തിരുവനന്തപുരം: ആന്റണി രാജുവിനെ ചേട്ടനെന്നാണ് വിളിക്കുന്നതെന്നും മുൻ ഗതാഗതമന്ത്രിയുമായി ഒരു പ്രശ്‌നവുമില്ലെന്നും ഗതാഗത മന്ത്രി കെബി ഗണേശ് കുമാർ പറഞ്ഞത് കുറച്ചു ദിവസം മുമ്പാണ്. എന്നാൽ ചേട്ടനെന്ന് വിളിക്കുന്ന മുൻഗാമിയുടെ തീരുമാനങ്ങളെല്ലാം പിൻഗാമിക്ക് തിരുത്താൻ താൽപ്പര്യം. കെഎസ്ആർടിസി ഇലക്ട്രിക് ബസുകൾ ലാഭകരമല്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേശ് കുമാർ പറയുമ്പോൾ ഈ നയം ഇനി തുടരില്ലെന്നാണ് വ്യക്തമാകുന്നത്. ഒരു കോടി രൂപ മുടക്കി ഇലക്ട്രിക് ബസുകൾ വാങ്ങുന്നതിന് പകരം ആ പണത്തിന് നാല് ചെറിയ ഡീസൽ വാഹനങ്ങൾ വാങ്ങാം. ഇലക്ട്രിക് ബസ് വാങ്ങുന്നതിനെ ഇനി പ്രോത്സാഹിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കെ എസ് ആർ ടി സി യൂണിയനുകളുമായുള്ള ചർച്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ ബി ഗണേശ് കുമാർ. കെഎസ്ആർടിസിയിൽ നടപ്പാക്കുന്ന പുതിയ പദ്ധതികളെക്കുറിച്ചും മാറ്റങ്ങളെക്കുറിച്ചും മന്ത്രി വ്യക്തമാക്കി. യൂണിയനുകളുമായി പ്രത്യേകം ചർച്ച നടത്തുമെന്നും. സ്റ്റോക്ക്, അക്കൗണ്ട്, പർച്ചേയ്‌സ് എന്നിവക്കായി പുതിയ സോഫ്റ്റ്‌വെയർ നിർമ്മിക്കുമെന്നും മന്ത്രി പറഞ്ഞു. കെ എസ് ആർ ടി സി അഡ്‌മിനിസ്‌ട്രേഷൻ കമ്പ്യൂട്ടറൈസ് ചെയ്യും. സിസ്റ്റം ഇല്ലാത്ത കെ എസ് ആർ ടി സിയിൽ പുതിയൊരു സിസ്റ്റം കൊണ്ടുവരും. ഗണേശിന്റെ നയപ്രഖ്യാപനമാണ് ഫലത്തിൽ നടക്കുന്നത്. ഷെഡ്യൂൾ പരിഷ്‌കരണം അടക്കം നടത്തുമെന്നാണ് പറയുന്നത്. വൈദ്യുതി ബസിന് പുതിയ മന്ത്രി എതിരാണെന്ന് വ്യക്തം.

വൈദ്യുത ബസിന് ദീർഘദൂര സർവീസുകൾ ഇല്ലെന്നാണ് ഗണേശിന്റെ നിലപാട്. വൈദ്യുത ബസിന് ഒരു കോടി രൂപയ്ക്ക് അടുത്താണ് വില. ആ പണത്തിന് നാല് ഡീസൽ ബസുകൾ വാങ്ങാം. വൈദ്യുതി ബസ്, പത്തുരൂപ ടിക്കറ്റിൽ മുൻപിൽ പോകുമ്പോൾ, ഡീസലടിക്കുന്ന കെ.എസ്.ആർ.ടി.സി. വേറൊരു നിരക്കിൽ പിന്നാലെയുണ്ട്. അതിന് പിന്നിൽ സ്വകാര്യബസുമുണ്ട്. വൈദ്യുതി ബസ് എല്ലാവരുടെയും വയറ്റത്തടിച്ചു, ഓട്ടോറിക്ഷക്കാരുടെയും വയറ്റത്ത് അടിച്ചു. ഓട്ടോറിക്ഷക്കാരും തൊഴിലാളികളാണ്. ഒരു ഗതാഗതവകുപ്പുമന്ത്രിയെ സംബന്ധിച്ചിടത്തോളം അവരെയും സംരക്ഷിക്കേണ്ട ബാധ്യതയുണ്ട്. ഇനി വൈദ്യുതി ബസുകൾ വാങ്ങുന്നതിനോട് യോജിപ്പില്ല. അതിനോട് സഹകരിക്കാൻ ഉദ്ദേശിക്കുന്നില്ല-ഗണേശ് വിശദീകരിച്ചു.

ബസ് വാങ്ങിയാൽ കേന്ദ്ര ഫണ്ട് വാങ്ങും. എന്നാൽ അങ്ങനെ കേന്ദ്ര ഫണ്ട് വാങ്ങി നശിപ്പിക്കുക സർക്കാരിന്റെ ലക്ഷ്യമില്ല. അതിന് താനുണ്ടാകില്ലെന്നും ഗണേശ് പറഞ്ഞു. കെഎസ്ആർടിസിയുടെ ചെലവ് ചുരുക്കി വരുമാനം വർദ്ധിപ്പിക്കലാണ് തന്റെ ലക്ഷ്യമെന്നും ജീവനക്കാരുടെ മുഴുവൻ ശമ്പളവും 5-ാം തീയതിക്ക് മുമ്പായി നൽകുമെന്ന് സർക്കാർ ഉറപ്പ് നൽകിയതായും കെബി ഗണേശ് കുമാർ വ്യക്തമാക്കി. ലാഭകരമല്ലാത്ത റൂട്ടുകൾ വെട്ടിച്ചുരുക്കുമെന്നും സർവ്വീസ് നടത്തുന്ന റൂട്ടുകൾ മോദിഫൈ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വിഫ്റ്റ് വഴി തന്നെയായിരിക്കും കെഎസ്ആർടിസിക്ക് ബസുകൾ വാങ്ങുക. വെയർ ഈസ് മൈ കെഎസ്ആർടിസി എന്ന ആപ്പ് നിർമ്മിച്ചതിന് ശേഷം ബസുകളുടെ തത്സമയ വിവരങ്ങൾ യാത്രക്കാർക്ക് ലഭ്യമാകും.

കൺട്രോൾ റൂമുകൾ പ്രവർത്തന സജ്ജമാകും. കെഎസ്ആർടിസി ബസ് സ്റ്റേഷനുകൾക്ക് കീഴിലുള്ള പമ്പുകൾ ലാഭത്തിലാണ്. ലീഗൽ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥർ ഈ പമ്പുകളിൽ പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.ആർ.ടി.സി. ജീവനക്കാർക്ക് ശമ്പളം കൃത്യമായി കൊടുക്കുന്നതിന് പദ്ധതി മനസ്സിലുണ്ടെന്നും അതിനുവേണ്ടിയുള്ള എല്ലാ പരിശ്രമങ്ങളും നടത്തുകയാണെന്നും ഗണേശ് കുമാർ പറഞ്ഞു. മുഖ്യമന്ത്രിയുമായി സംസാരിച്ചിരുന്നു. അദ്ദേഹത്തിന്റെ അനുമതിയുണ്ട്. അതനുസരിച്ച് ചില പരിപാടികൾ നോക്കുന്നുണ്ട്. അതിൽ ഉറപ്പു പറയാറായിട്ടില്ല. ശമ്പളം ഒരുമിച്ച് കൊടുക്കാനാകുമോ എന്നാണ് പരിശ്രമിക്കുന്നത്. അതിനൊരു നീക്കം നടത്തണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചിരുന്നു. അതനുസരിച്ചുള്ള ചില ചർച്ചകൾ നടക്കുന്നുണ്ടെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ചെലവ് പരമാവധി കുറച്ചും വരവ് പരമാവധി കൂട്ടിക്കൊണ്ടുംവന്നാൽ മാത്രമേ കെ.എസ്.ആർ.ടി.സിയുടെ അക്കൗണ്ടിൽ പണമുണ്ടാകുകയുള്ളൂ. ചെലവ് കുറയ്ക്കുക എന്നത് പ്രധാനമാണ്. അതിന്റെ ഭാഗമായി കെ.എസ്.ആർ.ടി.സിയുടെ അനാവശ്യ റൂട്ടുകൾ നിർത്തും. റൂട്ടുകൾ പരിഷ്‌കരിക്കും. റൂട്ടുകൾ പരിഷ്‌കരിക്കുമ്പോൾ നഷ്ടത്തിൽനിന്ന് ലാഭത്തിലേക്ക് കൊണ്ടുവരാനാകും. ഓരോ ബസിന്റെയും കോസ്റ്റ് അക്കൗണ്ടിങ് നടത്തുമെന്നും മന്ത്രി പറഞ്ഞു. ബസ് എവിടെയാണെന്ന് അറിയാൻ വെയർ ഈസ് മൈ ട്രെയിൻ എന്ന മാതൃകയിൽ വെയർ ഈസ് മൈ കെ.എസ്.ആർ.ടി.സി. എന്നൊരു ആപ്പ് കൊണ്ടുവരാൻ ആഗ്രഹിക്കുന്നുണ്ടെന്നും ഗതാഗതമന്ത്രി പറഞ്ഞു. ബസുകളിൽ സ്ഥാപിച്ചിട്ടുള്ള ജി.പി.എസ്. സേവനത്തെ ഏകോപിപ്പിക്കാനാണ് തിരുവനന്തപുരത്ത് കെഎസ്ആർടിസിയുടെ കൺട്രോൾ റൂം ആരംഭിക്കുന്നത്.

സ്വിഫ്റ്റ് കമ്പനി ലാഭത്തിലാണ്. കെടിഡിഎഫ് സി നിക്ഷേപകർക്ക് പണം തിരിച്ചു നൽകും. തിരുവനന്തപുരത്ത് പത്തു രൂപയ്ക്ക് ഓടുന്ന ഇലക്ട്രിക് ബസിന് വരുമാനമുണ്ടെങ്കിലും ലാഭമുണ്ടെന്ന് പറയാൻ പറ്റില്ല. വൈദ്യുതിയാണെങ്കിലും തുച്ഛമായ ലാഭം മാത്രമാണ് ലഭിക്കുന്നത്. ഭയങ്കര നഷ്ടമാണ്. പത്തു രൂപയ്ക്ക് ഓടുന്ന ബസുകളിൽ കൂടുതൽ ആളുകളെ ഉൾക്കൊള്ളാനാകുന്നുമില്ല. പല റൂട്ടുകളിലും ഇലക്ട്രിക് ബസിൽ പലപ്പോഴും ആളില്ലാത്ത അവസ്ഥയമുണ്ട്.10 രൂപക്ക് സർവീസ് നടത്തുന്ന ബസുകളുടെ നിരക്ക് മാറ്റും. ഇലക്ട്രിക് ബസിന്റെ ഡ്യൂറബിലിറ്റി കുറവാണ്. ഇലക്ട്രിക് ബസുകൾ വിജയകരമായി ഉപേയാഗിക്കപ്പെട്ടതായി എവിടെയും തെളിയിക്കപ്പെട്ടിട്ടില്ല.അതിനാൽ തന്നെ പുതിയ ഇലക്ട്രിക് ബസുകൾ വാങ്ങുന്നതിനോട് വ്യക്തിപരമായി യോജിപ്പില്ല.

തിരുവനന്തപുരം ജില്ലയിൽ ആദ്യമായി കെഎസ്ആർടിസി സർവീസുകൾ റീഷെഡ്യൂൾ ചെയ്യാൻ തീരുമാനിച്ചുവെന്നും മന്ത്രി പറഞ്ഞു. ബസ് സർവീസുകൾ റീഷെഡ്യൂൾ ചെയ്യുകയെന്നാൽ സർവീസ് നിർത്തുകയെന്നല്ല. നഷ്ടത്തിൽ ഓടുന്ന റൂട്ടുകൾ കണ്ടെത്തി സമയം പുനക്രമീകരിക്കുകയും റീഷെഡ്യൂൾ ചെയ്യുകയും ചെയ്യും. തിരുവനന്തപുരം ജില്ലയിൽ ആദ്യം പരിഷ്‌കരണം നടപ്പാക്കും. പിന്നീട് മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.