- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബംഗ്ലാദേശിനും നേപ്പാളിനും പിന്നാലെ പാക് അധീന കാശ്മീരിലും ജന്‍ സീ പ്രക്ഷോഭം; ഫീസ് വര്‍ധനക്കെതിരായ വിദ്യാര്‍ത്ഥികളുടെ പ്രക്ഷോഭം ആളിക്കത്തുന്നു; അടിച്ചമര്‍ത്താന്‍ അസീം മുനീര്‍; പാക്കിസ്ഥാന് തീവ്രവാദ ഫാക്ടറിയാക്കിയ നാട്ടിലെ പുതുതലമുറ പാക്കിസ്ഥാനെതിരെ തിരിയുന്നു
പാക് അധീന കാശ്മീരിലും ജന്‍ സീ പ്രക്ഷോഭം
ബംഗ്ലാദേശിനെയും നേപ്പാളിനെയും വിറപ്പിച്ച ജന്‍ സീ പ്രക്ഷോഭം പാക്ക് അധീന കാശ്മീരിലും. ആഴ്ചകള്‍ക്ക് മുമ്പ് അരങ്ങേറിയ ജനകീയ പ്രക്ഷോഭത്തിന്റെ അലയൊലികള്‍ അടങ്ങുന്നതിന് മുമ്പാണ് വിദ്യാര്‍ത്ഥികള്‍ തെരുവില്‍ ഇറങ്ങിയിരിക്കുന്നത്. വിദ്യാഭ്യാസ പരിഷ്‌കരണങ്ങളെച്ചൊല്ലി വിദ്യാര്‍ത്ഥികളടങ്ങുന്ന ജെന്‍ സീ തലമുറ നടത്തുന്ന പ്രക്ഷോഭം പാക്കിസ്ഥാന് തലവേദനയാവുകയാണ്.
ഫീസ് വര്‍ദ്ധനവിനും മൂല്യനിര്‍ണയ പ്രക്രിയയ്ക്കും എതിരെ സമാധാനപരമായി ആരംഭിച്ച പ്രതിഷേധം, ഷഹബാസ് ഷെരീഫ് സര്‍ക്കാരിനെതിരായ പ്രക്ഷോഭമായി വളരുകയായിരുന്നു. ജെന്‍ സീ തലമുറക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന അസംതൃപ്തി ഒരു പൊട്ടിത്തെറിയിലേക്ക് എത്തുകയാണ്.
വിദ്യാര്‍ത്ഥികള്‍ തെരുവില്‍
ആഴ്്ചകള്‍ക്ക് മുമ്പ്, അവാമി ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭം പാക്കിസ്ഥാനെ ഞെട്ടിച്ചിരുന്നു. നാം അധിനിവേശ കശ്മീര്‍ എന്നും, പാക്കികള്‍ ആസാദ് കാശ്മീര്‍ എന്നും വിളിക്കുന്ന ഈ പ്രദേശത്തുനിന്ന് അന്ന് പാക്കിസ്ഥാനെതിരെ ആസാദി മുദ്രാവാക്യങ്ങള്‍ ഉയരുന്നു. പാക്കിസ്ഥാനില്‍നിന്ന് ഒരു സ്വതന്ത്രരാജ്യ പദവിയോ, അതുപോലെ ഇന്ത്യയിലേക്ക് കൂടുമാറലോ നടക്കണമെന്ന് പ്രക്ഷോഭകാരികളില്‍ പലരും ആവശ്യപ്പെട്ടിരുന്നു. ഒടുവില്‍, ഷെരീഫ് സര്‍ക്കാര്‍ വഴങ്ങുകയും പ്രതിഷേധക്കാരുമായി ഒരു കരാറില്‍ ഒപ്പുവെക്കുകയും ചെയ്തതോടെയാണ് സംഘര്‍ഷം അവസാനിച്ചത്. അവരുടെ ചില പ്രധാന ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. അതിനുശേഷമാണ് വിദ്യാര്‍ത്ഥി പ്രക്ഷോഭം തുടങ്ങിയത്
മുസാഫറാബാദിലെ സര്‍വകലാശാലയിലാണ് ഫീസ് വര്‍ധനവിനെതിരെയും മെച്ചപ്പെട്ട സൗകര്യങ്ങള്‍ക്കുമായി കുട്ടികള്‍ പ്രതിഷേധങ്ങള്‍ ആരംഭിച്ചത്. പ്രക്ഷോഭം ശക്തി പ്രാപിച്ചതോടെ, സര്‍വകലാശാലാ ഭരണകൂടം ക്യാമ്പസിലെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ ഉടന്‍തന്നെ നിരോധിച്ചു. 2024 ജനുവരിയിലും സമാനമായ പ്രതിഷേധം നടന്നിരുന്നു. സെമസ്റ്റര്‍ ഫീസിന്റെ പേരില്‍ ഓരോ 3-4 മാസം കൂടുമ്പോഴും ലക്ഷക്കണക്കിന് രൂപ പിരിക്കുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചിരുന്നു. അന്ന്, പിഒകെയിലെ അധ്യാപകരും മറ്റ് ജീവനക്കാരും ഏറെക്കാലമായി മുടങ്ങിക്കിടക്കുന്ന ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് പ്രതിഷേധത്തില്‍ പങ്കുചേരുകയും ചെയ്തിരുന്നു.
ഇത്തവണ ഇന്റര്‍മീഡിയറ്റ് വിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍ അണിചേര്‍ന്നിട്ടുണ്ട്. പുതിയ അധ്യയന വര്‍ഷത്തില്‍ മെട്രിക്കുലേഷന്‍, ഇന്റര്‍മീഡിയറ്റ് തലങ്ങളില്‍ ഇ-മാര്‍ക്കിംഗ് അഥവാ ഡിജിറ്റല്‍ മൂല്യനിര്‍ണ്ണയ സംവിധാനം ഏര്‍പ്പെടുത്തിയതാണ് അവരുടെ പ്രധാന പരാതി.
ഒക്ടോബര്‍ 30-ന്, ആറ് മാസത്തെ കാലതാമസത്തിന് ശേഷം പിഒകെയില്‍ ഇന്റര്‍മീഡിയറ്റ് ഒന്നാം വര്‍ഷ പരീക്ഷാഫലം പ്രഖ്യാപിച്ചു. എന്നാല്‍, പ്രതീക്ഷിച്ചതിലും വളരെ കുറഞ്ഞ മാര്‍ക്ക് ലഭിച്ചുവെന്ന വിദ്യാര്‍ത്ഥികളുടെ പരാതി വലിയ പ്രതിഷേധത്തിന് വഴിവെച്ചു. ഇ-മാര്‍ക്കിംഗ് സംവിധാനമാണ് ഇതിന് കാരണമെന്ന് അവര്‍ ആരോപിച്ചതായി പ്രാദേശിക റിപ്പോര്‍ട്ടുകള്‍ പറയുന്നു.ചില സന്ദര്‍ഭങ്ങളില്‍, എഴുതാത്ത വിഷയങ്ങളില്‍ പോലും വിദ്യാര്‍ത്ഥികളെ വിജയിപ്പിച്ചു. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇതേക്കുറിച്ച് വിശദീകരണമൊന്നും ഉണ്ടായിട്ടില്ല. അതേസമയം, മിര്‍പൂരിലെ വിദ്യാഭ്യാസ ബോര്‍ഡ് ഇ-മാര്‍ക്കിംഗ് പ്രക്രിയ വിലയിരുത്താന്‍ ഒരു കമ്മിറ്റിയെ രൂപീകരിച്ചിട്ടുണ്ട്.
ഉത്തരക്കടലാസിന്റെ പുനഃപരിശോധനാ ഫീസ് ഒഴിവാക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നു. വിദ്യാര്‍ത്ഥികളുടെ പരാതികള്‍ ഇപ്പോള്‍ ക്ലാസ് മുറികള്‍ക്ക് പുറത്തേക്ക് വ്യാപിച്ചിരിക്കുന്നു. തകര്‍ന്നുകൊണ്ടിരിക്കുന്ന അടിസ്ഥാന സൗകര്യങ്ങള്‍, മോശം ആരോഗ്യ സംരക്ഷണം, ഗതാഗത സൗകര്യങ്ങളുടെ അഭാവം എന്നിവയെല്ലാം യുവാക്കളുടെ നിരാശ വര്‍ധിപ്പിച്ചിട്ടുണ്ട് എന്ന് പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സമരം തെരുവിലേക്ക് നീങ്ങുകയാണ്. അതിനിടെ വിദ്യാര്‍ത്ഥികള്‍ക്കുനേരെ വെടിവെപ്പുണ്ടായെന്നും നിരവധി പേര്‍ക്ക് പരിക്കേറ്റതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
അടിച്ചമര്‍ത്താന്‍ അസീം മുനീര്‍
എന്നാല്‍ പിഒകെയില്‍ ഇപ്പോള്‍ നടക്കുന്ന പ്രശ്നങ്ങള്‍ക്ക് പിന്നില്‍ ഇന്ത്യയാണെന്നാണ് പാക്കിസ്ഥാന്‍ ആരോപിക്കുന്നത്. പിഒകെയിലെ പ്രശ്നങ്ങളെ അടിമര്‍ത്താനാണ് ഐഎസ്ഐയുടെയും, സൈനിക മേധാവി അസീം മുനീറിന്റെയും തീരുമാനം. അതിനിടെ സൈന്യത്തിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്ന, 27-ാം ഭരണഘടനാ ഭേദഗതി ഉടന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നാണ് അറിയുന്നത്്. ഇതോടെ മുനീര്‍ കൂടുതല്‍ കരുത്തനാവും. 27-ാം ഭേദഗതിക്ക് പിന്തുണ തേടി സര്‍ക്കാര്‍ തന്നെ സമീപിച്ചതായി പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) മേധാവി ബിലാവല്‍ ഭൂട്ടോ സര്‍ദാരി ട്വീറ്റ് ചെയ്തതിനെ തുടര്‍ന്നാണ് ഭരണഘടനയിലെ മാറ്റങ്ങളെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ ആരംഭിച്ചത്. മെയ് മാസത്തില്‍ ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂരിനെ തുടര്‍ന്ന് മുനീറിനെ ഫീല്‍ഡ് മാര്‍ഷലായി നിയമിച്ചത്. ഇപ്പോള്‍ പിഒകെയിലെ പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടതിന്റെ ചുമതലയും അസീം മുനീറിന്റെ മുന്നിലാണ്.
പക്ഷേ പിഒകെയിലെ യുവ ജനതയില്‍ പാക് വിരുദ്ധ വികാരം ശക്തമാണ്. പാക്കിസ്ഥാന്‍ തങ്ങളുടെ നാടിന്‍െ ലോകത്തിന്റെ തീവ്രവാദ ഫാക്ടറിയാക്കിമാറ്റിയെന്നാണ് വിദേശത്തുള്ള, അവാമി ആക്ഷന്‍ കമ്മിറ്റിയുടെ പ്രവര്‍ത്തകര്‍ പറയുന്നത്. കാശ്മീരിനെ പൊതുവേ ഭൂമിയിലെ സ്വര്‍ഗം എന്ന് പറയുന്നതുപോലെയാണ് പിഒകെയിലെയും ഭൂപ്രകൃതി. കൊതിപ്പിക്കുന്ന മഞ്ഞ് മലകളും, കാല്‍പ്പനികത തുളുമ്പിനില്‍ക്കുന്ന ആപ്പിള്‍ മരങ്ങളും പൈന്‍ മരങ്ങളും, സഞ്ചാരികളെ മാടിവിളിക്കുന്ന തടാകങ്ങളുമെല്ലാം എല്ലാം അധിനിവേശ കാശ്മീരിലും ഉണ്ട്. പുറമെ നിന്ന് നോക്കുമ്പോള്‍ എല്ലാം ശാന്തം സുന്ദരം. പക്ഷേ അകത്തേക്ക് ചെന്ന് പരിശോധിക്കുമ്പോഴാണ് നാം ഈ നാട് നരകമാണെന്ന് മനസ്സിലാവുക.
ശരിക്കും പാക്കിസ്ഥാന്റെ തീവ്രവാദ ഫാക്ടറിയാണ് ഈ നാട്. ലഷ്‌ക്കറേ ത്വയ്യിബ്ബയുടെ നേതൃത്വത്തില്‍ മാത്രം ഇവിടെ ആയിരത്തിലേറെ തീവ്രവാദ ക്യാമ്പുകളാണ് 90കളില്‍ പരസ്യമായി നടത്തിയിരുന്നത്. പാക്ക് സര്‍ക്കാറിന്റെ പിന്തുണയോടുകൂടി മദ്രസകളോട് ചേര്‍ന്ന് മതപഠനത്തിന് ഒപ്പമാണ് ഇവിടെ തീവ്രവാദ പരിശീലനവും, കൗമാരക്കാര്‍ക്കായി നടത്തുന്നത്. ഇവരില്‍ നല്ലൊരു വിഭാഗത്തേയും വിടുക ഇന്ത്യയിലേക്കാണ്. അതിര്‍ത്തിയിലൂടെ നുഴഞ്ഞുകയറി, കാശ്മീരിലെത്തി അവിടെ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയായിരുന്ന, ഈ ക്യാമ്പുകള്‍ കൊണ്ട് ഉദ്ദേശിച്ചിരുന്നത്. പക്ഷേ കഴിഞ്ഞ കുറച്ചുകാലമായി ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കുന്നതുകൊണ്ടും, പാക്കിസ്ഥാന്‍ സാമ്പത്തികമായി തകര്‍ന്നതുകൊണ്ടും, ഇത്തരം പ്രവര്‍ത്തനങ്ങള്‍ കാര്യമായി മുന്നോട്ട് കൊണ്ടുപോവാന്‍ കഴിയാറില്ല.
താലിബാനും, ഐസിസും തൊട്ട് ഷിയ തീവ്രവാദത്തിനും ബോക്കോഹറാം തീവ്രവാദികള്‍ക്കുവരെ ബ്രാഞ്ചുകള്‍ ഉള്ള പ്രദേശമാണിത്. ഇത് പലപ്പോഴും പാക്ക് സര്‍ക്കാറിന് തന്നെ ഭീഷണിയായി. ഇന്ത്യയെ തകര്‍ക്കാനുള്ള കള്ളനോട്ടിന്റെ ഹബ്ബായി പ്രവര്‍ത്തിച്ച ചരിത്രവും, അധിനിവേശ കാശ്മീരിന്റെ തലസ്ഥാനമായ മുസഫറാബാദിന് പറയാനുണ്ട്. നേപ്പാള്‍ വഴി വന്‍തോതില്‍ ഇന്ത്യയിലേക്ക് കള്ളനോട്ട് ഇറക്കുന്ന രീതി ഇവിടെ വ്യാപകമായി നടന്നിരുന്നു. ഗാന്ധിത്തലയുള്ള നോട്ടുകള്‍ കൊടുത്താല്‍ ജിന്നയുടെ തലയുള്ള നോട്ടുകള്‍ കിട്ടിയ കാലം നേരതെ ഉണ്ടായിരുന്നു.
അടിസ്ഥാനപരമായി ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഒരു വലിയ വ്യത്യാസം ഇവിടെ പ്രകടമാണ്. കാശ്മീരിനെ തീവ്രവാദ മുക്തമാക്കാനും വികസനത്തിലേക്ക് നയിക്കാനുമാണ് ഇന്ത്യ ശ്രമിച്ചത്. കേന്ദ്ര സര്‍ക്കാര്‍ ജമ്മു കാശ്മീരിനെ അവഗണിക്കുകയാണെന്ന് ഇന്ന് തലക്ക് ഓളമുള്ളവര്‍ക്കും, കടുത്ത മത തീവ്രവാദികള്‍ക്കും അല്ലാതെ പറയാന്‍ കഴിയില്ല. കോടിക്കണക്കിന് രൂപയുടെ പദ്ധതികളും പാക്കേജുകളുമാണ് കേന്ദ്ര സര്‍ക്കാര്‍ കാശ്മീരില്‍ നടപ്പാക്കുന്നത്.
എന്നാല്‍ അധിനിവേശ കാശ്മീരിനൈ വര്‍ഷങ്ങളായി പാക്കിസ്ഥാന്‍ അവരെ കൃത്യമായി അവഗണിച്ച് കൊണ്ടിരിക്കയാണ്. സിയാവുല്‍ ഹഖിനെപ്പോയുള്ള അതിക്രൂരന്‍മ്മാരായ ഭരണാധികള്‍ക്ക്, തങ്ങളുടെ അജണ്ടക്ക് അനുസരിച്ച് കൊല്ലാനും ചാവാനും, കത്തിക്കാനുമുള്ള തീവ്രവാദികളെ സൃഷ്ടിക്കാനുള്ള സ്ഥലം ആയിരുന്നു ഇത്. പാക്കിസ്ഥാന്‍ ഈ മേഖലയെ തങ്ങളുടെ ചാര സംഘടനയായ ഐസ്ഐക്ക് പതിച്ച് കൊടുക്കുക ആയിരുന്നുവെന്നാണ് പാശ്ചാത്യ മാധ്യമങ്ങള്‍ എഴുതുന്നത്.
ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറാനായി ലഷ്‌ക്കര്‍, ജെയ്ഷേ തീവ്രവാദികള്‍ക്ക് പരിശീലനം കൊടുക്കുന്ന ഒരു ഹബ്ബായി ഇത് 90കളില്‍ മാറിയിരുന്നു. പാക്കിസ്ഥാന്‍ ആര്‍മി ഓഫീസര്‍മാര്‍ തന്നെ ആയിരുന്നു, ഈ പരിശീലനത്തിന് നേതൃത്വം നല്‍കിയത്. ഓര്‍ക്കണം, മുംബൈ ഭീകരാക്രമണത്തിലെ മുഖ്യ പ്രതി അജ്മല്‍ കസബിന്വരെ പരിശീലനം കിട്ടിയത് പിഒകെയുടെ തിലസ്ഥാനമായ മുസഫറാബാദില്‍ നിന്നാണെന്ന് തെളിഞ്ഞിരുന്നു. ഒരു പാവപ്പെട്ട കുടുംബത്തില്‍ ജനിച്ച കസബിനെ, പണവും ഓഫറുകളും നല്‍കി, മനസ്സിലേക്ക് തീവ്രവാദത്തിന്റെ വിത്തിട്ട്, ചാവറാക്കി മാറ്റിയതും സാക്ഷാല്‍ ഐഎസ്ഐ തന്നെ ആയിരുന്നു. ഇങ്ങനെ ആയിരക്കണക്കിന് കുട്ടികളുടെ ജീവിതമാണ് ഇവര്‍ ഇല്ലാതാക്കുന്നത്.
തീവ്രവാദത്തിന് തീവെട്ടി പിടിച്ചുകൊണ്ട് നടത്തുന്ന ഈ കളി തീക്കളിയാണെന്ന് പാക്കിസ്ഥാന്‍ ഈയടുത്താണ് അറിഞ്ഞത്. കാരണം താലിബാനും, അല്‍ഖായിദക്കും, ഐസിസിനും തൊട്ട് സകല ഇസ്ലാമിക തീവ്രാവാദ സംഘനകള്‍ക്കും ഇവിടെ ബ്രാഞ്ചായി. പാക്ക് താലിബാന്‍ ശക്തി പ്രാപിച്ചു. ചില ഭാഗങ്ങളില്‍ ഷിയാ തീവ്രവാദവും ഉണ്ടായി. ഇപ്പോള്‍ അവരെല്ലാം പാക്കിസ്ഥാനെ തിരിഞ്ഞുകുത്തുകയാണ്. തങ്ങളെ തീവ്രവാദികളാക്കിയ ഒരു ഗുണ്ടാ രാഷ്ട്രമായിരുന്നു പാക്കിസ്ഥാന്‍ എന്ന് വൈകിയ വേളയിലെങ്കിലും പാക് അധീന കാശ്മീരിലെ വിദ്യാസമ്പന്നര്‍ തിരിച്ചറിയുകയാണ്. അതുകൊണ്ടുതന്നെ ഈ വിദ്യാര്‍ത്ഥി പ്രക്ഷോഭം വളര്‍ന്നാല്‍, അത് പിഒകെയുടെ വിമോചനത്തിലേക്കാവും നയിക്കുക. ഇവിടെയാണ് എല്ലാവരും ഇന്ത്യയുടെ റോള്‍ ഉറ്റുനോക്കുന്നത്. നഷ്ടപ്പെട്ട ഇന്ത്യയുടെ ഭാഗം തിരിച്ചുപിടിക്കാനുള്ള സുവര്‍ണ്ണാവസരമായി ഇന്ത്യ ഇതിനെ എടുക്കുമോ എന്നാണ് പാക്കിസ്ഥാന്‍ ഭയക്കുന്നതും.




