- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലാലേട്ടനോട് വന്ന് കാണാൻ ഞാൻ പറഞ്ഞിട്ടുണ്ട്; ഗാന്ധിഭവനിൽ വെച്ചു ടി.പി.മാധവനെ കണ്ടപ്പോൽ ചേർത്തുപിടിച്ച് ഗണേശ് കുമാർ; മന്ത്രിയായി എത്തിയ ഗണേശിനെ അനുഗ്രഹിച്ചു ഗാന്ധിഭവനിലെ അമ്മമാരും; പത്തനാപുരത്തിന്റെ ദേവാലയമാണെന്ന് സ്വീകരണ യോഗത്തിൽ ഗണേശ് കുമാർ
പത്തനാപുരം: മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ പത്താനാപുരം ഗാന്ധിഭവനിൽ സന്ദർശനം നടത്തി ഗതാഗത മന്ത്രി കെ ബി ഗണേശ്‌കുമാർ. തന്റെ മണ്ഡത്തിലുള്ള ഗാന്ധിഭവനുമായി ഗണേശിന് വലിയ ബന്ധമാണ് ഉള്ളത്.അതുകൊണ്ട് തന്നെയാണ് മന്ത്രിയായ ശേഷം അദ്ദേഹം അവിടെ എത്തിയതും. ഗാന്ധിഭവനിലെ അന്തേവാസിയായ മുതിർന്ന നടൻ ടി.പി. മാധവനെയും ഗണേശ് സന്ദർശിച്ചു. നടന്റെ ആരോഗ്യ വിവരങ്ങൾ അടക്കം ഗണേശ് തിരക്കി.
നടൻ മോഹൻലാലിനോടും ഗാന്ധിഭവനിൽ എത്തി ടി.പി. മാധവനെ കാണണമെന്ന് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ഇപ്പോൾ കേരളത്തിൽ ഇല്ലെന്നും ഗണേശ് കുമാർ അദ്ദേഹത്തോട് പറഞ്ഞു. രണ്ട് ദിവസം കഴിഞ്ഞ് കാണാൻ വരാമെന്ന ഉറപ്പ് നൽകിയാണ് മന്ത്രി ഗാന്ധി ഭവനിൽ നിന്നും മടങ്ങിയത്.
മന്ത്രിയായി എത്തിയ ഗണേശിന് വലിയ സ്വീകരണമാണ് ലഭിച്ചത്. ഗാന്ധിഭവനിലെ അന്തേവാസികളായ അമ്മമാർ ഗണേശിന് ഷാളുകളും പൂച്ചെണ്ടുകളും സമ്മാനിച്ചു. ഗണേശ് മന്ത്രിയായതിലെ സന്തോഷമാണ് പലരും പങ്കുവെച്ചത്. ഗാന്ധിഭവൻ എന്നത് പത്തനാപുരത്തിന്റെ ദേവാലയമാണെന്ന് സ്വീകരണ യോഗത്തിൽ സംസാരിക്കവേ ഗണേശ് കുമാർ അഭിപ്രായപ്പെട്ടു. ജാതിമതങ്ങൾക്കപ്പുറം വലിപ്പച്ചെറുപ്പമില്ലാതെ, കാരുണ്യത്തിന്റെയും സ്‌നേഹത്തിന്റെയും സന്ദേശങ്ങൾമാത്രം കൈമാറുന്ന, അത്തരം പ്രവർത്തനങ്ങൾ മാത്രം നടത്തുന്ന അഭയകേന്ദ്രമാണ് ഗാന്ധി ഭവനെന്നും അദ്ദേഹം പറഞ്ഞു.
മലയാള സിനിമയിൽ സജീവമായിരുന്ന അഭിനയതാവാണ് ടി.പി മാധവൻ. 600-ലധികം സിനിമകളിലും ടെലി-സീരിയലുകളിലും സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം ഇപ്പോൾ പത്താനാപുരം ഗാന്ധി ഭവനിൽ അന്തേവാസിയാണ്. 2015ൽ ഹരിദ്വാർ യാത്രക്കിടയിൽ അദ്ദേഹത്തിന് പക്ഷാഘാതം സംഭവിച്ചിരുന്നു. തുടർന്ന് ചികിത്സയ്ക്കു ശേഷമാണ് പത്തനാപുരം ഗാന്ധി ഭവനിൽ വിശ്രമജീവിതത്തിന് എത്തിയത്.
ഉറ്റവരും ഉടയവരും ഉപേക്ഷിച്ച മാധവൻ ഇപ്പോൾ ഓർമ പോലും നശിച്ച അവസ്ഥയിലാണ്. പ്രശസ്ത അദ്ധ്യാപകൻ പ്രഫ. എൻ.പി.പിള്ളയുടെ മകനാണ് ടി.പി. മാധവൻ. നടൻ മധുവാണ് മാധവന് സിനിമയിൽ അവസരം നൽകുന്നത്. ബോളിവുഡിലെ പ്രശസ്ത സംവിധായകൻ രാജകൃഷ്ണ മേനോൻ മകനാണ്. തന്റെ ഇതുവരെയുള്ള ജീവിതത്തിൽ താൻ അച്ഛനെ കണ്ടിട്ടുള്ളത് രണ്ടു തവണ മാത്രമാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.
സിനിമയാണ് തന്റെ ലക്ഷ്യമെന്ന് അറിഞ്ഞ അമ്മ അന്നത്തെ തങ്ങളുടെ ജീവിതാവസ്ഥ മോശമായിട്ടുപോലും തന്റെ ആഗ്രഹത്തെ എതിർത്തില്ലെന്നും പകരം അമ്മയുടെ വാക്കുകൾ നൽകിയ കരുത്തും ഊർജവുമാണ് തന്നെ ഇന്നത്തെ താനാക്കിയതെന്നും രാജകൃഷ്ണ മേനോൻ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.
മറുനാടന് ഡെസ്ക്