്ട സാംസ്കാരികപ്രവർത്തകന് അവിടെ പരിഗണനയില്ല. പണ്ട് ഇങ്ങനെയായിരുന്നില്ല. സംസാരിക്കാൻ ഒഴിഞ്ഞുക്കൊടുക്കുമായിരുന്നു. ഈ സാഹചര്യത്തിലാണ് കെ.കെ. രാമചന്ദ്രൻ നായരുടെ മഹത്ത്വം തിരിച്ചറിയേണ്ടത്. അദ്ദേഹത്തിന്റെ ഏറ്റവും വലിയ കൈമുതൽ സ്വഭാവശുദ്ധിയായിരുന്നു-ഇതായിരുന്നു സുധാകരന്റെ പ്രസംഗം.
രാഷ്ട്രീയത്തെ വഴിതെറ്റിക്കുന്നത് പൊളിറ്റിക്കൽ ക്രമിനൽസാണ്. ഇവർ തോളിലിട്ടു പറഞ്ഞുകൊടുക്കുന്ന കാര്യങ്ങളാണ് മാധ്യമങ്ങളിൽ പലപ്പോഴും വരുന്നത്. സാമൂഹികവിമർശനങ്ങളെ തകർക്കുന്ന മാധ്യമസംസ്കാരമാണ് ഇപ്പോഴുള്ളത്. പറയാത്ത കാര്യങ്ങളാണ് അച്ചടിച്ചുവരുന്നത്. എല്ലാ മാധ്യമപ്രവർത്തകരും ഇങ്ങനെയാണെന്ന അഭിപ്രായം തനിക്കില്ല. എന്നാലും ഈ രീതിയിലുള്ള മാധ്യമപ്രവർത്തനം മാറേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.