ശ്രീഹരിക്കോട്ട: മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിന്റെ ഭാഗമായുള്ള ക്രൂ എസ്‌കേപ് സിസ്റ്റം പരീക്ഷണ വിക്ഷേപണം മാറ്റിവെച്ചു. ഗഗൻയാൻ ദൗത്യത്തിന്റെ ആദ്യ നിർണായക പരീക്ഷണ ഘട്ടമായ ടെസ്റ്റ് വെഹിക്കിൾ അബോർട്ട് മിഷൻ (ടിവി-ഡി1) ആണ് മാറ്റിവെച്ചത്. അവസാന നിമിഷം സാങ്കേതിക തകരാർ ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് പരീക്ഷണം മാറ്റിവെച്ചത്.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ നിലയത്തിൽ നിന്ന് ഒക്ടോബർ 21 രാവിലെ 8.45ന് നടത്താനിരുന്ന വിക്ഷേപണം സാങ്കേതിക ത്തകരാറിനെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു. നേരത്തെ ഒക്ടോബർ 21 രാവിലെ ഏഴ് മണിക്ക് നിശ്ചയിച്ച വിക്ഷേപണം മോശം കാലാവസ്ഥയെ തുടർന്ന് വൈകിപ്പിച്ചിരുന്നു. പിന്നീട് 8.30 യ്ക്ക് ശേഷം വിക്ഷേപണത്തിനായുള്ള ഓട്ടോമാറ്റിക്ക് ലോഞ്ച് സ്വീക്വൻസ് ആരംഭിക്കുകയും ചെയ്തു.

എന്നാൽ അവസാന അഞ്ച് സെക്കന്റിൽ ഇഗ്‌നിഷൻ പ്രവർത്തിച്ചുവെങ്കിലും വിക്ഷേപണം നിർത്തലാക്കപ്പെട്ടു. ഓട്ടോമാറ്റിക് ലോഞ്ച് സീക്വൻസിന്റെ ഭാഗമായുള്ള കംപ്യൂട്ടർ സംവിധാനമാണ് സെക്കന്റുകൾ ബാക്കി നിൽക്കെ വിക്ഷേപണം നിർത്തിവെച്ചത്. പ്രശ്നങ്ങൾ ശ്രദ്ധയിൽപെട്ടാൽ വിക്ഷേപണം ഒഴിവാക്കുന്നതിനുള്ള സംവിധാനമാണിത്.

സാങ്കേതിക തകരാറിനെ തുടർന്നാണ് പരീക്ഷണം മാറ്റിവച്ചതെന്നും പേലകൂടുതൽ പരിശോധന നടത്തുമെന്നും ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ് അറിയിച്ചു. വിക്ഷേപണ വാഹനത്തിനടുത്തെത്തി പരിശോധിച്ചാൽ മാത്രമേ പ്രശ്‌നം അറിയാനാകൂവെന്ന് ഐഎസ്ആർഒ മേധാവി പറഞ്ഞു.

രാവിലെ ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്‌പേസ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയിൽനിന്ന് പരീക്ഷണ വാഹനമായ (ടെസ്റ്റ് വെഹിക്കിൾ) ക്രൂ മൊഡ്യൂൾ (സിഎം), ക്രൂ എസ്‌കേപ് സിസ്റ്റം (സിഇഎസ്) എന്നിവയുമായി കുതിച്ചുയരാനായിരുന്നു പദ്ധതി. ഇതിനു മുന്നോടിയായുള്ള കൗണ്ട്ഡൗൺ ഇന്നലെ വൈകിട്ട് ആരംഭിച്ചിരുന്നു. ഐഎൻഎസ് ശക്തി, എസ്‌സിഐ സരസ്വതി കപ്പലുകൾ വീണ്ടെടുക്കൽ ദൗത്യത്തിന് സജ്ജമായി കടലിൽ ഉണ്ടായിരുന്നു.

മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള ഗഗൻയാൻ ദൗത്യത്തിനു മുന്നോടിയായുള്ള ആദ്യ ടെസ്റ്റ് വെഹിക്കിൾ അബോർട്ട് മിഷൻ (ടിവിഡി1) ആണ് നടക്കുക. വിക്ഷേപണം നടത്തിയ ശേഷം ഭ്രമണപഥത്തിൽ എത്തുന്നതിനു മുൻപ് ദൗത്യം ഉപേക്ഷിക്കേണ്ടി വന്നാൽ ബഹിരാകാശ യാത്രികരെ സുരക്ഷിതമായി ഭൂമിയിൽ എത്തിക്കുന്നതിനുള്ള സംവിധാനങ്ങളുടെ കൃത്യത പരിശോധിക്കുന്നതിനുള്ള ആദ്യത്തെ പരീക്ഷണമാണിത്.

പ്രത്യേകമായി വികസിപ്പിച്ചെടുത്ത സിംഗിൾ സ്റ്റേജ് ലിക്വിഡ് റോക്കറ്റാണ് പരീക്ഷണ വാഹനമായി ഉപയോഗിക്കുക. 16.09 കിലോമീറ്റർ ഉയരത്തിലെത്തുമ്പോൾ ദൗത്യം റദ്ദാക്കിയതായി അറിയിപ്പെത്തുന്നതോടെ ക്രൂ മൊഡ്യൂൾ താഴേക്കെത്താനുള്ള നടപടി തുടങ്ങും. തുടർന്നു പാരഷൂട്ടുകളുടെ സഹായത്തോടെ കരയിൽ നിന്ന് 10 കിലോമീറ്റർ അകലെ ബംഗാൾ ഉൾക്കടലിൽ വീഴുന്ന ക്രൂ മൊഡ്യൂൾ നാവികസേനാ സംഘത്തിന്റെ സഹായത്തോടെ ബോട്ടിൽ കരയിലെത്തിക്കും. വിക്ഷേപണം കഴിഞ്ഞ് 8 മിനിറ്റിനുള്ളിൽ ദൗത്യം പൂർത്തിയാകും. യാത്രികരുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ ആവശ്യമായ വിവിധ പരീക്ഷണങ്ങൾ പൂർത്തിയായ ശേഷം, മനുഷ്യർ ഇല്ലാതെ ഒരു ഗഗൻയാൻ ദൗത്യം നടത്തും. അതിൽ 'വ്യോമമിത്ര' എന്ന സ്ത്രീ റോബട്ട് ഉണ്ടാകും.