- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവിഹിതത്തിനും താത്വിക അവലോകനം! ''പട്ടാളം പുരുഷുവിനെ വഞ്ചിച്ച സരസുവല്ല അവൾ സ്ത്രീപക്ഷ രാഷ്ട്രീയം ഉയർത്തുന്ന ശക്തമായ കഥാപാത്രമാണ്; പഞ്ചസാരയും മണ്ണെണ്ണയും നൽകുന്ന പിള്ളേച്ചൻ അവളുടെ ഭൗതിക സാഹചര്യങ്ങൾക്കും കൂട്ടാവുകയാണ്''; നടി ഗായത്രി വർഷക്ക് വീണ്ടും ട്രോൾ
താത്വിക അവലോകനം എന്ന വാക്ക് കേൾക്കുമ്പോഴേ മലയാളിയിൽ ചിരി നിറയുന്നത് 'സന്ദേശം' എന്ന സിനിമയിലെ ശങ്കരാടിയുടെ ഡയലോഗുകൾ മൂലമാണ്. എങ്ങനെ തെരഞ്ഞെടുപ്പ് തോറ്റു എന്നത് ലളിതമായി പറയുന്നതിന് പകരം, പ്രതിക്രിയാവാദികളും റിവിഷനിസ്റ്റുകളും തമ്മിലുള്ള അന്തർധാരയൊക്കെപ്പറഞ്ഞ്, ആളുകളെ കൺഫ്യൂഷനാക്കുന്ന മാർക്സിസ്റ്റ് രീതിയെ, ചിത്രം നന്നായി പരിഹസിക്കുന്നു. സന്ദേശം സിനിമയിറങ്ങി 30 വർഷം കഴിഞ്ഞിട്ടും ശങ്കരാടിയുടെ താത്വിക അവലോകനം സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. കൃത്യമായി കാര്യങ്ങൾ വിശദീകരിക്കുന്നതിന് പകരം അണികളുടെ കണ്ണിൽ പൊടിയിടുന്ന രീതിയിലുള്ള നിരവധി പ്രസംഗങ്ങൾ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെതും, മന്ത്രി പി രാജീവിന്റെതുമൊക്കെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അപ്പോഴോക്കെ അടിയിൽ 'താത്വിക അവലോകനം' എന്ന് കമന്റ് വരാറുണ്ട്.
പക്ഷേ ഇപ്പോഴിതാ കേരള ചരിത്രത്തിൽ ആദ്യമായി അവിഹിതബന്ധത്തിന്റെ പേരിലും ഒരു താത്വിക അവലോകനം വന്നിരിക്കയാണ് എന്നാണ് സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം ട്രോളുന്നത്. 'മീശമാധവൻ' എന്ന ലാൽജോസ്- ദിലീപ് ടീമിന്റെ ഹിറ്റ് സിനിമയിൽ, ജഗതി അവതരിപ്പിച്ച പിള്ളേച്ചന്റെ പങ്കാളിയായ സരസുവിന്റ വേഷമിട്ട നടി ഗായത്രി വർഷയുടെ വിശദീകരണങ്ങളാണ് ട്രോളുകൾക്ക് ഇടയാക്കിയത്. സാധാരണ നാട്ടിൻപുറങ്ങളിലൊക്കെ സംഭവിക്കുന്ന, അവിഹിതമെന്ന പേരിൽ അറിയപ്പെടുന്ന ഒരു എക്ട്രാമാരിറ്റൽ റിലേഷൻഷിപ്പാണ്, ചിത്രത്തിൽ പിള്ളേച്ചനും സരസുവും തമ്മിലുള്ള ബന്ധം. ഇത് നർമ്മത്തിൽ പൊതിഞ്ഞാണ് ലാൽ ജോസ് അവതരിപ്പിക്കുന്നത്. എന്നാൽ ഗായത്രി വർഷയുടെ വാക്കുകൾ പ്രകാരം, സ്ത്രീ സ്വാതന്ത്ര്യത്തിന്റെ രാഷ്ട്രീയം മുന്നോട്ടുവെക്കുന്നവാളാണ് സരസു. ഈ വിഷയത്തിൽ, ആരും ഉദ്ദേശിക്കാത്ത താത്വിക അവലോകനമാണ് അവർ നടത്തുന്നത്.
സരസു എന്ന സ്ത്രീശക്തി
റിപ്പോർട്ടർ ലൈവിന് നൽകിയ അഭിമുഖത്തിലെ ഗായത്രിയുടെ വാക്കുകൾ ആണ് വൈറൽ ആയത്. സമൂഹത്തെ വെല്ലുവിളിച്ച് സ്വന്തം ആഗ്രഹങ്ങൾക്ക് അനുസരിച്ച് ജീവിക്കുന്ന സരസു എന്ന കഥാപാത്രം മുന്നോട്ട് വയ്ക്കുന്നത് സ്ത്രീ സ്വാതന്ത്ര്യത്തിന്റെ രാഷ്ട്രീയമാണ് എന്നാണ് ഗായത്രി പറയുന്നത്. സരസു കൃത്യമായി സ്ത്രീപക്ഷ രാഷ്ട്രീയം ഉന്നയിക്കുന്ന കഥാപാത്രമാണ്. സരസുവിന്റെ ഭർത്താവ് പട്ടാളക്കാരനാണ്. അയാൾ നാട്ടിലില്ല, അല്ലെങ്കിൽ മറ്റെന്തൊക്കെയോ കാരണങ്ങൾ കൊണ്ട് അവൾക്ക് സ്വീകാര്യനായ ഒരാൾ വന്നപ്പോൾ അയാളെ സർവാത്മനാ സ്വീകരിക്കുന്ന സ്ത്രീ സ്വാതന്ത്ര്യത്തിന്റെ ഏറ്റവും വലിയ ഇടം കാണിച്ചു കൊടുത്ത കഥാപാത്രമാണ്. അവളുടെ ആഗ്രഹമാണ്, സ്വാതന്ത്ര്യത്തോടെയുള്ള അവളുടെ തിരഞ്ഞെടുപ്പാണത്. പിള്ളേച്ചൻ തനിക്ക് സ്വീകാര്യനാണ് എന്നതിനാൽ വീട്ടിൽ സ്വീകരിക്കുന്ന സ്ത്രീക്ക് സ്വാതന്ത്ര്യ ബോധമുണ്ട്. പഞ്ചസാരയും മണ്ണെണ്ണയും തന്ന് അവളെ ഇഷ്ടപ്പെടുന്ന പിള്ളേച്ചൻ അവളുടെ ഭൗതിക സാഹചര്യങ്ങൾക്കും കൂട്ടായി ഇരിക്കയാണ്.
അതേസമയം, പിള്ളേച്ചൻ വീട്ടിൽ വിവാഹം ചെയ്തുകൊണ്ടുവന്നിരിക്കുന്ന യാതൊരു മാനസിക വ്യാപാരങ്ങളും അറിയാത്ത ഒരു ശാന്തമ്മയുമുണ്ട് മറുവശത്ത്.ഇതിൽ ഏതാണ് വലിപ്പമേറിയ സ്ത്രീ എന്നത് ചോദ്യമാണ്. നമ്മുടെ സമൂഹത്തിന്റെ വികലമായ കാഴ്ചപ്പാടുകൾ ഈ രണ്ട് കഥാപാത്രങ്ങളിൽ ഉണ്ട്. -ഇങ്ങനെയാണ് ഗായത്രിയുടെ വാക്കുകൾ പോകുന്നത്. ഈ വീഡിയോയാണ് ഇപ്പോൾ വലിയ രീതിയിൽ ട്രോൾ ആവുന്നത്. 'അവിഹതത്തിനും താത്വിക അവലോകനം' എന്നുപറഞ്ഞാണ് ഇത് പലരും പ്രചരിപ്പിക്കുന്നത്. ഈ രീതിയിൽ നോക്കിയാൽ നാട്ടിൽ, പരപുരുഷ ബന്ധമുള്ള സ്ത്രീകളൊക്കെ സ്ത്രീപക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്നവരാണെന്ന് പറയേണ്ടി വരും. കഥാകൃത്തും സംവിധായകനുമൊന്നും ഉദ്ദേശിക്കാത്ത രീതിയിൽ, ഒരു കോമഡി കഥാപാത്രത്തെ വളച്ചൊടിച്ച് ഒരു പരുവമാക്കിയെന്നും വിമർശനം ഉയരുന്നു.
നവകേരള സദസ്സിലെ പ്രസംഗവും വിവാദത്തിൽ
നേരത്തെ നവകേരള സദസിലെ പ്രസംഗം വൈറലയാതോടെ നടി ഗായത്രി വർഷക്കുനേരെ കടുത്ത സൈബർ ആക്രമണങ്ങൾ നടന്നിരുന്നു. മലയാള സീരിയലുകളിൽ സവർണ മേധാവിത്വമാണ് കാണാൻ കഴിയുന്നതെന്ന് അവർ പറഞ്ഞത്. നവകേരളസദസ്സിന് മുന്നോടിയായി നാദാപുരം നിയോജകമണ്ഡലത്തിൽ നടത്തിയ പ്രസംഗത്തിലായിരുന്നു നടിയുടെ പരാമർശം.
''എല്ലാവരും പ്രൊപഗാണ്ടകൾ ഇറക്കുമ്പോൾ സത്യം പറയുന്നവന്റെ കൂടെ നിൽക്കാൻ ഒരു മാധ്യമം പോലും ഇല്ല. നമ്മൾ ജീവിക്കുന്ന സമൂഹത്തിന്റെ ഏറ്റവും മൂർത്തമായ കോർപറേറ്റ് സ്വഭാവങ്ങളുടെ കഴുകാൻ കാലുകളിലെ നഖങ്ങൾ നമ്മുടെ സാംസ്കാരിക ഇടങ്ങളിലേക്ക് ആഴത്തിൽ പോയിട്ട് നമ്മളെ കൊത്തിവലിച്ച് എല്ലാ സ്വാതന്ത്ര്യവും നിഷേധിച്ച് നമ്മുടെ തൊണ്ടയ്ക്ക് ശബ്ദമില്ലാതാക്കുകയാണ്. ഇന്ത്യാ മഹാരാജ്യത്ത് നരേന്ദ്ര മോദി രണ്ടാമത് അധികാരത്തിൽ ഏറിയതിനു ശേഷം ഒരു സാംസ്കാരിക നയം നടപ്പാക്കി കഴിഞ്ഞു. ഒരാളും അത് അറിഞ്ഞിട്ടില്ല. ഒരു ദിവസം 35 ഓളം സീരിയലുകൾ കാണിക്കുന്നുണ്ട്. ഓരോരുത്തരും അത്രയും കാണുന്നു എന്നല്ല, അവർ നമ്മളെ കാണിക്കുന്നു എന്നാണ്.
ഏതെങ്കിലും സീരിയലിൽ ഒരു മുസ്ലിം കഥാപാത്രമുണ്ടോ? ഒരു ചട്ടയും മുണ്ടുമുടുത്ത അമ്മ കഥാപാത്രമുണ്ടോ?, ഒരു പള്ളീലച്ചനുണ്ടോ? ഒരു ദലിതനുണ്ടോ? മാറ് മുറിച്ച് എന്റെ നഗ്നത മറയ്ക്കാനുള്ള അവകാശം എനിക്കു വേണമെന്ന് പറഞ്ഞ നങ്ങേലിയേയും അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ കൊയ്ത്തരിവാൾ പാട്ടുപാടുന്ന ഒരു പെണ്ണിനെയും ടെലിവിഷനിൽ നമ്മൾ കാണുന്നുണ്ടോ? ഇല്ല. എന്തുകൊണ്ടാണത്?''- ഗായത്രി ചോദിച്ചു.
ഒരു ട്രയാങ്കിൾ ആണ് എല്ലാം തീരുമാനിക്കുന്നത്. നമ്മൾ എപ്പോഴും കരയുന്നതും എപ്പോഴും ഭയപ്പെടുന്നതും എങ്ങനെ ജീവിക്കുമെന്ന് പേടിപ്പെടുത്തുന്നതുമായ 126 പേരടങ്ങുന്ന ഒരു ഗ്രൂപ്പുണ്ട്. ഇന്ത്യയിലെ 126 വ്യക്തികൾക്കു വേണ്ടിയാണ് ഈ രാജ്യം ഭരിക്കപ്പെടുന്നത്. അവരാണ് കോർപ്പറേറ്റുകൾ. ഇതിൽ രണ്ടോ മൂന്നോ കോർപ്പറേറ്റുകൾ കാര്യങ്ങൾ തീരുമാനിക്കും.
ഈ ട്രയാങ്കിളിന്റെ രണ്ടു കോണുകളെയും ബന്ധിപ്പിക്കുന്ന ആ ഒരു ബേസ് തീരുമാനിക്കുന്നത് നരേന്ദ്ര മോദിയുടെയും അമിത് ഷായുടേയും സവർണ ഫാസിസ്റ്റ് ഭരണകൂടമാണ്. ഇതിനിടയിലെ ആ ത്രികോണത്തിൽ നമ്മുടെ പല ചാനലും കാണും. അങ്ങനെ ബാക്കിയുള്ള ചാനലുകളിലും അതിലെ വിഭവങ്ങളെല്ലാം കാണും. ഈ പറഞ്ഞ കോർപറേറ്റാണ് ചാനലുകൾക്ക് ഉപാധികളില്ലാതെ പൈസ കൊടുക്കുന്നതും ഏറ്റവും സ്വകാര്യമായി വച്ചിരിക്കുന്ന ക്രോസ് മീഡിയ ഓണർഷിപ്പിലൂടെ ചാനലുകൾക്ക് സാമ്പത്തിക സഹായം നൽകുന്നതും.''- ഇങ്ങനെയാണ് ഗായത്രി വർഷയുടെ പ്രസംഗം.
പക്ഷേ ഇതിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം ശുദ്ധ സംബന്ധമാണെന്ന് പലരും ചൂണ്ടിക്കാട്ടിയിരുന്നു. കേരളത്തിലെ സീരിയലുകൾ തെരഞ്ഞെടുക്കുന്ന കാര്യത്തിൽ മോദിയും അമിത്ഷായുമൊക്കെ എന്ത് പങ്കാണ് നിർവഹിക്കുന്നത് എന്നും ഇതെല്ലാം വെറും ഭീതി വ്യാപാരം മാത്രമാണെന്നുമാണ്, ഗായത്രിക്ക് മറുപടിയായി സ്വതന്ത്രചിന്തകരായ സാംസ്കാരിക പ്രവർത്തകർ ചൂണ്ടിക്കാട്ടിയത്.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ