- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹിന്ദുവേട്ട തുടരുമ്പോഴും ബംഗ്ലാദേശിന്റെ വിശപ്പ് മാറ്റാന്‍ 50,000 ടണ്‍ അരി നല്കി ഇന്ത്യ; നല്‍കിയത് ഞങ്ങളെ പിണക്കാതിരുന്നാല്‍ നിങ്ങള്‍ക്ക് നല്ലത് എന്ന സന്ദേശം; പ്രധാനം അവിടുത്തെ 1.31 കോടി ഹിന്ദുക്കളുടെ സുരക്ഷ; ലോകമാധ്യമങ്ങള്‍ പുകഴ്ത്തി മോദിയുടെ അരി നയതന്ത്രം!
ലോകമാധ്യമങ്ങള്‍ പുകഴ്ത്തി മോദിയുടെ അരി നയതന്ത്രം!
ന്യൂഡല്‍ഹി: 1970-കളില്‍, വളരെ മോശമായ അമേരിക്ക- ചൈന ബന്ധം മെച്ചപ്പെടുത്തിയ ആ ടേബിള്‍ ടെന്നീസ് കളി പില്‍ക്കാലത്ത് ചരിത്രമായിരുന്നു. പിങ് പോങ് ഡിപ്ലോമസി എന്ന പേരില്‍ അറിയപ്പെട്ട, ഇരുരാജ്യങ്ങളും സന്ദര്‍ശിച്ച് നടന്ന ടെന്നീസുകളി, അമേരിക്കയും ചൈനയും തമ്മിലുള്ള ബന്ധങ്ങളെ മഞ്ഞുരുക്കി. പിന്നീട് ജിമ്മി കാര്‍ട്ടറുടെയൊക്കെ കാലത്ത്, വലിയ യുദ്ധങ്ങളൊയൊക്കെ ഒഴിവാക്കിയ ഡിപ്ലോമസികള്‍ ലോകം കണ്ടു. അതുപോലെ ഒരു ഡിപ്ലോമസിക്കാണ് ഇന്ത്യ ഇപ്പോള്‍ വഴിയിടുന്നതെന്നാണ്, പ്രമുഖ മാധ്യമങ്ങള്‍ പറയുന്നത്. അതാണ് മോദിയുടെ ബംഗ്ലാദേശുമായുള്ള അരി നയതന്ത്രം. ഷെയ്ഖ് ഹസീന സര്‍ക്കാര്‍ വീണതോടെ, വ്യാപകമായി ഹിന്ദു-ക്രിസ്ത്യന്‍-സിഖ് വേട്ട നടക്കുമ്പോഴും, ആ രാജ്യത്തിന്റെ പട്ടിണി മാറ്റുന്നതിനായി, ഇന്ത്യ 50,000 ടണ്‍ അരിയാണ് അയച്ചുകൊടുത്തത്.
ബംഗ്ലാദേശില്‍ 'അരി നയതന്ത്ര'വുമായി ഇന്ത്യമുന്നോട്ട് പോകുന്നതിന് പിന്നില്‍ ഒറ്റക്കാര്യമേയുള്ളൂവെന്നാണ്, മാധ്യമങ്ങള്‍ പറയുന്നത്. ബംഗ്ലാദേശിലെ 7.95 ശതമാനം വരുന്ന ഹിന്ദുക്കളുടെ സുരക്ഷ ഉറപ്പാക്കല്‍. വലിയ വായില്‍ ഇന്ത്യയെ വെല്ലുവിളിക്കുന്ന ബംഗ്ലാദേശിന്റെ പക്കല്‍ ജനങ്ങള്‍ക്ക് കൊടുക്കാന്‍ അരിപോലുമില്ല എന്നതാണ് വാസ്തവം. ഇതോടെ ഞങ്ങളോട് നല്ല നിലക്ക് നിന്നാല്‍, നിങ്ങള്‍ക്കും രക്ഷയുണ്ട് എന്ന സന്ദേശമാണ്, ഇന്ത്യ നല്‍കുന്നത്.
ഇന്ത്യയുടെ സഹായത്തോടെ രൂപം കൊണ്ട രാജ്യമാണ് ബംഗ്ലാദേശ്. 71-ലെ യുദ്ധത്തില്‍ നിരവധി ഇന്ത്യന്‍ ജവാന്‍മരുടെ ചോര കൊടുത്താണ്, പാക്കിസ്ഥാനില്‍നിന്ന് വേര്‍പെട്ട് ബംഗ്ലാദേശ് ഉണ്ടായത്. ഇന്ദിരാഗാന്ധി നേതൃത്വം കൊടുത്ത 71-ലെ യുദ്ധത്തില്‍നിന്ന് ഉണ്ടായ അതേ ബംഗ്ലാദേശാണ്, ഇന്ന് അവശേഷിക്കുന്ന ഹിന്ദുക്കളുടെ കൂട്ടക്കൊലക്ക് നേതൃത്വം നല്‍കുന്നത്.
ഷെയ്ഖ ഹസീന സര്‍ക്കാര്‍ വീണതിനുശേഷം, ജമാ അത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥി വിഭാഗം നടത്തിയ അക്രമത്തില്‍ നിരവധി ഹിന്ദുന്യൂനപക്ഷങ്ങളാണ് കൊല്ലപ്പെട്ടത്. ക്ഷേത്രങ്ങള്‍ വ്യാപകമായി തകര്‍ക്കപ്പെട്ടു. ഹരേകൃഷ്ണ പ്രസ്ഥാനത്തിന്റെ ( ഇസ്‌ക്കോണ്‍) ക്ഷേത്രങ്ങളാണ് ഏറ്റവും കൂടുതല്‍ ആക്രമിക്കപ്പെട്ടത്. ഇസ്‌കോണ്‍ നേതാവ്, സ്വാമി ചിന്മോയ് കൃഷ്ണയെ അറസ്റ്റ് ചെയ്ത് ജയിലിട്ടു. അപ്പോഴൊക്കെ ഇന്ത്യ പ്രതിഷേധിച്ചിരുന്നു. യുഎന്നും, യുഎസും ബ്രിട്ടനും എല്ലാം ബംഗ്ലാദേശിന് മേല്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തുത്തിയിരുന്നു. പക്ഷേ ഇപ്പോള്‍ ഡോ മുഹമ്മദ് യൂനുസ് എന്ന നൊബേല്‍ സമ്മാനം കിട്ടിയ സാമ്പത്തിക ശാസ്ത്രജ്ഞനെ കരുവാക്കിക്കൊണ്ട്, ജമാഅത്തെ ഇസ്ലാമിക്കാര്‍ ബംഗ്ലാദേശില്‍ ഉറഞ്ഞുതുള്ളുകയാണ്.
മുന്‍ പ്രധാനമന്ത്രി ഷേഖ് ഹസീനക്ക് ഇന്ത്യ അഭയം നല്‍കിയതും, ബംഗ്ലാദേശിലെ മതമൗലികവാദികളെ ചൊടിപ്പിച്ചിട്ടുണ്ട്. ഷേഖ് ഹസീനയെ വിചാരണയ്ക്കായി വിട്ടുകൊടുക്കണമെന്ന് ബംഗ്ലാദേശിലെ കെയര്‍ടേക്കര്‍ പ്രധാനമന്ത്രിയായ മുഹമ്മദ് യൂനസ് ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷേ ഇന്ത്യ അതിനോട് പ്രതികരിക്കുകപോലും ചെയ്തിട്ടില്ല. ബംഗ്ലാദേശിലെ 1.31 കോടി ഹിന്ദുക്കളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഇന്ത്യ കടുത്ത നടപടികളിലേക്ക് കടക്കാത്തത്.
നേരത്തെ, കടുത്ത ഇന്ത്യാവിരുദ്ധനായ മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മൊയ്സുവിനെ വരച്ച വരയില്‍ നിര്‍ത്താന്‍ മോദിക്ക് കഴിഞ്ഞിരുന്നു. ലക്ഷദ്വീപിനെ ടൂറിസം ഹബ്ബാക്കി മാറ്റിയെടുക്കാന്‍ ഇന്ത്യ ശ്രമിക്കുകയും, ഇന്ത്യന്‍ ടുറിസ്റ്റുകളുടെ വരവ് കുറയുകയും ചെയ്തതോടെ മൊയ്സു പ്ലേറ്റ്മാറ്റി. ഇന്ത്യയെ ശക്തമായി വിമര്‍ശിച്ചിരുന്ന മൊഹമ്മദ് മൊയ്സു ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയുടെ ചങ്ങാതിയായി. ഈയിടെ ഭാര്യസമേതം ഇന്ത്യയില്‍ നാല് ദിവസം തങ്ങിയിട്ടാണ് മൊയ്സുവും ഭാര്യയും തിരിച്ചുപോയത്. പക്ഷേ അത്തരം തന്ത്രങ്ങള്‍ ബംഗ്ലാദേശിനോട് സ്വീകരിക്കാന്‍ കഴിയില്ല. അതിന് പകരമാണ് മോദി സര്‍ക്കാര്‍ ഈ അരിനയതന്ത്രം രൂപപ്പെടുത്തിയത് എന്നാണ് ഇന്ത്യന്‍ എക്സപ്രസ് അടക്കമുള്ള മാധ്യമങ്ങള്‍ പറയുന്നത്.