ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ പൊതുവിതരണ പദ്ധതിയായ പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന പദ്ധതി അഞ്ചു വർഷത്തേക്ക് കൂടി നീട്ടി. 2024 ജനുവരി ഒന്നു മുതൽ അഞ്ചു വർഷത്തേക്ക് കൂടി ദീർഘിപ്പിക്കാൻ തീരുമാനിച്ചതായി കേന്ദ്രമന്ത്രിസഭായോഗത്തിന് ശേഷം കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ അറിയിച്ചു.

ഈ പദ്ധതി പ്രകാരം തെരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങളിലെ പാവപ്പെട്ടവർക്ക് പ്രതിമാസം അഞ്ചു കിലോ സൗജന്യ ഭക്ഷ്യധാന്യം ലഭിക്കും.പദ്ധതിയുടെ ഭാഗമായി അന്ത്യോദയ അന്ന യോജന കുടുംബങ്ങൾക്കും മുൻഗണന വിഭാഗത്തിൽപ്പെട്ടവർക്കും ഭക്ഷ്യധാന്യങ്ങൾ ലഭിക്കും. ഏതാണ്ട് 80 കോടിയോളം പേർ പദ്ധതിയുടെ ഗുണഭോക്താക്കളാണ്. പദ്ധതിക്കായി അടുത്ത അഞ്ചുവർഷത്തേക്ക് കേന്ദ്രസർക്കാർ 11.80 ലക്ഷം കോടി രൂപ ചെലവഴിക്കുമെന്നും കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ അറിയിച്ചു.

കോവിഡ് കാലത്താണ് കേന്ദ്രസർക്കാർ പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന പദ്ധതി ആരംഭിച്ചത് . അതുപ്രകാരം റേഷൻ കാർഡ് ഉടമകൾക്ക് അധികമായി അഞ്ച് കിലോ ധാന്യങ്ങൾ (ഗോതമ്പോ അരിയോ) ലഭിക്കുന്നു. കൂടാതെ, അധിക ഭക്ഷണ വിതരണ പരിപാടിയുടെ ഭാഗമായി ചനയും നൽകുന്നുണ്ട്. ഛത്തീസ്‌ഗഡിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ സൗജന്യ ഭക്ഷ്യധാന്യ പദ്ധതി നീട്ടുമെന്ന് പ്രധാനമന്ത്രി സൂചിപ്പിച്ചിരുന്നു.

ദേശീയ ഭക്ഷ്യ സുരക്ഷാ നിയമത്തിന് കീഴിൽ സബ്സിഡിയുള്ള അഞ്ച് കിലോ ഭക്ഷ്യധാന്യത്തിന് പുറമേ ഒരു ഗുണഭോക്താവിന് പ്രതിമാസം അഞ്ചു കിലോ സൗജന്യ ഭക്ഷ്യധാന്യവും നൽകി. 2022 ഡിസംബറിൽ പ്രധാനമന്ത്രി ഗരീബ് കല്യാൺ ആൻ യോജന നിർത്തി. 2024-25 സാമ്പത്തിക വർഷം മുതൽ രണ്ട് വർഷത്തേക്ക് 1,261 കോടി രൂപ വിനിയോഗിച്ച് 15,000 വനിതാ സ്വയം സഹായ സംഘങ്ങൾക്ക് (എസ്.എച്ച്.ജി) ഡ്രോണുകൾ നൽകുന്നതിനുള്ള കേന്ദ്ര പദ്ധതിക്കും കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.

കാർഷിക ആവശ്യങ്ങൾക്കായി കർഷകർക്ക് വാടക സേവനങ്ങൾ നൽകുന്നതിനായി 2024-25 മുതൽ 2025-2026 വരെയുള്ള കാലയളവിൽ തിരഞ്ഞെടുത്ത 15,000 വനിതാ സ്വയം സഹായ സംഘങ്ങൾക്ക് ഡ്രോണുകൾ നൽകാനാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് താക്കൂർ പറഞ്ഞു.