മലപ്പുറം: കൊണ്ടോട്ടിയിലെ ഉണ്ണികൃഷ്ണനെ തേടി ദിവസവും എത്തുന്നത് പൊലീസ് ജീപ്പുകളും കരിപ്പൂർ എയർപ്പോർട്ടിൽ നിന്നുമുള്ള കസ്റ്റംസ് വാഹനങ്ങളുമാണ്.കൊണ്ടോട്ടി സ്റ്റാർ ജങ്ഷനടുത്ത് അൽപ്പം പഴക്കംചെന്ന ബഹുനിലക്കെട്ടിടത്തിന്റെ ഒന്നാംനിലയിൽ കോണിപ്പടിയോടുചേർന്ന് ഒരു സാധാരണ കടമുറിയിലേക്കാണ് ഇവരെല്ലാം എത്തുന്നത്. അവിടെ എത്തുന്ന ഉദ്യോഗസ്ഥർക്ക് മുന്നിൽ തട്ടാനായ ഉണ്ണികൃഷ്ണന് ലഭിക്കുന്നതാകട്ടെ മേലുദ്യോഗസ്ഥന് ലഭിക്കുന്ന പരിഗണനയും.അശ്വതി ഗോൾഡ് വർക്കെന്ന ചെറിയ സ്വർണ്ണ പണികൾ നടത്തുന്ന കടയിൽ നിന്നും കേരളത്തിൽ വാർത്തയായി മാറിയ ഒട്ടെേറ സ്വർണ്ണ കടത്തുകളാണ് പുറത്തുവന്നിരിക്കുന്നത്.

അടുക്കും ചിട്ടയുമില്ലാതെ പലതരം പാത്രങ്ങളും യന്ത്രങ്ങളും നിരന്നുകിടക്കുന്ന ഈ കടമുറിയിൽ കസ്റ്റംസും പൊലീസും റവന്യൂ ഇന്റലിജൻസ് ഉദ്യോഗസ്ഥരും നിരന്തരം കയറിയിറങ്ങുന്നത് സ്വർണ്ണ കടത്തിന്റെ നാൾക്കു നാൾ മാറുന്ന തന്ത്രങ്ങൾ പൊളിച്ചടുക്കുന്ന ഉണ്ണികൃഷ്ണനെ തേടിയാണ്.കടയുടമയായ സ്വർണപ്പണിക്കാരൻ കൊട്ടുക്കര നടുവീട്ടിൽ ഉണ്ണികൃഷ്ണൻ എന്ന അറുപത്തിരണ്ടുകാരൻ നൽകുന്ന സാക്ഷ്യപത്രത്തിന് അത്രമേൽ വിലയാണ് അവർക്ക്.

പയറ്റിതെളിഞ്ഞ് പിടിക്കപ്പെട്ട മാർഗ്ഗങ്ങൾ ഉപേക്ഷിച്ച് സ്വർണക്കടത്തുകാർ നവീനമാർഗങ്ങളിലേക്ക തിരിഞ്ഞപ്പോഴാണ് ഉണ്ണികൃഷ്ണന്റെ റേഞ്ച് മാറി മറിയുന്നത്.ബെൽറ്റിലും ഷൂസിലും ശരീരഭാഗങ്ങളിലുമടക്കം മിശ്രിതമാക്കി കൊണ്ടുവരുന്ന സ്വർണം വിമാനത്താവളത്തിലെ മെറ്റൽ ഡിക്ടറ്ററിൽ തെളിയുക വലിയ പ്രയാസം.ഇത്തരത്തിലുള്ള കേസുകളിൽ സംശയമുണ്ടാകുമ്പോൾ പിടിച്ചെടുക്കുന്ന മിശ്രിതത്തിൽ സ്വർണമുണ്ടോ എന്നതിൽ അവസാന വാക്ക് ഉണ്ണികൃഷ്ണന്റേതാണ്.

ഉണ്ണിക്കൃഷ്ണന്റെ സ്വർണ്ണക്കടയിൽ ഇതിന്റെ പരിശോധനയ്ക്കായി പലതരം മൂശകളാണ് ഉള്ളത്. അതിൽ മിശ്രിതം ഇട്ട് ആയിരം ഡിഗ്രി സെൽഷ്യസിനുമേൽ ചൂടാക്കി സ്വർണം വേർതിരിച്ചു കൊടുക്കലാണ് ഇദ്ദേഹത്തിന്റെ ജോലി.കൊണ്ടുവന്ന മിശ്രിതത്തിന്റെ ആകെ ഭാരം ഇത്ര, അതിൽ സ്വർണം ഇത്ര എന്നിങ്ങനെ ഉണ്ണികൃഷ്ണൻ സാക്ഷ്യപ്പെടുത്തിക്കൊടുക്കുമ്പോൾ കോടതികൾ ഇതു രേഖയായി സ്വീകരിക്കുന്നു.

പണ്ട് കാലത്ത് ബിസ്‌കറ്റുകളായും ബാർ രൂപത്തിലും കൊണ്ടുവന്നിരുന്ന കാലത്ത് അത് സ്വർണമാണോ എന്നു തിരിച്ചറിയാനാണ് കസ്റ്റംസുകാർ ഉണ്ണികൃഷ്ണനെ വിളിച്ചിരുന്നത്. സ്വർണം കൈവശംവെക്കാനും അതിന്റെ ജോലികൾ ചെയ്യാനും 40 കൊല്ലം മുൻപ് കസ്റ്റംസ് ആൻഡ് സെൻട്രൽ എക്സൈസിന്റെ സവിശേഷ ലൈസൻസ് ഇദ്ദേഹം നേടിയിരുന്നു.അന്ന് മുതൽ കസ്റ്റംസുകാർക്ക ആശ്രയമാണ് ഈ സ്വർണ്ണപ്പണിക്കാരൻ.

പുതിയ കാലത്തെ സ്വർണ്ണ കടത്ത മാർഗ്ഗങ്ങളിലെ മാറ്റമാണ് പഴയതിലും തിരക്കുള്ള ആളായി തന്നെ മാറ്റിയതെന്ന് ഉണ്ണിക്കൃഷ്ണൻ പറയുന്നു.''നാലഞ്ചുകൊല്ലം മുൻപാണ് മിശ്രിതരൂപത്തിൽ കടത്തുതുടങ്ങിയത്. അന്ന് ഒരു ദിവസം ഒരു ബെൽറ്റ് ധരിച്ച് വിദേശത്തുനിന്ന് ഒരാൾ വന്നു. സംശയംതോന്നി കസ്റ്റംസ് പിടികൂടി ബെൽറ്റ് തിരിച്ചും മറിച്ചും നോക്കിയിട്ടും ഒന്നും കണ്ടെത്താനാകുന്നില്ല. ബെൽറ്റിൽ നേർത്ത അലുവാകഷണം പോലെ ചിലത് തുന്നിച്ചേർത്തിട്ടുണ്ട്. കസ്റ്റംസുകാർ എന്നെ വിളിച്ചു. ഞാൻ ചെന്ന് രണ്ടുഗ്രാം അതിൽനിന്ന് മുറിച്ചെടുത്ത് കടയിൽ കൊണ്ടുവന്ന് ചൂടാക്കി നോക്കിയപ്പോൾ സ്വർണം തെളിഞ്ഞുവന്നു. ഒപ്പം ചേർത്തിരുന്ന പൊടി കത്തി ചാരമാകുകയും ചെയ്തു'' -ഉണ്ണികൃഷ്ണൻ ഓർക്കുന്നു.

ആ കേസിന് ശേഷം കസ്റ്റംസ് നൂറുകണക്കിനു പേരിൽനിന്ന് പിടിച്ചെടുത്ത മിശ്രിത സ്വർണം ഉണ്ണിക്കൃഷ്ണന്റെ കടയിൽ ഉരുക്കി വേർതിരിച്ചിട്ടുണ്ട്.പൊലീസും സ്വർണക്കടത്ത് പിടിച്ചുതുടങ്ങിയതോടെ അവരും സേവനം ആവശ്യപ്പെട്ടുതുടങ്ങി.കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസും എല്ലാം ഉണ്ണികൃഷ്ണന്റെ അടുത്താണ് മിശ്രിതം വേർതിരിക്കാൻ വരുന്നത്.ഇത്തരത്തിൽ വൈറലായതോടെ സാധാരണ സ്വർണ്ണപ്പണിക്ക് തനിക്കിപ്പോൾ സമയം ലഭിക്കുന്നില്ലെന്നും എല്ലാ ദിവസവും കടത്തുകാരെ പിടിക്കാനുള്ള തിരക്കാണെന്നുമാണ് ഉണ്ണിക്കൃഷ്ണൻ പറയുന്നത്.ശാസ്ത്രീയരീതിയിൽ സ്വർണം വേർതിരിക്കാൻ കസ്റ്റംസിന് കൊച്ചിയിൽ മാത്രമേ ലാബുള്ളൂ എന്നതും ഈ സ്വർണ്ണപ്പണിക്കാരന്റെ വി.ഐ.പി പരിവേഷം വർദ്ധിപ്പിക്കുന്നു.