- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഞാൻ ജനറൽ സെക്രട്ടറി ആയിരിക്കുമ്പോൾ കെ.സി.വേണുഗോപാൽ സ്കൂളിൽ പോകുകയായിരുന്നു'; എന്താണ് രാഹുൽ ഗാന്ധി ജീ, താങ്കൾ പറയുന്നത്; സ്വന്തം ചരിത്രത്തെക്കുറിച്ച് ഒരു ധാരണയുമില്ലാത്തവരോട് എനിക്ക് തർക്കിക്കാൻ കഴിയില്ല'; പരിഹസിച്ച് ഗുലാം നബി ആസാദ്
ന്യൂഡൽഹി: സുപ്രധാന വിഷയങ്ങളിൽ ഇടപെടാതെ താരതമ്യേന ജൂനിയറായ നേതാക്കളെ ചുമതലയേൽപ്പിക്കുന്ന പ്രവണതകൾ അടക്കം ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതൃത്വത്തിനും രാഹുൽ ഗാന്ധിക്കുമെതിരെ വീണ്ടും രൂക്ഷ വിമർശനം ഉയർത്തി കോൺഗ്രസ് വിട്ട മുതിർന്ന നേതാവ് ഗുലാം നബി ആസാദ്. രാഹുൽ നല്ല വ്യക്തിയാണെങ്കിലും രാഷ്ട്രീയത്തിന് പറ്റിയ നേതൃഗുണം അദ്ദേഹത്തിനില്ലെന്നും ഗുലാം നബി ആസാദ് പ്രതികരിച്ചു. വിവിധ ദേശീയ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ ഇന്നും അദ്ദേഹം കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്.
'ജി-23ന് മുമ്പ് തന്നെ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് ഞാൻ ഒരു കത്തയച്ചിരുന്നു. എന്നിട്ട് അവർ എന്താണ് ചെയ്തത്. ഉന്നയിച്ച വിഷയങ്ങൾ കെ.സി.വേണുഗോപാലുമായി ചർച്ച ചെയ്യാനും ഏകോപിപ്പിക്കാനുമാണ് ആവശ്യപ്പെട്ടത്. ഞാൻ ജനറൽ സെക്രട്ടറി ആയിരിക്കുമ്പോൾ കെ.സി.വേണുഗോപാൽ സ്കൂളിൽ പോകുകയായിരുന്നുവെന്ന് ഞാൻ അവരോട് പറഞ്ഞു.
'എന്നാൽ, രൺദീപ് സിങ് സുർജെവാലയോട് സംസാരിക്കാൻ അപ്പോൾ ആ കുടുംബത്തിലെ ഒരാൾ പറഞ്ഞു. ഞാൻ ജനറൽ സെക്രട്ടറി ആയിരിക്കുമ്പോൾ രൺദീപിന്റെ പിതാവ് സംസ്ഥാന ഘടകത്തിന്റെ ഭാഗമാണ്. അദ്ദേഹം എനിക്ക് കീഴിൽ പ്രവർത്തിച്ചിട്ടുള്ള ആളാണ്. ഞാൻ എങ്ങനെ അദ്ദേഹത്തിന്റെ മകനുമായി പാർട്ടി കാര്യങ്ങൾ ചർച്ച ചെയ്യും. എന്താണ് രാഹുൽ ഗാന്ധി ജീ, താങ്കൾ പറയുന്നത്', സ്വന്തം ചരിത്രത്തെക്കുറിച്ച് ഒരു ധാരണയുമില്ലാത്തവരോട് എനിക്ക് തർക്കിക്കാൻ കഴിയില്ല. ന്യൂസ് 18ന് നൽകിയ അഭിമുഖത്തിനിടെ ഗുലാം നബി പറഞ്ഞു.
2019-ലെ തിരഞ്ഞെടുപ്പ് ഘട്ടത്തിൽ 'ചൗക്കിദാർ ചോർ ഹെ' മുദ്രാവാക്യവുമായി എന്തുകൊണ്ട് സഹകരിച്ചില്ല എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു. 'എന്തിന് സഹകരിക്കണം ഇത് എന്റേതല്ല, നിങ്ങളുടെ ഭാഷയായിരിക്കാം എന്ന് ഞാൻ രാഹുലിനോട് പറഞ്ഞു. അടൽ ബിഹാരി വാജ്പേയിയോട് ഇങ്ങനെ പറയണമെന്ന് ഇന്ദിരാഗാന്ധി പോലും ഞങ്ങളോട് പറഞ്ഞിട്ടില്ല. പ്രതിപക്ഷ നേതാക്കളുടെ വീട്ടിൽ പോകാനാണ് രാജീവ് ഗാന്ധി പറഞ്ഞത്. നമുക്ക് ഇങ്ങനെ സംസാരിക്കാൻ കഴിയില്ല. ഞങ്ങളെ ഇങ്ങനെ വളർത്തിയിട്ടില്ല. ഈ മുദ്രാവാക്യം രാഹുൽ ഉയർത്തിയത് മുതൽ പല മുതിർന്ന നേതാക്കളും വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. മന്മോഹൻ സിങ്, എ.കെ.ആന്റണി, പി.ചിദംബരം ഒപ്പം ഞാനും അതിനെ എതിർത്തിരുന്നു.
സോണിയ ഗാന്ധിയുടെ ശൈലിയേയും പ്രവർത്തനങ്ങളേയും രാഹുൽ തകർത്തെന്നും ഗുലാം നബി ആസാദ് ആരോപിച്ചു. രാഹുൽ പ്രസിഡന്റായി തിരിച്ചെത്തിയാലും മറ്റാരെങ്കിലും ആ സ്ഥാനത്ത് എത്തിയാലും അയാളുടെ അടിമയായി തന്നെ കഴിയേണ്ടി വരും. അയാളുടെ ഫയലുകൾ ചുമക്കേണ്ടവനായി മാറും. എത്ര സമയമാണ് രാഹുൽ പാർട്ടിക്കായി മാറ്റിവെക്കുന്നതെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണം. അദ്ദേഹത്തിന്റെ പ്രായത്തിൽ തങ്ങൾ 20 മണിക്കൂറാണ് ദിവസവും പാർട്ടിക്കായി മാറ്റിവെച്ചിരുന്നതെന്നും ഗുലാം നബി പറഞ്ഞു.
പാർട്ടിയുടെ സുപ്രധാന തീരുമാനങ്ങൾ കൈക്കൊള്ളുന്ന പ്രവർത്തക സമിതി അർത്ഥമില്ലാതായി മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ദിരാ ഗാന്ധിയുടേയും രാജീവിന്റേയും കാലത്ത് പാർട്ടിയെ തഴച്ചുവളരാൻ സഹായിച്ച സമിതിയായിരുന്നു ഇത്. 1998 നും 2004 നും ഇടയിൽ സോണിയ ഗാന്ധി മുതിർന്ന നേതാക്കളുമായി പൂർണ്ണമായും കൂടിയാലോചന നടത്തിയിരുന്നു. അവർ അവരെ ആശ്രയിച്ചു, ശുപാർശകൾ സ്വീകരിച്ചു. എന്നാൽ രാഹുൽ ഗാന്ധി വന്നതിനുശേഷം, 2004 മുതൽ, സോണിയ ഗാന്ധി രാഹുൽ ഗാന്ധിയെ കൂടുതൽ ആശ്രയിക്കാൻ തുടങ്ങി. അങ്ങനെ ചെയ്യാനുള്ള യോഗ്യത അദ്ദേഹത്തിനില്ലായിരുന്നു.
എല്ലാവരും രാഹുൽ ഗാന്ധിയുമായി കൂടിയാലോചന നടത്തണമെന്ന് അവർ ആവശ്യപ്പെട്ടിരുന്നു. പാർട്ടിയുടെ ചുമതല രാഹുൽ ഏറ്റെടുത്തെങ്കിലും അദ്ദേഹം അതിലൊന്നും ശ്രദ്ധപുലർത്തിയില്ല. പലതവണ ഓർമപ്പെടുത്തി. ഒരു പദ്ധതിയും പ്രചാരണങ്ങളും നടപ്പാക്കിയില്ല. പാർട്ടിയെ ശക്തിപ്പെടുത്തുന്നതിന് ഒമ്പത് വർഷമായി നൽകിയിട്ടുള്ള ശുപാർശകളെല്ലാം എഐസിസി സ്റ്റോറിൽ കെട്ടികിടക്കുകയാണ്. പാർട്ടിയുടെ അവസ്ഥ മെച്ചപ്പെടുത്തുന്നതിനുള്ള ഒരു ശ്രമങ്ങളും നടന്നിട്ടില്ലെന്നും ആസാദ് പറഞ്ഞു.
അതേസമയം തനിക്ക് വ്യക്തിപരമായ ഒരു വിരോധവും രാഹുൽ ഗാന്ധിയുമായി ഇല്ലെന്നും അദ്ദേഹം അഭിമുഖങ്ങൾക്കിടെ പറഞ്ഞു. 'വ്യക്തിപരമായി എനിക്ക് വിരോധമില്ല. അദ്ദേഹം ഒരു നല്ല മനുഷ്യനാണ്, മാന്യനാണ്. എപ്പോഴും എന്നോട് ബഹുമാനത്തോടെ പെരുമാറിയിട്ടുണ്ട്. പക്ഷേ ഒരു രാഷ്ട്രീയക്കാരൻ എന്ന നിലയിൽ അദ്ദേഹത്തിന് അഭിരുചിയില്ല.അച്ഛനെയും മുത്തശ്ശിയെയും പോലെ കഠിനാധ്വാനം ചെയ്യാനുള്ള കഴിവും അദ്ദേഹത്തിനില്ല' എൻഡിടിവിയോട് ആസാദ് വ്യക്തമാക്കി.
ഗുലാം നബി ആസാദിന്റെ അഭിമുഖങ്ങളോട് കോൺഗ്രസ് രൂക്ഷഭാഷയിൽ പ്രതികരിച്ചു. ഇത്രയും നീണ്ട കരിയറിന് ശേഷം, ചുമലകൾ നൽകിയ പാർട്ടിയെ ദുരാരോപണങ്ങൾ ഉന്നയിച്ച് അപകീർത്തിപ്പെടുത്തി ആസാദ് സ്വയം താഴുകയാണെന്ന് ജയ്റാം രമേശ് പറഞ്ഞു.രാജ്യസഭാ സീറ്റിനും ദേശീയ തലസ്ഥാനത്തിന്റെ ഹൃദയഭാഗത്തുള്ള സൗത്ത് അവന്യൂവിലെ ബംഗ്ലാവ് നിലനിർത്താനുമാണ് ആസാദ് പാർട്ടിയിൽ കലാപമുയർത്തിയതെന്ന് മറ്റൊരു മുതിർന്ന കോൺഗ്രസ് നേതാവ് ആരോപിച്ചു.
കോൺഗ്രസിന് വൻ പ്രഹരം നൽകിക്കൊണ്ടാണ് മുതിർന്ന നേതാവ് ഗുലാം നബി ആസാദ് പാർട്ടിയിൽ നിന്ന് രാജി വച്ചത്. നേതൃത്വത്തെ രൂക്ഷഭാഷയിൽ വിമർശിച്ചുകൊണ്ടായിരുന്നു ഗുലാം നബി ആസാദിന്റെ രാജിക്കത്ത്.
'രാഹുൽ ഗാന്ധിയുടെ പക്വതക്കുറവിന്റെ ഏറ്റവും വലിയ ഉദാഹരണം സർക്കാർ ഓർഡിനൻസ് കീറിയെറിഞ്ഞതാണ്. യൂണിയൻ ക്യാബിനറ്റും രാഷ്ട്രപതിയും അഗീകരിച്ച ഓർഡിനൻസാണ് രാഹുൽ കീറിയെറിഞ്ഞത്. ഈ കുട്ടിത്തമുള്ള സമീപനമാണ് 2014 ൽ യുപിഎയ്ക്ക് തിരിച്ചടിയായത്'- ഇത്തരത്തിലുള്ള വിമർശനങ്ങളാണ് ഗുലാം നബി ആസാദ് രാജിക്കത്തിൽ ഉന്നയിച്ചത്.
ന്യൂസ് ഡെസ്ക്