- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെടിയു വിസി ചുമതല ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയിക്ക് നൽകണമെന്ന നിർദ്ദേശം അംഗീകരിക്കില്ല; 'പ്രീതി' വിഷയത്തിൽ രാജ്ഭവൻ നടത്തുന്നത് കരുതലോടെയുള്ള നീക്കം; ഡൽഹിയിലെ 'കൊച്ചി ഹൗസിൽ' അടുത്തടുത്ത മുറികളിൽ ഗവർണ്ണറും മുഖ്യമന്ത്രിയും അയൽക്കാർ; പരസ്പരം മുഖം കൊടുക്കാതെ യാത്രകൾ; ഗവർണർ-സർക്കാർ പോര് തുടരുമ്പോൾ
ന്യൂഡൽഹി: സംസ്ഥാനത്ത് ഗവർണർ-സർക്കാർ പോര് മുറുമ്പോൾ ശ്രദ്ധകേന്ദ്രമാകുന്നത് ഡൽഹിയിലെ കേരളഹൗസാണ്. കേരളഹൗസിലെ കൊച്ചിൻ ഹൗസിലാണ് മുഖ്യമന്ത്രിയും ഗവർണറും താമസിക്കുന്നത്. പക്ഷേ ഇരുവരും തമ്മിൽ കണ്ടതു പോലുമില്ല. മുഖാമുഖം വരുന്നതുമില്ല. പി എസ് സി ചെയർമാന്റെ നിയമനം ഗവർണ്ണർ അംഗീകരിച്ചു. ഇത് സർക്കാരിന് ആശ്വാസമാണ്. എന്നാൽ യൂണിവേഴ്‌സിറ്റി വിവാദത്തിലും പ്രീതി നഷ്ടമാകൽ കത്തിലും ഗവർണ്ണർ നിർണ്ണായക തീരുമാനങ്ങൾ എടുത്തുവെന്നാണ് സൂചന. അതിനിടെ ഗവർണർ വാളോങ്ങിയ ധനമന്ത്രിയും അഡ്വക്കേറ്റ് ജനറലും കൂടി കേരളഹൗസിൽ എത്തിയതോടെ സസ്‌പെൻസ് മുറുകുകയാണ്. അഡ്വക്കേറ്റ് ജനറലിനെതിരേയും അതൃപ്തി കത്തുകൊടുക്കുമന്ന് സൂചനയുണ്ട്.
കൊച്ചിൻ ഹൗസിലെ ആ വലിയ വാരന്തയിലെ രണ്ട് മുറികളിലായാണ് ഗവർണറും മുഖ്യമന്ത്രിയും താമസിക്കുന്നത്. താമസം ഒരിടത്താണെങ്കിലും പരസ്പരം മുഖാമുഖം നോക്കാതെയാണ് ഇരുകൂട്ടരുടേയും പോക്ക് വരവ്. ഒരേ സമയം ഇരുവരും മുഖാമുഖം എത്താതിരിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥരും പ്രത്യേകം ശ്രമിക്കുന്നു. ധനമന്ത്രി കെ എൻ ബാലഗോപാലും എ ജി ഗോപാലകൃഷ്ണക്കുറുപ്പും ഇപ്പോൾ കേരളഹൗസിലാണ് താമസം. ഗവർണ്ണറുടെ ഇടപെടലുകളെ തടയാനുള്ള നിയമ വഴികളാണ് മുഖ്യമന്ത്രിയും മന്ത്രി ബാലഗോപാലും ആലോചിക്കുന്നത്. എ്ന്നാൽ കേരളത്തിലെ ഇടപെടലുകളിൽ ജ്യൂഡീഷറിയുടെ തിരിച്ചടിയുണ്ടാകാതിരിക്കാൻ ഗവർണ്ണറും ശ്രദ്ധിക്കുന്നു. ഡൽഹിയിലെ നിയമ വിദഗ്ധരുമായും സുഹൃത്തുക്കളുമായും ഗവർണ്ണർ ചർച്ചയിലാണ്.
ധനമന്ത്രിയിൽ ഉള്ള പ്രീതി നഷ്ടമായെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കഴിഞ്ഞ ദിവസമാണ് വ്യക്തമാക്കിയത്. കെഎൻ ബാലഗോപാലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഗവർണർ കത്തും അയച്ചിരുന്നു. ബാല ഗോപാലിന്റെ വിവാദമായ പ്രസംഗമായിരുന്നു നടപടിക്ക് ആധാരം. എന്നാൽ ഈ ആവശ്യം തള്ളി മുഖ്യമന്ത്രി മറുപടി നൽകിയിരുന്നു. ഇതിന് ഗവർണ്ണർ മറുപടി നൽകിയിട്ടില്ല. മുഖ്യമന്ത്രിയുടെ മറുപടിയിൽ നിയമപരമായ കാര്യകാരണങ്ങൾ പരിശോധിക്കുകയാണ് ഗവർണ്ണർ. മന്ത്രി ബിന്ദുവിനെതിരേയും ആഡ്വക്കേറ്റ് ജനറലിനെതിരേയും കത്തു നൽകുമെന്നും സൂചനയുണ്ട്.
ഉന്നതവിദ്യാഭ്യാസ മന്ത്രിക്കും അഡ്വക്കറ്റ് ജനറലിനും കണ്ണൂർ സർവകലാശാലക്കുമെതിരെ നടപടിയെടുക്കാനുള്ള നീക്കത്തിലാണ് ഗവർണർ. ഇതുസംബന്ധിച്ച് അദ്ദേഹം നിയമോപദേശം തേടി. സർവകലാശാല വി സിമാരോട് രാജിവെക്കാൻ ആവശ്യപ്പെട്ടതിനെതിരെ കഴിഞ്ഞദിവസം കണ്ണൂർ സർവകലാശാല സിൻഡിക്കറ്റ് പ്രമേയം പാസാക്കിയത് ഗവർണറെ ക്ഷുഭിതനാക്കിയിട്ടുണ്ട്. മുമ്പ് കേരള സർവകലാശാല ഇത്തരമൊരു നീക്കം നടത്തിയപ്പോൾ ഗവർണർ സെനറ്റ് അംഗങ്ങളെ പിൻവലിച്ചിരുന്നു. കണ്ണൂർ സർവകലാശാല വി സിയോട് ഗവർണർ വിശദീകരണം തേടുമെന്നാണ് വിവരം. കണ്ണൂർ വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകിയതുമായി ബന്ധപ്പെട്ട് കോടതിയിൽനിന്ന് തിരിച്ചടിയുണ്ടായാൽ ശക്തമായ തുടർനടപടി സ്വീകരിക്കാനാണ് ഗവർണറുടെ നീക്കം.
ഗോപിനാഥിന് പുനർനിയമനം ശിപാർശ ചെയ്യാൻ തെറ്റായ വിവരങ്ങൾ നൽകിയെന്ന് ആരോപിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും അഡ്വക്കറ്റ് ജനറലിനുമെതിരെ നടപടിയെടുക്കാനാണ് ഗവർണറുടെ നീക്കം. ഇക്കാര്യത്തിൽ സുപ്രീംകോടതിയിലെയും ഹൈക്കോടതിയിലെയും മുതിർന്ന അഭിഭാഷകരുമായും ഭരണഘടനാ വിദഗ്ധരുമായും ഗവർണർ ചർച്ച നടത്തി. പുതിയ വി സിയെ തെരഞ്ഞെടുക്കാൻ രൂപവത്കരിച്ച സെർച്ച് കമ്മിറ്റി റദ്ദാക്കണമെന്ന മന്ത്രിയുടെ ശിപാർശയും അംഗീകരിച്ച ശേഷമാണ് ഗോപിനാഥ് രവീന്ദ്രന് ഗവർണർ പുനർനിയമനം നൽകിയത്. പുനർനിയമനം നൽകുന്നത് നിയമപരമാണെന്നായിരുന്നു ഗവർണർ ആവശ്യപ്പെടാതെ തന്നെ എ.ജി കൈമാറിയ നിയമോപദേശം.
സുപ്രീം കോടതി പുറത്താക്കിയ ഡോ.എം.എസ്.രാജശ്രീക്കു പകരം സാങ്കേതിക സർവകലാശാല (കെടിയു) വൈസ് ചാൻസലറുടെ ചുമതല ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയിക്ക് നൽകണമെന്നു സർക്കാർ ശുപാർശയും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകരിക്കാൻ സാധ്യതയില്ല. യുജിസി ചട്ടങ്ങൾ അനുസരിച്ചും ഇഷിത റോയി മറ്റ് അധികച്ചുമതല വഹിക്കുന്ന സാഹചര്യത്തിലും വിസിയുടെ ചുമതല കൂടി അവർക്കു നൽകാൻ കഴിയില്ലെന്ന നിലപാടാണു ഗവർണർ എന്നറിയുന്നു. ഇതു സംബന്ധിച്ച ഫയൽ ഡൽഹിയിലുള്ള ഗവർണർക്ക് കൈമാറിയിട്ടുണ്ട്. ഡിജിറ്റൽ സർവകലാശാല വിസി ഡോ.സജി ഗോപിനാഥിനു ചുമതല നൽകണമെന്ന സർക്കാർ ശുപാർശ ഗവർണർ നേരത്തേ തള്ളിയിരുന്നു.
സജി ഉൾപ്പെടെ 11 വിസിമാരുടെ നിയമനം റദ്ദാക്കാതിരിക്കാൻ ഗവർണർ കാരണം കാണിക്കൽ നോട്ടിസ് നൽകിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഇഷിത റോയിയെ സർക്കാർ നിർദ്ദേശിച്ചത്. ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ചുമതലയ്ക്കു പുറമേ കാർഷികോൽപാദന കമ്മിഷണർ, കാർഷിക സർവകലാശാലാ വിസി തുടങ്ങിയ ചുമതലകളും അവർ വഹിക്കുന്നുണ്ട്. യുജിസി ചട്ടം അനുസരിച്ച് വിസിയുടെ ചുമതല അക്കാദമിക് രംഗത്തുള്ളവർക്കാണ് നൽകേണ്ടത്. ഈ സാഹചര്യത്തിൽ സാങ്കേതിക സർവകലാശാലയ്ക്കു കീഴിലുള്ള സീനിയർ പ്രഫസർമാരുടെയും പ്രൻസിപ്പൽമാരുടെയും പട്ടിക ഉടൻ നൽകണമെന്ന് ഗവർണർ നിർദ്ദേശം നൽകി.
കണ്ണൂർ വിസി ഡോ.ഗോപിനാഥ് രവീന്ദ്രന്റെ ക്രമവിരുദ്ധ നിയമനവുമായി ബന്ധപ്പെട്ടു കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല വിജിലൻസ് കോടതിയിൽ മുഖ്യമന്ത്രിക്ക് എതിരെ നൽകിയ പരാതിയിൽ പ്രോസിക്യൂഷൻ അനുമതി തേടി ഗവർണർക്ക് നിവേദനം നൽകിയെങ്കിലും തീരുമാനം എടുത്തിട്ടില്ല. ഗവർണർ ഇതു സർക്കാരിലേക്ക് അയച്ചു കൊടുത്ത് അഭിപ്രായം തേടണം. അതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തിനു യുക്തമായ തീരുമാനമെടുക്കാം. ഗവർണർ പ്രോസിക്യൂഷൻ അനുമതി നൽകിയാൽ മാത്രമേ വിജിലൻസ് കോടതിക്ക് തുടർ നടപടി സ്വീകരിക്കാൻ സാധിക്കൂ. നാലിന് ഗവർണർ മടങ്ങിയെത്തും.
മറുനാടന് മലയാളി ബ്യൂറോ