തിരുവനന്തപുരം: നവകേരള സദസ്സിന് സുരക്ഷയൊരുക്കിയ പൊലീസുകാർക്ക് പ്രത്യേക സമ്മാനം പ്രഖ്യാപിച്ചു. മികച്ച പ്രവർത്തനം കാഴ്ചവെച്ചവർക്ക് ഗുഡ് സർവീസ് എൻട്രി നൽകും. സിവിൽ പൊലീസ് ഓഫീസർ മുതൽ ഐജി വരെയുള്ള പൊലീസ് ഉദ്യോഗസ്ഥർക്കാണ് സമ്മാനം നൽകുന്നത്.

ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആർ അജിത് കുമാറിന്റേതാണ് നടപടി. പൊലീസ് മികച്ച പ്രവർത്തനം കാഴ്ചവെച്ചു എന്നാണ് എഡിജിപിയുടെ വിലയിരുത്തൽ. സ്തുത്യർഹ സേവനം നടത്തിയവർക്ക് ഗുഡ് സർവീസ് എൻട്രി നൽകാനാണ് എസ്‌പിമാർക്കും ഡിഐജിമാർക്കും നിർദ്ദേശം നൽകിയിരിക്കുന്നത്.

പ്രത്യേക ആദരവ് നൽകേണ്ട പ്രവർത്തനം കാഴ്ചവെച്ച പൊലീസ് ഉദ്യോഗസ്ഥർ ഉണ്ടെങ്കിൽ അവരുടെ പേര് പ്രത്യേകം ശുപാർശ നൽകണമെന്നും എഡിജിപി ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്. നവകേരള സദസ്സിനെതിരായ പ്രതിഷേധം അടിച്ചമർത്തിയ പൊലീസുകാരുടെ നടപടിയെ 'രക്ഷാപ്രവർത്തനം' എന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ചത് ചർച്ചയായിരുന്നു.

അതേസമയം കരിങ്കൊടി കാണിച്ച പ്രതിഷേധക്കാരെ മർദിച്ച കേസിൽ മുഖ്യമന്ത്രിയുടെ ഗൺമാൻ അടക്കം അഞ്ച് പ്രതികൾ. ഗൺമാൻ അനിലും സെക്യൂരിറ്റി ഓഫീസർ സന്ദീപും മറ്റ് മൂന്ന് പേരുമാണ് കേസിലെ പ്രതികൾ. മർദ്ദനമേറ്റ കെഎസ്‌യു ജില്ലാ പ്രസിഡന്റ് എഡി തോമസും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജൂവൽ കുര്യാക്കോസും നൽകിയ ഹർജിയിലാണ് ഉത്തരവ്.

ആലപ്പുഴ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ഐപിസി 294 ബി, 326,324 പ്രകാരം കേസെടുക്കണമെന്നാണ് ഹർജി. ഇതിനെ തുടർന്നാണ് പൊലീസ് കേസെടുക്കാൻ തയ്യാറായത്. സംഭവത്തിൽ മർദ്ദനമേറ്റവരുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തി. കേസിൽ ഗൺമാൻ അനിലാണ് ഒന്നാം പ്രതി. സെക്യൂരിറ്റി ഓഫീസർ സന്ദീപ് രണ്ടാം പ്രതിയാണ്. കണ്ടാലറിയാവുന്ന മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥരാണ് മറ്റ് മൂന്ന് പ്രതികൾ. ഇവരെ ചോദ്യം ചെയ്യാൻ സർക്കാരിന്റെ പ്രത്യേക അനുമതി ആവശ്യമില്ലെന്നാണ് പൊലീസ് പറയുന്നത്.

ഈ മാസം 16ന് ആലപ്പുഴ നിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും ബസിൽ അമ്പലപ്പുഴ മണ്ഡലത്തിലെ നവകേരള സദസിന് പോകുമ്പോൾ ജനറൽ ആശുപത്രി ജംഗ്ഷനിൽ മുദ്രാവാക്യം മുഴക്കിയ ഇരുവരെയും ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവരെ റോഡരികിലേക്ക് മാറ്റിയതിന് പിന്നാലെ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിൽ നിന്ന് ഗൺമാനും സെക്യൂരിറ്റി ഓഫീസറും ലാത്തിയുമായി ചാടിയിറങ്ങി മർദ്ദിക്കുകയാണ് ഉണ്ടായത്.