തിരുവനന്തപുരം: ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ ലോകമെമ്പാടുമുള്ള ക്രൈസ്തവർ ദുഃഖവെള്ളി ആചരിക്കുന്നു. ഉയിർത്തെഴുന്നേൽപ്പിന് തൊട്ടുമുമ്പുള്ള ഈ ദിനം വിശ്വാസികൾ പ്രത്യേക പ്രാർത്ഥനാപൂർവമാണ് ആചരിക്കുക. സംസ്ഥാനത്തെ വിവിധ പള്ളികളിൽ കുരിശിന്റെ വഴിയും പ്രത്യേക പ്രാർത്ഥനയും ഉണ്ടാകും.

 മാനവവംശത്തിന്റെ രക്ഷയ്ക്കായി കുരിശുമരണം വരിച്ച യേശുവിന്റെ മഹാത്യാഗത്തിന്റെ ഓർമകൾ പുതുക്കിയാണ് ലോകമെമ്പാടുമുള്ള ക്രൈസ്തവ സമൂഹം ദുഃഖവെള്ളി ആചരിക്കുന്നത്. ഉപവാസത്തിന്റെയും പ്രാർത്ഥനയുടെയും ദിനമായ ഇന്ന് ദേവാലയങ്ങളിൽ പ്രത്യേക ശുശ്രൂഷ നടക്കും. പീഡാനുഭവ ചരിത്രവും കുരിശിന്റെ വഴിയും കയ്‌പ്പ്നീർ സ്വീകരിക്കലും ശുശ്രൂഷയിൽ ഉണ്ടാകും. വിവിധ ക്രൈസ്തവ വിഭാഗങ്ങളിൽ വ്യത്യസ്തമായ ആരാധന ക്രമമാണ് നിലനിൽക്കുന്നത. ബൈബിളിലെ സമാന്തര സുവിശേഷങ്ങളിലെ തീവ്രവേദനയുടെ അധ്യായങ്ങളെ ആസ്പദമാക്കിയാണ് ദുഃഖവെള്ളി ആചരണം ക്രൈസ്തവർ ക്രമീകരിച്ചിരിക്കുന്നത്. .

പീലാത്തോസിന്റെ അരമനയിലെ വിചാരണ മുതൽ യേശുവിന്റെ ഭൗതികദേഹം അടക്കുന്നത് വരെയുള്ള സംഭവങ്ങളാണ് ദുഃഖവെള്ളി ആചരണം. ഗാഗുൽത്താ മലയിൽ കുരിശിൽ തറക്കപ്പെട്ട യേശുക്രിസ്തു മൂന്നാംദിനം ഉയിർത്തെഴുന്നേറ്റുവെന്നാണു വിശ്വാസം. ദേവാലയങ്ങളിൽ ദുഃഖവെള്ളിയോടനുബന്ധിച്ചു പ്രത്യേക പ്രാർത്ഥനാ ചടങ്ങുകൾ നടക്കും. പീഡാനുഭവത്തിലെ 14 സംഭവങ്ങൾ അനുസ്മരിക്കുന്ന കുരിശിന്റെവഴിയാണു പ്രധാന ചടങ്ങ്.

ദേവാലയങ്ങളിൽ നഗരി കാണിക്കൽ , തിരുസ്വരൂപ ചുംബനം എന്നിവയും നടക്കും. പ്രമുഖ തീർത്ഥാടന കേന്ദ്രമായ മലയാറ്റൂരിലേക്കു വിശ്വാസികളുടെ ഒഴുക്കാണ്. തലയിൽ മുൾക്കിരീടം ചൂടി വലിയ മരക്കുരിശും ചുമന്നു നൂറുക്കണക്കിനാളുകൾ ആണു മലകയറാൻ എത്തുന്നത്. മണർകാട് പള്ളി, വാഗമൺ കുരിശുമല തുടങ്ങിയ തീർത്ഥാടന കേന്ദ്രങ്ങളിലും തിരക്ക് അനുഭവപ്പെടുന്നുണ്ട്.

വിശുദ്ധ അന്ത്യ അത്താഴ ദിനമായ പെസഹാ ആചരണത്തിന് പിന്നാലെ പീഡാനുഭവ സ്മരണകൾ നിറഞ്ഞ ദുഃഖവെള്ളി ആചരിക്കുന്നത്. ശിഷ്യന്മാരുടെ കാൽകഴുകി എളിമയുടെ മാർഗം പഠിപ്പിച്ചതിനെ അനുസ്മരിച്ച് ദേവാലയങ്ങളിൽ കാൽകഴുകൽ ശുശ്രൂഷയും ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ അനുസ്മരിക്കുന്ന പ്രാർത്ഥനകളും വിശുദ്ധ കുർബാന സ്ഥാപിച്ചതിന്റെ ഓർമ്മയെ പുതുക്കി ദേവലായങ്ങളിൽ ദിവ്യകാരുണ്യ ആരാധനയും, പെസഹ അപ്പം മുറിക്കലും നടന്നു.

ഒരു പകൽ മുഴുവൻ നീളുന്ന തിരുകർമ്മങ്ങളാണ് ദുഃഖവെള്ളിയാഴ്ച ദിനത്തിലുണ്ടാകുക. ലോകത്തിന്റെ പാപം മുഴുവൻ ചുമലിലേറ്റി ദൈവപുത്രനായ ക്രിസ്തു കുരിശിലേറിയതിന്റെ ഓർമ്മകളുമായി വിവിധ ദേവാലയങ്ങളിൽ കുരിശിന്റെ വഴിയും പ്രത്യേക പ്രാർത്ഥനകളും നടക്കും. കുരിശിന്റെ വഴിയും ഉപവാസവും ആരാധനയും നടക്കും.

തുടർന്ന് ദേവാലയങ്ങളിൽ നിന്നും വിളമ്പുന്ന കയ്പുനീരും നേർച്ചകഞ്ഞി വിതരണവും ഉണ്ടാകും. കാൽവരി യാത്രയിലെ യാതനകളെ ധ്യാനിച്ച് ആയിരങ്ങൾ വിവിധയിടങ്ങളിൽ കുരിശുമലകൾ കയറുകയും നീന്ത് നേർച്ചയിൽ പങ്കെടുക്കുകയും ചെയ്യും.ആത്മീയ ദിനങ്ങളിലൂടെ യേശുവിന്റെ ഉയിർത്തെഴുന്നേൽപ്പിന്റെ ഓർമ്മപുതുക്കുന്ന ഈസ്റ്ററോടെ വിശുദ്ധാചാരണം പൂർത്തിയാകും. ഉയിർപ്പിനോട് അനുബന്ധിച്ച് പുതുജീവിതത്തിലേക്ക് കടക്കുന്നതിനുള്ള പ്രതീകാത്മകമായി വെള്ളം, തിരി, തീ എന്നിവയുടെ വെഞ്ചരിപ്പ്, ഉയിർപ്പ് ശുശ്രൂഷയും നടക്കും. ഈസ്റ്ററോടെ അമ്പത് നോമ്പിനും സമാപനമാകും.

(ദുഃഖവെള്ളി പ്രമാണിച്ച് ഓഫീസിന് (7.4.2023) അവധി ആയതിനാൽ മറുനാടൻ മലയാളി നാളെ അപ്‌ഡേറ്റ് ചെയ്യുന്നതല്ല - എഡിറ്റർ.)