തിരുവനന്തപുരം: കെ എസ് ആർ ടി സി ബസ് സർവ്വീസ് ഏതൊക്കെ സ്ഥലത്ത് നടത്തണമെന്നത് ഗതാഗത വകുപ്പ് തീരുമാനിക്കും. കേരളത്തിന്റെ മുക്കിലും മൂലയിലും ബസ് എത്തുന്നുവെന്ന് ഉറപ്പിക്കാനാണ് മന്ത്രി കെബി ഗണേശ് കുമാറിന്റെ തീരുമാനം. നല്ല റോഡുള്ളിടത്തെല്ലാം ബസ് എത്തും. യാത്രാ ക്ഷാമം രൂക്ഷമായ സ്ഥലങ്ങൾ ഗതാഗത വകുപ്പ് കണ്ടെത്തും. ഗതാഗതയോഗ്യമായ റോഡുണ്ടായിട്ടും ബസ് ഓടുന്നില്ലങ്കിൽ മോട്ടോർ വാഹന വകുപ്പിനെ ആർക്കും സമീപിക്കാം. നിശ്ചിത റൂട്ടിലേക്ക് ബസ് വേണമെന്ന് ആവശ്യപ്പെട്ടാൽ വകുപ്പിന്റെ നേതൃത്വത്തിൽ പ്രാഥമികപഠനം നടത്തി ബസ് അനുവദിക്കും. മോട്ടോർ വാഹന വകുപ്പിന് പണി കൂടുന്ന നിർദ്ദേശങ്ങളാണ് മന്ത്രിയുടെ മനസ്സിലുള്ളത്.

ഗതാഗതമന്ത്രിയായി കെ.ബി.ഗണേശ് കുമാർ ചുമതലയേറ്റ ശേഷമാണ് പൊതുഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രാദേശികമായി പുതിയ ബസ് റൂട്ടുകൾ തുടങ്ങാൻ തീരുമാനമെടുത്തത്. സംസ്ഥാനത്തൊട്ടാകെ പദ്ധതി നടപ്പിൽ വരുത്തും. ഇതിന്റെ പ്രാരംഭ നടപടികൾ തുടങ്ങിക്കഴിഞ്ഞു. കെ.എസ്.ആർ.ടി.സി. ബസോ സ്വകാര്യബസോ ആയിരിക്കും പുതിയ റൂട്ടുകളിലൂടെ സർവീസ് നടത്തുക. കെ.എസ്.ആർ.ടി.സി. ബസുകളുടെ ലഭ്യത, റൂട്ട് ലാഭകരമാണോ തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കും. ഇതൊടൊപ്പം ഈ റൂട്ടിൽ സ്വകാര്യ ബസുകൾക്ക് താൽപ്പര്യമുണ്ടെങ്കിലും അതും കണക്കിലെടുക്കും. എല്ലാ വശവും പരിശോധിച്ച് പ്രാഥമികപഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് ആർ.ടി.ഒ., ജോയിന്റ് ആർ.ടി.ഒ.മാർക്ക് ലഭിച്ച നിർദ്ദേശം.

കണ്ണൂരിൽ പുതുതായി മലയോര മേഖലയിലേക്ക് 20 സൂപ്പർ ഫാസ്റ്റ് ബസുകൾ കൂടി ഓടിക്കുന്നതിന് കെ.എസ്.ആർ.ടി.സി. അധികൃതർ ശ്രമം തുടങ്ങിയിട്ടുണ്ട്. കണ്ണൂർ-ഇരിട്ടി റൂട്ടിലേക്ക് 10 ബസുകളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. തളിപ്പറമ്പ്-ഇരിട്ടി, കണ്ണൂർ-പഴയങ്ങാടി-പയ്യന്നൂർ റൂട്ടുകളിൽ അഞ്ചുവീതം ബസുകളും പുതുതായെത്തും. കൂടുതൽ ബസുകൾ ലഭിക്കുകയാണെങ്കിൽ തലശ്ശേരി-ഇരിട്ടി, കണ്ണൂർ-കാസർകോട് റൂട്ടുകളിൽ സർവീസ് നടത്തും. ഇതിന് സമാനമായി മറ്റ് ജില്ലകലിലെ മലയോരത്തെ യാത്രാ ക്ലേശവും പരിശോധിക്കും.

നഷ്ടത്തിൽ ഓടുന്ന ബസ് സർവ്വീസുകൾ അവസാനിപ്പിക്കുമെന്ന് ഗതാഗത മന്ത്രി കെബി ഗണേശ് കുമാർ തത്വത്തിൽ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ കഷ്ടത അനുഭവിക്കുന്ന പ്രദേശങ്ങളിലേക്ക് ബസുകൾ ഓടും. അത് പിൻവലിക്കില്ലെന്നും മന്ത്രി പറഞ്ഞു. ആരെതിർത്താലും നഷ്ടത്തിലോടുന്ന ബസുകളുമായി മുമ്പോട്ട് പോകാൻ കഴിയില്ലെന്നതാണ് ഗണേശ് കുമാറിന്റെ നിലപാട്. ഒരു വണ്ടിയും ഇല്ലാത്തിടത്ത് വണ്ടികൾ എത്തിക്കുമെന്നും മന്ത്രി വിശദീകരിച്ചിരുന്നു.

നഷ്ടത്തിലോടുന്ന കെഎസ്ആർടിസി സർവീസുകൾ നിർത്തലാക്കും. മറ്റ് യാത്ര സംവിധാനങ്ങൾ ഇല്ലാത്ത എസ്റ്റേറ്റുകൾ, ആദിവാസി കോളനികൾ തുടങ്ങിയ സ്ഥലങ്ങളിലെ സർവീസുകൾ നിലനിർത്തുമെന്നും മന്ത്രി ചുമതലയേറ്റ ശേഷം വിശദീകരിച്ചിരുന്നു. ഇക്കാര്യത്തിൽ ജനപ്രതിനിധികൾ പരിഭവിക്കരുത്. ഒരു വണ്ടിയും ഇല്ലാത്ത സ്ഥലങ്ങളിൽ വണ്ടികൾ എത്തിക്കുക എന്നതിനാണ് പ്രധാന പരിഗണന. കേരളത്തിലെ പൊതുട്രാൻസ്പോർട്ട് സിസ്റ്റത്തിന് ഇന്ത്യയിൽ ഇല്ലാത്ത പരിഷ്‌കാരം തയാറാക്കിക്കൊണ്ടിരിക്കുകയാണെന്നും ഗണേശ് കുമാർ പറഞ്ഞിരുന്നു.

മുഖ്യമന്ത്രി അനുമതി നൽകിയാൽ ഇന്ത്യയുടെ ചരിത്രത്തിലാദ്യമായുള്ള ഒരു പബ്ലിക് ട്രാൻസ്പോർട്ട് സംവിധാനം നടപ്പിലാക്കുമെന്നാണ് ഗണേശ് പറയുന്നത്. മുഖ്യമന്ത്രി അനുവാദം തന്നാൽ രാജ്യത്തെ ഏറ്റവും മികച്ച പബ്ലിക് ട്രോൻസ്പോർട്ട് സംവിധാനം കൊണ്ടു വരും. കേരളത്തിന്റെ മുക്കിലും മൂലയിലും ബസ് സർവ്വീസും സംരഭകരും വരുമെന്നാണ് പ്രഖ്യാപനം.