- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എല്ലാ പൊതു സർവകലാശാലകളിലും മുഖ്യമന്ത്രിക്കു 'വിസിറ്റർ' പദവി;. ഉന്നത വിദ്യാഭ്യാസ മന്ത്രി സ്വകാര്യ-ഡീംഡ് സർവകലാശാലകളിൽ വിസിറ്ററാകും; വൈസ് ചാൻസലറുടെ കാലാവധി 5 വർഷം; 70 വയസ്സ് കഴിഞ്ഞവർക്കും രണ്ടാം ഊഴം നൽകാം; ഗവർണറെ ഒഴിവാക്കി ഓരോ സർവകലാശാലയ്ക്കും സെനറ്റ് തീരുമാനിക്കുന്ന ചാൻസലർ; തീരുമാനത്തിലേക്ക് സിപിഎം
തിരുവനന്തപുരം: ഗവർണറെ ഒഴിവാക്കി ഓരോ സർവകലാശാലയ്ക്കും സെനറ്റ് തീരുമാനിക്കുന്ന ചാൻസലർമാരെ നിയമിക്കുക എന്നതടക്കമുള്ള ഉന്നത വിദ്യാഭ്യാസ പരിഷ്കരണ കമ്മിഷൻ ശുപാർശകൾ നടപ്പാക്കാൻ സിപിഎമ്മിൽ തത്വത്തിൽ തീരുമാനം. ഇടതു മുന്നണി അംഗീകാരത്തോടെ ഗവർണ്ണറിൽ നിന്ന് ചാൻസലർ പദവി എടുത്തു മാറ്റും. മുഖ്യമന്ത്രി ചാൻസലർ ആകാൻ ആഗ്രഹിക്കാത്ത സാഹചര്യത്തിലാണ് ഇത്. സർവ്വകലാശാല നിയമങ്ങൾ അടിമുടി അഴിച്ചു പണിയാനാണ് തീരുമാനം.
അദ്ധ്യാപകവിദ്യാർത്ഥി സംഘടനാ നേതാക്കളും സംഘടനാ ചുമതലകളുള്ള പാർട്ടി നേതാക്കളും മന്ത്രിമാരും ജനപ്രതിനിധികളും പങ്കെടുക്കുന്ന ശിൽപശാല സിപിഎം നടത്തുന്നുണ്ട്. ഇതിൽ കാര്യങ്ങൾ വിശദീകരിക്കും. നാളെയും മറ്റന്നാളുമായി തിരുവനന്തപുരം ഇഎംഎസ് അക്കാദമിയിൽ നടക്കും. ചാൻസലർ പദവി വഹിക്കുന്ന ഗവർണറും സർക്കാരുമായി പോര് തുടരുന്ന സാഹചര്യത്തിലാണ് ഇത്. നടപ്പാക്കണമെങ്കിൽ നിയമ നിർമ്മാണം അനിവാര്യതയാണ്. ഇതിന് ഗവർണ്ണറുടെ ഒപ്പും വേണം. അതുകൊണ്ട് തന്നെ കരുതലോടെയാണ് തീരുമാനങ്ങൾ.
റിപ്പോർട്ടിലെ ശുപാർശകൾ എങ്ങനെ നടപ്പാക്കണമെന്നതാണു പാർട്ടി ചർച്ച ചെയ്യുന്നത്. പല ശുപാർശകളിലും ഇടതു കേന്ദ്രങ്ങൾ തന്നെ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. സ്വയംഭരണ കോളജുകൾക്ക് കൽപിത പദവി നൽകണമെന്നതാണ് ഇതിൽ പ്രധാനം. ഇടതുപക്ഷ കോളജ് അദ്ധ്യാപക സംഘടനയായ എകെപിസിടിഎ, ശാസ്ത്ര സാഹിത്യ പരിഷത്ത് എന്നിവ ഇതിനോട് എതിരഭിപ്രായമാണ് പ്രകടിപ്പിക്കുന്നത്. സ്വകാര്യ സർവകലാശാലകൾ അനുവദിക്കുന്നതിന് ബിൽ കൊണ്ടുവരണമെന്ന ശുപാർശയും ഇടതുനയ വ്യതിയാനമാണെന്ന വിലയിരുത്തലുണ്ട്. എന്നാൽ ചാൻസലറുടെ അധികാരം ഗവർണ്ണറിൽ നിന്ന് മാറ്റുന്നതിന് എല്ലാവരും അനുകൂലമാണ്.
ഇടതുപക്ഷ സംഘടനകളുമായും അനുഭാവികളുമായും ചർച്ച ചെയ്തു നയം രൂപീകരിച്ച് സർക്കാരിനെക്കൊണ്ട് നടപ്പാക്കുകയാണു സിപിഎമ്മിന്റെ ലക്ഷ്യം. എല്ലാ പൊതു സർവകലാശാലകളിലും മുഖ്യമന്ത്രിക്കു 'വിസിറ്റർ' പദവി നൽകും. ഉന്നത വിദ്യാഭ്യാസ മന്ത്രി സ്വകാര്യ, ഡീംഡ് സർവകലാശാലകളിൽ വിസിറ്ററാകണം. വൈസ് ചാൻസലറുടെ കാലാവധി 5 വർഷം. 70 വയസ്സ് കഴിഞ്ഞവർക്കും രണ്ടാം ഊഴം നൽകാമെന്ന ശുപാർശയും പരിഗണിക്കുന്നുണ്ട്. ബജറ്റും നയപരമായ നിർദേശങ്ങളും അംഗീകരിക്കുന്ന സമിതി മാത്രമാക്കി സിൻഡിക്കറ്റിന്റെ അധികാരം പരിമിതപ്പെടുത്തണം. സെനറ്റ് അംഗങ്ങളുടെ എണ്ണം കുറയ്ക്കണം, പേര് ബോർഡ് ഓഫ് റീജന്റസ് എന്നാക്കണമെന്ന ശുപാർശയും പരിഗണിക്കും.
കോളജുകളുടെ സർവകലാശാലാ അഫിലിയേഷൻ 10 വർഷത്തിനുള്ളിൽ അവസാനിപ്പിക്കണം. പകരം സർക്കാർ, എയ്ഡഡ്, സ്വകാര്യ മേഖലയിൽ കോൺസ്റ്റിറ്റിയുവന്റ് കോളജ് പദവി നൽകണം. ആദ്യഘട്ടത്തിൽ മികച്ച 20 സർക്കാർ കോളജുകളെ കോൺസ്റ്റിറ്റിയുവന്റ് കോളജുകളാക്കി ഉയർത്തണം. 5 വർഷത്തേക്കു പ്രത്യേക ധനസഹായം നൽകണം. അടുത്ത ഘട്ടത്തിൽ സ്വകാര്യ, എയ്ഡഡ് കോളജുകൾക്കും ഈ പദവി നൽകണം. കോൺസ്റ്റിറ്റിയുവന്റ് കോളജുകളിലെ നിയമനങ്ങൾ പിഎസ്സിയോ സമാനമായ മറ്റൊരു സംവിധാനമോ വഴി കോളജുകൾക്കു നടത്താം. അദ്ധ്യാപകർക്കു സ്ഥലം മാറ്റമുണ്ടാകില്ലെന്നതും പ്രത്യേകതയാണ്.
അതിനിടെ ഒക്ടോബർ 24ന് കാലാവധി അവസാനിക്കുന്ന കേരള വൈസ് ചാൻസലർക്ക് പകരക്കാരനെ നിയമിക്കാൻ ചാൻസലർ കൂടിയായ ഗവർണർ രൂപവത്കരിച്ച സെർച്ച് കമ്മിറ്റിയിലേക്കുള്ള സെനറ്റ് പ്രതിനിധിയുടെ പേര് അറിയിക്കാൻ വി സിക്ക് ഗവർണറുടെ നിർദ്ദേശം. സർക്കാറും ഗവർണറും തമ്മിൽ തുറന്നപോരിലേക്ക് നീങ്ങിയതിന് പിന്നാലെയാണ് കേരള വി സി നിയമനത്തിൽ സർക്കാറിനെ പ്രതിസന്ധിയിലാക്കുന്ന രാജ്ഭവൻ നടപടി. വി സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയുടെ ഘടന മാറ്റുന്നതിനും ഭൂരിപക്ഷം അംഗങ്ങൾ മുന്നോട്ടുവെക്കുന്ന പാനൽ ഔദ്യോഗിക പാനലാക്കുന്നതിനും വ്യവസ്ഥ ചെയ്യുന്ന സർവകലാശാല നിയമഭേദഗതി ബിൽ ഗവർണറുടെ അംഗീകാരം കാത്തുകിടക്കുന്നതിനിടെയാണ് പുതിയ നീക്കം.
ഗവർണർ ഓഗസ്റ്റ് അഞ്ചിന് രൂപവത്കരിച്ച സെർച്ച് കമ്മിറ്റി അസാധുവാക്കാൻ ഓഗസ്റ്റ് ഒന്ന് മുതൽ മുൻകാല പ്രാബല്യത്തോടെയാണ് നിയമസഭ ബിൽ പാസാക്കിയത്. കഴിഞ്ഞ ജൂലൈ 15ന് ചേർന്ന സർവകലാശാല സെനറ്റ് യോഗം ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ ഡോ.വി.കെ. രാമചന്ദ്രനെ സെനറ്റ് പ്രതിനിധിയായി നിർദേശിച്ചിരുന്നെങ്കിലും അദ്ദേഹം പിന്മാറുകയായിരുന്നു. പകരക്കാരനെ സർവകലാശാല നൽകാത്തതുകൊണ്ട് മൂന്നംഗ സെർച്ച് കമ്മിറ്റിയിൽ സെനറ്റ് പ്രതിനിധിയുടെ സ്ഥാനം ഒഴിച്ചിട്ടാണ് ഗവർണർ കമ്മിറ്റി രൂപവത്കരിച്ചത്.
കമ്മിറ്റിയുടെ കാലാവധി മൂന്നു മാസമാണ്. പരമാവധി ഒരു മാസം കൂടി കാലാവധി നീട്ടാൻ ഗവർണർക്ക് അധികാരമുണ്ട്. എന്നാൽ, ഇതേവരെ സെനറ്റ് പ്രതിനിധിയെ തെരഞ്ഞെടുക്കാൻ വി സി നടപടിയെടുത്തിട്ടില്ല. ഗവർണറുടെ അംഗീകാരം കാത്തുകിടക്കുന്ന ബില്ലിൽ സെനറ്റിന് പകരം സിൻഡിക്കേറ്റിന്റെ പ്രതിനിധിയെയാണ് ഉൾപ്പെടുത്തിയത്. എന്നാൽ, നിയമഭേദഗതിക്ക് ഗവർണർ അനുമതി നൽകാത്തതിനാൽ നിലവിലെ നിയമമനുസരിച്ച് സെനറ്റിന്റെ പ്രതിനിധിയെയാണ് ഉൾപ്പെടുത്തേണ്ടത്. കോഴിക്കോട് ഐ.ഐ.എം ഡയറക്ടർ ഡോ. ദേബാഷിഷ് ചാറ്റർജി, കർണാടക കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ ഡോ. ബട്ടു സത്യനാരായണ എന്നിവരാണ് ഗവർണർ രൂപവത്കരിച്ച സെർച്ച് കമ്മിറ്റിയിലെ അംഗങ്ങൾ.
ഗവർണർ രൂപവത്കരിച്ച സെർച്ച് കമ്മിറ്റിയുടെ കാലാവധി തീരുന്നതുവരെ സർവകലാശാല പ്രതിനിധിയെ നൽകാതിരിക്കാനാണ് സർവകലാശാല നീക്കം. സെനറ്റ് പ്രതിനിധിയെ നിശ്ചയിക്കാൻ സർവകലാശാല വിമുഖത കാട്ടിയാൽ രണ്ടംഗ കമ്മിറ്റി വി സി നിയമനത്തിനുള്ള വിജ്ഞാപന നടപടികളുമായി മുന്നോട്ടുപോകുമെന്നാണ് സൂചന.
മറുനാടന് മലയാളി ബ്യൂറോ