കോഴിക്കോട്: ജെൻഡർ ന്യൂട്രൽ വിവാദത്തിന്റെ പേരിൽ താൻ ഏറെ വേട്ടയാടപ്പെട്ടുവെന്ന്, പ്രതിപക്ഷ ഉപ നേതാവ് എം കെ മുനീർ എംഎൽഎ. ഞാൻ പറഞ്ഞ കാര്യങ്ങൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു. സമൂഹത്തിന് മുന്നിൽ തന്നെ സ്വവർഗരതി ആസ്വദിക്കുന്നയാളായി മാധ്യമങ്ങൾ ചിത്രീകരിച്ചു. ഇതു തന്നെ ബാധിച്ചിട്ടുണ്ട്-എം.കെ. മുനീർ പറഞ്ഞു. ഹോമോസെക്ഷ്വൽ ആയിട്ടുള്ള ട്രോളുകൾ തനിക്കെതിരെ വ്യാപകമായി പ്രചരിച്ചു. ഓരോ വീട്ടിലും ചെന്നിട്ട് ഇതല്ല ഞാൻ എന്ന് എനിക്ക് പറയാൻ പറ്റുമോ എന്നും അദ്ദേഹം ചോദിച്ചു.

പറഞ്ഞതിന് വിപരീതമായ വാർത്തകളാണ് വരുന്നത്. മാധ്യമങ്ങളുടെ ആശയം മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കരുത്. പോക്സോ കേസിന് വേണ്ടി നിയമങ്ങൾ കാറ്റിൽ പറത്തണമെന്ന് പറയുന്ന ആളായി തന്നെ ചിത്രീകരിക്കുന്നുവെന്നും ഇതിൽ ശക്തമായ അമർഷം രേഖപ്പെടുത്തുന്നുവെന്നും മുനീർ പറഞ്ഞു. ലോകത്ത് ബോയ് ലവേഴ്സ് അസോസിയേഷനുകൾ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. ഇത് പോക്സോയെ അപ്രസക്തമാക്കുന്നുവെന്നാണ് താൻ പറഞ്ഞത്. ഇത്തരക്കാരുടെ അടുത്തഘട്ടം പീഡോഫീലിക് അസോസിയേഷനാണ്. ഇതുകൂടി വന്നാൽ കുട്ടികളുമായി ബന്ധപ്പെട്ടുള്ള മുറവിളി ഉയരാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത് പോക്സോ കേസുകളെ അപ്രസക്തമാക്കുമെന്നും അങ്ങനെ പീഡിപ്പിക്കപ്പെട്ട കുട്ടി ഏത് കോടതിയിൽ പോകുമെന്നും അദ്ദേഹം ചോദിച്ചു.

ജെൻഡർ ജസ്റ്റിസിന് വേണ്ടി നിലകൊണ്ടിട്ടുള്ള ആളാണ് ഞാൻ. സ്ത്രീകളുടേയും കുട്ടികളുടേയും വകുപ്പ് കൈകാര്യം ചെയ്തിട്ടുണ്ട്. പോക്സോ കേസ് രാജ്യത്തുകൊണ്ടു വന്നപ്പോൾ അന്നത്തെ മന്ത്രി എന്ന നിലയിൽ പോക്സോ ഇവിടെ യഥാർത്ഥ്യമാക്കുക എന്നത് എന്റെ ഉത്തരവാദിത്തമായിരുന്നു. അന്ന് കമ്മിഷൻ വെച്ചത് താനാണെന്നും അദ്ദേഹം കുട്ടിച്ചേർത്തു. അതേസമയം മുസ്ലിംലീഗും സമസ്തയുമൊക്കെ ഉയർത്തിയ വിവാദങ്ങളെ തുടർന്ന്, സർക്കാർ ജൻഡർ ന്യൂട്രൽ പോളിസിയിൽനിന്ന് പിന്നോട്ട് പോയിരിക്കയാണ്. ഒന്നും അടിച്ചേൽപ്പികേണ്ട എന്നാണ്, ഇപ്പോൾ സർക്കാർ തീരുമാനം.

പിണറായി സാരി ഉടുക്കുമോ?

പിണറായി വിജയന് സാരിയും ബ്ലൗസും ഇട്ടാൽ എന്താണ് കുഴപ്പെന്ന് ചോദിച്ചുള്ള മുനീറിന്റെ പ്രസംഗം നേരത്തെ വിവാദമായിരുന്നു. ലിംഗസമത്വം എന്ന പേരിൽ സർക്കാർ സ്‌കൂളുകളിൽ മതനിരാസം പ്രോത്സാഹിപ്പിക്കുകയാണെന്നാണ് മുനീർ പറയുന്നത്. എം.എസ്.എഫിന്റെ നേതൃത്വത്തിലുള്ള 'വേര്' എന്ന കാമ്പയിന്റെ സംസ്ഥാനതല സമാപന സമ്മേളനത്തിൽ 'മതം, മാർക്‌സിസം, നാസ്തികത' എന്ന വിഷയത്തിൽ സംസാരിക്കുമ്പോഴായിരുന്നു മുനീറിന്റെ പ്രസ്താവന.

'പുതിയ പാഠ്യപദ്ധതിയുടെ കരട് ചർച്ചചെയ്യാൻ വെച്ചിരിക്കുകയാണ്. സ്ത്രീയ്ക്കും പുരുഷനും തുല്യത ഉണ്ടാകണമെന്നാണ് അതിൽ പറയുന്നത്. ഇനിമുതൽ സ്ത്രീയ്ക്കും പുരുഷനും ഒരു ബാത്ത് റൂം മാത്രമേ സ്‌കൂളുകളിൽ ഉണ്ടാകൂ. മതമില്ലാത്ത ജീവൻ എന്നുപറഞ്ഞ് മതനിഷേധത്തെ കടത്തിയതുപോലെ ഇപ്പോൾ ജെൻഡർ ന്യൂട്രാലിറ്റി എന്ന പേരിൽ വീണ്ടും മതനിഷേധത്തെ സ്‌കൂളുകളിലേക്ക് കൊണ്ടുവരാനുള്ള പാഠ്യപദ്ധതി തയ്യാറായിക്കഴിഞ്ഞിരിക്കുന്നു. ആൺകുട്ടികൾക്കെന്താ ചുരിദാർ ചേരില്ലേ? പിണറായി വിജയനും ഭാര്യയും യാത്രചെയ്യുമ്പോൾ എന്തിനാണ് ഭാര്യയെക്കൊണ്ട് പാന്റ് ഇടീക്കുന്നത്? പിണറായി വിജയന് സാരിയും ബ്ലൗസും ഇട്ടാൽ എന്താണ് കുഴപ്പം?', മുനീർ ചോദിക്കുന്നു. ഈ പ്രസംഗം വൻ വിവാദമായി. ഇതേ പ്രസംഗത്തിൽ തന്നെയാണ് മുനീർ, മാർക്സിന്റെ പല്ലുതേക്കാതെയും കുളിക്കാതെയും നടക്കുന്നയാൾ എന്നും വേലക്കാരിയിൽ അവിഹത സന്തതിയെ ഉണ്ടാക്കിയ വ്യക്തിയെന്നും അക്ഷേപിച്ചത്.

ഈ വിവാദത്തിന്റെ അലയൊലികൾ അടങ്ങും മുമ്പാണ്്, ലിംഗ സമത്വമെങ്കിൽ ആൺകുട്ടികൾ മുതിർന്ന ആളുകളുമായി ബന്ധപ്പെട്ടാൽ കേസെടുക്കുന്നതെന്തിനെന്ന് എം.കെ. മുനീർ ചോദിച്ചത്. കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷന്റെ, 'കേരള പാഠ്യപദ്ധതി ചട്ടക്കൂട് കാണാപ്പുറങ്ങൾ' എന്ന സെമിനാറിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

'ഹോമോ സെക്ഷ്വാലിറ്റിയുടെ പേരിൽ എത്ര കേസുകൾ നടക്കുന്നുണ്ട്. പോക്സോ കേസുകളൊക്കെ എന്താണ് ശരിക്കും? പോക്സോ കേസുകൾ നിങ്ങൾ എന്തിനാണ് എടുക്കുന്നത്. ഒരു പുരുഷൻ വേറൊരു പുരുഷനുമായി, അല്ലെങ്കിൽ ഒരു ആൺകുട്ടിയുമായി ബന്ധപ്പെട്ടാൽ പോക്സോ കേസ് എടുക്കുന്നത് എന്തിനാണ്? എടുക്കേണ്ടല്ലോ. ജൻഡർ ന്യൂട്രാലിറ്റിയാണ്. അപ്പോൾ പോക്സോ ആവശ്യം ഉണ്ടോ? ജൻഡർ ന്യൂട്രാലിറ്റി എന്ന് പറയുമ്പോഴും ഇതിനെ ദുരുപയോഗം ചെയ്യുന്ന എത്ര ആളുകൾ ഉണ്ടാകും എന്ന് നമ്മൾ ആലോചിക്കുക. എത്ര പീഡനങ്ങൾ ആൺകുട്ടികൾക്ക് ഉണ്ടാകാൻ സാധ്യതയുണ്ട് എന്നതിനെക്കുറിച്ച് ആലോചിക്കണം', മുനീർ പറയുന്നു.

തന്റെ നിലപാടിന്റെ പേരിൽ പേരിൽ തന്നെ ഇസ്ലാമിസ്റ്റ് എന്ന് ചാപ്പകുത്തിയാലും പ്രശ്നമില്ലെന്നും മുനീർ പറയുന്നു. ഈ വിഷയത്തിൽ വലിയ സമരം ഉയർന്നു വരും. എല്ലാ മതവിഭാഗങ്ങളേയും ബാധിക്കുന്ന വിഷയമാണ് ഇത്. പെൺകുട്ടികൾ പാന്റും ഷർട്ടും ഇട്ടാൽ നീതി ലഭിക്കുമോ? വസ്ത്രധാരണ രീതി മാറിക്കഴിഞ്ഞാൽ സ്ത്രീകൾ പീഡിപ്പിക്കപ്പെടില്ല എന്ന് ഉറപ്പുണ്ടോ? ജൻഡർ ന്യൂട്രാലിറ്റി അല്ല ലിംഗനീതിയാണ് ആവശ്യമെന്നും മുനീർ പറയുന്നു.

ഇതോടെ ശക്തമായ സൈബർ ആക്രമണമാണ് എം കെ മുനീറിന് നേരെ ഉണ്ടായത്. മുസ്ലിം ലീഗിലെ പുരോഗമനവാദിയായ മുനീർ, മുജാഹിദ് ബാലശ്ശേരിയെപ്പോലെ സംസാരിക്കുന്നുവെന്നായിരുന്നു വിമർശനം. അതിന് പിന്നാലെയാണ്, സൈബർ സഖാക്കൾ മുനീറിനെ സ്വവർഗാനുരാഗിയായി വരെ ചിത്രീകരിച്ച് ട്രോൾ ഇറക്കിയത്.