ഇടുക്കി: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഇടുക്കി സന്ദർശനത്തിൽ സിപിഎം പ്രതിഷേധം ശക്തം. പ്രതിഷേധങ്ങൾ ഉണ്ടാകില്ലെന്നായിരുന്നു അറിയിപ്പ്. എന്നാൽ അതിന് വിരുദ്ധമായാണ് കാര്യങ്ങളുണ്ടായത്. തൊടുപുഴയിലെ രണ്ട് സിപിഎം ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ മാർച്ച് നടത്തി. 'തെമ്മാടി, താന്തോന്നി, എച്ചിൽ പട്ടി' അടക്കമുള്ള അസഭ്യ മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു പ്രതിഷേധം. അതേസമയം, തനിക്ക് ഒരു ഭീഷണിയും ഇല്ലെന്ന് ഗവർണർ പ്രതികരിച്ചു. ഗവർണർക്ക് തൊടുപുഴയിൽ കരിങ്കൊടിയും കാണേണ്ടി വന്നു. അതിശക്തമായ സുരക്ഷയാണ് പൊലീസ് ഒരുക്കിയത്.

തൊടുപുഴയിൽ ഗവർണർക്കെതിരെ പ്രതിഷേധവുമായി എസ്എഫ്‌ഐയും ഉണ്ടായിരുന്നു. വേങ്ങലൂരിൽ കറുത്ത ബാനർ ഉയർത്തിയാണ് എസ്എഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ പ്രതിഷേധം. 'സംഘി ഖാൻ യു ആർ നോട്ട് വെൽക്കം ഹിയർ' എന്ന് എഴുതിയ കറുത്ത ബാനറാണ് ഉയർത്തിയത്. എൽഡിഎഫ് പ്രതിഷേധങ്ങൾക്കിടെ ആരിഫ് മുഹമ്മദ് ഖാൻ കനത്ത സുരക്ഷയിലാണ് തൊടുപുഴയിലെത്തിയത്. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കാരുണ്യം പദ്ധതിയുടെ ഉദ്ഘാടനത്തിനാണ് ഗവർണർ എത്തിയത്.

ഭൂമി-പതിവ് നിയമ ഭേദഗതി ബില്ലിൽ ഒപ്പ് വയ്ക്കാത്ത ഗവർണറുടെ നടപടിയിൽ പ്രതിഷേധിച്ച് ഇടുക്കി ജില്ലാ എൽഡിഎഫ് ഇന്ന് രാജ് ഭവൻ മാർച്ച് നടത്തുന്നുണ്ട്. അതേ ദിവസം തന്നെ ഗവർണർ ഇടുക്കിയിലെത്തുന്നതിൽ പ്രതിഷേധം രേഖപ്പെടുത്താനാണ് ഇന്ന് ഹർത്താൽ പ്രഖ്യാപിച്ചത്. ഗവർണർ ഇടുക്കിയിലെത്തിയതോടെ രാജ്ഭവൻ മാർച്ചിന്റെ പ്രസക്തിയും പോയി.

നിയമസഭ ഏകകണ്ഠമായി കഴിഞ്ഞ സെപ്റ്റംബറിൽ പാസാക്കിയ ഭൂമി പതിവ് നിയമഭേദഗതി ബില്ലിൽ ഒപ്പിടാത്തതാണ് ഇപ്പോൾ ഗവർണർ ക്കെതിരായ ഇടത് പ്രതിഷേധത്തിന്റെ കാരണം. പട്ടയഭൂമിയിലെ ക്രമപ്പെടുത്തലുകളെന്ന കർഷകരുടെ എല്ലാകാലത്തെയും ആവശ്യം മുൻനിർത്തിയായിരുന്നു പ്രതിപക്ഷം ബില്ലിനോട് യോജിച്ചത്. അതേസമയം ബില്ലിന്റെ മറവിൽ കയ്യേറ്റക്കാർക്ക് നിയമസാധുത നൽകുമെന്നതടക്കമുള്ള പരാതികൾ വന്നതാണ് തീരുമാനമെടുക്കാൻ വൈകുന്നതെന്നാണ് ഗവർണറുടെ വിശദീകരണം

ഗവർണറുടെ സന്ദർശത്തിന് മുന്നോടിയായി എൽഡിഎഫ് ഇന്ന് ജില്ലാ ഹർത്താൽ പ്രഖ്യാപിച്ചെങ്കിലും ഇടുക്കിയിലെ പരിപാടിയിൽ പങ്കെടുക്കുമെന്ന് ഗവർണർ ഉറച്ച നിലപാട് എടുക്കുകയായിരുന്നു. ഭൂമി പതിവ് നിയമഭേദഗതി ബില്ലിൽ ഒപ്പിടാത്തതിനെതിരെയാണ് ഹർത്താൽ എങ്കിൽ ഒപ്പിടാത്തതിന് കാരണം സർക്കാറാണെന്ന് ആരിഫ് മുഹമ്മദ് ഖാൻ കുറ്റപ്പെടുത്തുന്നു.

ബില്ലിനെതിരെ കിട്ടിയ പരാതികളിൽ സർക്കാറിനോട് മറുപടി ആവശ്യപ്പെട്ടിട്ടും നൽകിയില്ലെന്നും ഗവർണർ ഇന്നലെ പറഞ്ഞു.