- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു വർഷം കാസിനോകളിൽ നിന്ന് മാത്രം വരുമാനം ആയിരം കോടിയോളം; ആർക്കും വാതിൽ തുറന്നിട്ട് പ്രമോദ് സാവന്ത് സർക്കാർ; ഫിലിം ഫെസ്റ്റിവലിലുടെ പോലും ലക്ഷ്യമിടുന്നത് ടൂറിസം പ്രമോഷൻ; സംരംഭകരെ വെറുപ്പിച്ച് ഓടിക്കുന്ന കേരള സർക്കാർ കണ്ടുപഠിക്കേണ്ടതാണ് ഈ ഗോവൻ മാതൃക
പനാജി: നൈറ്റ് ലൈഫ് എന്നത് എന്തോ മഹാമോശം കാര്യമാണെന്നും, ആഘോഷിക്കുകയും ഉല്ലസിക്കുകയും ചെയ്യുന്നത് മഹാപാതകമാണെന്നും കരുതുന്ന മലയാളി പൊതുബോധം ഗോവയിൽ എത്തിയാൽ, ഇല്ലാതാവും. ഇവിടെ അതിരുകളില്ലാത്ത ആഘോഷങ്ങളുടെ നഗരമാണ്. ചുതാട്ടവും, മദ്യപാനവും, പബ്ബുകളും, ഡാൻസ് ബാറുകളും, ഉല്ലാസ നൗകകളും, ഒഴുകുന്ന ആനന്ദകേന്ദ്രങ്ങളുമൊക്കെയായി ഗോവ, ടൂറിസത്തിലുടെ കോടികളാണ് നേടുന്നത്. നിക്ഷേപകരെ വെറുപ്പിച്ച് ഓടിക്കുന്ന കേരള സർക്കാർ കണ്ടുപഠിക്കേണ്ടതാണ് ഈ ഗോവൻ മാതൃക. ഐഎഫ്എഫ്ഐ എഎന്ന ഇന്ത്യയുടെ അഭിമാനമായ ചലച്ചിത്രോത്സവംപോലും ഗോവൻ സർക്കാർ, ടൂറിസം പ്രമോഷനായാണ് എടുക്കുന്നത്.
ഏറ്റവും രസാവഹം ഇവിടെ എല്ലാവിധ ഉല്ലാസങ്ങൾക്കുമായി വാതിൽ തുറന്നിട്ടിരിക്കുന്നത് ബിജെപി സർക്കാർ ആണെന്നാണ്. ഗോവധ നിരോധനത്തിന്റെ കാര്യത്തിൽ പോലും ബിജെപി ഇവിടെ ശാഠ്യം പിടിക്കാറില്ല. ആദ്യമായി ബിജെപി ഗോവയിൽ അധികാരത്തിൽ എത്തുമ്പോൾ, മണ്ഡോവി നദിയിലെ ഒഴുകുന്ന ചൂതാട്ട കേന്ദ്രങ്ങളായ കാസിനോകൾ നിരോധിക്കും എന്നാണ് തെരഞ്ഞെടുപ്പ് വാഗ്ധാനം കൊടുത്തിരുന്നത്. പക്ഷേ കാര്യങ്ങൾ മുന്നോട്ട് പോയപ്പോൾ ബിജെപിക്ക് തന്നെ മനസ്സിലായി പ്രതിവർഷം കോടികളുടെ നികുതിപ്പണം കിട്ടുന്ന കാസിനോകൾ നിരോധിച്ചാൽ അത് വലിയ തിരിച്ചടിയാവുമെന്ന്. ഇവിടെ ജോലി ചെയ്യുന്ന നൂറുകണക്കിന് ആളുകളുടെ പുനരധിവാസവും പ്രശ്നമാവും. ഇതെല്ലാം കണക്കിലെടുത്ത തീർത്തും പ്രായോഗികമായ സമീപനമാണ് ബിജെപി എടുത്തത്.
പരീക്കറിൽനിന്ന് പ്രമോദ് സാവന്തിലേക്ക്
ആധുനിക ഗോവയുടെ ശിൽപ്പി എന്ന് വിളിക്കാവുന്നത് മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ മനോഹർ പരീക്കർ ആയിരുന്നു. സംഘപരിവാറിന് അത്രയൊന്നും ആക്സ്സ് ഇല്ലാത്ത ഒരു കൊച്ചു സംസ്ഥാനത്തെ ബിജെപിയുടെ കൈകളിൽ എത്തിച്ചതും പരീക്കറുടെ തന്ത്രങ്ങൾ ആയിരുന്നു. പരീക്കറുടെ നിര്യാണത്തിനുശേഷം അതേ പാത പിന്തുടരുകയാണ്, ഇപ്പോൾ മുഖ്യമന്ത്രിയായ പ്രമോദ് സാവന്തും. യാഥാസ്ഥികമായ കാര്യങ്ങളെ പാടേ തള്ളിക്കൊണ്ട്, ഉല്ലാസത്തിന്റെ ആഘോഷത്തിന്റെ ഹബ്ബാക്കി ഗോവയെ മാറ്റുകയെന്നാണ് പ്രമോദ് സാവന്തിന്റെ ലക്ഷ്യം. സംരംഭകരെ വെറുപ്പിച്ച് ഓടിക്കുന്ന പിണറായി സർക്കാരൊക്കെ കണ്ടുപഠിക്കേണ്ടതാണ് ഈ ഗോവൻ മാതൃക.
കഴിഞ്ഞവർഷങ്ങളിൽ ഗോവൻ കാസിനോകളിൽനിന്നുള്ള വരുമാനം മൂന്നുറ് കോടയായിരുന്നെങ്കിൽ ഇത്തവണ അത് ആയിരം കോടിയായി. ബാർ-പബ്ബ് ലൈസൻസുകളും ബിജെപി സർക്കാർ ഉദാരമാക്കി. ഏത് സംരഭകനുമുന്നിലും തങ്ങൾ വാതിൽ തുറന്നിട്ടിരിക്കയാണെന്നാണ് പ്രമോസ് സാവന്ത് ഈയിടെ പറഞ്ഞത്. നമ്മുടെ നാട്ടിൽ വെറും 10 രൂപക്ക് കിട്ടുന്ന ഒരു ചായക്ക് ഗോവയിൽ പലയിടത്തും 20 രൂപയാണ്. എന്നാൽ മലയാളി പെഗിന് 250 രൂപവെച്ച് കൊടുക്കുന്ന പല ബ്രാൻഡ് മദ്യങ്ങളും വെറും നാൽപ്പതുരൂപക്ക് ഇവിടെ കിട്ടും! ഇപ്പോൾ ആ മദ്യത്തെതന്നെ മാർക്കറ്റ് ചെയ്ത് ഗോവൻ സർക്കാർ വരുമാനം നേടുന്നു.
അതാണ് വിസ്തീർണ്ണം കൊണ്ട് ഇന്ത്യയിൽ ഏറ്റവും കുഞ്ഞനും, ജനസംഖ്യകൊണ്ട് നാലാമത് ചെറുതുമായ ഗോവയെന്ന കൊച്ചു സംസ്ഥാനത്തിലെ അവസ്ഥ. പത്തുവർഷം ബിജെപി തുടർച്ചയായി ഭരിച്ചിട്ടും ബീഫ് നിരോധനം ഇല്ലാത്ത സംസ്ഥാനം, ഇന്ത്യയിൽ സിക്കിമിനെ മാറ്റിനിർത്തിയാൽ ചൂതാട്ട നിരോധന നിയമം നിലവില്ലാത്ത നാട്. ഗോവക്കുള്ള ആ പ്രത്യേകതകളെ കൃത്യമായ ഉപയോഗപ്പെടുത്തുകയാണ് സർക്കാർ.
അമ്പരപ്പിക്കുന്ന വികസനം
ഞെട്ടിപ്പിക്കുന്ന വികസനങ്ങളാണ് കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് ഇവിടെ ഉണ്ടായത്. പാലങ്ങളും. ഫ്ളൈഓവറുകളും, കല്ലുവിരിച്ച പാതകളുമൊക്കെയായി ഗോവയുടെ തനതുസൗന്ദര്യം സംരക്ഷിച്ചുകൊണ്ടുതന്നെയാണ്, വികസനം മുന്നേറുന്നത.
ഗോവയുടെ യഥാർഥ വരുമാന മാർഗം ബീച്ചല്ല ചൂതാട്ടമാണെന്നാണ് ഇതേക്കുറിച്ച് പഠിച്ച പലരും പറയുന്നത്. ഈ ഇത്തിരിക്കുഞ്ഞൻ സംസ്ഥാനത്ത് പ്രദേശവാസികളെക്കാളും ഏറെ ടൂറിസ്റ്റുകളാണ്. വെറും 20 ലക്ഷമാണ് ഗോവയുടെ ജനസംഖ്യ. പക്ഷേ കോവിഡ് മുമ്പ് 2018 ൽമാത്രം ഇവിടെ എത്തിയത് 30 ലക്ഷം സഞ്ചാരികളാണ്. ബീച്ചുകളാണ് ഗോവൻ ടൂറിസത്തിന്റെ ജീവനാഡി. മൂന്നുമാസത്തെ സീസൺ കാലത്തു മാത്രമേയുള്ളൂ ഈ വരുമാനം. പക്ഷേ യാതൊരു സീസണും നോക്കാതെ ഗോവയിലേക്കു വരുന്നവരുടെ പ്രധാനം ആകർഷണം കാസിനോകളാണ്.
പക്ഷേ എന്നിട്ടും ഗോവയിലെ മുഖ്യധാരാ പാർട്ടികൾ മൊത്തമായി കാസിനോ വിരുദ്ധരാണ്. കഴിഞ്ഞ രണ്ടു ദശാബ്ദക്കാലമായി തെരഞ്ഞെടുപ്പ് സമയത്ത് ഗോവയിലെ ഏറ്റവും പ്രധാന ചർച്ച കാസിനോകൾ ആണ്. ഗോവൻ ചലച്ചിത്രമേള നടക്കുന്ന ഐനോക്സ് തിയേറ്റർ സമുച്ചയത്തിന്റെ മുന്നിലുള്ള മണ്ഡോവി നദിയിൽ ദൂരെ മാറി നിർത്തിയിട്ടിരിക്കുന്ന ആഡംബര നൗകകൾ മലയാളിയെയും എന്നും പ്രലോഭിപ്പിച്ചിരുന്നു. കോടികൾ മറിയുന്ന ആ കാസിനോകളിലേക്ക് ബോട്ടിൽ ആളെയെത്തിക്കാൻ തീരത്ത് പ്രത്യേക കേന്ദ്രമുണ്ട്. രാത്രി വൈകിപ്പോലും അതിനു മുന്നിൽ നീളൻ ക്യൂവാണ്. ഒരുപാട് നിറം പിടിപ്പിച്ച കഥകൾ ആണ് കേരളത്തിലടക്കം കാസിനോകളെക്കുറിച്ച് ഉയർന്നുകേൾക്കുന്നത്. എന്നാൽ അവിടം ഒരുതവണ സന്ദർശിച്ചവർക്ക് അറിയാം, ഇതൊക്കെ വെറും പുളുവാണെന്നത്.
കാസിനോകളിൽ വരുന്ന കുടുംബങ്ങളിൽ ഭൂരിഭാഗവും രാത്രി എട്ടുമണിക്ക്ശേഷം തുടങ്ങി വൈകുവോളം നടക്കുന്ന കലാപരിപാടികൾ കുട്ടികളോടൊപ്പം കാണാൻ ആഗ്രഹിക്കുന്നത്. അർധ നഗ്നരായ സുന്ദരികളും സുന്ദരന്മാരും അടങ്ങുന്ന, ത്രസിപ്പിക്കുന്ന സിനിമ ഗാനങ്ങൾക്ക് ഒപ്പമുള്ള നൃത്തം തന്നെയാണ് കലാപരിപാടികളിൽ എറ്റവും പ്രധാനം. സദാചാരക്കുരുപൊട്ടാതെ വയോധിക ദമ്പതികൾപോലും അവ ആസ്വദിക്കുന്നു. ഡാൻസേഴ്സിന്റെ ഫോട്ടോ എടുക്കുന്നതിനും വീഡിയോ എടുക്കുന്നതിനും ഒന്നും വിലക്കുമില്ല.
ബീഫ് നിരോധനത്തിന്റെയും, പാശ്ചാത്യ വിരുദ്ധ സദാചാര സംസ്ക്കാരത്തിന്റെയും വക്താക്കൾ ആയിട്ടാണെല്ലോ പൊതുവെ ബിജെപി അറിയപ്പെടുക. രാജ്യവ്യാപകമായി ബീഫ് നിരോധനത്തിനും, ലോട്ടറി- നിരോധനത്തിനും വേണ്ടി നിലകൊള്ളുന്ന സംഘപരിവാർ നേതാക്കളുണ്ട്. പക്ഷേ ബിജെപി ഭരിക്കുന്ന ഗോവയെന്ന കൊച്ചു സംസ്ഥാനത്തിൽ വന്നാൽ നിങ്ങൾ ഞെട്ടിപ്പോകും. അവിടെ ഇല്ലാത്തത് ഒന്നുമില്ല. ബീഫുണ്ട്, പെട്ടിക്കടകൾ പോലെ മദ്യശാലകൾ ഉണ്ട്, മസാജ് പാർലറുകൾ ഉണ്ട്, ഡാൻസ് ബാറുളുണ്ട്, കാസിനോകളിൽ ലക്ഷങ്ങൾ ഒഴുകന്ന ചുതാട്ടമുണ്ട്!
ഇതിന് ബിജെപി നേതാക്കൾക്ക് കൃത്യമായ കാരണവും പറയാനുണ്ട്. പോർച്ച്ഗീസ് കോളനിയായ ഗോവയുടെ തനത് സംസ്ക്കാരമാണ് ഇത്. ടൂറിസവും കാസിനോകളും തന്നെയാണ് ഈ കൊച്ചുനാടിന്റെ പ്രധാനവരുമാന മാർഗമെന്നും അവർ വിശദീകരിക്കുന്നു. പക്ഷേ ഈ തിരിച്ചറിവ്, പക്ഷേ മറ്റ് സംസ്ഥാനങ്ങളിൽ ബിജെപിക്ക് ഇല്ലാതെപോയി. മറ്റൊരു അർത്ഥത്തിൽ പറഞ്ഞാൽ ബിജെപിയെ തിരുത്തകയാണ് ഗോവ ചെയ്തത്.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ