- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബീഫ് നിരോധനമില്ല, മുട്ടിനുമുട്ടിന് ബാറുകൾ; ഒപ്പം ചൂതാട്ടവും ഡാൻസ് ബാറുകളും; കാസിനോകളിൽനിന്ന് വരുന്ന വരുമാനം മാത്രം 200 കോടി; ആഡംബര നൗകകളിൽ പാട്ടും നൃത്തവുമായി ആഘോഷരാവ്; ടൂറിസ്റ്റുകളായി പ്രതിവർഷം എത്തുന്നത് 40 ലക്ഷത്തോളം വിദേശികൾ; ഇത് ബിജെപി ഭരിക്കുന്ന ഗോവ!
പനാജി: ബീഫ് നിരോധനത്തിന്റെയും, പാശ്ചാത്യ വിരുദ്ധ സദാചാര സംസ്ക്കാരത്തിന്റെയും വക്താക്കൾ ആയിട്ടാണെല്ലോ പൊതുവെ ബിജെപി അറിയപ്പെടുക. രാജ്യവ്യാപകമായി ബീഫ് നിരോധനത്തിനും, ലോട്ടറി- നിരോധനത്തിനും വേണ്ടി നിലകൊള്ളുന്ന സംഘപരിവാർ നേതാക്കളുണ്ട്. പക്ഷേ ബിജെപി ഭരിക്കുന്ന ഗോവയെന്ന കൊച്ചു സംസ്ഥാനത്തിൽ വന്നാൽ നിങ്ങൾ ഞെട്ടിപ്പോകും. അവിടെ ഇല്ലാത്തത് ഒന്നുമില്ല. ബീഫുണ്ട്, പെട്ടിക്കടകൾ പോലെ മദ്യശാലകൾ ഉണ്ട്, മസാജ് പാർലറുകൾ ഉണ്ട്, ഡാൻസ് ബാറുളുണ്ട്, കാസിനോകളിൽ ലക്ഷങ്ങൾ ഒഴുകന്ന ചുതാട്ടമുണ്ട്! ഏറ്റവും വിചിത്രം ഇതൊക്കെ നിരോധിക്കുമെന്ന് പറഞ്ഞ്, അധികാരത്തിൽ എത്തിയവരാണ് ബിജെപിക്കാർ എന്നതാണ്. പക്ഷേ ഒന്നും നടന്നില്ല, ചുതാട്ടവും, ഡാൻസ് ബാറുകളും, മദ്യവിൽപ്പനയുമെല്ലാം ഗോവയെന്ന കൊച്ചു സംസ്ഥാനത്ത് വർധിക്കയാണ് ഉണ്ടായത്.
ഇതിന് ബിജെപി നേതാക്കൾക്ക് കൃത്യമായ കാരണവും പറയാനുണ്ട്. പോർച്ച്ഗീസ് കോളനിയായ ഗോവയുടെ തനത് സംസ്ക്കാരമാണ് ഇത്. ടൂറിസവും കാസിനോകളും തന്നെയാണ് ഈ കൊച്ചുനാടിന്റെ പ്രധാനവരുമാന മാർഗമെന്നും അവർ വിശദീകരിക്കുന്നു. പക്ഷേ ഈ തിരിച്ചറിവ്, പക്ഷേ മറ്റ് സംസ്ഥാനങ്ങളിൽ ബിജെപിക്ക് ഇല്ലാതെപോയി. മറ്റൊരു അർത്ഥത്തിൽ പറഞ്ഞാൽ ബിജെപിയെ തിരുത്തകയാണ് ഗോവ ചെയ്തത്.
ആഘോഷങ്ങൾക്കായി ഒരു കുഞ്ഞൻ സംസ്ഥാനം
ആകെ പതിനട്ട് ലക്ഷം പേർ താമസിക്കുന്ന ഒരു കൊച്ചു സംസ്ഥാനം.ഇന്ത്യയിലെ ഇത്തിരിക്കുഞ്ഞൻ സംസ്ഥാനത്ത് പ്രദേശവാസികളെക്കാളും ഏറെ ടൂറിസ്റ്റുകളാണെന്നാണ് പൊതുവെയുള്ള പറച്ചിൽ. ടൂറിസം കൊണ്ടാണ് ആ സംസ്ഥാനം ജീവിച്ചു പോകുന്നതെന്നതിനാൽ ഇത് സത്യവുമാണ്. 20 ലക്ഷമാണ് ഗോവയുടെ ജനസംഖ്യ, പക്ഷേ 2021ൽ മാത്രം ഇവിടെയെത്തിയത് 40 ലക്ഷം വിദേശികളായിരുന്നു. ബീച്ചുകളാണ് ഗോവൻ ടൂറിസത്തിന്റെ ജീവനാഡി. അതുപക്ഷേ മൂന്നുമാസത്തെ സീസൺ കാലത്തു മാത്രമേയുള്ളൂ.
യാതൊരു സീസണും നോക്കാതെ ഗോവയിലേക്കു വരുന്നവരുമുണ്ട്. അത് കാസിനോകളിൽ കളിക്കാന വേണ്ടിയാണ്. ഗോവൻ ചലച്ചിത്ര മേളയ്ക്കെത്തുന്ന ഡെലിഗേറ്റുകൾ എല്ലാ വർഷവും കാണുന്ന ഒരു കാഴ്ചയുണ്ട്. ചലച്ചിത്രമേള നടക്കുന്ന ഐനോക്സ് തിയേറ്റർ സമുച്ചയത്തിന്റെ മുന്നിലുള്ള മണ്ഡോവി നദിയിൽ ദൂരെ മാറി നിർത്തിയിട്ടിരിക്കുന്ന 'കപ്പൽ' കാസിനോകൾ. കോടികൾ മറിയുന്ന ആ കാസിനോകളിലേക്ക് ബോട്ടിൽ ആളെയെത്തിക്കാൻ തീരത്ത് പ്രത്യേക കേന്ദ്രമുണ്ട്. രാത്രി വൈകിപ്പോലും അതിനു മുന്നിൽ നീളൻ ക്യൂവാണ്.
അത് സർക്കാർ തന്നെ അംഗീകരിച്ചിട്ടുള്ള ഇരുപതോളം കാസിനോകളിൽ ചൂതാട്ടത്തിനാണ്. മണ്ഡോവി നദിയിൽ ആറ് കാസിനോകളാണുള്ളത്. സിക്കിം കൂടാതെ ഇത്തരത്തിൽ അംഗീകൃത ചൂതാട്ടകേന്ദ്രമുള്ള ഏക സംസ്ഥാനവും ഗോവയാണ്. ഖജനാവിലേക്ക് പ്രതിവർഷം വരുന്ന നികുതിവരുമാനത്തിന്റെ വലിയൊരു പങ്ക് ഈ കാസിനോകളിൽ നിന്നാണ്. 202116ൽ മാത്രം 200 കോടി രൂപ കാസിനോകളിൽ നിന്ന് സർക്കാരിലേക്കെത്തി എന്നാണു കണക്ക്.
പക്ഷേ എല്ലാ തെരഞ്ഞെടുപ്പുകാലത്തും ഗോവയിലെ ഒരു പ്രധാന അജണ്ട, കാസിനോ നിരോധനം തന്നെയാണ്. പക്ഷേ അത് നടപ്പാവിറില്ലെന്ന് മാത്രം. തമാശയെന്തെന്നാൽ, ലൈസൻസ് കൊടുത്തവരും ആനുകൂല്യങ്ങൾ നൽകി വളർത്തിയവരുമാണ് ഇപ്പോഴും കാസിനോകൾക്കെതിരെ ശബ്ദമുയർത്തുന്നത് എന്നതാണ്. കാസിനോകൾക്കെതിരെ ഇത്തവണ ഒരുപടി മുന്നിൽ നിന്നത് കോൺഗ്രസ് ആണെന്നതിൽ സംശയമില്ല.
കാസിനോകൾ സർക്കാരിനെ സഹായിക്കുന്നുവെന്നത് വെറും തെറ്റിദ്ധാരണയാണെന്നാണ് ആം ആദ്മി പാർട്ടിയുടെ പക്ഷം. ഗോവയിലേക്ക് മദ്യവും മയക്കുമരുന്നും വേശ്യാവൃത്തിയും ഇറക്കുമതി ചെയ്യുന്നത് കാസിനോകൾക്കു വേണ്ടിയാണെന്നും അവർ വിമർശിക്കുന്നു. പതിനായിരം പേർക്ക് തൊഴിൽ നൽകുന്നുവെന്നാണ് കാസിനോകൾ അവകാശപ്പെടുന്നത്. എന്നാൽ എഎപിയുടെ പരിശോധനയിൽ അത് 2500 ആണെന്നും തെളിഞ്ഞത്രേ! മാത്രവുമല്ല അതിലേറെയും ഗോവയ്ക്ക് പുറത്തു നിന്നുള്ളവരുമാണ്. സംസ്ഥാന സർക്കാരാകട്ടെ കാസിനോകളെ സംബന്ധിച്ച കൃത്യമായ കണക്ക് പുറത്തുവിടുന്നുമില്ല. കേരളത്തിന് ബിവറേജസ് കോർപ്പറേഷൻ പോലെയാണ് ഗോവക്ക് കാസിനോകൾ.
എവിടെയും മദ്യം സുലഭം
അതുപോലെ തന്നെ മുട്ടിന് മുട്ടിന് മദ്യഷാപ്പുകളുമുണ്ട് ഗോവയിൽ. പെട്ടിക്കടകളിൽപോലും മദ്യം കിട്ടും. കശുമാവ് കൊണ്ടും തേങ്ങകൊണ്ടും ഉണ്ടാക്കിയ ഗോവൻ ഫെനി അടക്കമുള്ള ഒരുപാട് തനത് മദ്യബ്രാൻഡുകൾ. ഗോവയിൽ മൊത്തം അയ്യായിരത്തിൽ ഏറെ മദ്യഷാപ്പുകൾ ഉണ്ടെന്നാണ് കണക്ക്. ചായക്ക് 20 രൂപയും ഒരു പെഗ് മദ്യത്തിന് 40 രൂപയുമാണെന്നാണ് ഗോവയിലെ ഒരു തമാശ. എവിടെയും ബാർ റസ്റ്റോറന്റുകളുമുണ്ട്. ഏറ്റവും രസം ഇങ്ങനെ ഒക്കെ ആയിട്ടും മദ്യപിച്ച് വഴിയിൽ കിടക്കുന്ന ഒരാൾപോലും ഗോവയിൽ നിങ്ങൾക്ക് കാണാൻ കഴിയില്ല! കേരളത്തിലെ അവസ്ഥ ഒന്ന് ചിന്തിച്ചുനോക്കുക.
അതുപോലെ തന്നെയാണ് ഗോവയിലെ ഉല്ലാസങ്ങളും. പാട്ടും നൃത്തത്തിന്റെ അന്തരീക്ഷമാണ് സായാഹ്നങ്ങളിൽ എവിടെയും. പക്ഷേ ഗോവ കർശനമായി പൊരുതുന്ന ഒന്നുണ്ട്. അതാണ് മയക്കുമരുന്ന്. ഇന്ത്യയുടെ ലഹരിയുടെ ഹബ്ബായി ഗോവ മാറിയിട്ടുണ്ടെന്നത് ഒരു യാർഥാർഥ്യമാണ്. ശക്തമായ ഇടപെടലുകളും ബോധവത്ക്കരണവുമൊക്കെ ഇക്കാര്യത്തിൽ നടക്കുന്നുണ്ട്.
കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക്
ഗോവയുടെ ചരിത്രം പോർച്ചുഗീസ് കാലഘട്ടം തൊട്ട് തുടങ്ങുന്നു. 47ൽ സ്വാതന്ത്ര്യം കിട്ടിയിട്ടും ഗോവമാത്രം വിദേശ അധിനിവേശത്തിൽ തുടർന്നു. 1961ൽ ഇന്ത്യ ഗോവയെ കീഴടക്കിയതിനുശേഷം, മുൻകാല പോർച്ചുഗീസ് കോളനി പ്രദേശങ്ങളെല്ലാം ഗോവ, ദാമൻ ദിയു കേന്ദ്രഭരണപ്രദേശത്തിന്റെ ഭാഗമായി. 1987ൽ ഗോവ പൂർണ്ണ സംസ്ഥാനപദവി നേടി. ദാമനും ദിയുവും മറ്റൊരു കേന്ദ്രഭരണപ്രദേശമാവുകയും ചെയ്തു. 1963നു ശേഷം, ഗോവ, ദാമൻ ആൻഡ് ദിയു കേന്ദ്രഭരണത്തിന്റെയും ഗോവ സംസ്ഥാനത്തിന്റെയും മുഖ്യമന്ത്രിമാരായി 11 പേർ അധികാരത്തിലെത്തി. മഹാരാഷ്ട്രവാദി ഗോമാന്തക് പാർട്ടിയുടെ ദയാനന്ദ് ബന്ദോക്കർ ആദ്യമുഖ്യമന്ത്രിയും ശേഷം, അദ്ദേഹത്തിന്റെ മകളായ ശശികല കകോദ്കരും മുഖ്യമന്ത്രിയായി (ഗോവയിലെ ഒരെയൊരു വനിതാമുഖ്യമന്ത്രിയുമാണ്). നാലു കാലഘട്ടങ്ങളിലായി, 15 വർഷം പദവിയിലിരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രതാപ്സിങ് റാണെ ആണ് ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായത്. ഇദ്ദേഹത്തിന്റെ ഭരണകാലത്താണ് ഗോവയ്ക്ക് സംസ്ഥാന പദവി ലഭിച്ചത്.
പതിയെപതിയെ കോൺഗ്രസിനെ നിഷ്ക്കാസനം ചെയ്ത് ബിജെപി അധികാരം പിടിച്ച കഥായാണ് ഗോവക്ക് പറയാനുള്ളത്. അതിന് ഇടയാക്കിയത് മനോഹർ പരീക്കർ എന്ന തന്ത്രശാലിയായ നേതാവിന്റെ ഇടപെടലുമാണ്.
കാസിനോ രാഷ്ട്രീയത്തിലൂടെ അധികാരത്തിൽ
സത്യത്തിൽ ഗോവപോലുള്ള ഒരു കോസ്മോ പൊളിറ്റൻ സംസ്ഥാനത്ത് ബിജെപി അധികാരത്തിൽ വന്നത് അത്ഭുദമായിരുന്നു. 2000ൽ അവരെ തുണച്ചത്, ഗോവയിലെ ഒരു പരമ്പാരഗത ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച് ഐ.ഐ.ടിയിൽ പഠിച്ചശേഷം രാഷ്ട്രീയത്തിൽ ഇറങ്ങിയ മനോഹർ പരീക്കർ എന്ന നേതാവിന്റെ തന്ത്രങ്ങൾ ആയിരുന്നു. നമ്മുടെ ലീഡർ കെ കരുണാകരന് സമാനമായി, ആഗ്രഹിച്ചതെല്ലാം നടപ്പാക്കുന്ന ഒരു നേതാവിന്റെ ഇമേജാണ് പരീക്കർക്ക് ഉണ്ടായിരുന്നുത്. ഗോവൻ ചലച്ചിത്രോത്സവത്തെയൊക്കെ ഇന്ന് കാണുന്ന രീതിയിൽ മാറ്റിയെടുത്തതും പരീക്കറുടെ അധ്വാനമാണ്.
ഗോവയിൽ ആകെയുള്ളത് 12 ലക്ഷം വോട്ടർമാരാണ്. നിയമസഭയിൽ ആവട്ടെ വെറും 40 അംഗങ്ങളും. ആദ്യടേമിൽ സത്യത്തിൽ കാസിനോ രാഷ്ട്രീയമാണ് ബിജെപിയെ തുണച്ചത്. കാസിനോകൾ അടച്ചുപൂട്ടുമെന്നും, ഗോവയെ ശുദ്ധീകരിക്കുമെന്നുമായിരുന്നു ബിജെപിയുടെ മുദ്രാവാക്യം. എന്നാൽ ഒന്നും നടന്നില്ല. അധികാരത്തിൽ കയറിയപ്പോഴാണ് കേരളത്തിന് ബിവറേജസ് കോർപ്പറേഷൻ പോലെ ഒരു കറവപ്പശുവാണ് ഗോവക്ക് കാസിനോ എന്ന് പരീക്കർക്ക് മസ്സിലാുന്നത്. വലിയ വരുമാന നഷ്ടവും, തൊഴിൽ നഷ്ടവും ഇത് ഉണ്ടാക്കുമെന്നും അദ്ദേഹത്തിന് മനസ്സിലായിരുന്നു. കാസിനോകൾ അടച്ചുപൂട്ടുന്നതിന് നിയമപരമായി അതിനു തടസ്സമുണ്ടെന്നായിരുന്നു അധികാരത്തിലെത്തിയപ്പോൾ പരീക്കറുടെ മറുപടി. നിയമാനുസൃതമായാണ് അവയെല്ലാം പ്രവർത്തിക്കുന്നത്. കാസിനോകൾ സർക്കാരിന്റെ നീക്കത്തെ സുപ്രീംകോടതിയിൽ ചോദ്യം ചെയ്താൽ തങ്ങൾക്ക് ഉത്തരംമുട്ടിപ്പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞുകളഞ്ഞു. എന്തായാലും കപ്പലിലെ ചൂതാട്ടകേന്ദ്രങ്ങൾ വഴി മണ്ഡോവി നദി മലിനീകരിക്കപ്പെടാതിരിക്കാൻ എല്ലാ ശ്രമങ്ങളും നടത്തിയിട്ടുണ്ടെന്നാണ് ബിജെപി ഇപ്പോൾ പ്രചരിപ്പിക്കുന്നത്.
പരീക്കർ എന്ന തന്ത്രശാലി
അതുപോലെ തന്നെ കൊങ്കിണി വോട്ടുകൾ കൃത്യമായി പതിക്കാനായി ഒന്നാന്തരം കാർഡുകളും പരീക്കർ പയറ്റിയിരുന്നു. 16ാം നൂറ്റാണ്ടിൽ ഗോവയിൽ നില നിന്നിരുന്ന മത പീഡനങ്ങളും നിർബന്ധിത മത പരിവർത്തനങ്ങളും ഭയന്ന് നിരവധി കൊങ്കിണി സമുദായക്കാർ കേരളമുൾപ്പെടെയുള്ള ദേശങ്ങളിലേക്ക് ഇക്കാലത്താണ് പലായനം ചെയ്ത കഥയൊക്കെ ഓർമ്മിപ്പിച്ച് കൊങ്കിണി വോട്ട് അദ്ദേഹം ഉറപ്പിച്ചു. ഒപ്പം കോൺഗ്രസിന്റെ പരമ്പാരഗത വോട്ട് ബാങ്കായ ക്രിസ്ത്യൻ കമ്യൂണിറ്റിയിൽ കടന്ന് കയറുകയും ചെയ്തു.
മനോഹർ പരീക്കർ മൂന്ന് തവണയാണ് ഗോവ മുഖ്യമന്ത്രിയായത് (2000-05, 201-14, 2017-2019). 1999ൽ മനോഹർ പരീക്കർ ഗോവ നിയമസഭയിലെ പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് എത്തി. പിന്നീട് 2000 മുതൽ 2005 വരെയുള്ള കാലയളവിലാണ് ആദ്യമായി മുഖ്യമന്ത്രിയാകുന്നത്. ഒരു ടേം പ്രതിപക്ഷ നേതാവായി വീണ്ടും ഇരുന്നതിന് ശേഷം 2012ൽ മുഖ്യമന്ത്രി സ്ഥാനത്ത് തിരിച്ചെത്തി. പിന്നീട് നരേന്ദ്ര മോദി സർക്കാരിൽ പ്രതിരോധ മന്ത്രിയായിരിക്കെയാണ് 2017ൽ അദ്ദേഹം വീണ്ടും ഗോവ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഭൂരിപക്ഷം നഷ്ടമായതോടെ ദേശീയ നേതൃത്വം പ്രത്യേക ദൗത്യം നൽകി പരീക്കറെ ഗോവയിലേക്ക് അയയ്ക്കുകയായിരുന്നു. നാടകീയ നീക്കങ്ങൾക്കൊടുവിൽ ഒരു രാത്രി വെളുത്തപ്പോൾ മനോഹർ പരീക്കർ മുഖ്യമന്ത്രിയായി. ഗോവയുടെ മുഖ്യമന്ത്രിയെന്ന നിലയിൽ മൂന്നാം ഊഴമായിരുന്നു ഇത്.
കരളിലെ അർബുദ രോഗം ഗുരുതരമായതിനെ തുടർന്ന് 2019 മാർച്ച് 17നു അദ്ദേഹം അന്തരിച്ചപ്പോൾ ഗോവ കരയുകയായിരുന്നു. പരീക്കറിന്റെ നിര്യാണം ഗോവൻ ബിജെപിയിലും വൻ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. പിൻഗാമിയായി വന്ന ഡോ പ്രമോദ് സാവന്തിന് പരീക്കർക്ക് സമാനമായ ഇമേജ് ഉണ്ടാക്കാൻ ആദ്യകാലത്ത് കഴിഞ്ഞില്ല. കഴിഞ്ഞ തവണ പരീക്കറുടെ കുടുംബം പോലും ബിജെപിക്ക് എതിരായിരുന്നു. എന്നിട്ടും 40ൽ 20 സീറ്റ് നേടി ബിജെപി അധികാരത്തിൽ എത്തി. അഞ്ച് സ്വതന്ത്രരുടെ പിന്തുണയും അവർക്ക് ഉണ്ടായിരുന്നു. പ്രമോദ് സാവന്ത് വീണ്ടും മുഖ്യമന്ത്രിയായി. ഇപ്പോൾ ഇതാ, കോൺഗ്രസിനെ ഒന്നടങ്കം ബിജെപി വിഴുങ്ങിയിരിക്കയാണ്.
പ്രതിപക്ഷ നേതാവ് അടക്കം ബിജെപിയിൽ
രാഷ്ട്രീയ കുതിരക്കച്ചവടങ്ങൾക്കും കഴുതക്കച്ചവടങ്ങൾക്കും ഏറെ പേരുകേട്ടതാണ് ഗോവ. റിസോർട്ട് രാഷട്രീയത്തിന്റെ പ്രഭവകേന്ദ്രം കൂടിയാണ് ഇവിടം. പക്ഷേ ഗവർണ്ണറും മലയാളിയുമായ അഡ്വ. ശ്രീധരൻപിള്ളക്ക് ഇതുവരെ ഭരണ പ്രതിസന്ധിയുടെ പേരിൽ ഇടപെടണ്ടേി വന്നിട്ടില്ല. അഭിഭാഷൻ, എഴുത്തുകാരൻ എന്ന നിലയിലൊക്കെ പ്രശ്സതനായ ശ്രീധരൻപിള്ളയെക്കുറിച്ച് ഗോവയിലും കക്ഷിരാഷ്ട്രീയ ഭേദമന്യേ വളരെ നല്ല അഭിപ്രായമാണ്.
ഇക്കഴിഞ്ഞ മാസവും രാഷ്ട്രീയ കുതിരക്കച്ചവടത്തിന്റെ പേരിൽ ഗോവ വാർത്തകളിൽ നിറഞ്ഞു. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഭാരത് ജോഡോ യാത്രയ്ക്കിടെയാണ് ഗോവയിൽ കോൺഗ്രസിന് വൻ തിരിച്ചടി നേരിട്ടത് വലിയ വാർത്തയായിരുന്നു. ആകെയുള്ള 11 എംഎൽമാരിൽ 8 പേരും കൂറുമാറി ബിജെപിയിൽ ചേരുകയായിരുന്നു. പ്രതിപക്ഷ നേതാവായിരുന്ന മൈക്കൾ ലോബോയുടെ നേതൃത്വത്തിലായിരുന്നു നീക്കം. മൂൻ മുഖ്യമന്ത്രി പണവും അധികാരവും ഉപയോഗിച്ച് ബിജെപി ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണെന്നായിരുന്നു കോൺഗ്രസിന്റെ പ്രതികരണം.
ബിജെപിയിൽ ചേർന്നതിന് പിന്നാലെയുള്ള വാർത്താ സമ്മേളനത്തിൽ കോൺഗ്രസിലെ മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന ദിഗംബർ കാമത്തിനോട് ഈ സത്യം ചെയ്യലിനെക്കുറിച്ച് ചോദ്യമുണ്ടായി. ദൈവത്തിന്റെ സമ്മതം വാങ്ങിയാണ് കൂറ് മാറിയതെന്നായിരുന്നു മറുപടി. അങ്ങനെ 40 അംഗ നിയമ സഭയിൽ കോൺഗ്രസ് മൂന്ന് പേരിലേക്ക് ചുരുങ്ങി. കൂറ് മാറ്റ നിരോധന നിയമം മറികടക്കാൻ ആവശ്യമായ മൂന്നിൽ രണ്ട് പേർ, അതായത് എട്ട് പേർ ഒരുമിച്ച് ബിജെപിയിൽ ലയിച്ചു. ഭാര്യയ്ക്ക് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് ബിജെപിയിൽ നിന്ന് കോൺഗ്രസിലെത്തിയ വടക്കൻ ഗോവയിലെ കരുത്തനായ നേതാവാണ് മൈക്കൾ ലോബോ. ഭാര്യയ്ക്ക് സീറ്റ് നൽകിയ കോൺഗ്രസ് ഫലം വന്ന ശേഷം അദ്ദേഹത്തെ പ്രതിപക്ഷ നേതാവുമാക്കി. ആ തീരുമാനം തെറ്റെന്ന് തെളിയിക്കുന്നതായിരുന്നു രണ്ട് മാസം മുൻപ് അദ്ദേഹം തുടങ്ങി വച്ച വിമത നീക്കം. എട്ട് എംഎൽഎമാരെ ഒപ്പം നിർത്താൻ കഴിയാത്തതിനാൽ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.
ഇതേ തുടർന്ന് ലോബോയെയും വിമ നീക്കത്തിൽ ഒപ്പം നിന്ന ദിഗംബർ കാമത്തിനെയും അയോഗ്യരാക്കണമെന്ന് കോൺഗ്രസ് സ്പീക്കർക്ക് കത്ത് നൽകി. പക്ഷെ തീരുമാനം നീട്ടിക്കൊണ്ട് പോവുകയായിരുന്നു സ്പീക്കർ ചെയ്തത്. പണം ഉപയോഗിച്ച് ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണ് ബിജെപിയെന്ന് എഐസിസി ജനറൽ സെക്രട്ടറി ദിനേശ് ഗുണ്ടു റാവു പ്രതികരിച്ചത്. പക്ഷേ ഫലത്തിൽ കോൺഗ്രസ് നിയമസഭയിൽ വെറും മൂന്ന് അംഗങ്ങൾ മാത്രമായി. കോൺഗ്രസിനെ ബിജെപി വിഴുങ്ങിയെന്ന് ചുരുക്കം.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ