- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഒന്നു വരുമോ എന്നെ രക്ഷിക്കുമോ എനിക്ക് വല്ലാതെ പേടിയാകുന്നു'; കുഞ്ഞു രജബിന്റെ ഫോൺവിളി എത്തിയതിന് പിന്നാലെ പോയി റെഡ് ക്രെസന്റ് പ്രവർത്തകർ; കണ്ടെത്തിയത് കുഞ്ഞിന്റെ മൃതദേഹവും; ഗസ്സയിൽ കണ്ണീരോർമ്മയായി ഒരു പൊന്നോമന കൂടി
ഗസ്സാ സിറ്റി: 'ഒന്നു വരുമോ എന്നെ രക്ഷിക്കുമോ എനിക്ക് വല്ലാതെ പേടിയാകുന്നു' ഫോൺവിളിയെത്തി രക്ഷിക്കാൻ വേണ്ടി റെഡ് ക്രസന്റ് പ്രവർത്തകർ എത്തിയെങ്കിലും കണ്ടെത്തിയത് കുഞ്ഞ് മൃതദേഹം മാത്രം. കഴിഞ്ഞ 29-നാണ് ഗസ്സയിൽ റെഡ് ക്രെസന്റ് പ്രവർത്തകരെത്തേടി ആറുവയസ്സുകാരി ഹിന്ദ് രജബിന്റെ ഫോൺവിളിയെത്തിയത്.
'ടാങ്ക് എന്റെ തൊട്ടടുത്തു തന്നെയാണുള്ളത്..അത് അടുത്തുകൊണ്ടിരിക്കുന്നുവെന്നാണ് അന്ന് വിറയാർന്ന ശബ്ദത്തിൽ റജബ് പറഞ്ഞു. അവളുടെ സംസാരം അൽപം ഉച്ചത്തിലാക്കാൻ ഫലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റി ജീവനക്കാരി റാണ ഫഖീഹ് പറയുന്നുണ്ടെങ്കിലും അവൾക്കതിന് കഴിയുന്നില്ല. ഭയംകൊണ്ട് ആ കുരുന്നിന്റെ വാക്കുകൾ തൊണ്ടയിൽ കുരുങ്ങിപ്പോവുകയാണ്.
'വളരെ അടുത്താണോ ടാങ്ക് ഉള്ളത്' -റാണ ചോദിച്ചു. 'അതേ വളരെ വളരെ അടുത്താണ്..എന്നെയൊന്ന് രക്ഷിക്കാമോ എനിക്ക് പേടിയായിട്ടുവയ്യ'-കുഞ്ഞു റജബിന്റെ വാക്കുകൾ കണ്ണീരിൽ കുതിരുന്നത് ഫോണിന്റെ ഇങ്ങേത്തലക്കൽ റാണ തൊട്ടറിയുന്നു. ആ ഫോൺകാൾ തുടരുകയല്ലാതെ റാണക്ക് അപ്പോൾ മറ്റൊന്നും ചെയ്യാനുണ്ടായിരുന്നില്ല. റജബിന്റെ ശബ്ദം പരിചിതമായ ലോകത്തോടുള്ള അവളുടെ ദുർബലമായ കണ്ണി മാത്രമായി മാറിയിരുന്നു.
ഗസ്സ സിറ്റിയിലെ വീട്ടിൽനിന്ന് അമ്മാവനും അമ്മായിക്കും അഞ്ചു കസിൻസിനുമൊപ്പം ജനുവരി 29ന്റെ രാവിലെയാണ് അവളും ഇറങ്ങിത്തിരിച്ചത്. ഗസ്സ സിറ്റിയിലെ പടിഞ്ഞാറൻ പ്രദേശങ്ങളിൽനിന്ന് ആളുകൾ ഒഴിഞ്ഞുപോകണമെന്ന് ഇസ്രയേൽ സൈന്യം അന്ത്യശാസന നൽകിയതിനു പിന്നാലെയായിരുന്നു അവർ വീട്ടിൽ നിന്നിറങ്ങിയത്. കോസ്റ്റ് റോഡിലൂടെ തെക്കൻ മേഖല ലക്ഷ്യമിട്ടായിരുന്നു യാത്ര.
പ്രദേശത്ത് ഇസ്രായൽ സേന കനത്ത രീതിയിൽ ഷെല്ലാക്രമണം നടത്തിയിരുന്നതായി റജബിന്റെ മാതാവ് വിസ്സാം ഹമാദ പറയുന്നു. 'ഞങ്ങൾ വല്ലാതെ പേടിച്ചുപോയിരുന്നു. എങ്ങനെയെങ്കിലും രക്ഷപ്പെട്ടാൽ മതിയെന്ന് തോന്നി. വ്യോമാക്രമണങ്ങളിൽനിന്ന് രക്ഷ നേടാൻ വിവിധ സ്ഥലങ്ങളിലേക്ക് മാറിമാറിയാണ് യാത്ര തുടർന്നത്'. നഗരത്തിന്റെ കിഴക്കുഭാഗത്തുള്ള അൽ അഹ്‌ലി ആശുപത്രിയിൽ അഭയം തേടാമെന്നാണ് കുടുംബം കരുതിയത്. അവിടം സുരക്ഷിതമായിരിക്കുമെന്ന തോന്നലിലായിരുന്നു അത്.
റെഡ് ക്രെസന്റ് പ്രവർത്തകർ ശനിയാഴ്ച ഫോൺ വിളിയെത്തിയ സ്ഥലത്തെത്തി. ഹിന്ദ് സഞ്ചരിച്ച കറുത്ത കാറും കണ്ടെത്തി. ആ കാറിൽ കണ്ടെത്തിയ ആറുമൃതദേഹങ്ങളിൽ ഒന്ന് ഹിന്ദ് രജബിന്റേതായിരുന്നു. വെടിയേറ്റ് മരിച്ചനിലയിലായിരുന്നു. ഇസ്രയേൽ-ഹമാസ് യുദ്ധം രൂക്ഷമായ ഗസ്സാസിറ്റിയിൽനിന്ന് രക്ഷതേടി ബന്ധുക്കൾക്കൊപ്പം കാറിൽ പലായനംചെയ്തതായിരുന്നു ഹിന്ദ്. യാത്രാമധ്യേ ഇസ്രയേൽ സൈന്യത്തിന്റെ യുദ്ധടാങ്കും ഹിന്ദ് രജബ് സഞ്ചരിച്ച കാറും നേർക്കുനേർ വന്നു. സൈന്യം വെടിയുതിർത്തു.
കൂടെയുണ്ടായിരുന്ന ബന്ധുക്കളായ മൂന്നുകുട്ടികളും രണ്ട് മുതിർന്നവരും കൊല്ലപ്പെട്ടു. ഹിന്ദിന്റെ ഫോൺ കോൾ റെഡ്ക്രെസന്റ് സാമൂഹികമാധ്യമത്തിൽ പങ്കുവെച്ചിരുന്നു. ഇതോടെ ഹിന്ദിനെ കണ്ടെത്താനുള്ള കൂട്ടായ ശ്രമങ്ങളും തുടങ്ങി. ഹിന്ദിനെ രക്ഷപ്പെടുത്താൻ അയച്ച ആംബുലൻസ് ഇസ്രയേൽ ആക്രമണത്തിൽ തകർന്നെന്നും ആരോഗ്യപ്രവർത്തകർ കൊല്ലപ്പെട്ടെന്നും റെഡ് ക്രെസന്റ് ആരോപിച്ചു.
ഒടുവിൽ റജബ് എവിടെയെന്ന ചോദ്യത്തിന് ഉത്തരമായിരുക്കുന്നു കുടുംബാംഗങ്ങളോടും ഫലസ്തീൻ റെഡ്‌ക്രെസന്റിലെ ജീവനക്കാർക്കുമൊപ്പം റജബും കൊല്ലപ്പെട്ടിരിക്കുന്നു. ഇത്രയും കാലം സജീവമായ യുദ്ധമേഖലയായതിനാൽ മറ്റാർക്കും റജബ് കുടുങ്ങിയ സ്ഥലത്തേക്ക് പ്രവേശനമുണ്ടായിരുന്നില്ല. ഒടുവിൽ മേഖലയിലെ നിയന്ത്രണം നീക്കിയപ്പോൾ ആദ്യം എല്ലാവരും തെരഞ്ഞെത് റജബിനെയായിരുന്നു. പ്രദേശത്ത് നിന്നും റജബ് സഞ്ചരിച്ച കാർ കണ്ടെത്താൻ അവർക്ക് കഴിഞ്ഞു. ബുള്ളറ്റുകളേറ്റതിന്റെ നിരവധി പാടുകൾ കാറിലുണ്ടായിരുന്നു. കാറിന്റെ വിൻഡ് സ്‌ക്രീനും ഡാഷ് ബോർഡും ആക്രമണത്തിൽ തകർന്നു. റജബിന്റെ മൃതദേഹത്തിനൊപ്പം അഞ്ച് മൃതദേഹങ്ങൾ കൂടി കണ്ടെത്തി. സമീപത്ത് തന്നെ റജിനെ രക്ഷിക്കാൻ പോയ ആംബുലൻസ് കത്തിക്കരിഞ്ഞ നിലയിൽ കിടക്കുന്നുണ്ടായിരുന്നു.
മറുനാടന് ഡെസ്ക്