- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
സ്കോട്ട്ലാൻഡിലെ മഞ്ഞുവീഴ്ച്ചയിൽ കുരുങ്ങി കാറുകൾ നിരത്തിൽ നിരന്നത് മൈലുകളോളം ദൂരത്തിൽ; വീടുകൾ വെള്ളപ്പൊക്കത്തിൽ മുങ്ങിയപ്പോൾ പലരെയും രക്ഷപ്പെടുത്താൻ രക്ഷാപ്രവർത്തകർ എത്തേണ്ടി വന്നു; ട്രെയിനുകൾ റദ്ദാക്കി; ബ്രിട്ടനിൽ ആഞ്ഞടിച്ച് ഗെറിറ്റ് കൊടുങ്കാറ്റ്
ലണ്ടൻ: കോരിച്ചൊരിയുന്ന പേമാരിക്കും, കടുത്ത മഞ്ഞുവീഴ്‌ച്ചയ്ക്കുമൊപ്പം മണിക്കൂറിൽ 80 മൈൽ വേഗതയിൽ ഗെറിറ്റ് കൊടുങ്കാറ്റ് കൂടി ആഞ്ഞടിച്ചപ്പോൾ അടിയന്തിര സാഹചര്യം ആസന്നമായതായി സ്‌കോട്ട്ലാൻഡ് പൊലീസ് പ്രഖ്യാപിച്ചു. ക്രിസ്ത്മസ് ഒഴിവുദിനങ്ങൾ ആഘോഷിച്ച് വീടുകളിലേക്ക് മടങ്ങുന്നവർക്കാണ് ഗെറിറ്റ് ഏറെ ദുരിതങ്ങൾ സമ്മാനിച്ചത്. കനത്ത മഴയും കാറ്റും എത്തിയപ്പോൾ പലയിടങ്ങളിലും റോഡ് ഗതാഗതം ഏതാണ്ട് പൂർണ്ണമായും സ്തംഭിച്ചു. ർട്രെയിനുകളും, വിമാനങ്ങളും ഫെറികളും റദ്ദാക്കപ്പെട്ടു.
പെർട്ട്ഷയറിൽ, എ 9 ൽ 400 ൽ അധികം കാറുകളും ലോറികളും നാലു മണിക്കൂറിൽ അധികം മഞ്ഞിൽ കുരുങ്ങിക്കിടന്നതോട്ഗെ ആളുകളോട് യാത്ര ഒഴിവാക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ് സ്‌കോട്ടിഷ് അധികൃതർ. സ്‌കോട്ട്ലാൻഡിലേക്കുള്ള പല ട്രെയിനുകളും റദ്ദാക്കപ്പെട്ടതോടെ ഉപഭോക്താക്കളോട് യാത്ര ഒഴിവാക്കാൻ ട്രെയിൻ ഓപ്പറേറ്റേഴ്സും നിർദ്ദേശിച്ചു. വഴിയിൽ കുരുങ്ങിപ്പോയ ചില യാത്രക്കാരോട് ഹോട്ടലുകളിൽ തങ്ങുവാനും ബില്ലുകൾ പിന്നീട് ക്ലെയിം ചെയ്യാനും ട്രെയിൻ ഓപ്പറേറ്റർമാർ ആവശ്യപ്പെട്ടിട്ടുണ്ട്.
എയർ ട്രാഫിക് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നതിനാൽ ബ്രിട്ടീഷ് എയർവേയ്സ് ലണ്ടൻ, ഹീത്രൂവിൽ നിന്നുള്ള 18 വിമാന സർവ്വീസുകൾ റദ്ദാക്കി. അബെർഡീൻ, എഡിൻബർഗ്, ഗ്ലാസ്ഗോ, ജഴ്സി, മാഞ്ചസ്റ്റർ, ബാഴ്സിലോണ, ബെർലിൻ, മാഡ്രിഡ്, പാരിസ് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കിയവയിൽ ഉൾപ്പെടും. സ്‌കോട്ട്ലാൻഡിൽ വെള്ളപ്പൊക്കം രൂക്ഷമായതോടെ കുപ്പറിൽ പലർക്കും വീടുകൾ ഉപേക്ഷിച്ചു രക്ഷപ്പെടേണ്ടതായി വന്നു. പലരെയും പെർത്തിൽ നിന്നും സ്റ്റെർലിംഗിൽ നിന്നും കൊണ്ടു വന്ന ബോട്ടുകളിൽ രക്ഷാ പ്രവർത്തകർ രക്ഷപ്പെടുത്തുകയായിരുന്നു.
ലെയ്ക്ക് ഡിസ്ട്രിക്ടിലെ ഗ്രെയ്റ്റ് ലാംഗ്ഡെയ്ൽ താഴ്‌വരയിലാണ് ഇതുവരെ ഏറ്റവും അധികം മഴ രേഖപ്പെടുത്തിയിട്ടുള്ളത്. 77.6 മില്ലി മീറ്റർ മഴയാണ് ഇവിടെ ലഭിച്ചത്. സാധാരണ ഡിസംബർ മാസത്തിൽ ലഭിക്കാറുള്ള 178 മി. മീറ്ററിന്റെ പകുതിയോളം വരും ഇത് എന്ന് മെറ്റ് ഓഫീസ് വൃത്തങ്ങൾ അറിയിച്ചു. അതുപോലെ ഏറ്റവും വേഗതയേറിയ കാറ്റ് രേഖപ്പെടുത്തിയത് സ്‌കോട്ട്ലാൻഡിന്റെ വടക്ക് കിഴക്കൻ തീരത്തുള്ള ഇൻവെർബെറീവിലായിരുന്നു. മണിക്കൂറിൽ 86 മൈൽ വേഗത്തിലായിരുന്നു ഇവിടെ കാറ്റ് ആഞ്ഞടിച്ചത്.
ഫെയർ ഐലിൽ മണിക്കൂറിൽ 84 മൈൽ വേഗത്തിലും കേപൽ കരിഗിൽ മണിക്കൂറിൽ 83 മൈൽ വേഗതയിലും കാറ്റടിച്ചു.ചിലയിടങ്ങളിൽ 2 മുതൽ 3 സെന്റീമീറ്റർ കനത്തിൽ വരെ മഞ്ഞുവീഴ്‌ച്ചയും ഉണ്ടായി. കനത്ത മഞ്ഞുവീഴ്‌ച്ചയുണ്ടായതിനെ തുടർന്ന് എ 9 ൽവാഹന ഗതാഗതം സ്തംഭിച്ചു. സ്നോ പ്ലോകൾ കാറുകൾക്ക് പുറകിൽ കുടുങ്ങിയതിനാൽ മഞ്ഞു നീക്കൽ ഏറെ ശ്രമകരമാവുകയും ചെയ്തു. വാഹനങ്ങളുടെ നിര മൈലുകളോളം നീണ്ടതോടെ ഹൈലാൻഡ് കൗൺസിൽ അടിയന്തിര സാഹചര്യം പ്രഖ്യാപിച്ചു.
അതേ റോഡിൽ മൈലുകൾക്ക് അപ്പുറത്ത് വെള്ളപ്പൊക്കവും ഉണ്ടായി. അതിനെ തുടർന്ന് അത്യാവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന നിർദ്ദേശവുമായി അധികൃതരും രംഗത്തെത്തിയിട്ടുണ്ട്. സ്‌കോട്ടിഷ് ആൻഡ് സതേൺ ഇലക്ട്രിസിറ്റി നെറ്റ്‌വർക്ക്സ് അറിയിച്ചത് ഏതാണ്ട് 27,000 ഓളം വീടുകളിൽ വൈദ്യൂതി വിതരണം തടസ്സപ്പെട്ടു എന്നാണ്. ബുധനാഴ്‌ച്ച വൈകിട്ടോടെ ഏതാണ്ട് 8500 വീടുകളിൽ വൈദ്യൂതി വിതരണം പുനഃസ്ഥാപിക്കാൻ കഴിഞ്ഞതായും അവർ അറിയിച്ചു. ഗ്ലാസ്ഗോയിലെ ഗതാഗത പ്രശ്നങ്ങൾ കാരണം സ്‌കോട്ടിഷ് പ്രീമിയർഷിപ് ഫുട്ബോൾ മാച്ച് നീട്ടിവെച്ചു.
എം 48 സെവേൺ ബ്രിഡ്ജിൽ രണ്ട് ഭാഗത്തേക്കുമുള്ള ഗതാഗതം തടഞ്ഞിരിക്കുകയാണ്. കനത്ത കാറ്റുമൂലമാണിതെന്ന് നാഷണൽ ഹൈവേയ്സ് അറിയിച്ചു. എം 4 പ്രിൻസ് ഓഫ് വെയ്ൽസ് ബ്രിഡ്ജിലൂടെ യാത്ര ചെയ്യേണ്ടവർക്ക് പകരം മറ്റൊരു വഴിയിലൂടെ യാത്ര ചെയ്യുന്നതിനുള്ള നിർദ്ദേശവും നൽകിയിരുന്നു. ഒരു അപകടത്തെ തുടർന്ന് 90 മിനിറ്റോളം ഗതാഗതം സ്തംഭിച്ചതിനെ തുടർന്നാണിത്. സൗത്താംപ്ടണും ഐൽ ഓഫ് വൈറ്റിനും ഇടയിൽ സർവീസ് നടത്തുന്ന ഫെറി ഓപ്പറേറ്റർ റെഡ് ഫണൽ കനത്ത കാറ്റിനെ തുടർന്ന് അവരുടെ റെഡ് ജെറ്റ് പാസഞ്ചർ സർവ്വീസ് റദ്ദാക്കി.
അതുപോലെ പോർട്ട്സ്മൗത്തിനും ഐൽ ഓഫ് വൈറ്റിനും ഇടയിലുള്ള ഹോവർക്രാഫ്റ്റ് സർവ്വീസും റദ്ദാക്കിയിട്ടുണ്ട്. ലണ്ടനും സ്‌കോട്ട്ലാൻഡിനും ഇടയിലുള്ള ലണ്ടൻ നോർത്ത് ഈസ്റ്റേൺ റെയിൽവേ സർവ്വീസും ഏറെ വൈകി. ലീഡ്സിനും ഹാരോഗെയ്റ്റിനും അതുപോലെ ബെർവിക്കിനും എഡിൻബർഗിനും ഇടയിലുണ്ടായ വെള്ളപ്പൊക്കമായിരുന്നു ലണ്ടൻ നോർത്ത് ഈസ്റ്റേൺ റെയിൽവേ അഭിമുഖീകരിച്ച പ്രധാന പ്രശ്നം.